ചുവടുകള്‍
അദ്ധ്യായം-8

പെട്ടെന്ന് ഭൂമിക്ക് വല്ലാത്ത ചന്തം കൈവന്നു. ആകാശച്ചെരുവുകള്‍ അന്തിച്ചോപ്പില്‍ ചുവന്നു തുടുത്തു. ഗംഗയില്‍ പോക്കുവെയില്‍ സ്വര്‍ണ്ണമുരുക്കിയൊഴിച്ചു. ഗംഗയിലേക്ക് ഇരുള്‍ പരന്നൊഴുകി, നക്ഷത്രകുഞ്ഞുങ്ങളെപ്പോലെ കുഞ്ഞു വെളിച്ചത്തുണ്ടുകളായി കത്തിച്ച മണ്‍ചെരാതുകള്‍ കടവുകളില്‍ നിന്ന് ഒഴുകിയൊഴുകി ഗംഗയുടെ ഓളങ്ങളില്‍ പുളകം പൂണ്ടൊഴുകി മറഞ്ഞു കൊണ്ടേയിരുന്നു. തീരത്തെ അമ്പലങ്ങളില്‍ നിന്ന് നിലയ്ക്കാതെ ദീപാരാധന മണികള്‍ മുഴങ്ങി. തീരത്തെങ്ങും തിരക്കാണ്.

സന്ധ്യയാവുമ്പോള്‍ ഗംഗയുടെ തീരത്തെങ്ങും ആരതി നടക്കും. പ്രധാന കേന്ദ്രങ്ങള്‍ കാശിയും ഹരിദ്വാറും ഋഷികേശുമാണ്. ദശാശ്വമേധഘട്ടില്‍ ഇരിപ്പിടം കണ്ടെത്തി പടിക്കെട്ടിലിരുന്ന് ഗംഗാആരതി കാണുമ്പോള്‍ അപൂര്‍വമായ ഒരു വികാരം പടര്‍ന്നു കയറി. നയനമോഹനം, ശ്രവ്യസുന്ദരം, വശ്യമനോഹരം എന്ന വാക്കുകളൊക്കെ ഒരുമിച്ച് അനുഭവവേദ്യമാകുന്നതു പോലെ. ആത്മാവിന്റെ സംഗീത കമ്പികളില്‍ സ്വരവിന്യാസം ഉയരുന്ന അപൂര്‍വാനുഭവം. തീരത്തെങ്ങും വെളിച്ചമാണ്, പല തട്ടുകളുള്ള നിരവധി തിരികളിട്ടു തെളിച്ച വിളക്കുകള്‍ . മണ്‍ചെരാതുകള്‍ , തീക്ഷ്ണമായി കത്തുന്ന വൈദ്യുത വിളക്കുകള്‍ , പല നിറത്തിലുള്ള ചെറിയ ബള്‍ബുകള്‍ .

