ടോപ്‌സ്റ്റേഷന്‍.... ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും മനസ്സിനുതരുന്ന കുളിര്‍മ... അതുപറഞ്ഞറിയിക്കാന്‍ വയ്യ.

ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീര്‍ പറഞ്ഞതനുസരിച്ച് രാവിലെ ആറുമണിക്കുതന്നെ ചാലക്കുടിയില്‍ നിജോ കാറുമായെത്തി. കാറിനുമുകളില്‍ എഴുതിയപോലെത്തന്നെ 'സ്‌ട്രേഞ്ച് ട്രാവലര്‍'- അതാണ് നിജോ. എവിടേക്കാണെന്നോ എപ്പോഴാണെന്നോ പ്രവചിക്കാനാവാതെ യാത്ര നടത്തുന്നവന്‍. ശരിയായ യാത്രാസ്‌നേഹി.  

നസീര്‍ പെരുമ്പാവൂരില്‍നിന്നാണ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. നസീറിനൊപ്പമുള്ള കാടുയാത്രകളെല്ലാം ഓരോ അനുഭവങ്ങളാണ്. അതിന്റെ ത്രില്‍ ഒരുവശത്ത്. ഇത്തവണത്തെ യാത്ര ഇതുവരെ പോയതില്‍നിന്നും വ്യത്യസ്തമാവുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ തരുന്ന ആകാംക്ഷ വേറെയും. 

ചെറുനഗരങ്ങളും ഗ്രാമങ്ങളും പിന്നിട്ട് യാത്രതുടരുമ്പോള്‍ ടോപ്‌സ്റ്റേഷനിലേക്ക് കഴിഞ്ഞ തവണ നടത്തിയ യാത്രയായിരുന്നു മനസ്സില്‍. അന്ന് മനസ്സില്ലാമനസ്സോടെയാണ് തിരിച്ചുപോന്നത്. 

ഇത്തവണ യാത്ര കനത്ത വേനലിലാണ്. റോഡിന്റെ ഇരുവശങ്ങളിലും തേയിലത്തോട്ടങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ കാറിന്റെ ചില്ലുകള്‍ പതിയെ താഴ്ത്തി. ചൂളമടിച്ച് തണുത്തകാറ്റ് തഴുകിയെത്തി. മൂന്നാറിലേക്ക് അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍. ഉച്ചയോടെ കാര്‍ മൂന്നാറും മാട്ടുപ്പെട്ടിയും താണ്ടി ടോപ്‌സ്റ്റേഷനിലെത്തി. നാട്ടില്‍ വെയില്‍ ഉച്ചസ്ഥായില്‍ നില്‍ക്കുന്ന സമയത്തും ടോപ്‌സ്റ്റേഷന്‍ തണുത്തുതന്നെ ഇരുന്നു. ഒളിഞ്ഞുംതെളിഞ്ഞുമെത്തുന്ന കോടയും കൂട്ടുണ്ടായിരുന്നു.

കാര്‍ നിര്‍ത്തിയപ്പോഴേക്ക് ചിരിക്കുന്ന മുഖവുമായി മനോഹരന്‍ ഓടിയെത്തി. നസീറിനെ കെട്ടിപ്പിടിക്കുമ്പോള്‍ വര്‍ഷങ്ങളുടെ സൗഹൃദത്തിന്റെ ആഴം മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു. മനോഹരന്റെ അനിയത്തിയുടെ ചായക്കടയില്‍ നിന്ന്  രുചികരമായ നാടന്‍ ഊണുകഴിച്ച് തൊട്ടടുത്തുതന്നെയുള്ള വീട്ടിലേക്ക് കയറി. അവിടെനിന്നു തുടങ്ങുന്നു ഞങ്ങളുടെ കാട്ടിലേക്കുള്ള വഴി. 

