ചുവടുകള്‍
അദ്ധ്യായം - 13

 

beena

 

ഒറീസ്സയിലെ പുരി ജഗന്നാഥക്ഷേ്രത്തിന് മുന്നില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ ഒരു ബോര്‍ഡ്: ''അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല.''

 

ആന്‍സി സംശയിച്ച് എന്നെ നോക്കി.  അമ്പലങ്ങള്‍ ആന്‍സിക്ക് ''വീക്ക്‌നെസ്സ്'' ആണ്.  തിരുവനന്തപുരത്തായാലും, കാശിയിലായാലും, ഒറീസ്സയിലായാലും ഉയര്‍ന്ന നെറ്റിയും വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമൊക്കെ കൂടി സ്ഥായിയായ ഒരു ഹിന്ദു ലുക്ക് (പട്ടത്തി എന്ന് വിളിപ്പേര്) ഉള്ളതുകൊണ്ട് ഇതേവരെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.  ഇവിടെ വിശദമായ ചെക്കിംഗിന് ശേഷമാണ് കയറ്റിവിടുന്നത്.  എന്തുചെയ്യും?

''യാത്ര തുടങ്ങുമ്പോള്‍ തന്റെ പേര് അനിത എന്നാക്കിയതല്ലേ, ഈ ചെറിയ പൊട്ട് മാറ്റി വലിയ ചുവന്ന വട്ടപൊട്ട് വയ്ക്ക്.  ബാക്കിയൊക്കെ വരുംപോലെ.  പൊട്ട് മാറ്റി ഹിന്ദുവായി ഒരുങ്ങി ആന്‍സിയുമൊത്ത് ക്യൂവില്‍ കയറി നിന്നു.  ആന്‍സി സ്ഥിരസ്വഭാവങ്ങള്‍ പുറത്തെടുത്തു തുടങ്ങി:

 

''എടോ, പേടിയാവുന്നു.  പിടിച്ചാല്‍ പോലീസില്‍ ഏല്‍പ്പിക്കുമോ? ഞാന്‍ ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനില്‍ പോവില്ല.  അങ്ങനെയാണേല്‍ താനും വരണം.''
''താന്‍ ഒന്ന് സമാധാനിക്ക്.  തന്റെ പേടിച്ച മുഖം കണ്ടാലേ അവര്‍ക്ക് കാര്യം മനസ്സിലാവും.''

നീങ്ങി നീങ്ങി ആന്‍സിയുടെ ഊഴമെത്തി.  ആന്‍സിയെ കണ്ടപാടെ പേരുംനാളുമൊന്നും ചോദിക്കാതെ അകത്തേക്ക് പൊയ്‌ക്കോള്ളാന്‍ പറഞ്ഞു.  ആന്‍സി ദീര്‍ഘശ്വാസം വിട്ട് തിടുക്കത്തില്‍ അകത്തേക്ക് നടന്നു.  പിന്നാലെ ഞാനും.  അമ്പലത്തിനകത്തു കയറി ഞങ്ങള്‍ മനസ്സറിഞ്ഞ് ചിരിച്ചു.

''എടോ, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമുമൊക്കെ മനസ്സിലാണ് - മനുഷ്യനാണ് പ്രധാനം.  അവന്മാര്‍ക്കത് മനസ്സിലാവില്ല.  ഇവന്മാര്‍ക്കെന്നല്ല ജാതീം മതവും പറഞ്ഞു നടക്കുന്ന ആര്‍ക്കും ഇതൊന്നും മനസ്സിലാവില്ല.''

ഞാന്‍ പറഞ്ഞതുകേട്ട് ആന്‍സി കൂട്ടിച്ചേര്‍ത്തു:
''ഞാനും താനും ക്രിസ്ത്യാനിയും ഹിന്ദുവും  ആണോ, കൂട്ടുകാരികള്‍ അല്ലെ.  ഇതൊക്കെ എന്നാണ് മാറുക?''
മൊബൈലില്‍ ഗൗരിയുടെ കോള്‍.  അമ്പലത്തിനകത്ത് ഫോണ്‍ പാടില്ല എന്നെഴുതിവച്ചിട്ടുണ്ട്.  ഞങ്ങള്‍ ദൂരെ മാറിനിന്ന് എടുത്തു.