ഗംഗയിലേക്ക് നീട്ടിക്കെട്ടിയിരിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ മനോഹരമായി വേഷം ധരിച്ച് നര്‍ത്തകര്‍ . കസവുവരയുള്ള വെള്ള ധോത്തിയും ചുവന്ന കുര്‍ത്തയും. കൈകളിള്‍ പല തട്ടുകളുള്ള നിറയെ തിരികള്‍ ഉള്ള വലിയ വിളക്കുകള്‍ . ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും പൂക്കളുടെയും ഹൃദ്യമായ സുഗന്ധം, സ്പീക്കറുകളിലൂടെ സംഗീതം ഉയര്‍ന്നു പൊങ്ങി.സംഗീതത്തിനൊത്ത് നര്‍ത്തകര്‍ വ്യത്യസ്ത ദിശകളിലേക്ക് വിളക്കുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും അനന്യസാധാരണമായ താളലയം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഗംഗയില്‍ നിറയെ മണ്‍ചെരാതുകള്‍ കത്തുന്ന ബോട്ടുകള്‍ . ഗംഗാ ആരതി കാണാന്‍ പലരും ബോട്ടുകളിലാണ് നില്‍ക്കുന്നത്. മണിയൊച്ചകള്‍ക്കും വാദ്യമേളങ്ങള്‍ക്കും ഭജന ഗാനങ്ങള്‍ക്കുമൊപ്പം നിലവിളക്കുകള്‍ ഉയര്‍ന്നും പൊങ്ങിയും താണും വിസ്മയം സൃഷ്ടിച്ചു. അലൗകികമായ ഒരു അനുഭവത്തിന്റെ വ്യാപ്തിയില്‍ മനസ്സ് നിറഞ്ഞു കവിഞ്ഞു. 'ഓം ജയ് ജഗദീഷ് ഹരേ' ഭക്തിയുടെ പാരമ്യത്തില്‍ തീരത്താരൊക്കെയോ ഏറ്റുപാടി. നര്‍ത്തകരുടെ കൈയ്യിലെ വിളക്കുകളിലെ താളമിയന്ന ചലനങ്ങള്‍ ഗംഗയിലെ ഓളങ്ങള്‍ക്ക് സ്വര്‍ണ്ണനിറം ചാലിച്ചു. പല തരത്തിലുള്ള വിളക്കുകള്‍ കൈകളിലേന്തി ഒരേതാളത്തില്‍ നൃത്തമാടി. ഇടയ്ക്കവര്‍ കുന്തിരിക്കം പുകയുന്ന ധൂപപാത്രങ്ങള്‍ കൈയ്യിലേന്തി നൃത്തച്ചുവടുകള്‍ വച്ചു. കുന്തിരിക്കത്തിന്റെ ഗന്ധം പരന്നൊഴുകി. ശബ്ദവും വെളിച്ചവും തട്ടിയൊഴുകുന്ന ഗംഗ മനസ്സില്‍ മാത്രമല്ല ശരീരത്തിലും കോരിനിറച്ചത് ഉന്മാദമാണ്.