അതിഥികള്‍ക്കൊപ്പം

ഇത് എന്നുടെ സണ്‍. മൈ സണ്‍...black father..white son..' ഉറക്കെ ചിരിച്ചുകൊണ്ട് മനോ അടുത്തുനില്‍ക്കുന്ന വിദേശി പയ്യനെ പരിചയപ്പെടുത്തി. മനോഹരന്‍ ഇങ്ങനെയാണ്. എന്തിനും ചിരിയുടെ അകമ്പടിയുണ്ടാകും. അതാണ്  പ്രകൃതം.

munnar 17

അപരിചതരെപ്പോലും  കുറച്ചുനേരത്തിനുള്ളില്‍  സ്വന്തക്കാരാക്കുന്ന ഹൃദയം. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്‌കോട്ട്‌ലണ്ടുകാരനായ ഇരുപതുകാരന്‍ ടോം മനോഹരന്റെ ഹോംസ്‌റ്റേയിലാണ് താമസം. ഹോംസ്‌റ്റേ എന്നാല്‍ മനോഹരന്റെ വീടിനോട്  ഒരു ചായ്പ്പ് കൂട്ടിച്ചേര്‍ത്തതാണ്. 

വീടിനുപുറത്തെ മരക്കസേരയില്‍ ചാരിയിരുന്ന് മണിക്കൂറുകളായി വേറൊരു പെണ്‍കുട്ടി നോട്ട് ബുക്കില്‍ എന്തോ കുറിച്ചുകൊണ്ടേയിരിക്കുന്നു. വന്നപ്പോള്‍ മുതല്‍ കാണുന്ന കാഴ്ചയാണ്. 'ഇവര്‍ക്കെന്താ, നാളെ ഐ.എ.എസ്. പരീക്ഷയാണോ?'നിജോയ്ക്ക് ആത്മഗതം ഉറക്കെയായിപ്പോയതിന്റെ ചമ്മല്‍. അല്പനേരം കഴിഞ്ഞപ്പോള്‍ മനോ ആളെയും പരിചയപ്പെടുത്തി. ഇംഗ്ലണ്ടില്‍നിന്നും ഇന്ത്യ കാണാനെത്തിയ സാലി. ഒരു മാസത്തോളമായി ഇന്ത്യയില്‍ പലയിടത്തും സഞ്ചരിച്ച് മൂന്നുദിവസം മുമ്പ് ടോപ്‌സ്റ്റേഷനിലെത്തിയതാണവര്‍.

മൂന്നാറില്‍ ഹോട്ടല്‍ റൂമുണ്ടെങ്കിലും സാലിക്ക് മനോഹരന്റെ വീട് അത്രയ്ക്ക് അങ്ങ് പിടിച്ചുപോയി. എഴുതുകയല്ല, താന്‍ കണ്ട കാഴ്ചകള്‍ മനോഹരമായി ഡയറിയില്‍ വരച്ചിടുകയായിരുന്നു അവര്‍. വൈകീട്ട് തേയിലത്തോട്ടത്തിലൂടെ ഒരു നടത്തം. ഞങ്ങള്‍ക്കൊപ്പം സാലിയും ടോമുംകൂടി. കുറച്ചുനടന്നപ്പോള്‍ തേയിലച്ചെടികള്‍ക്ക് മുകളില്‍ കിടക്കണമെന്ന് ടോമിന് ഒരു മോഹം. 

munnar 10

ഒരുപാട് ഇടങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും കിടക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഒരു ഏച്ചുകൂട്ടലും. ഒട്ടുംതാമസിച്ചില്ല, മനോഹരന്‍ ഒറ്റച്ചാട്ടം. തലയ്ക്ക് കൈയും കൊടുത്ത് കിടക്കയില്‍ എന്നപോലെ കിടന്നു. ടോമിനേയും വലിച്ച് മുകളിലേക്കിട്ടു. 

munnar 14

ജോ ജീതാ വഹി സിക്കന്തര്‍ എന്ന ഹിന്ദി സിനിമയില്‍ അമീര്‍ഖാന്‍ 'പെഹലാ നശാ...പെഹലാ ഖുമാ..' പാടി തേയിലയ്ക്കു മുകളില്‍ കിടക്കുന്നത് കണ്ടപ്പോള്‍ മുതലുള്ളതാണ് എന്റെ ഉളളിലും ഈ ആഗ്രഹം. പുറത്തുപറഞ്ഞില്ലെങ്കിലും കിട്ടിയ ചാന്‍സ് ഞാനും മുതലാക്കി.