''എന്നെ അവര്‍ കടത്തിവിട്ടില്ല.  ഹിന്ദുവാണെന്നതിന് തെളിവ് കാണിക്കാന്‍ പറഞ്ഞു.  ഞാന്‍ എന്ത് തെളിവ് കാണിക്കാനാണ്.  ഇവിടെ പുറത്തുനില്‍ക്കുകയാണ്.''
ചിരിച്ച് ചിരിച്ച് ഞങ്ങള്‍ക്ക് വയറ് വേദനിച്ചു.  

ഗൗരി, ഗൗരി ഭട്ടതിരിപ്പാട് എന്ന പാലക്കാട്ടുകാരി സ്‌കൂളധ്യാപികയാണ് പുറത്തുനില്‍ക്കുന്നത്.  ഒന്നാന്തരം ഹിന്ദു.  ഒരു കുഴപ്പം മാത്രം - കമ്മല്‍, മാല വള, പൊട്ട് തുടങ്ങിയ അലങ്കാരങ്ങളൊന്നും ഗൗരി ഇടില്ല.  പുരിയിലെ ക്ഷേത്രഭാരവാഹികള്‍ക്ക് മുന്നില്‍ അഹിന്ദു ആകാന്‍ മറ്റുവല്ലതും വേണോ?  ഗൗരി ഔട്ട്!!

യാത്ര കഴിഞ്ഞ് കാലമേറെ ആയിട്ടും ഗൗരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ പുരി ജഗന്നാഥക്ഷേത്രത്തിന് മുന്നിലെ ആ നില്‍പ്പാണ് ഓര്‍മ്മ വരാറുള്ളത്.  മതങ്ങള്‍ക്ക് ചിഹ്നങ്ങളുടെ ഭാഷ മറ്റെന്നെത്തേക്കാളും കൈവരുന്ന ഇന്ന് ഇക്കഥ സൗഹൃദകൂട്ടങ്ങളിലൊക്കെ പറയാറുമുണ്ട്.  ആരുമറിയാതെ പ്രണയിക്കാന്‍ പര്‍ദ്ദയിടുന്നവരില്‍ സിനിമാരംഗത്തെ പ്രമുഖര്‍വരെയുണ്ടല്ലോ.  യാത്രയുടെ തിരുശേഷിപ്പുകള്‍ ഇത്തരം അനുഭവങ്ങളും അതിലൂടെ ലഭിക്കുന്ന ജീവിതജ്ഞാനവുമാണ്.  കാഴ്ചകള്‍ക്കപ്പുറത്ത് ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍.  

പുരി ജഗന്നാഥ ക്ഷേത്രം കാഴ്ചകളൊരുക്കി മുന്നില്‍ നിന്നു.  ഈ തീരദേശ നഗരം അറിയപ്പെടുന്നതുതന്നെ ഈ അമ്പലത്തിന്റെ പേരിലാണ്.  വളരെ വലിയ അമ്പലമാണ് പുരി.  നഗരത്തിലെ ഉയര്‍ന്ന സ്ഥലത്താണ് അമ്പലം സ്ഥിതിചെയ്യുന്നത്.  65 അടി ഉയരത്തില്‍ പിരമിഡിന്റെ മാതൃകയില്‍ നിര്‍മ്മിച്ച അമ്പലത്തിന്റെ രൂപകല്‍പ്പന സവിശേഷതയാര്‍ജ്ജിച്ചതാണ്.

ഉയര്‍ന്ന ചുറ്റുമതിലും പൊക്കമുള്ള പ്ലാറ്റ്‌ഫോമുകളും അമ്പലത്തിന്റെ ചുറ്റുമുള്ള കല്ലുകളില്‍ കൃഷ്ണന്റെ കഥ കൊത്തിവച്ചിരിക്കുന്നതുമൊക്കെ പുരിയുടെ പ്രതേ്യകതകളാണ്.

