ചുവടുകള്‍
അദ്ധ്യായം -4
തിരക്കുകൊണ്ട് ഭ്രാന്തുപിടിക്കുന്ന കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനില്‍ നാണുവേട്ടന് പകച്ചുനിന്നതു മൊബൈലിന്റെ ചാര്‍ജ്ജ് കുറഞ്ഞ് കുറഞ്ഞ് വരുന്നതു കണ്ടിട്ടാണ്. ജീവിതത്തിലെ അത്യപൂര്‍വ്വമായ ഒരു നിമിഷത്തിനു വേണ്ടിയാണ് മൊബൈലിലൂടെയുള്ള ഈ കമ്മ്യൂണിക്കേഷന്‍.
'ചാര്‍ജ്ജ് തീരരുതേ' എന്നു പ്രാര്‍ത്ഥിക്കാന്‍ നാണുവേട്ടനോടൊപ്പം സഹയാത്രികരായ മറ്റനവധി പേരും ഉണ്ടായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരതദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ പല സംസ്ഥാനങ്ങള്‍ ചുറ്റി കൊല്‍ക്കത്തയിലെത്തുമ്പോള്‍ നാണുവേട്ടന്റെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷത്തിനു സഹയാത്രികര്‍ കണ്ണും കാതുമൊരുക്കി കാത്തിരിക്കുകയായിരുന്നു.
ഒടുവില്‍ അവസാനത്തെ കട്ടയുംതീര്ന്നു മൊബൈല്‍ ചാകാറായ നിമിഷത്തില്‍ ആ യുവാവ് ഓടിക്കിതച്ചെത്തി - മുപ്പതു വയസ്സോളം തോന്നിക്കുന്ന ആജാനബാഹുവായ ആ ചെറുപ്പക്കാരന് നാണുവേട്ടന്റെ കണ്ണുകളിലേക്കുറ്റു നോക്കി. അടുത്ത സെക്കന്‍ഡില്‍ സ്നേഹവും കണ്ണുനീരും കടലായൊഴുകി കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന രണ്ടു മനുഷ്യാത്മാക്കളുടെ അപൂര്‍വ്വ സംഗമനിമിഷത്തിന്റെ ഫോട്ടോയെടുക്കാന്‍ നിരവധി കയ്യുകള്‍ ക്യാമറകള്‍ ചലിപ്പിച്ചു - വിറയലോടെ.
നാണുവേട്ടന്റെ തീര്‍ത്ഥയാത്രകളുടെ ഒരു സാര്‍ഥക നിമിഷമായിരുന്നു അത്.

ഇനി ഫ്ലാഷ്ബാക്ക്.
ഏതാണ്ട് 20 വര്‍ഷം മുമ്പ് നാണുവേട്ടന് വടകര ബസ് സ്റ്റോപ്പില്‍ ഒരു കാഴ്ച കണ്ടു. ഒരു ബാലന്, ഏഴോ എട്ടോ വയസ്സ് കാണും. വല്ലാതെ കരയുന്ന ബാലനെ മറ്റു കുട്ടികളില്‍നിന്നു മോചിപ്പിച്ചു വീട്ടിലേക്കു കൊണ്ടുപോയി.
അഴുക്കും ചെളിയും നിറഞ്ഞ വസ്ത്രങ്ങളും ശരീരവും കഴുകി വൃത്തിയാക്കി അവനു ഭക്ഷണം കൊടുത്തു. ചോറു കഴിച്ചപ്പോള്‍ ചേറു നിറഞ്ഞുനിന്ന നഖങ്ങളില്‍ ചോറു കറുത്ത നിറമായിപ്പോയി. അവനോട് അറിയുന്ന ഭാഷയില്‍ നാണുവേട്ടനും ഭാര്യ മാണിക്യവും മിണ്ടിനോക്കി. അവനൊന്നും മനസ്സിലാകുന്നില്ല. അവന്റെ ഭാഷ നാണുവേട്ടനും ഭാര്യയ്ക്കും പിടികിട്ടിയതുമില്ല. അവരവനെ ഊട്ടി, ഉറക്കി. കളിച്ചും, ചിരിച്ചും അവന് അവിടെ വളര്‍ന്നു. നാട്ടുകാരില്‍ പലരും നാണുവേട്ടനെ ഉപദേശിച്ചു: ''കുട്ടിയെ കോടതിയില്‍ ഹാജരാക്കുക.'' അതിനെക്കുറിച്ച് ഓര്‍ക്കാന്‍ പോലും അവര്‍ക്ക് വയ്യായിരുന്നു - ഏതെങ്കിലും ജുവനൈല്‍ ഹോമില്‍ അവനെത്തിപ്പെടുന്നതിനെക്കുറിച്ച്.