ഓരോ ഫ്രെയിമും നസീറിന്റെ വന്യജീവികളെ ഒരുപാടുകണ്ടുപരിചയിച്ച ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു!. പലവട്ടം കണ്ടതെങ്കിലും എല്ലാം പുതിയകാഴ്ചകള്‍ എന്നപോലെ. കുന്നുകള്‍ കയറിയിറങ്ങി ഞങ്ങള്‍ മുന്നോട്ടു നടന്നു. 

munnar 8

പുലിയിറങ്ങുന്ന പ്രദേശമാണെന്ന മുന്നറിയിപ്പിനൊപ്പം പുലിയുടെ രോമങ്ങള്‍ കൂടെ മനോഹരന്‍ കാണിച്ചുതന്നു. 'കാട് വെട്ടി ഇന്ത കൃഷിയെല്ലാം ചെയ്താല്‍ ഇന്തമാതിരി ഇരിക്കും... പുലിയെല്ലാം നാട്ടിലെത്തും' തമിഴും മലയാളവും കലര്‍ത്തി മനോഹരന്‍ സംസാരിച്ചു. മുള്ളന്‍പന്നിയുടെ മുള്ളുകളും ആനപിണ്ഡവുമെല്ലാം വഴിയിലുണ്ടായിരുന്നു. ഇടയ്ക്ക് തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ ആരാധനാ സ്ഥലവും അവിടെ ആരാധനയ്ക്കുവെച്ച കല്ലും കാണിച്ച് മനോഹരന്‍ പറഞ്ഞു, ' here.. many come.. tea picking many...god..pray'.

ഇംഗ്ലീഷും ആഗ്യവും കേട്ട് ഞങ്ങളെല്ലാവരും  ഉറക്കെചിരിച്ചുപോയി. സാലി സീരിയസായി കുരിശ് വരക്കുന്നതുകണ്ടപ്പോഴാണ് ഞങ്ങളുടെ ചിരി നിന്നത്. മൂന്ന് ദിവസം കൊണ്ട് മനോയുടെ ഇംഗ്ലീഷ് അവള്‍ പഠിച്ചുകഴിഞ്ഞു. മനോഹരമായ ഒരു  കുന്നിന്‍മുകളിലാണ് അന്നത്തെ  യാത്ര അവസാനിച്ചത്. താഴെ ഒരുഭാഗത്ത് ചിത്രത്തിലെന്നപോലെ പ്രകൃതി വരച്ച ഗ്രാമഭംഗി. നൂറുവര്‍ഷം പുറകോട്ട് സഞ്ചരിച്ച അവസ്ഥ. കടും നിറങ്ങളിലെ വീടുകളും പാടവും. മറുവശത്ത് വന്തരവ് അടക്കമുള്ള മലകള്‍ തലയുയര്‍ത്തിനില്‍ക്കുന്നു. മലമുകളില്‍നിന്ന് താഴ് വാരങ്ങളിലേക്ക് കോടമഞ്ഞ് ഒളിച്ചുകളിക്കുന്നു. മുകളില്‍ ആകാശം ചുവക്കുന്നതുവരെ അവിടിരുന്നു. മതിവരാത്ത കാഴ്ചകള്‍ കണ്ടുകൊണ്ട്. 

കാടിന്റെ സ്പന്ദനത്തിലേക്ക്

സുഖമായ ഉറക്കത്തിനുശേഷം കണ്‍തുറന്നത് കോടയുടെ സൗന്ദര്യത്തിലേക്കാണ്. നസീറിനെ അനുഗമിച്ച് ഞാനും നിജോയും റോഡിലേക്കിറങ്ങി. പാതയുടെ വശങ്ങളില്‍ സൂര്യരശ്മികള്‍ എത്തിനോക്കുന്ന ഒന്നോ രണ്ടോ ഇടങ്ങളില്‍ ചൂടുതേടി പക്ഷികള്‍ ഒറ്റയ്ക്കും കൂട്ടമായും എത്തിയിരിക്കുന്നു. ഓരോ പക്ഷിയും നസീറിന്റെ ക്യാമറയ്ക്ക് പോസ് ചെയ്തുകൊണ്ടേയിരുന്നു. 