നാലു വാതിലുകളുണ്ട് - 'ലയണ്‍ ഗേറ്റ്' എന്ന കിഴക്ക് വാതിലാണ് മുഖ്യം. വടക്കേവാതില്‍ ആനയുടെ പേരിലും തെക്കേവാതില്‍ കുതിരയുടെ പേരിലും പടിഞ്ഞാറേവാതില്‍ കടുവയുടെ പേരിലും അറിയപ്പെടുന്നു.  

പുരി ക്ഷേത്രത്തിലെ പ്രസിദ്ധമായ പടികളില്‍ (22 പടികളാണുള്ളത്.  ബൈസി പഹാച്ച എന്നാണിവ അറിയപ്പെടുന്നത്) ഭക്തര്‍ കുട്ടികളെക്കൊണ്ടുവന്ന് കിടത്തുന്നു.  മൂന്ന് മൂര്‍ത്തികളാണ് അമ്പലത്തിലുള്ളത് - ഗജന്നാഥന്‍, ബലഭദ്രദേവന്‍, സുഭദ്രാദേവി.  വിശ്വപ്രസിദ്ധമായ പുരി രഥോത്സവവേളയില്‍ ഈ മൂര്‍ത്തികളെ കുറച്ചകലെയുള്ള  ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് മടക്കി കൊണ്ടുവരുന്നു.  വളരെ ബൃഹത്തായ അമ്പലസമുച്ചയത്തില്‍ 30 ക്ഷേത്രങ്ങളുണ്ട്.
നടമന്ദിരവും മുഖശില യുമൊക്കെ കണ്ടുനടക്കുമ്പോഴാണ് ആ അത്ഭുതം കണ്ടത്.  ഭീമാകാരമായ അടുക്കള.  വൃത്തിയും വെടിപ്പുമുള്ള ഈ അടുക്കളയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണമുണ്ടാക്കാനുള്ള സജ്ജീകരണങ്ങളുണ്ടത്രെ!  ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലായാണ് പുരി ക്ഷേത്രത്തിലെ അടുക്കള അറിയപ്പെടുന്നത്. 

പുരിയിലെ കാഴ്ചകള്‍ കണ്ടിറങ്ങുമ്പോള്‍ ഗൈഡ് പറഞ്ഞു:
''യാത്ര അവസാനിക്കുകയാണ്.  ഇനി മടക്കം.  എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കഴിഞ്ഞുപോയതെന്നോര്‍ത്തു പോയി.  ട്രെയിനില്‍ എല്ലാവരും മ്ലാനവദനരായിരുന്നു.  ബാക്കി ഇരിപ്പുള്ള ഉപ്പേരിയും കപ്പലണ്ടിയും മറ്റ് ഭക്ഷണവസ്തുക്കളും മറ്റുള്ളവര്‍ക്ക് കൈമാറുന്നതിന് എല്ലാവരും ഉത്സാഹിച്ചു.   ഓടി നടന്ന് സുഹൃത്തുക്കളുടെ അഡ്രസ്സും ഫോണ്‍ നമ്പരും വാങ്ങുകയായിരുന്നു മറ്റുചിലര്‍.

യാത്രയുടെ അവസാനമായപ്പോഴേക്കും ആന്‍സിയും ഞാനും സഹയാത്രികര്‍ക്ക് പ്രിയങ്കരമായിക്കഴിഞ്ഞിരുന്നു.  സ്ത്രീകള്‍ എന്ന പരിഗണനയ്‌ക്കൊപ്പം ആവശ്യക്കാരെയൊക്കെ സഹായിക്കാന്‍ എത്തുന്നവര്‍ കൂടിയായതിനാല്‍ പോപ്പുലാരിറ്റി ഗംഭീരമായിരുന്നു.

