മന്തിപ്പൂക്കളുടെ മണത്തില്‍ നിന്നാണ് മഹാബലിപുരത്തേക്ക് ടിക്കറ്റ് എടുക്കുന്നത്. ഒരു കുട്ട നിറയെ ജമന്തിപ്പൂക്കളും കനകാംബരങ്ങളും ചെമ്പകവുമായി അവര്‍ സൈഡ് സീറ്റിലിരുന്ന എന്റെ തൊട്ടരികില്‍ വന്നിരുന്നു. അവരുടെ പേര് തെന്‍ട്രല്‍. ജമന്തികള്‍ പൂത്ത് നില്‍ക്കും പോലെ അവരുടെ വിരലുകള്‍ എനിക്കരികില്‍ മാലകെട്ടികൊണ്ടിരുന്നു. എന്തൊരു വേഗമാണ് അവരുടെ വിരലുകള്‍ക്ക്. പൂവും നൂലും കൊണ്ട് അവര്‍ മാന്ത്രികത കാണിക്കുന്നു. 

ഞാന്‍ അവരുടെ പൂക്കെട്ടലുകള്‍ക്കിടയിലേക്ക് എന്റെ വര്‍ത്തമാനത്തെയും കെട്ടി തുടങ്ങി. മഴ പുറത്തു ചാറുന്നുണ്ട്. മഹാബലിപുരം എത്തുന്നതിനു മുന്‍പേ ഒരു കോവിലുണ്ടെന്നും അവിടെ പൂമാലകള്‍ വില്‍ക്കാനാണെന്നും അവര്‍ പറഞ്ഞു. അറിയാവുന്ന തമിഴില്‍ ഞാനും അവര്‍ അവരുടെ തമിഴില്‍ എന്നോടും വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. 31 വയസുള്ള തെന്‍ട്രല്‍ അവരുടെ പൂക്കാലങ്ങളെ കുറിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ദിവസവും പൂക്കളുമായി അവര്‍ വന്നുകൊണ്ടേയിരുക്കുന്നു. എന്നെപ്പോലെ എത്ര പേരെ അവര്‍ കടന്നുപോകുന്നു. അവരുടെ പൂക്കളുടെ ഓര്‍മ്മകള്‍ ബാക്കി വെച്ചുകൊണ്ട്.

ഞാന്‍ മഹാബലിപുരത്തേക്കാണെന്ന് പറഞ്ഞപ്പോള്‍ എന്തെക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു. എല്ലാം മനസിലായി എന്ന ഭാവത്തില്‍ ഞാന്‍ അവരോട് ചിരിച്ചു. എത്ര അതിര്‍ത്തികളാണ് ഒരു ചിരിയിലൂടെ ഇല്ലാതാവുന്നത്. അവര്‍ക്കുള്ള സ്റ്റോപ്പ് എത്തി. ഞങ്ങള്‍ക്കിടയില്‍നിന്നും അപ്പോഴേക്കും ഭാഷകള്‍ മാഞ്ഞുപോയിരുന്നു. ബസ്സിറങ്ങുമ്പോള്‍ അവര്‍ കയ്യില്‍ വെച്ചു തന്ന മൂന്ന് ജമന്തികളിലേക്ക് ഞാന്‍ നോക്കി നിന്നു. ജമന്തികാടുകള്‍ പൂത്ത് നില്‍ക്കുന്ന ഓര്‍മപോലെ അവര്‍ എന്റെ കണ്ണില്‍ വിരലുകളില്‍ ശരീരത്തിന്റെ വിയര്‍പ്പില്‍ വിടരാന്‍ തുടങ്ങി. 

