ചുവടുകള്‍
അദ്ധ്യായം - 9

''ദീദി, ഇധര്‍ പാസ്‌മേം ആപ്കാ കേരള്‍ കാ മക്കാന്‍ ഹെ, ജാവൂംഗി?'' (ഇവിടെ അടുത്ത് നിങ്ങളുടെ കേരളത്തിന്റെ കെട്ടിടമുണ്ട്. പോകണോ?)

''പിന്നെ പോകാതെ, നീ നടക്ക്. അങ്ങോട്ടേയ്ക്ക് തന്നെ പോകാം.''

വഴി കാട്ടാന്‍ വന്നതാണ് ഛോട്ടു. അവന്‍ നടന്നു കൊണ്ടേയിരുന്നു. പശുക്കള്‍ക്കിടയിലൂടെ, എരുമകള്‍ക്കിടയിലൂടെ, ചാണകം വീണ, അഴുക്കിന്‍ കൂനകള്‍ നിറഞ്ഞ, വെറ്റിലത്തുപ്പല്‍ക്കറ പുരണ്ട ചെറിയ ചെറിയ വഴികളിലൂടെ .

കാശിയില്‍ സംസ്ഥാനത്തിന്റെ വകയിലുള്ള കോടിക്കണക്കിന് രൂപയുടെ കെട്ടിടങ്ങള്‍ നശിക്കുന്നതായി വായിച്ചത് ഓര്‍മ്മവന്നു. തീരെ ചെറിയ വഴികളേറെ ചുറ്റിക്കറങ്ങി ഛോട്ടു വലിയൊരു കെട്ടിടത്തിനു മുന്നില്‍ നിന്നു.

''ദീദി, യേ ഹെ വോ മക്കാന്‍.'' (ചേച്ചീ, ഇതാണ് ആ കെട്ടിടം.)

കൂറ്റനൊരു കെട്ടിടം. മുന്നില്‍ മാര്‍ബിളില്‍ ചെറിയൊരു ഫലകം. 'കൊച്ചിന്‍ സത്രം'. പഴകി ദ്രവിച്ച് നിലം പൊത്താറായ കെട്ടിടം.അടഞ്ഞു കിടക്കുന്ന ഇരുമ്പുവാതില്‍. വാതില്‍പ്പഴുതിലൂടെ അകത്തു കണ്ടത് ചാരുകസേരയില്‍ മയങ്ങുന്ന വൃദ്ധനെ. നഷ്ടപ്രതാപത്തിന്റെ അടയാളം പോലെ ഒരു പടുവൃദ്ധന്‍. കൊച്ചിന്‍ സത്രത്തിന്റെ കാവല്‍ക്കാരനാണ് വൃദ്ധനെന്ന് ഛോട്ടു അറിയിച്ചു. കേരളത്തില്‍ നിന്ന് മൂവായിരത്തിലേറെ കിലോമീറ്ററുകള്‍ക്കപ്പുറത്ത് പുരാതനനഗരിയായ കാശിയില്‍ തീര്‍ത്ഥാടനത്തിനെത്തിയിരുന്ന കേരളീയര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ രാജാക്കന്മാര്‍ കാണിച്ച ശ്രദ്ധയുടെ ബാക്കിപത്രം - അതും കാലങ്ങള്‍ക്കപ്പുറത്ത്! ഇന്ന് കാശിയിലെത്തുന്ന മലയാളികളുടെ കണക്ക് എത്രയോ വര്‍ധിച്ചിരിക്കുന്നു.

ഛോട്ടു വീണ്ടും മലയാളി മക്കാനുകള്‍ കാട്ടിത്തന്നു. തിരുവിതാംകൂര്‍ സത്രം, തിരുവിതാംകൂര്‍ ധര്‍മ്മശാല. കരിങ്കല്ലില്‍ പണി തീര്‍ത്തതാണ് തിരുവിതാംകൂര്‍ സത്രം, ഇഷ്ടികയിലാണ് ധര്‍മ്മശാല നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ ഓരോ ഫലകങ്ങളില്‍ പേര് കൊത്തിവച്ചിട്ടുണ്ട് എന്നതല്ലാതെ കേരള ഗവണ്‍മെന്റിന്റെ സാന്നിദ്ധ്യമുണര്‍ത്തുന്ന ബോര്‍ഡോ ഭരണചിഹ്നങ്ങളോ ഒന്നും കണ്ടില്ല.