കാശിവിശ്വനാഥക്ഷേത്രംഎങ്ങും എവിടെയും ക്ഷേത്രങ്ങള്‍ . കാശിയില്‍ മൃതദേഹങ്ങള്‍ക്കൊപ്പം സമൃദ്ധമാണ് ക്ഷേത്രങ്ങളും. രണ്ടായിരത്തിലധികം ക്ഷേത്രങ്ങള്‍ . കാശി വിശ്വനാഥ ക്ഷേത്രമാണ് ഏറ്റവും പ്രധാനം. ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം വലുതാണ്. ഗംഗാ നദിയുടെ പടിഞ്ഞാറേക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാശി വിശ്വേശ്വരന് പൗരാണിക ഹിന്ദു പ്രതീകമാണ്. ബ്രഹ്മാവ് നേരിട്ട് പ്രതിഷ്ഠിച്ച ശിവലിംഗമാണ് കാശി വിശ്വനാഥക്ഷേത്രത്തിലുള്ളതെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. വിശ്വനാഥ ഗല്ലി എന്നറിയപ്പെടുന്ന ക്ഷേത്രസമുച്ചയത്തില്‍ വിശാലാക്ഷി ക്ഷേത്രം, അന്നപൂര്‍ണ്ണാ ക്ഷേത്രം, വ്യാസ കാശി, സങ്കടമോചന ക്ഷേത്രം തുളസീ മാനസ ക്ഷേത്രം, ബിര്‍ളാ ക്ഷേത്രം, കാലഭൈരവ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്. വിവിധ രൂപത്തിലും ഭാവത്തിലുമുള്ള ശിവപ്രതിഷ്ഠകളും അനുബന്ധ പ്രതിഷ്ഠകളും കൊണ്ട് കാശി ക്ഷേത്ര സമ്പന്നത നിലനിര്‍ത്തുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള വഴികള്‍ ഇത്രയേറെ ഇടുങ്ങിയവയായിരിക്കുമെന്ന് സ്വപ്‌നത്തില്‍ക്കൂടി കണക്കാക്കിയിരുന്നില്ല. ചുറ്റിത്തിരിഞ്ഞ്, വളഞ്ഞ് തിരിഞ്ഞ് പിന്നെയും ചുറ്റിത്തിരിയേണ്ട നിരവധി ഊടുവഴികള്‍ . ഓരോ സ്ഥലത്തും സുരക്ഷാഭടന്മാരുടെ സാന്നിദ്ധ്യം. എങ്ങും റോന്തുചുറ്റുന്ന പട്ടാളം, നിരവധി സ്ഥലങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ , പട്ടാളക്കാര്‍ക്കൊപ്പം മേഞ്ഞു നടക്കുന്ന പശുക്കളും പോത്തുകളും. നിലത്ത് ചാണകവും പൂക്കളും മറ്റ് പൂജാദ്രവ്യങ്ങളും ചേര്‍ന്ന് ഒരുക്കുന്ന മാലിന്യങ്ങള്‍ .ഇടുങ്ങിയ തെരുവ് പഴയപടികള്‍ . വഴികളുടെ ഇരുവശത്തും പൂജാ സാധനങ്ങളും കാശിയെക്കുറിച്ചുള്ള ചിത്രങ്ങളും കൗതുക വസ്തുക്കളുമൊക്കെ വില്ക്കുന്ന കടകളിലെ തിരക്ക്. ശ്വാസം മുട്ടിക്കുന്ന തിരക്ക്. പൂജാസാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബ്ബന്ധിക്കുന്ന കടക്കാര്‍ മറ്റ് കച്ചവടങ്ങള്‍ നടത്തുന്ന ആളുകള്‍ . ഇത്ര പ്രശസ്തമായ ഒരമ്പലത്തിലേക്ക് പോകാന്‍ ഇങ്ങനൊരു വഴിയോ എന്ന് ചോദിച്ചു പോകാതിരിക്കില്ല. കനത്ത സുരക്ഷയും കമ്പിവേലിയും കടുത്ത സുരക്ഷാ നടപടികള്‍ എങ്ങുമുണ്ട്. പേന, ക്യാമറ, മൊബൈല്‍ , ബാഗ് പോലും അമ്പലത്തിനുള്ളിലേക്ക് കൊണ്ടു പോകാന്‍ അനുവദിക്കുന്നില്ല. വഴികള്‍ പോലെ തന്നെ ഇടുങ്ങിയതാണ് അമ്പലവും.

ഉയര്‍ന്നു നില്ക്കുന്ന സ്വര്‍ണ്ണ താഴികക്കുടങ്ങള്‍ കാശി വിശ്വനാഥ ക്ഷേത്ത്രിന് തിളക്കം നല്കുന്നു. പതിനഞ്ചര മീറ്ററിലേറെ ഉയരമുള്ള ഈ സ്വര്‍ണ്ണ താഴികക്കുടങ്ങള്‍ കാരണമാണ് ക്ഷേത്രത്തിന് സുവര്‍ണ്ണ ക്ഷേത്രം എന്ന പേര് കിട്ടിയത്.

ദണ്ഡപാണീശ്വരന്‍ , സൗഭാഗ്യഗൗരി, ശൃംഗാരഗൗരി, അവിമുക്തേശ്വരന്‍ , സത്യനാരായണന്‍ തുടങ്ങി നിരവധി വിഗ്രഹങ്ങള്‍ അമ്പലത്തിലുണ്ട്. തിരക്കില്‍ ശിവലിംഗത്തെ വണങ്ങുന്നത് ദുഷ്‌ക്കരം തന്നെ. ഭക്തരുടെ തിരക്ക്, പൂജാദ്രവ്യങ്ങള്‍ . എന്നിട്ടും 2500-ലേറെ വര്‍ഷങ്ങളായി നിര്‍ത്താതെ, നിലയ്ക്കാതെ ജനതതി കാശീ വിശ്വനാഥനെ തേടി എത്തുന്നു. നൂറ്റാണ്ടുകളുടെ പരമസത്യമായി കാശി നിലകൊള്ളുന്നു. തകര്‍ത്തും പണിതും വീണ്ടും തകര്‍ത്തും പുനര്‍നിര്‍മ്മിച്ചുമാണ് കാശി വിശ്വനാഥ ക്ഷേത്രം എക്കാലവും നിലനില്ക്കുന്നത്. 1194-ല്‍ കുത്തബ്ദീന്‍ ഐബക്ക് ആദ്യത്തെ അമ്പലം നശിപ്പിച്ചു. 1236-1240 കാലഘട്ടത്തില്‍ റസിയാ സുല്‍ത്താന്‍ ഈ സ്ഥാനത്ത് റസിയാ മോസ്‌ക് പണി കഴിപ്പിച്ചു. 1436-1458 കാലഘട്ടത്തില്‍ വീണ്ടും അമ്പലം നശിപ്പിക്കപ്പെട്ടു.