മറുവശത്തെ കാഴ്ച അതിലേറെ അമ്പരപ്പിക്കുന്നതായിരുന്നു. കാടിനും മലനിരകള്‍ക്കുമിടയില്‍ പാല്‍പ്പുഴ ഒഴുകുന്നു. തലേദിവസം കാണാത്ത കാഴ്ച. ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി. തിരിച്ചറിയാന്‍ വയ്യാത്ത വിധം വെളുത്ത കോട പുഴയായി ഒഴുകുകയാണ്. പലയിടത്തുവെച്ചും കണ്ടിട്ടുണ്ടെങ്കിലും കോട യഥാര്‍ഥ നദിപോലെ ഒഴുകുന്നത് ആദ്യമായി കാണുകയാണ്. മനസ്സിന്റെ ഫ്രെയിമില്‍നിന്ന് ഒരിക്കലും മാഞ്ഞുപോവില്ലെന്ന് ഉറപ്പുള്ള കാഴ്ച.

ഇനി കാട്ടിലേക്കാണ് യാത്ര. പാമ്പാടുംഷോല നാഷണല്‍ പാര്‍ക്കിനോടുചേര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിയില്‍ കാടിന്റെ ഉള്‍ഭാഗത്തേക്ക് മനോ നയിക്കുന്ന യാത്ര. മനോഹരന് കാട് കാണാപ്പാഠമാണ്. കാട്ടിലേക്കുള്ള വഴികളും കാടിന്റെ ഓരോ അനക്കവും അദ്ദേഹത്തിനറിയാം.

munnar 15

മൂന്നാറില്‍ മനോഹരനെ കഴിഞ്ഞേ മറ്റൊരു ഗൈഡുള്ളു. നസീറും മനോഹരനും വര്‍ഷങ്ങള്‍ നടന്ന വഴികളിലൂടെ, കണ്ട കാഴ്ചകളിലൂടെ ഒരു യാത്ര. രാത്രി കാട്ടില്‍ ടെന്റടിച്ച് താമസം. തലേദിവസം രാത്രി ഭക്ഷണത്തിനെത്തിയ മൂന്നുപേര്‍ കൂടി മനോഹരന്റെ വീട്ടിലുണ്ട്. അവരെയും കാടുകാണാന്‍ മനോ ക്ഷണിച്ചിട്ടുണ്ട്. മനസ്സ് എപ്പോഴോ യാത്രയ്ക്കായി ഒരുങ്ങിക്കഴിഞ്ഞിരുന്നു.

കാടിനകത്തേക്ക് കയറുമ്പോള്‍ത്തന്നെ മനസ്സിലായി ഈ യാത്ര ഞാന്‍ കരുതുന്ന ഒന്നല്ല എന്ന്. ആ വഴി ആരും അതിനുമുമ്പ് നടന്നിട്ടില്ലെന്ന് ഉറപ്പായിരുന്നു. ചവിട്ടിനടന്നുണ്ടായ പാതകളൊന്നും അവിടെ കണ്ടില്ല. മരങ്ങള്‍ക്കിടയില്‍ പിണഞ്ഞുകിടക്കുന്ന് താഴെ മുട്ടിക്കിടക്കുന്ന വള്ളികളും ഇടതൂര്‍ന്നു വളര്‍ന്നുനില്‍ക്കുന്ന കുറിഞ്ഞിച്ചെടികളും. വള്ളികള്‍ക്കടിയിലൂടെ നൂണ്ടുള്ള നടത്തം. ചെറുപ്പത്തിലെങ്ങോ ഏതോ ഇംഗ്ലീഷ് സിനിമയില്‍ കണ്ടപോലത്തെ സീന്‍. 

munnar

വായാടിയായ ഞാന്‍ വരെ കാടിനുള്ളില്‍ കയറിയാല്‍ മിണ്ടാതാവും. അറിയാതെയെങ്ങാനും വള്ളികള്‍ ഒടിക്കാനോ ഇലകള്‍ നുള്ളാനോ മുതിര്‍ന്നാല്‍ മനോയും നസീറും ഒരേസ്വരത്തില്‍ വഴക്കുപറയും. കുറിഞ്ഞികള്‍ വകഞ്ഞുമാറ്റി ഞങ്ങള്‍ മുന്നോട്ടുനടന്നു. ഈ യാത്ര സത്യം തന്നെയാണോ എന്നറിയാന്‍ നുള്ളിനോക്കേണ്ടിവന്നില്ല. കുത്തനെയിറക്കത്തില്‍ കാല്‍തെറ്റി വീഴാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ വിളിച്ചുപോയി.