Mahabalipuram

മഹാബലിപുരത്ത് ബസ്സിറങ്ങുമ്പോള്‍ എന്റെ കണ്ണില്‍ നിറയെ അവരുടെ ജമന്തികളുടെ ഗന്ധം. അതേ വെയില്‍(ജമന്തി)മഞ്ഞ. ഒരിക്കല്‍ മഹാബലിപുരത്തെ പാറകളില്‍ കൊത്തിവെച്ച ശില്പങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. അതിനും മുന്‍പേ പത്മ ബാലചന്ദ്രനോട് ഇനിയുള്ള യാത്ര മഹാബലിപുരത്തു നിന്നാവാമെന്ന് പറഞ്ഞത് എത്ര തവണ അറിഞ്ഞതുമാണ്. അന്ന് മുതല്‍ മഹാബലിപുരം എന്റെതും കൂടിയായി. ഒരു രാത്രിയില്‍ കയ്യില്‍ പൈസ ഇല്ലാതിരുന്നിട്ടും ദിനു എനിക്ക് ടിക്കറ്റ് എടുത്തു തന്നു.

ഉള്ളില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കൊത്തിവെച്ചതു പോലെ, അകലെ എത്രയോ നഗരങ്ങള്‍ കടന്ന് ഗ്രാമങ്ങള്‍ കടന്ന് മനുഷ്യരെ കടന്ന് തീവണ്ടിയൊച്ചകള്‍ കടന്ന് മഹാബലിപുരം എന്നെ കാത്തിരിക്കുന്നുണ്ടെന്ന് ആരോ പറയുന്നതുപോലെ ഞാന്‍ പുറപ്പെട്ടു. ഒറ്റയ്ക്ക് രാത്രിക്ക് രാത്രി ഞാനിറങ്ങി ഹോസ്റ്റല്‍ റൂമിന്ന്. അപ്പോള്‍ മഴ എന്റെ യാത്രയിലേക്ക് ചാറിക്കൊണ്ടിരുന്നു. മഴ നനഞ്ഞ ഒരു രാത്രിയുടെ ദൂരത്തിനപ്പുറം മഹാബലിപുരം എന്റെ അരികെ ആവാന്‍ പോവുന്നു.അത്രയേ മനസില്‍ ഉള്ളു.

Mahabalipuram

ആ തീവണ്ടിയുടെ ഒച്ച എന്റെ ചെവിയിലെ എല്ലാ കാലത്തെയും പാട്ടായി. ചെന്നൈ നഗരം മഴ കൊണ്ട് എന്റെ എല്ലാ കാഴ്ചകളെയും മായ്ച്ചുകളയുമെന്ന് പേടിച്ചു. പക്ഷെ ബസ്സ് കയറി മഹാബലിപുരത്തെത്തുമ്പോള്‍ വെയില്‍ ഊക്കനെ ഇറങ്ങിവന്നിരുന്നു. എന്റെ കാഴ്ചയുടെ ദൂരം കുറഞ്ഞുവന്നു. ഇതാ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഞാന്‍ നടക്കാനിറങ്ങിയ ഉച്ചയിലേക്കെന്നപോല്‍ മഹാബലിപുരത്തേക്കുള്ള വഴി എനിക്കുമുമ്പില്‍ നീണ്ടുകിടക്കുന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് മാമല്ലാപുരം എന്ന പേരില്‍ അറിയപ്പെടുന്ന മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. 

കാഞ്ചീപുരവും മഹാബലിപുരവും അടുത്തടുത്ത കാലഘട്ടങ്ങളില്‍ അന്നത്തെ വലിയ വ്യാപാര കേന്ദ്രങ്ങളും തുറമുഖവുമായിരുന്നു. പാറകളില്‍ കൊത്തിവെച്ച ഗുഹാക്ഷേത്രങ്ങളും, ഒറ്റക്കല്‍ മണ്ഡപങ്ങളും 
ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരം. സ്മാരകങ്ങളില്‍ ഭൂരിഭാഗവും പാറ തുരന്ന് നിര്‍മ്മിച്ചവയാണ്. പലതും ഒറ്റ പാറയാല്‍ നിര്‍മ്മിച്ചവയും. ഈ സ്മാരകങ്ങളിലെല്ലാം തന്നെ ആദികാല തച്ചുശാസ്ത്രത്തിന്റെ സ്പര്‍ശം കാണാം. ഞാന്‍ ടിക്കറ്റ് എടുത്ത്  ഉള്ളിലേക്ക് കയറി.