ഞങ്ങള്‍ അഞ്ഞൂറോളം പേരാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഭാരതദര്‍ശന്‍ പരിപാടിയനുസരിച്ച് കാശി കാണാന്‍ (2007 ല്‍)എത്തിയത്. അന്ന് ഞങ്ങള്‍ താമസിച്ചത് കര്‍ണ്ണാടകക്കാര്‍ നടത്തുന്ന ജംഗന്‍പാടി മഠത്തിലായിരുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കെട്ടിടങ്ങള്‍ കേരളഗവണ്‍മെന്റിന്റേതായുള്ള ഒരിടത്താണ് നിത്യവും എത്രയോ മലയാളികള്‍ മറ്റ് സംസ്ഥാനക്കാര്‍ ഒരുക്കുന്ന താമസസൗകര്യങ്ങള്‍ തേടിപ്പോകേണ്ടി വരുന്നത് എന്നോര്‍ത്തു പോയി .
കൊച്ചിന്‍ സത്രം പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഉപയോഗിക്കാതെ ഇരുന്നിട്ടും വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷനുകള്‍ വിച്ഛേദിക്കാത്തതിനാല്‍ അതിഭീമമായ സംഖ്യ കുടിശ്ശിഖ ഇനത്തില്‍ ഉണ്ട് എന്ന് ഛോട്ടു അറിയിച്ചു.

തിരുവിതാംകൂര്‍ ധര്‍മ്മശാലയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അകത്തേക്ക് മീനുമായി പോകുന്ന സ്ത്രീയെ കാട്ടി ഛോട്ടു പറഞ്ഞു:''ഇവിടുത്തെ വാടകക്കാരാണ്. ബംഗാളികള്‍. ഇവരെ ഇവിടെ നിന്നുമാറ്റാന്‍ നിങ്ങള്‍ക്ക് വലിയ പ്രയാസമായിരിക്കും. കേസ് കൊടുത്താല്‍ക്കൂടി പറ്റില്ല.''

എത്രയെത്ര പ്രഗത്ഭരായ മലയാളികളാണ് ഇവിടെ താമസിച്ച് പഠിച്ചിട്ടുള്ളത്. ചെണ്ട വിദഗ്ധന്‍ വാരാണാസി നമ്പൂതിരിയെപ്പോലെ നിരവധിപ്പേര്‍.

തിരുവിതാംകൂര്‍ സത്രത്തോടുചേര്‍ന്ന് ധര്‍മ്മശാലയും ഉണ്ടായിരുന്നു. 1960-ന് ശേഷം അതില്‍ താമസമാക്കിയ ബംഗാളികള്‍ സ്ഥിരതാമസക്കാരായി. ഒരു മാനേജരും പൂജാരിയും വാച്ച്മാനും അടങ്ങുന്ന മൂന്നു പോസ്റ്റുകള്‍ ദേവസ്വം ബോര്‍ഡിന്റെ വകയായി ഇവിടെയുണ്ട്. ഉപയോഗയോഗ്യമായ മുപ്പത്തഞ്ചിലേറെ മുറികളുണ്ട്. ദേവസ്വം ബോര്‍ഡുകള്‍ക്ക് ഒരുമിച്ച് തന്നെ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തുകൂടേ? തീര്‍ത്ഥാടകരായ മലയാളികള്‍ക്ക് സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ ഉള്ള ഉത്തരവാദിത്വം കാണിക്കണം എന്ന ബോധം അധികാരികള്‍ക്കില്ലേ?