1490-ല്‍ സിക്കന്തര്‍ ലോദിയും അമ്പലം നശിപ്പിച്ചു. വാരാണാസിയിലെ തോടര്‍മല്‍ എന്ന വ്യാപാരി 1585-ല്‍ അമ്പലം പുനര്‍നിര്‍മ്മിച്ചു. 1669-ല്‍ ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് പള്ളി പണിതു. 1780-ല്‍ അഹല്യാ റാണി വീണ്ടും പണിതു. 1835-ല്‍ പഞ്ചാബിലെ രഞ്ജിത് സിംഗ് മഹാരാജാവ് 1000 കിലോ സ്വര്‍ണ്ണം കൊണ്ട് ക്ഷേത്രം പൂശി.

ഇന്നും പഴയ വിശ്വനാഥ ക്ഷേത്രങ്ങളുടെയും റസിയാ മോസ്‌കിന്റെയും ഔറംഗസേബ് പണി കഴിപ്പിച്ച മറ്റൊരു പള്ളിയുടെയും അവശിഷ്ടങ്ങള്‍ കാണാം. ഇവിടെയുള്ള പള്ളികളുടെ ചില ഭാഗങ്ങള്‍ അമ്പലം പോലെ തോന്നിക്കും. ക്ഷേത്രവും പള്ളിയും കമ്പിവേലി കെട്ടിത്തിരിച്ചിട്ടുണ്ട്. ഇവിടുത്തെ നന്ദി വിഗ്രഹം ഇന്നും ജ്ഞാനവപി മോസ്‌കിനെയാണ് നോക്കുന്നത്.

ഇതിനടുത്ത് ജാനവപി കൂപ 'ജ്ഞാനത്തിന്റെ കിണര്‍ ' ഉണ്ട്. അവിമുക്തേശ്വരന് (ശിവന്‍ ) വെള്ളം നല്കിയിരുന്ന കിണര്‍ എന്ന് സങ്കല്പ്പം. 1669-ല്‍ ക്ഷേത്രം നശിപ്പിക്കപ്പെട്ടപ്പോള്‍ കാശിവിശ്വനാഥക്ഷേത്രത്തിലെ ശിവലിംഗം ഈ കിണറിലാണ് സൂക്ഷിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിലെ വിശ്വനാഥ സങ്കല്പ്പം ജ്യോതിര്‍ലിംഗമാണ്. വെള്ളിയില്‍ നിര്‍മ്മിച്ച ഒരു പീഠത്തിനുള്ളിലാണ് ശിവലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

വിശ്വനാഥക്ഷേത്രത്തിലേക്കുള്ള തെരുവിലാണ് സുപ്രസിദ്ധമായ അന്നപൂര്‍ണ്ണക്ഷേത്രം. കാശിയിലെ മഹാശക്തിയാണ്. മൂന്ന് ലോകങ്ങളുടെയും അമ്മ എന്നു സങ്കല്പം. എന്ത് ആവശ്യപ്പെട്ടാലും അമ്മ നല്‍കുമെന്ന് മറ്റൊരു വിശ്വാസം. ഈ ക്ഷേത്രത്തില്‍ കുബേരന്‍ , സൂര്യന്‍ , ഗണേഷന്‍ , വിഷ്ണു, ഹനുമാന്‍ മുതലായ ദേവന്മാരുടെ വിഗ്രഹങ്ങളുമുണ്ട്. കൂടാതെ ഭാസ്‌കരരായര്‍ സ്ഥാപിച്ച മന്തേശ്വരലിംഗവും.