ശില്‍പനഗരിയില്‍ കടന്നാല്‍ ആദ്യം കാണാനുള്ള കാഴ്ച തിരുക്കടല്‍ മല്ലൈ എന്നറിയപ്പെടുന്ന ക്ഷേത്രമാണ്. ശില്‍പങ്ങള്‍ കടല്‍കാറ്റേറ്റും കൊടും വെയിലിലും നശിച്ചുപോകാതിരിക്കാന്‍ രാജാക്കന്‍മാര്‍ നിര്‍മിച്ച തിരുക്കടല്‍ മല്ലൈ ഒരു ശിവ ക്ഷേത്രമാണ്. അത് കഴിഞ്ഞ് കല്ലുകള്‍ കൊത്തിയുണ്ടാക്കിയ ചവിട്ടുപടികള്‍. വലിയൊരു പാറ തുരന്ന് വീണ്ടും ഒരു വലിയൊരു ക്ഷേത്രം. അതില്‍ പ്രാര്‍ഥിക്കുന്ന ഫോട്ടോ എടുക്കുന്ന കാഴ്ചക്കാര്‍. അവിടുന്ന് ആ കല്‍പ്പടവുകള്‍ മുകളിലോട്ട് കയറിപോകുന്നു.. എന്റെ ചുറ്റും വലിയ വലിയ പാറകള്‍. അവയ്ക്കിടയില്‍ തണല്‍ തൊടുന്ന മരങ്ങള്‍. കയറി കയറി വേറൊരു കല്മണ്ഡപത്തിലേക്ക് എത്തി. 

Mahabalipuram

എത്ര ശില്പികളുടെ കൈ വേരുകള്‍ ഈ കല്മണ്ഡപത്തിനുണ്ടെന്നോ...ആകാശത്തേക്ക് നീണ്ടുപോകുന്ന തൂണുകളില്‍ എത്രയെത്ര ശില്പങ്ങള്‍. എന്റെ കാഴ്ച്ചയില്‍ ആ ശില്പങ്ങളില്‍ നിന്നും പക്ഷികള്‍ മൃഗങ്ങള്‍ മരച്ചില്ലകള്‍ മനുഷ്യര്‍ അങ്ങനെ കൊത്തിവെക്കപ്പെട്ടതെല്ലാം പറന്നുപോകുന്നു. അതിന്റെ പിറകില്‍ നിന്നും നോക്കിയാല്‍ വലിയൊരു പാറ ഭൂമിയെ തൊടാന്‍ പോകുന്നപോലെ നില്‍ക്കുന്നത് കാണാം. കണ്ടാല്‍ ഉരുണ്ടുരുണ്ട് ഭൂമിയെ ഇടിച്ചുകളയുമെന്ന് തൊന്നും. വിസ്മയങ്ങളില്‍ ഒന്നായ 'ആകാശദൈവങ്ങളുടെ ശില എന്ന് അന്നാട്ടുകാര്‍ വിളിക്കുന്ന 'കൃഷ്ണന്റെ വെണ്ണക്കല്ല്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശിലയാണത്.

ഇല്ല അത് ഇപ്പോഴും ഭൂമിയെ കൊതിപ്പിക്കുന്നു. ഒരു (കള്ള)കാമുകനെ പോലെ. എത്രെയോ പാറകള്‍ ആണ് മഹാബലിപുരത്തെ മണ്ണില്‍ ഇങ്ങനെ കിടക്കുന്നത്. അവിടുന്നിറങ്ങി നേരെ കണ്ണില്‍ വീണത് ലൈറ്റ് ഹൗസ് ആയിരുന്നു. ആകാശത്തെ തൊട്ടുനില്‍ക്കുന്ന പോലെ തോന്നും. ഇനി അങ്ങോട്ടേക്കുള്ള നടത്തം എന്റെ ദാഹങ്ങളെ വിശപ്പിനെ മറന്നുകളഞ്ഞു. കടല്‍ താണ്ടി ആരെങ്കിലുമൊക്കെ കടന്നുവരാന്‍ വേണ്ടി ഇപ്പോഴും വിളക്കുകൊളുത്തി കാത്തിരിക്കുകയായിരിക്കും ആ വിളക്കുമാടം. വെയില്‍ അതിന്റെ ചൂടിനെ കൊഴിച്ചുകളയുന്ന കല്പടവുകളിലൂടെ ലൈറ്റ് ഹൗസിലേക്ക് നടന്നു. മഹാബലിപുരത്തെ പാറയില്‍ വന്നുവീഴുന്ന വെയിലിനു നല്ല കത്തുന്ന ചൂടാണ്. വിയര്‍പ്പിന്റെ ഉപ്പ് ചുണ്ടില്‍ പൊടിയും.