munnar 1

'മനോ....' ഓഹ്..ഗോഡ്..വാട്ട് ഹാപ്പന്‍ഡ്... പെണ്‍ശബ്ദമാണ് ആദ്യം പ്രതികരിച്ചത്. കൂടെവന്ന ഫ്രാന്‍സുകാരി മനോമയാണ്. അവളുടെ വിളിപ്പേരാണ് മനോ.  'ഐ മനോ.. യു മനോ..' മനോ ഇംഗ്ലീഷുമായി ഉടന്‍ തന്നെ സാക്ഷാല്‍ മനോയും എത്തി. വേദനിച്ചെങ്കിലും ഒന്നുമില്ലാത്ത പോലെ എഴുന്നേറ്റ് പുറകിലേക്കുനോക്കി. അത്യാവശ്യം താഴ്ചയുണ്ട്. തടഞ്ഞുനിര്‍ത്തിയ വള്ളിക്ക് മനസ്സില്‍ നന്ദി പറഞ്ഞു. സൂക്ഷിച്ചുനടക്കാന്‍ നിര്‍ദ്ദേശം നല്‍കി മനോഹരന്‍ മുന്നോട്ടുനടന്നു. 

munnar 13

അതിമനോഹരമായ ഇടം. മോഗ്ലിയെപ്പോലെ മനോ വള്ളികളില്‍നിന്ന് വള്ളികളിലേക്ക് ചാടിവീഴുന്നു. വള്ളികള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ഒരുമരത്തിലേക്ക് കയറാന്‍ നോക്കുകയാണ് ഫ്രാങ്കോ എന്നുവിളിക്കുന്ന കാനഡ സ്വദേശി ഫ്രാന്‍സിസ്‌കോ പോണ്ടസ്. കൂടെയുള്ള കൂട്ടുകാരന്‍ സൈമണ്‍ ഫ്രഞ്ചുകാരനാണ്. കുറച്ചുനേരം അവിടെ ചെലവഴിച്ചശേഷം വീണ്ടും യാത്രതുടര്‍ന്നു. 

കാടിനുള്ളില്‍ പ്രകൃതിതീര്‍ത്ത വന്‍മതിലായിരുന്നു അടുത്ത കാഴ്ച. പതിയെ മുകളിലേക്ക് കയറി. നെഞ്ചോളം പൊങ്ങിനില്‍ക്കുന്ന പുല്ലുകള്‍ വകഞ്ഞുമാറ്റി മുന്നോട്ടുനീങ്ങി മൊട്ടക്കുന്നിനു നെറുകിലെത്തി. കുന്നിനു തിലകക്കുറിയായി കുത്തനെ നില്‍ക്കുന്ന ഒരുപാറ. മനോ പറഞ്ഞു, ഇതാണ് നസീര്‍പാറ. ഒന്നുമറിയാത്ത പോലെ നസീര്‍ ചിരിച്ചു. പണ്ട് നസീര്‍ ഇവിടെ വന്ന് ധ്യാനിച്ചിരിക്കുമായിരുന്നു.

munnar 6

അങ്ങനെ നാട്ടുകാരാണ് പാറയ്ക്ക് ഈ പേര് നല്‍കിയത്. ടോപ്‌സ്റ്റേഷനിലെത്തുന്നവരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്‌പോട്ടായി ഇതുമാറിക്കഴിഞ്ഞു. അവിടേക്കെത്താന്‍ വേറെ പാതയുണ്ട്. പാറപ്പുറത്തുകയറിയാല്‍ അവിടം മുഴുവനും കാണാം. അതിമനോഹരമായ ഇടം. അവിടെ കുറെ നേരം കാറ്റുകൊണ്ടു കിടന്നു. വിശ്രമത്തിനുശേഷം വീണ്ടും യാത്രതുടര്‍ന്നു. 