അവനെ തിരിച്ചു സ്വന്തക്കാരെ ഏല്‍പ്പിക്കുക ഇല്ലെങ്കില്‍ ഇവിടെ വളര്‍ത്തുക. ഇതല്ലാതെ ഒരു തീരുമാനം അവര്‍ക്കില്ലായിരുന്നു. പക്ഷേ, അവനെവിടെ നിന്നു വരുന്നു എന്നു പോലുമറിയാന്‍ അവര്‍ക്കു കഴിയുന്നില്ല - സ്കൂളില്‍ പോയി പഠിച്ചിട്ടില്ലാത്ത, ടാക്സി ഡ്രൈവറായ നാണുവേട്ടനും ഒന്പതാംതരംവരെ പഠിച്ച ഭാര്യ മാണിക്യത്തിനും അറിയുന്ന ഭാഷയല്ലായിരുന്നു അവന് മൊഴിഞ്ഞിരുന്നത്. ഒരു ദിവസം പറമ്പില്‍ മേഞ്ഞിരുന്ന ആടിനെ കണ്ട് പയ്യന് കൂവിയാര്‍ത്തു. 'ബക്കരി ബക്കരി', നാണുവേട്ടന്റെ ഭാര്യ സ്കൂളില്‍ പഠിച്ച ഹിന്ദിയോര്ത്തു. ഇവന് ഹിന്ദിക്കാരനായിരിക്കും. നാണുവേട്ടന് ഓടി.
തൊട്ടടുത്ത സ്കൂളിലെ ഹിന്ദി മാഷിനെ കൂട്ടിക്കൊണ്ടു വന്നു. പക്ഷേ, ഹിന്ദി മാഷ് കൈമലര്‍ത്തി. ''ഇവന് പറയുന്നത് ഹിന്ദിയല്ല, പിന്നെ ബംഗാളിയുടെ മട്ടുണ്ട്. അതു പരീക്ഷിക്കുക.'' മാഷ് പറഞ്ഞു.
നാണുവേട്ടന് ബംഗാളിയറിയുന്നവരെ തേടി നടന്നു. നാട്ടിലെ നക്സലൈറ്റുകാരും കമ്മ്യൂണിസ്റ്റുകാരുമൊക്കെ സഹായത്തിനെത്തി.
ബംഗാളി അറിയുന്ന ആളിനെ തപ്പിയെടുത്തു.

അയാളിലൂടെ പയ്യന് ബംഗാളിയാണെന്ന് ഉറപ്പുവരുത്തി. യഥാര്‍ത്ഥ അഡ്രസ്സ് പറയാനൊന്നും പയ്യന് അറിയില്ലായിരുന്നു. നാണുവേട്ടന്റെ അടുത്ത സുഹൃത്ത് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സുധാകരന് വടകര വഴികണ്ടെത്തി. ഫോട്ടോയെടുത്തു ബംഗാളിലെ പത്രങ്ങളില്‍ കൊടുക്കുക. നാട്ടിലെ സഖാക്കളും ബംഗാളിലെ സഖാക്കളും സഹായിച്ചു. അങ്ങനെ പത്രങ്ങളിലൂടെ വന്ന ഫോട്ടോയില്‍ നിന്നു കൊല്‍ക്കത്തയില്‍ ഹൗറയ്ക്കടുത്ത മനോഹര്‍പൂരില്‍ നിന്നു മോഹന്ചന്ദ്രറോയിയും കുടുംബവും ഉത്സവത്തിനു പോകവേ റയില്‍വേ സ്റ്റേഷനില്‍വച്ചു മാസങ്ങള്‍ക്കു മുമ്പു നഷ്ടപ്പെട്ട അജിന്റോ റോയി എന്ന മകനെ തേടിയെത്തി. അതിനിടെ അവന് ട്രെയിനുകള്‍ മാറി മദ്രാസിലും കോഴിക്കോട്ടുമൊക്കെ എത്തിയിരുന്നു. ഒടുവിലാണ് വടകരയിലെത്തിയത്.