എനിക്ക് ദാഹിച്ചു. നടക്കുന്നതിനിടയില്‍ പാറകള്‍ക്കിടയില്‍ തണുത്ത വെള്ളം വില്‍ക്കുന്ന ഒരു അക്കയെ കണ്ടു. വെള്ളം മാത്രമല്ല പഴങ്ങള്‍ മുറിച്ചു വെച്ചത്. ചെറുകടികള്‍ അങ്ങനെ അവരുടെ മുന്‍പില്‍ കാഴ്ചക്കാരെ നീട്ടി വിളിക്കുന്നു. ഞാന്‍ അവരുടെ കയ്യില്‍നിന്നും വെള്ളം വാങ്ങി കുടിച്ചു. ശരീരത്തിലൂടെ ജലം പിറവിയെടുക്കുന്നതുപ്പോലെ എന്റെ ദാഹം വിറകൊണ്ടു. അവരുടെ അടുത്തുള്ള ഒരു കല്ലില്‍ ഞാനിരുന്നു. ഞാനവരോട് ചിരിച്ചു. അവരെന്നോടും. ഞാന്‍ മലയാളത്തില്‍ തന്നെ ഇവിടെ എത്രകാലമായി എന്നു ചോദിച്ചു.അവര്‍ക്കത് മനസിലായി.കുറേ കാലമായി എന്നവര്‍ പറഞ്ഞു.പെട്ടെന്നാണ് അവര്‍ ഗര്‍ഭിണിയാണെന്ന് എനിക്ക് മനസിലായത്. വെയില്‍ ഉണക്കിയ അവരുടെ ശരീരം എന്തൊരു ക്ഷീണം കാണിക്കുന്നു.

Mahabalipuram

അവരുടെ വയറ്റില്‍ നിന്നും ഈ മഹാബലിപുരത്ത് ഒരു കുഞ്ഞു പിറക്കുന്നു. അവരോടെനിക്ക് സ്‌നേഹം തോന്നി. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് അവര്‍ എന്ത് പേരാണ് ഇടാന്‍ പോകുന്നുവെന്ന് എനിക്ക് കൗതുകം തോന്നി. ചോദിച്ചതേയില്ല. തമിഴില്‍ എത്രയെത്ര നല്ല പേരുകള്‍ ഉണ്ട്. തെന്‍ട്രല്‍ പോലെ ജമന്തിപ്പൂക്കള്‍ മണക്കുന്ന എത്രെയെത്ര പേരുകള്‍. അല്ലെ ??. അവിടുന്ന് നേരെ ലൈറ്റ് ഹൗസിലേക്ക് നടന്നു. പാറക്കെട്ടുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തിക്കിടക്കുന്ന താഴ്‌വര. അതിന് മുകളില്‍ ലൈറ്റ് ഹൗസ്. വെയില്‍ കുത്തനെ എനിക്ക് മുകളില്‍ കത്തി നില്‍ക്കുന്നു.