 

 

beena1

 

 

ആന്‍സി ആളാകെ മാറിപ്പോവുന്നതുപോലെ എനിക്ക് തോന്നി.  ജീവിതകാലം മുഴുവന്‍ ഉണ്ടായിരുന്ന ഒരുപാട് ശാഠ്യങ്ങളും കെട്ടുകളും വിട്ടൊഴിഞ്ഞു.  ഏറ്റവും പ്രധാനം ട്രെയിന്‍ യാത്രയോടുള്ള താല്‍പ്പര്യമില്ലായ്മയുമായിരുന്നു.  ഇക്കാലമത്രയും ട്രെയിനൊഴിവാക്കി ഏതു ദൂരവും ബസ്സില്‍ യാത്ര ചെയ്തിരുന്ന ആന്‍സി മടങ്ങുമ്പോള്‍ ''ട്രെയിന്‍ ഫാന്‍'' ആയി.  ആദ്യ ദിവസങ്ങളില്‍ ട്രെയിനില്‍ കിടന്നാല്‍ ഉറങ്ങില്ലെന്ന് വാശിപിടിച്ച ആന്‍സി അവസാന ദിനങ്ങള്‍ ആയപ്പോള്‍ ട്രെയിനിന്റെ കുലുക്കം താരാട്ട് പോലെയാണെന്ന് പ്രഖ്യാപിച്ചുകളഞ്ഞു.  ഇച്ചിരി മീന്‍കറിയില്ലെങ്കില്‍ ഉണ്ണില്ലെന്ന ശീലം ''വെജിറ്റേറിയന്‍'' ആകുന്നതിന്റെ ഗുണങ്ങള്‍ പഠിപ്പിക്കുന്ന രീതിയിലേക്ക് മാറി.

യാത്രയുടെ അവസാനമാകുമ്പോള്‍ ട്രെയിനിലെ ഏതു കമ്പാര്‍ട്ടുമെന്റും സ്വന്തം വീടെന്നതുപോലെയായിക്കഴിഞ്ഞിരുന്നു.  സ്ഥലങ്ങളും കാഴ്ചകളും കണ്ടതിനൊപ്പം ട്രെയിനിലെ മനുഷ്യരും ഒരപൂര്‍വ്വ അനുഭവമായി മാറി.  തമ്മില്‍ പരിചയമില്ലാത്ത 500 ഓളം പേര്‍ രണ്ടാഴ്ച കൊണ്ട് മതിലുകള്‍ തകര്‍ത്ത് സൗഹൃദത്തിലാവുന്ന അനുഭവം.

മടക്കയാത്രയില്‍ ട്രെയിനിലെ മൈക്കിലൂടെ പാട്ടുകളും കഥകളും അവതരിപ്പിക്കാന്‍ പലരും താല്‍പ്പര്യം കാട്ടി.  അതിലൊരാളുടെ രാമായണം കഥപറച്ചില്‍ വേര്‍പാടിന്റെ വേദനയ്ക്കിടയിലും പൊട്ടിച്ചിരി പടര്‍ത്തി.

രാമനെക്കുറിച്ചും സീതയെക്കുറിച്ചും വാചാലനായി വാചാലനായി ഒടുവില്‍ അയാള്‍ ഉച്ചത്തിലുച്ചത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:
''രാമന്‍ വന്ന് വില്ലുയര്‍ത്തി.  അപ്പോള്‍ ''പുള്ളിക്കാരത്തി'' കണ്ണുയര്‍ത്തി നോക്കി.  ''പുള്ളിക്കാരനും'' നോക്കി.''

രാമനും സീതയും ''പുള്ളിക്കാരനും'' ''പുള്ളിക്കാരത്തിയു'' മായി കഥയില്‍ നിറയുമ്പോഴാണ് ആന്‍സി എറണാകുളത്ത് ഇറങ്ങുന്നത്.
ബാക്കി യാത്രയിലെ ചിരി ഒറ്റയ്ക്കായിരുന്നു.  ആ യാത്രയിലെ ചിരിയും ചിന്തയും ഇപ്പോഴും ബാക്കിയുണ്ട്.

സൗഹൃദങ്ങള്‍ ഫോണ്‍കാളുകളായി, സന്ദര്‍ശനങ്ങളായി ഇടയ്ക്ക് കടന്നെത്തുന്നു.
ചെറിയൊരു ജീവിതത്തിന്റെ ദുഷ്‌ക്കര പെരുവഴിയിലെ ആഹ്ലാദ ദിവസങ്ങള്‍.  ജീവിതം സമ്മാനിതമാകുന്നത് ഇങ്ങനെയൊക്കെയല്ലേ!!