ചുവടുകള്‍

അദ്ധ്യായം - 12

budhha

 

ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ അങ്ങനെയാണ് - ഇവിടെ പലവട്ടം വന്നിട്ടുണ്ടല്ലോ എന്ന് തോന്നിപ്പോകും.  അപരിചിതത്വമേ തോന്നില്ല.  ചില മനുഷ്യരെ കാണുമ്പോഴും അങ്ങനെയാണ്, ആദ്യമായി കാണുകയാണെങ്കിലും ചിരപരിചിതരാണെന്ന് തോന്നിപ്പോകും, ഇന്നലെ കണ്ട് പിരിഞ്ഞതുപോലെ.  അങ്ങനെയുള്ളവര്‍ ചിരകാലം വിട്ടുപോകുകയില്ല, അടുപ്പത്തോടെ കൂടെ ഉണ്ടാവും.


ഇതൊക്കെ ഓര്‍ക്കുന്നത് ബുദ്ധഗയയെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. പിടിച്ച് തൂങ്ങലും (clinging) ആഗ്രഹങ്ങളും (desire) ആണ് മനുഷ്യദു:ഖങ്ങള്‍ക്ക് നിദാനമെന്ന് പറഞ്ഞ ശ്രീബുദ്ധന്‍ -  ഇതുരണ്ടും ഒഴിവാക്കിയാല്‍ (clinging ഉം desire ഉം) ജീവിതത്തോടുള്ള അഭിനിവേശം (passion) നഷ്ടപ്പെടില്ലേ എന്ന് കവിസുഹൃത്ത്.


ശരിയാണ്, സങ്കടങ്ങളില്‍ നിന്ന് മോചനം തേടണം എന്നുണ്ടെങ്കില്‍ മാത്രം ബുദ്ധമാര്‍ഗ്ഗം പിന്തുടര്‍ന്നാല്‍ മതി, ആ വഴി കവിയുടെ വഴിയുമല്ല, കവിമാര്‍ഗ്ഗം വികാരങ്ങളുടേതും വിചാരങ്ങളുടേതും കൂടിയാണ്.  


അങ്ങനെ, ഒടുവില്‍ ബോധിവൃക്ഷച്ചുവട്ടില്‍ നില്‍ക്കുന്നു ഞാന്‍.  ബീഹാറിലെ പാട്‌നയില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഗയയിലെ ബോധിവൃക്ഷം - ബുദ്ധന്‍ സത്യം കണ്ടെത്തിയ സ്ഥലം - നൂറ്റാണ്ടുകള്‍, നൂറ്റാണ്ടുകള്‍ - എത്ര കോടി മനുഷ്യര്‍ ഈ മരച്ചുവട് തേടി കടന്നുവന്നിട്ടുണ്ടാവണം, സത്യത്തെ സാക്ഷാത്ക്കരിക്കാനുള്ള വഴി തേടി ഇവിടെ പ്രാര്‍ത്ഥനാമഗ്നരായി നിന്നിട്ടുണ്ടാവണം.


budhha temple

ഈ മരം ശ്രീബുദ്ധന് ബോധോദയം ഉണ്ടായ മരത്തിന്റെ അഞ്ചാം തലമുറക്കാരനാണത്രെ.  ആല്‍മരത്തിന് (പീപ്പല്‍ മരം - ficus peligiosa) ചുറ്റും അലങ്കാരങ്ങള്‍, പല നിറത്തിലുള്ള പതാകകള്‍, താമരാ,ജമന്തി, മന്ദാരം തുടങ്ങി പലനിറത്തിലുള്ള പലജാതി പൂക്കളുടെ തോരണങ്ങള്‍, നിറയെ പലതരം വിളക്കുകള്‍, തൂങ്ങിക്കിടക്കുന്ന മണികള്‍, മരത്തിനുചുറ്റുമുള്ള മതിലില്‍ നിറയെ അലങ്കാരങ്ങളാണ്.  ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ളവര്‍ നിശ്ശബ്ദരായി ബോധിവൃക്ഷത്തെ നമിക്കുന്നു.