ലൈറ്റ് ഹൗസിനുള്ളിലേക്ക് പടികള്‍ കയറി. അതിപുരാതനമായ പടവുകള്‍. എത്ര മനുഷ്യരുടെ കിതപ്പുകള്‍ ഈ പടികളില്‍ വീണിട്ടുണ്ടാവും. അവര്‍ കാണാന്‍ പോകുന്ന ഏറ്റവും സുന്ദരമായ കാഴ്ചയെ കുറിച്ചുള്ള നോട്ടങ്ങള്‍ ഈ പടികളില്‍ വീണുചിതറിയിട്ടുണ്ടാവും. എന്റെ മനുഷ്യരെ. ജീവിത്തിനപ്പുറവും ഇപ്പുറവും തീരാത്ത കാഴ്ചകളാണ്. യാത്രകളാണ്. ഇടം ഇല്ലാത്തവരേ വഴികളില്ലാത്തവരേ മനുഷ്യരില്ലാത്തവരേ സ്‌നേഹിക്കാനില്ലാത്തവരേ നിങ്ങള്‍ക്ക് യാത്രകളുണ്ട്. ഉറപ്പ്.

എന്റെ കണ്ണില്‍ ഒരു കടല് അതിന്റെ നീലചെതമ്പലുകള്‍ നീട്ടി പൊന്തിവന്നു. ജീവിതത്തില്‍ ഇത്ര മനോഹരമായിട്ട് കടലിനെ, അതിന്റെ നീലയെ, ആകാശത്തിന്റെ കുതിപ്പുകളെ കണ്ടിട്ടേയില്ല. എന്ത് ഭംഗിയായിട്ടാണ് കടലതിന്റെ ആനന്ദത്തെ നമ്മളിലേക്ക് പകര്‍ത്തുന്നത്. കടലിനും ആകാശത്തിനും ഇടയില്‍ ഒരു ചിത്രകാരന്‍ തന്റെ നഷ്ടപ്പെട്ടുപോയ മറവിയെ ഓര്‍ത്തെടുക്കുന്നതിനെയാണോ നീല നിറം എന്ന് പറയുന്നത്.? നീല നിറം ആകാശത്തിന്റെയോ? അതോ കടലിന്റെയോ? അതോ ആ ചിത്രകാരന്റെ വിരലുകളോ? എന്തൊരു വിചിത്രം ഈ കടല്‍ കാഴ്ച്ചകളൊക്കെയും. കടലിലേക്കുള്ള നീണ്ട വഴി എനിക്ക് കാണാം. ആ വഴിയോരങ്ങളില്‍ ചിതറിക്കിടക്കുന്ന കുഞ്ഞുകുഞ്ഞു വീടുകള്‍. എനിക്കങ്ങോട്ട് ഓടാന്‍ തോന്നി. എന്റെ വായില്‍ ഒരു കടലോളം വിശപ്പ് ആ കാഴ്ചയെ വിഴുങ്ങാനായി വെമ്പി. 

ഞാനപ്പോള്‍ ദീപ്തിയെ ഓര്‍ത്തു. ഒരിക്കലും അവള്‍ക്ക് കടല് കാണിച്ചുകൊടുക്കാത്ത അവളുടെ അച്ഛനെ കുറിച്ചോര്‍ത്തു. കടലിന് വക്കത്തുള്ള അവളുടെ അച്ഛന്റെ വീടിനെ കുറിച്ചോര്‍ത്തു. സ്‌നേഹത്തില്‍ പ്രാന്തിയായ അവളുടെ നിസ്സഹായതയെ കുറിച്ചോര്‍ത്തു. എന്നിട്ടും ഞാനവളെ മറന്ന് നാഥനെ എന്തിനായിരുന്നു സ്‌നേഹിച്ചത് ? എനിക്കിപ്പോള്‍ അതിനുത്തരം ഉണ്ട്. സ്‌നേഹം കൊണ്ട് വേദനിച്ചവരുടെ ഉള്ളില്‍ ഒരു കടലുണ്ട്.കണ്ടുതീരാത്ത കടലുപോലെ, യാത്രകള്‍ പോലെ, ചില മനുഷ്യരെ പോലെ അത് തിരകളുപേക്ഷിക്കുന്നു. തീരങ്ങള്‍ ഉപേക്ഷിക്കുന്നു.