കോഴിക്കോടുവച്ച് വിശന്ന് തളര്‍ന്ന് ഒരു ടിടിഇയുടെ കയ്യില്‍നിന്നു താഴെവീണ കാശെടുത്ത് ഓടാന്‍ ശ്രമിക്കവേ പിടികൂടപ്പെട്ട് പൊതിരെ തല്ലുകിട്ടിയ കഥയും ഭിക്ഷാടനക്കാര്‍ കണ്ണുകുത്തിപ്പൊട്ടിക്കാനും മറ്റുംശ്രമിച്ച കഥയുമൊക്കെ പറഞ്ഞ് അവന് അച്ഛനമ്മമാരെ കരയിപ്പിച്ചു. പക്ഷേ, ഒരു തിരിനാളം പോലെ നാണുവേട്ടനും ഭാര്യയും അവര്‍ക്കു മുന്നില്‍ നിറഞ്ഞുകത്തി. അജിന്റോയ്ക്ക് നാണുവേട്ടന്റെ വീടുവിട്ടുപോകാന്‍ മടിയായിരുന്നു. കരള്‍ പറിയുന്ന ദുഃഖത്തോടെയാണ് അവനെ അവര്‍ പറഞ്ഞുവിട്ടത്. എങ്കിലും മനസ്സുനിറഞ്ഞു - അവന് സ്വന്തക്കാരുടെ കൂടെയെത്തിയല്ലോ.
അജിന്റോ റോയ് എന്ന കൊച്ചുപയ്യന് വലുതായി. ഉദ്യോഗസ്ഥനായി. നാണുവേട്ടന് കൊല്‍ക്കത്തയില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ കാണാനെത്തിയതാണ്.
ഇതിനിടെ പലവട്ടം കത്തുകളായും കാര്‍ഡുകളായും പഠിക്കാനുള്ള സാമ്പത്തിക സഹായമായും നാണുവേട്ടന്റെയും കുടുംബത്തിന്റെയും സ്നേഹകാരുണ്യങ്ങള്‍ അവനെ തേടിയെത്തിയിട്ടുണ്ട്. ഒന്നും മറക്കാന്‍ കഴിയാത്ത വിതുമ്പുന്ന മനസ്സുമായി അജിന്റോ നാണുവേട്ടനെ വീണ്ടും വീണ്ടും കെട്ടിപ്പിടിച്ചു.
തര്‍ജ്ജമക്കാരുടെ സഹായത്തോടെ അയാള്‍ ചോദിച്ചു.
''അച്ഛാ, അമ്മ എന്നെ ഓര്‍ക്കാറുണ്ടോ...'' നാണുവേട്ടന്റെ മറുപടിയും തര്‍ജ്ജമക്കാരുടെ സഹായത്തോടെ ആയിരുന്നു.
''ഓര്‍ക്കുന്നുണ്ടോന്നോ. നീ പണ്ട് പല്ല്തേച്ച ബ്രഷ് പോലും അമ്മ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.''
ഒരുപാട് കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണും ഹൃദയവും നിറയാതെ സ്നേഹത്തിന്റെ ഇത്തരം പ്രവാഹങ്ങളെ സ്വീകരിക്കാനാവില്ലല്ലോ.
നന്മയും സ്നേഹവും ഇനിയും ലോകത്ത് ബാക്കിയുണ്ട് എന്ന അറിവ് നല്കുന്ന ശാദ്വലതയോടെയാണ് സഹയാത്രികര്‍ ആ അച്ഛനെയും മകനെയും വേര്‍പിരിച്ചത്.
binakanair@gmail.com