സിദ്ധാര്‍ത്ഥ രാജകുമാരന്‍ കപിലവസ്തുവിലെ കൊട്ടാരമുപേക്ഷിച്ച് സത്യം കണ്ടെത്താനായി പല മാര്‍ഗ്ഗങ്ങളിലൂടെ നടന്ന് സത്യം ബോധ്യപ്പെട്ട മരത്തിന്റെ ചുവട്ടില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധഭക്തര്‍ ധ്യാനസ്ഥരായി ഇരിക്കുന്നുണ്ടായിരുന്നു. ബോധോദയം ഉണ്ടായ ശേഷം ഒരാഴ്ചയോളം ബുദ്ധന്‍ ഇരുന്ന് ധ്യാനിച്ച് തറ  തൊട്ടു വണങ്ങുന്നവര്‍ ഏറെ.  ലോകമെങ്ങുമുള്ള ബുദ്ധമതാനുയായികളുടെ സംഗമസ്ഥലമാണിത്.


ബോധോദയം കിട്ടിയ ശേഷമുള്ള രണ്ടാമത്തെ ആഴ്ച ബോധിമരത്തിന് കുറച്ചടുത്തിരുന്ന് കണ്ണിമയ്ക്കാതെ ബുദ്ധന്‍ ബോധിവൃക്ഷത്തെ നോക്കിയിരുന്നുവത്രെ.  നിറഞ്ഞ നന്ദിയോടെ ബുദ്ധന്‍ ഇരുന്ന ആ സ്ഥലം അനിമേഷ് ലോചന്‍ ചൈത്യ എന്നറിയപ്പെടുന്നു.  മൂന്നാമത്തെ ആഴ്ച ബുദ്ധന്‍ നന്ദിപൂര്‍വ്വം നടക്കുകയായിരുന്നുവെന്ന് പറയപ്പെടുന്ന ചങ്കമാനയില്‍ ബുദ്ധകാലടികളുടെ സ്മരണാര്‍ത്ഥം താമരകള്‍ ഉണ്ടാക്കിയിരിക്കുന്നു.  ബുദ്ധന്‍ നടന്നതുപോലെ നിശ്ശബ്ദം, ധ്യാനനിരതരായി ഭക്തര്‍ ഇവിടെ നടന്നുകൊണ്ടേയിരിക്കുന്നു.  

budhha temple

നാലാമത്തെ ആഴ്ച ധ്യാനത്തില്‍ ബുദ്ധന്‍ ചിലവഴിച്ച ഇടമാണ് രത്തര്‍ഘര്‍.  അഞ്ചാം ആഴ്ച അജപാല നിഗ്രോധ മരച്ചുവട്ടിലായിരുന്നു ബുദ്ധന്‍ ധ്യാനസ്ഥനായത്. വലിയൊരു കുളത്തിന് നടുവില്‍ സര്‍പ്പശിരസ്സില്‍ പ്രതിഷ്ഠിച്ച   ബുദ്ധശില്‍പ്പം കാണാം.  ആറാമത്തെ ആഴ്ച ബുദ്ധന്‍ ചിലവഴിച്ചത് ഇവിടെയാണത്രെ.  

ബോധിവൃക്ഷത്തിന് കിഴക്ക് ഭാഗത്താണ് മഹാബോധി ക്ഷേത്രം - അശോക ചക്രവര്‍ത്തി (234 - 198 ബി.സി) സ്ഥാപിച്ച അമ്പലമാണിതെന്ന് പറയപ്പെടുന്നു.  മറ്റ് പല അമ്പലങ്ങളെയും അപേക്ഷിച്ച് വൃത്തിയോടെ മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരമ്പലമാണിത്.  പൂന്തോട്ടങ്ങളും, പതാകകളും കൊണ്ട് സുന്ദരമാക്കപ്പെട്ട അമ്പലപരിസരം.  എങ്ങും ബുദ്ധരൂപങ്ങള്‍ നിറഞ്ഞ സ്തൂപങ്ങള്‍.  2002 ജൂണ്‍ 27-ന് യൂണെസ്‌കോ ഈ അമ്പലസമുച്ചയത്തെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചു.  നിരവധി നൂറ്റാണ്ടുകളുടെ പാരമ്പര്യവും സംസ്‌ക്കാരവും വാസ്തുവിദ്യയും സമ്മേളിക്കുന്ന ഈ ബുദ്ധവിഹാരകേന്ദ്രത്തില്‍ ഗുപ്തസാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്.  ഏഴാം നൂറ്റാണ്ടില്‍ ഹുയാങ്‌സാങ് കണ്ട അമ്പലം തന്നെയാണ് ഇതെന്ന് പറയപ്പെടുന്നു.  അശോകചക്രവര്‍ത്തി സ്ഥാപിച്ച ബുദ്ധവിഹാരകേന്ദ്രങ്ങളും അശോകസ്തംഭവുമൊക്കെ  ചരിത്രവും മറ്റു വിവരങ്ങളും അറിയാന്‍ സഹായിക്കുന്നവയാണ്.