Mahabalipuram

ലൈറ്റ് ഹൗസിനു മറ്റൊരു ഭാഗത്ത് വീണ്ടും പാറകളും ശില്പങ്ങളും കല്മണ്ഡപങ്ങളും അവസാനിക്കാതെ കൊത്തിവെക്കപ്പെട്ടിരിക്കുന്നുണ്ട്. എത്ര നടന്നാലാണ് ഇതൊക്കെയൊന്ന് കണ്ടുതീരുകയെന്ന് നമ്മള്‍ സംശയിക്കും. അത്രത്തോളമുണ്ട് മഹാബലിപുരത്തെ കാഴ്ചകള്‍. എന്റെ നടത്തം തുടര്‍ന്നു വീണ്ടും വലിയൊരു പാറയുടെ മുകളിലെ ഒരു കോവിലിലേക്ക്. അവിടേക്ക് കയറുമ്പോള്‍ വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് ചിറക് കുടയുന്നവനായി ഞാന്‍ മാറി. എത്ര വര്‍ഷങ്ങള്‍ വേണ്ടിവന്നിട്ടുണ്ടാവും ഈ പാറകളൊക്കെ കൊത്തിയെടുത്ത് ശില്പങ്ങളാക്കാന്‍. നമ്മെ അത്ഭുതപെടുത്താന്‍! എന്തൊരു അത്ഭുതമാണ് ഈ ഭൂമി, ചില മനുഷ്യര്‍ ..! 

ചരിത്രത്തിന്റെ ഏത് കല്മണ്ഡപത്തിലാണ് ഈ പാറകള്‍ തുരന്ന് ശില്‍പ്പങ്ങള്‍ ഉണ്ടാക്കിയ മനുഷ്യര്‍ വീണുടഞ്ഞതെന്ന് ഞാനപ്പോള്‍ ഓര്‍ത്തു. അവരുടെ തലമുറകള്‍ ഇപ്പോഴും മഹാബലിപുരത്ത് അവിടവിടങ്ങളിലാണ് ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്നു. ജീവിതം കൊത്തി തീര്‍ക്കുന്നു. അവരുടെ മാന്ത്രികവിരലുകളില്‍ നമ്മള്‍ അന്തിച്ചു നില്‍ക്കും. അവിടുന്ന് നേരെ ഷോര്‍ ടെമ്പിളിലേക്കായിരുന്നു പോയത്.
ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തോട് മുഖം നോക്കി നില്ക്കുന്ന ഷോര്‍ ടെമ്പിള്‍ ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേവാലയം. തീരത്തോട് മുഖം തിരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇതിന് ഷോര്‍ ടെമ്പിള്‍ എന്ന പേര് വന്നതത്രെ.

അതിനു ചുറ്റും കടലൊച്ചകളാണ്. നിലയ്ക്കാത്ത തിരകളുടെ ചരിത്രയൊച്ചകള്‍. ഭീമാകാരങ്ങളായ കരിങ്കല്ലുകള്‍ കൊണ്ടാണ് ഷോര്‍ ടെമ്പിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശിലയില്‍ കൊത്തിയുണ്ടാക്കിയ ഈ ക്ഷേത്രം ഇന്ത്യയുടെ ദക്ഷിണ ഭാഗത്തുള്ള ഏറ്റവും പുരാതനമായ കല്‍ക്ഷേത്രമായി അറിയപ്പെടുന്നു. ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠയെങ്കിലും വിഷ്ണുവാരധനയാണ് പ്രധാനം. കല്ലില്‍ കൊത്തിയുണ്ടാക്കിയ ദുര്‍ഗ്ഗാ ദേവതയുടെ ചെറിയൊരു ശ്രീകോവിലും ഇതിനടുത്തായി പ്രതിഷ്ഠിച്ചിട്ടുണ്ട്. സിംഹത്തെയും ഇവിടെ ആരാധിച്ചു പോരുന്നു. അതിനുചുറ്റും നമ്മള്‍ കണ്ണുകളെ പറത്തിവിടും. പുരാതനകാല മനുഷ്യരുടെ സഹനശക്തിയും, കലാപരതയും ഈയൊരു ക്ഷേത്ര നിര്‍മ്മിതിയില്‍ നമുക്ക് കാണാന്‍ കഴിയും. 