കാടുകയറ്റം. മഴക്കാടുകള്‍ക്കിടയിലെ ഇരുട്ടിലൂടെ നടത്തം. ഇടയ്ക്ക് മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെള്ളിവെളിച്ചം. ചിന്നിച്ചിതറിയൊഴുകുന്ന ചെറിയ ചോലകള്‍. കാട് ശരിക്കും ഒരു സുന്ദരിക്കുട്ടി തന്നെ. മഞ്ഞ് വീണ്ടും കനത്തുതുടങ്ങി. കാടുകടന്ന് വീണ്ടുമൊരു കുന്നിന്‍ നെറുകയിലേക്ക്.

കാടിന്റെ ഘടന അതാണ്. മരങ്ങള്‍ നിറഞ്ഞ കാടുകളും ഇടയ്ക്കിടെ പുല്‍മേടുകള്‍ നിറഞ്ഞ കുന്നുകളും. കാടിനുള്ളിലെ മാനും കാട്ടുപോത്തുമെല്ലാം പുല്ലുതേടി എത്തുന്നത് ഇവിടെയാണ്. വനവത്കരണത്തിന്റെ ഭാഗമായി  മരം വെച്ചുപിടിപ്പിക്കുന്നതിനായി ഈ കുന്നുകളിലെല്ലാം വനം വകുപ്പ് പണ്ട് വിദേശ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു.

അത് കുറെയേറെ ഇവിടത്തെ ആവാസ വ്യവസ്ഥയെ നശിപ്പിച്ചു. അത് തിരിച്ചറിഞ്ഞ് അടുത്ത കാലത്തായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ത്തന്നെ ഈ മരങ്ങള്‍ വെട്ടിമാറ്റി പുല്‍മേടുകളെ തിരിച്ചെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്.  

munnar 5

munnar 11

munnar 4

ഒറ്റനോട്ടത്തില്‍ മൊട്ടക്കുന്നുകള്‍ എന്നുതോന്നുന്ന ഈ ഇടങ്ങളാണ് മഴയെ മണ്ണിനടിയിലേക്ക് ആവഹിക്കുന്ന ജലസംഭരണികള്‍. കാട്ടിലെ മേടുകളില്‍ അക്കേഷ്യയും യൂക്കാലിയും നിറഞ്ഞതോടെ തീറ്റനഷ്ടമായ മാനുകളും കാട്ടുപോത്തുമെല്ലാം നാട്ടിലെത്തുന്നത് പതിവാക്കുകയും ചെയ്തു. ഇവയുടെ പുറകേക്കൂടുന്ന മാംസഭുക്കുകള്‍ നാട്ടിലിറങ്ങുന്നതും അങ്ങിനെ ഇപ്പോള്‍ സ്ഥിരം വാര്‍ത്തയായി മാറി. 

അന്നത്തെ യാത്ര അവിടെ അവസാനിക്കുകയാണ്. ടെന്റുകള്‍ റെഡിയാക്കലായിരുന്നു അടുത്ത കാര്യപരിപാടി. അതുകഴിഞ്ഞതോടെ കൊടുംതണുപ്പിനെ അതിജീവിക്കാന്‍ തീ കാഞ്ഞ് ഞങ്ങള്‍ ഇരുന്നു. ആകാശം ഞങ്ങള്‍ക്കായി ചിലനേരങ്ങളില്‍ കോടപ്പുതപ്പുനീക്കി. മുകളില്‍ നക്ഷത്രക്കണ്ണുകള്‍ ഞങ്ങളെ നോക്കി കണ്ണിറുക്കിക്കൊണ്ടിരുന്നു. ചുറ്റും കൂരിരുട്ട്, കാടിന്റെ ശബ്ദം. യാത്രാക്ഷീണത്തെയും മറികടന്ന് കാടിന്റെ ഭംഗി എല്ലാവരും ആവോളം ആസ്വദിച്ചു.

തിരിച്ചിറക്കം

കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും വാഹനത്തിന്റെ പുകയുടെയും പൊടിപടലങ്ങളുടേയും ഇടയിലേക്കുള്ള തിരിച്ചുപോക്ക്. കാടിറങ്ങുമ്പോള്‍ മനസ്സില്‍ ആദ്യം വന്ന ചിന്ത ഇതാണ്. തിരക്കിട്ട് ഓടുന്ന ജീവിതത്തിനിടയില്‍ കാടുതരുന്ന ആശ്വാസം ചെറുതല്ല. കാടുകള്‍ നമ്മുടെ ആവശ്യമാണ്. മരങ്ങളില്ലെങ്കില്‍ വായുവില്ല, നമ്മളില്ല. ആ സ്വാര്‍ഥതയെങ്കിലും മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ കാടുകള്‍ നമുക്ക് നഷ്ടമാവില്ലായിരുന്നു. 