budhha temple

 

ചുവട്ടില്‍ 48 അടി വീതിയുള്ള അമ്പലത്തിന് പിരമിഡിന്റെ രൂപമാണ്. 17 അടിയാണ് ഉയരം.  ഇളം ചാരനിറമുള്ള അമ്പലത്തിന് പ്രൗഡിയേകി 4 സ്തൂപങ്ങള്‍ നിലനില്‍ക്കുന്നു.  മറ്റ് നിരവധി സ്തൂപങ്ങളും കുന്നിന്‍മുകളിലെ ഈ അമ്പലത്തെ ചുറ്റിയുണ്ട്.

അകത്തേക്ക് ചെല്ലുമ്പോള്‍ സ്വര്‍ണ്ണനിറത്തിലുള്ള വലിയ ബുദ്ധപ്രതിമ - ബ്ലാക്ക് സ്റ്റോണിലാണ് ഇതുണ്ടാക്കിയിരിക്കുന്നത്.  ബംഗാളിലെ പാല (Pala kings) രാജാക്കന്മാരാണ് ഈ പ്രതിമ നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.  വലതുകൈ കൊണ്ട് ഭൂമിയെ തൊട്ടുകൊണ്ട് ''ഭൂമിസ്പര്‍ശ മുദ്ര''യിലാണ് ബുദ്ധന്‍ ഇവിടെ ഇരിക്കുന്നത്.  ഈ മുദ്രയിലിരുന്നാണത്രെ ബുദ്ധന്‍ ബോധജ്ഞാനം നേടിയത്.  നിറയെ പൂക്കള്‍ കൊണ്ടലങ്കരിച്ചിരിക്കുന്ന ചുവരില്‍ സ്വര്‍ണ്ണവര്‍ണ്ണമുള്ള വെഞ്ചാമരവും മറ്റ് അലങ്കാരവസ്തുക്കളും . അമ്പലത്തിനകത്ത് നിര്‍ത്താതെ നിരന്തരം ബുദ്ധഭക്തര്‍ ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.  


അമ്പലപരിസരത്ത് സര്‍വ്വലോകദര്‍ശനം തന്നെ നടത്താം.  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധഭക്തര്‍  പ്രാര്‍ത്ഥനയിലാണ്.  പല പല നിറങ്ങളിലുള്ള വേഷം ധരിച്ചവര്‍.  ഓറഞ്ച്, വെള്ള, മെറൂണ്‍, മഞ്ഞ, കാവി തുടങ്ങിയ നിറങ്ങളൊക്കെയുണ്ട്.  പല മട്ടിലാണ്  പ്രാര്‍ത്ഥനകള്‍ . ചിലര്‍ യോഗാ പോലെ ചലനാത്മകമായിട്ടാണ് പ്രാര്‍ത്ഥിക്കുന്നത്.  മറ്റ് ചിലര്‍ പ്രാര്‍ത്ഥനാപാത്രത്തില്‍ അരി പോലെയുള്ള ധാന്യം നിറച്ച് അത് ഉയര്‍ത്തിയും താഴ്ത്തിയും പ്രാര്‍ത്ഥിക്കുന്നു.  എങ്ങും നിശ്ശബ്ദത - ആകെ മുഴങ്ങുന്നത് ബുദ്ധമന്ത്രങ്ങള്‍ - പല പല ഈണങ്ങളില്‍ ഓം മണി പദ്‌മേ ഹൂം എന്ന മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുന്ന ഒരു സംഘത്തോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഒരു പേപ്പര്‍ നീട്ടിക്കാണിച്ചു: എൃീാ ഖമുമി  ശി ശെഹലിരല       
 