Mahabalipuram

മഴ പെയ്യുന്നുണ്ടായിരുന്നു അപ്പോള്‍. നീഷ് തന്ന കുട ചൂടിയിട്ടും ഞാന്‍ നനഞ്ഞു. മഹാബലിപുരത്തെ എല്ലാചൂടിനേയും ആ മഴ കുടഞ്ഞെറിഞ്ഞു. ഷോര്‍ ടെമ്പിളിലേക്കുള്ള കവാടത്തിന്റെ തൊട്ടരികിലൂടെയാണ് കടലിലേക്കുള്ള വഴി. കടലിലെത്തും വരെ കച്ചവടക്കാരുടെ ബഹളം ആണ്. ശില്പങ്ങള്‍, ശംഖുകള്‍, കളിപ്പാട്ടങ്ങള്‍, ഭക്ഷണസാധനങ്ങള്‍, അങ്ങനെ എത്രയെത്ര  കാത്തിരിപ്പുകടകളാണ് അവിടെയുള്ളത്. കടലിലെത്തിയപ്പോയേക്കും മഴ അതിന്റെ ഊക്ക് കുറച്ചിരുന്നു. ശാന്തമായ ഒരു കടല്‍. ലൈറ്റ് ഹൗസില്‍നിന്നും കണ്ട അതേ കടല്‍. ഞാന്‍ അപ്പോയെക്കും സമയങ്ങളൊക്കെ മറന്നിരുന്നു. ഇരുട്ട് കടല്‍ കടന്ന് വന്നു തുടങ്ങി. എനിക്കുള്ള ബസ്സ് അവടെ ഉണ്ടാകുമോയെന്ന് ഞാനൊന്ന് ചിന്തിച്ചു.

കടല്‍ മണം വിട്ടു മാറാത്ത നമ്മുടെയൊക്കെ യാത്രകളുടെ ആദ്യവും അവസാനവും പോലെ മഹാബലിപുരത്തിന്റെ എല്ലാ കല്‍വേരുകളില്‍നിന്നും ഞാന്‍ തിരിച്ചുനടക്കാന്‍ തുടങ്ങി. ഞാന്‍ എത്തുമ്പോയേക്കും 588എന്ന ബസ്സ് സ്റ്റാന്‍ഡില്‍ നില്‍പ്പുണ്ടായിരുന്നു. റോഡിലെ വിളക്കുകള്‍ തെളിഞ്ഞിരുന്നു അപ്പോള്‍. എന്റെ വിയര്‍പ്പിനപ്പോള്‍ തമിഴുഗന്ധം മണത്തു. ബസ്സ് മഹാബലിപുരം കടന്ന് മറ്റൊരു നഗരത്തിലേക്ക് ഓടി തുടങ്ങി.എന്റെ യാത്രകളും.  

ഈ ഹോസ്റ്റല്‍ മുറിയില്‍ എല്ലാ അലച്ചിലുകളുടെയും വഴികള്‍ ഊരിവെച്ച് കിടക്കുമ്പോള്‍ ഇപ്പോഴും എന്റെ ചെവിയില്‍ കണ്ണില്‍ ഉടലില്‍ വിരലുകളില്‍ നിന്നെല്ലാം ആരോ കൊത്തിവെച്ച മഹാബലിപുരത്തെ ശിലാകല്‍പ്പടവുകള്‍ ഇതാ അഴിഞ്ഞു വീഴുന്നു. ആ ബസ്സില്‍നിന്നും തെന്‍ട്രല്‍ ഇപ്പോഴും എനിക്കായി മൂന്ന് ജമന്തിപ്പൂക്കള്‍ നീട്ടിത്തരുന്നു. ആ തീവണ്ടിയൊച്ച എന്റെ എല്ലാ ഉറക്കങ്ങളിലേക്കും പാഞ്ഞുകയറുന്നു. അതെ യാത്രകള്‍ അടുത്ത ഉണര്‍ച്ചയിലേക്ക് എന്റെ കതകില്‍ വന്ന് മുട്ടുന്നു. എനിക്കത് കേള്‍ക്കാം..