1942 വരെ ഈ സത്രങ്ങളില്‍ നിത്യവും അന്നദാനം നടത്തിയിരുന്നു. ഒരു പാലിയത്തച്ഛന്‍ മഠവും ഇവിടെയുണ്ടായിരുന്നു. നോക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ അത് തമിഴ്‌നാട്ടുകാരുടെ കുമാരസ്വാമി മഠത്തിന് ദാനമായി നല്‍കി. അതിഭീമമായ വൈദ്യുതി, വെള്ളം ബില്‍ തുകയെത്തുടര്‍ന്ന് അവര്‍ ആ കെട്ടിടം ഉപയോഗിച്ചില്ല. അത് നശിച്ച് നിലംപതിച്ചു. ഇപ്പോള്‍ ബാക്കിയുള്ള ഈ കെട്ടിടങ്ങളുടെയും അവസ്ഥ മറ്റൊന്നാകാന്‍ വഴിയില്ല.

കാശിയിലെ ഏറ്റവും പഴയ മലയാളി ഗൈഡ് എന്നു വിശേഷിപ്പിക്കാവുന്ന എന്‍. മേനോനും അന്ന് കാണുമ്പോള്‍ കേരളത്തിന്റെ സ്വത്ത് ഗംഗാതീരത്ത് പാഴാവുന്നതില്‍ നിരാശനായിരുന്നു.''ട്രാവന്‍കൂര്‍ സത്രത്തില്‍ മുകളിലെ ഒറ്റ ഹാളില്‍ തന്നെ അറുപതു പേര്‍ക്ക് കഴിയാം. പക്ഷെ ഇപ്പോള്‍ മുകളിലെ മുറിയില്‍ കുളിമുറിയോ മറ്റ് സജ്ജീകരണങ്ങളോ വെള്ളമോ ഇല്ല. എത്ര വലിയ കെട്ടിടങ്ങളാണ് ഇവിടെ കേരള ഗവണ്‍മെന്റിനുള്ളത്.. ആരെങ്കിലും ശ്രദ്ധിക്കണ്ടേ? ഇടയ്ക്ക് പന്ത്രണ്ടുലക്ഷം രൂപയ്ക്ക് ഈ കൂറ്റന്‍ കൊച്ചിന്‍ സത്രം വില്‍ക്കാന്‍വരെ ശ്രമങ്ങള്‍ നടന്നതാണ്. ഇതൊക്കെ നന്നാക്കി എടുത്താല്‍ എത്ര ആയിരം മലയാളികള്‍ക്ക് സൗകര്യത്തോടെ കാശി കണ്ട് മടങ്ങാന്‍ കഴിയും?''

ഉത്തര്‍പ്രദേശുപോലെ നിയമവാഴ്ചയെ തീരെ മാനിക്കാത്ത ഒരു നാട്ടില്‍, ഭരിക്കുന്നവര്‍ക്കും കൂടി ആവശ്യമില്ലാതെ വരുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ സ്വത്ത് അന്യാധീനപ്പെട്ടുപോകുമെന്നറിയാന്‍ അതിബുദ്ധിയൊന്നും വേണ്ട.രാജഭരണം ജനായത്തഭരണത്തിന് വഴിമാറിയപ്പോള്‍ സംഭവിച്ച നിരുത്തരവാദപരമായ ഭരണ സമീപനത്തെ പഴി പറഞ്ഞ് മറ്റു കാര്യങ്ങളിലെന്ന പോലെ ഇവിടെയും രക്ഷപ്പെടാം. പക്ഷെ മറക്കാനാവില്ല, ഇത് കാശിയാണ്, ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടക കേന്ദ്രമാണ്.കണ്ടു മടങ്ങുമ്പോള്‍ അന്ന് മനസ്സു കലങ്ങി. ഇന്ന് ഉത്തരം തേടുന്നു, ഇപ്പോള്‍ ആ കെട്ടിടങ്ങളുടെ സ്ഥിതിയെന്തായിരിക്കും?

binakanair@gmail.com