ബോധിക്ഷേത്രത്തിനുചുറ്റും നിരവധി രാജ്യക്കാരുണ്ടാക്കിയ മനോഹരങ്ങളായ അമ്പലങ്ങളുണ്ട്.  ഭൂട്ടാന്‍, ബംഗ്ലാദേശ്, ചൈന, ജപ്പാന്‍, മ്യാന്‍മാര്‍, ശ്രീലങ്ക, തായ്‌ലന്റ്, ടിബറ്റ് തുടങ്ങിയ രാജ്യങ്ങള്‍ നിര്‍മ്മിച്ച അമ്പലങ്ങള്‍ ശില്‍പഭംഗി കൊണ്ട് മാത്രമല്ല വൃത്തി കൊണ്ടും ആകര്‍ഷിക്കുന്നവയാണ്.


budhha temple

വെള്ള നിറത്തിലുള്ള കൂറ്റന്‍ ബുദ്ധപ്രതിമയാണ് ബുദ്ധഗയയിലെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച.  80 അടി ഉയരമുണ്ട് ഈ പ്രതിമക്ക്.


ബുദ്ധന്‍ ജനിച്ചത് ഹിമാലയ താഴ്‌വരയിലെ കപിലവസ്തുവിലായിരുന്നുവെങ്കിലും ബോധോദയം നേടിയത് ബീഹാറിലായിരുന്നു.  ''വിഹാര''ങ്ങള്‍ (ക്ഷേത്രങ്ങള്‍) ആണ് ഈ സംസ്ഥാനത്തെ ''ബീഹാര്‍'' ആക്കിയത്.


ബുദ്ധഗയ ശാന്തിയുടെ അപൂര്‍വ്വമായ ആഴങ്ങളാണ് പങ്കുവച്ചത്.  എല്ലാം നശ്വരം എന്ന ബുദ്ധബോധം ഉള്ളിലുണ്ടാക്കിയെടുക്കാന്‍ തലമുറകള്‍ വന്നു പോകുന്നഇടം.  തഥാത - ബുദ്ധന്‍ പറഞ്ഞു.  ആഗ്രഹങ്ങള്‍ രണ്ടുതരത്തില്‍ നിരാശ തരും.  ആഗ്രഹിച്ചിട്ട് കിട്ടിയില്ലെങ്കില്‍ നിരാശ.  കിട്ടിക്കഴിയുമ്പോള്‍ നഷ്ടമാകുമോ എന്ന നിരാശ.  വരുന്നതു സ്വീകരിക്കുക - അതിലൂടെ ജീവിക്കുക - അസ്വസ്ഥമാകാതെ സ്വീകരിക്കുക.  സുഖവും ദു:ഖവും വരികയും പോകുകയും ചെയ്യും.  എല്ലാത്തരം അനുഭവങ്ങളിലൂടെയും കടന്നുപോവുക. ഒന്നിനോടും ചേരാതെ ജീവിതത്തിലൂടെ കടന്നുപോകുക.


ബുദ്ധന്‍ കടന്നുപോയി നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിട്ടും മാനവരാശി ബുദ്ധനെ കൂടുതല്‍ കൂടുതല്‍ ഓര്‍ക്കുന്നു.  ഓരോ മനുഷ്യന്റെ ഉള്ളിലും നിലകൊള്ളുന്ന ബുദ്ധഭാവം - ആ ഭാവമാണ് ബുദ്ധനെ പ്രിയംകരനാക്കുന്നത്.  ബോധിവൃക്ഷം തേടി ഭൂലോകത്തിന്റെ നാനാകോണുകളില്‍ നിന്നുള്ളവര്‍ എത്തുന്നതും അവനവന്റെ ഉള്ളിലെ ബുദ്ധനെ കണ്ടെത്താനുള്ള ത്വരയോടെയാണ്.  


മടങ്ങുമ്പോള്‍ ട്രെയിനിലിരുന്ന് വാതോരാതെ ഞങ്ങളോരുത്തരും ബുദ്ധതത്വങ്ങള്‍ പറയുകയായിരുന്നു.  ആന്റണി മാഷ് മാത്രം ഒന്നും പറഞ്ഞില്ല.  എപ്പോഴും ചിരിക്കുന്ന, ഒരുപാട് കഥകള്‍ പറഞ്ഞുതരുന്ന പ്രിയപ്പെട്ട മാഷെന്തേ മൗനം എന്ന് ആന്‍സി ചോദിച്ചുകൊണ്ടേയിരുന്നു.  