പോയവഴിയേക്കാള്‍ അത്ഭുതമായിരുന്നു തിരിച്ചുപോന്ന പാത. മരച്ചില്ലകള്‍ ചാടിക്കടന്ന്, പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ച് തികച്ചും സാഹസികമായ യാത്ര. ഇനിയുമിനിയും പോകണമെന്ന് മനസ്സ് കൊതിക്കുന്ന യാത്ര. കാട്ടില്‍നിന്നിറങ്ങിയപ്പോള്‍ എല്ലാവരും പരസ്പരം നോക്കി. സ്വപ്‌നത്തില്‍പോലുമില്ലാതിരുന്ന ഒരു യാത്ര എന്നാണ് മനോമ ഇതിനെക്കുറിച്ച് പറഞ്ഞത്. ഫ്രാന്‍സിസും സൈമണും സാലിയും ടോമുമെല്ലാം അത്ഭുതലോകത്തുതന്നെയായിരുന്നു അപ്പോഴും.

കേരളത്തില്‍ വന്നാല്‍ ഇനി മനോഹരനൊപ്പം രണ്ടുദിവസം- അങ്ങനെയൊരുറപ്പിലാണ് അവര്‍ പിരിഞ്ഞത്. മനോഹരന്റെ ഡയറിയില്‍ അവര്‍ ഓരോരുത്തരും എഴുതിയത് അവരുടെ മനസ്സുതന്നെയാണ്. സാലി ചിത്രം വരച്ചപോലെ കോറിയിട്ട റൂമിയുടെ കവിതയിലെ വരികള്‍പോലെ, ''This place is a dream. Only a sleeper considers it real....' 


മനോഹരന്റെ വീട്-  ടോപ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് കാട്ടിനുള്ളിലേക്കുള്ള യാത്രയും ഭക്ഷണവും താമസവുമടക്കം 2000 രൂപയുടെ പാക്കേജാണ് മനോഹരന്‍ നല്‍കുന്നത്. വീട്ടിലുണ്ടാക്കുന്ന നാടന്‍ ഭക്ഷണം അവര്‍ക്കൊപ്പംതന്നെയിരുന്നു കഴിക്കാം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മനസ്സില്‍നിന്ന് ഒരിക്കലും മായ്ക്കാനാവാത്ത സന്തോഷമായി മനോഹരന്‍ നമ്മുടെ ഹൃദയത്തിലുണ്ടാകും. 


ശ്രദ്ധിക്കേണ്ടത്- അടുത്തിടെയായി സന്ദര്‍ശകരിലുണ്ടായ വര്‍ധന ടോപ്‌സ്റ്റേഷന്റെ വൃത്തിയെയും ബാധിച്ചിരിക്കുന്നു. പ്ലാസ്റ്റിക് കവറുകളും കുപ്പികളും നിറഞ്ഞ് ചിലയിടങ്ങള്‍ വൃത്തിഹീനമായിട്ടുണ്ട്. ഇതില്‍നിന്നും ടോപ്‌സ്റ്റേഷനെ രക്ഷിക്കേണ്ടത് സന്ദര്‍ശകര്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മദ്യപിക്കാനും ആഘോഷിക്കാനുമുള്ള ഇടമെന്നതിലുപരി വരും തലമുറയ്ക്കും ഈ സ്ഥലം ആസ്വദിക്കേണ്ടതുണ്ട് എന്ന ബോധംകൂടി സന്ദര്‍ശകര്‍ക്കുണ്ടാവണം. യാത്രക്കിടയില്‍ കാടിനുള്ളിലെ ഓരോ പ്ലാസ്റ്റിക്ക് തരിയും  പെറുക്കുന്ന മനോഹരനും നസീറും നമുക്ക് തരുന്ന പാഠം അതുകൂടിയാണ്.