യാത്രയ്‌ക്കൊടുവിലാണ് മാഷ് ആ കഥ പറഞ്ഞുതന്നത്.  മക്കളുടെ കഥ.  രണ്ട് മക്കള്‍ - 30 വയസ്സുള്ള മകള്‍, 25 വയസ്സുള്ള മകന്‍.  മാനസികവളര്‍ച്ചക്കുറവുള്ള രണ്ടുപേര്‍ക്കും സ്വന്തമായി ഒന്നും ചെയ്യാന്‍ കൂടി കഴിവില്ല.  പ്രാഥമികാവശ്യങ്ങള്‍ നടത്താനും കുളിപ്പിക്കാനുമൊക്കെ മറ്റൊരാള്‍ വേണം.  ആന്‍സിയും ഞാനും ഞെട്ടി, വല്ലാതായി.


''ഞങ്ങള്‍ ദു:ഖിതരല്ല കേട്ടോ.  മക്കളെ വളര്‍ത്തി ആനന്ദിക്കുകയാണ് ഞങ്ങള്‍.  കളങ്കമില്ലാത്ത കുഞ്ഞുങ്ങള്‍.  രണ്ട് പേരും കിടപ്പിലാണ്.  എന്നാലും അവരെയും കൊണ്ട് ഞങ്ങള്‍ ഒരുപാട് യാത്ര ചെയ്യാറുണ്ട്.  നേപ്പാളില്‍വരെ കൊണ്ടുപോയിട്ടുണ്ട്.  അടുത്ത വര്‍ഷം ഡല്‍ഹിയില്‍ കൊണ്ടുപോകണം'' - മാഷ് സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.  സ്‌കൂളധ്യാപകരായ മാഷിനും ഭാര്യയ്ക്കും ജീവിതത്തില്‍ ജീവിതത്തില്‍ പരാതികളേയില്ല.  


''ബുദ്ധന്‍ ആഗ്രഹങ്ങള്‍ പാടില്ലെന്ന് പറഞ്ഞിട്ടുണ്ടല്ലോ - ഞങ്ങള്‍ക്ക് പക്ഷെ ഒരു ആഗ്രഹം ഉണ്ട്.  അതാണ് നിത്യപ്രാര്‍ത്ഥനയും.  ആ ആ്രഗഹമൊഴിഞ്ഞാല്‍ ഞങ്ങളില്ല, ബുദ്ധനല്ല ആരുപറഞ്ഞാലും.''

ok


മാഷ് വികാരാവേശനായി പറഞ്ഞു.  കുഞ്ഞുങ്ങളെ നോര്‍മലായി കാണണം എന്നായിരിക്കും ആ ആഗ്രഹം എന്ന് ഞാനോര്‍ത്തു.  ആന്‍സിയും അതുതന്നെയാണോര്‍ത്തതെന്ന് പിന്നീട് പറഞ്ഞു.  


പക്ഷെ മാഷ് പറഞ്ഞത് അതൊന്നുമായിരുന്നില്ല:


''ഞങ്ങള്‍ രണ്ടുപേരും മരിക്കുന്നതിന് മുമ്പ് ഞങ്ങളുടെ മക്കള്‍ മരിക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം.  ഞങ്ങളുള്ളപ്പോള്‍ മക്കളെ പൊന്നുപോലെ ഞങ്ങള്‍ നോക്കും.  പക്ഷെ ഞങ്ങളില്ലെങ്കില്‍?''


മാഷിനോട് പറയാനുള്ള മറുപടി തേടി വായിച്ചതും പഠിച്ചതുമായ തത്വങ്ങള്‍ മുഴുവന്‍ പരതി.  ഒന്നും കിട്ടിയില്ല.  എണീറ്റ് ചെന്ന് മാഷിന്റെ കൈകള്‍ രണ്ടും ചേര്‍ത്ത് പിടിച്ച് പറഞ്ഞു:


''മാഷ് ആ ആഗ്രഹം വേണ്ടെന്ന് വയ്ക്കണ്ട.''


ആന്‍സിയുടെ കണ്ണുകള്‍ നിറയുന്നത് നിറഞ്ഞ കണ്ണുകളോടെ ഞാന്‍ കണ്ടു.