അന്നപൂര്‍ണ്ണക്ഷേത്രം വഴിക്ക് സത്യനാരായണ ക്ഷേത്രത്തിലെത്താം. ഇവിടെ മഹാകാളി, ശിവകുടുംബം, ഗംഗാവതരണം, ലക്ഷ്മീ നാരായണം, ശ്രീരാമദര്‍ബാര്‍ , രാധാകൃഷ്ണന്‍ , ഉമാമഹേശ്വരന്‍ , നരസിംഹം തുടങ്ങിയ ദേവന്മാരുടെ വിഗ്രഹങ്ങളുണ്ട്. വിശ്വനാഥക്ഷേത്രത്തിലേക്കുള്ള വഴിക്കരികിലാണ് ഡുംണ്ഡിരാജ ക്ഷേത്രം. ഡുംണ്ഡിരാജനും ഗണപതി തന്നെയാണ്. ഇതിനടുത്തു തന്നെ പടികള്‍ കയറിച്ചെന്നാല്‍ പഞ്ചമുഖ ഗണപതിയെ ദര്‍ശിക്കാം.

മറ്റൊന്ന് കാശി വിശാലാക്ഷി ക്ഷേത്രമാണ്. 51 ശക്തിപീഠങ്ങളില്‍ ഒന്നാണിത്. ദക്ഷയാഗത്തിനു വിളിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സതീദേവിയുടെ കണ്ണുകള്‍ ഇവിടെയാണത്രെ വീണത്. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ അസിഘട്ടില്‍ ജഗന്നാഥ ക്ഷേത്രമുണ്ട്. ഇവിടെ പുരിയിലെ രഥഘോഷയാത്രയുടെ ചെറിയ പതിപ്പ് സംഘടിപ്പിക്കാറുമുണ്ട്.

തുളസീഘട്ടിനടുത്താണ് ലോകാര്‍ക്കകുണ്ഡ്. മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഇവിടെ സൂര്യഭഗവാന്‍ അനുഗ്രഹിക്കുന്നു എന്ന് സങ്കല്പ്പം. സങ്കടമോചന ക്ഷേത്രം ഹനുമാന്റേതാണ്. വിഷ്ണു ചരണപാദുക കാശിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ്. മഹാവിഷ്ണു ഇവിടെ ധ്യാനിച്ചിരുന്നതായി കണക്കാക്കുന്നു ഭൈരവനാഥ തെരുവില്‍ കാശീനഗരത്തിന്റെ രക്ഷകനായ കാലഭൈരവ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

കാലഭൈരവ ക്ഷേത്രം തൊഴാതെ കാശിയാത്ര പൂര്‍ണ്ണമാവില്ലെന്നാണ് വിശ്വാസം. കാലഭൈരവനാണ് കാശിയില്‍ ശിവന്റെ നിയമപാലകന്‍ . ഈ ഭീമാകാരമായ കറുത്ത ദൈവം സര്‍വഭയനാശകനാണത്രെ!

അടുത്തു തന്നെ ബിന്ദു മാധവ ക്ഷേത്രവുമുണ്ട്. മലയാളി പാരമ്പര്യമുള്ള തിലഭാണ്‌ഠേശ്വര ക്ഷേത്രം പ്രധാനപ്പെട്ടതാണ്. തിലഭാണ്‌ഠേശ്വര ക്ഷേത്രത്ത്രില്‍ കാശിയിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയുണ്ട്. 4.6 മീറ്റര്‍ വ്യാസവും 1.4 മീറ്റര്‍ പൊക്കവും ഇവിടുത്തെ ശിവലിംഗത്തിനുണ്ട്. ഈ ശിവലിംഗം ഓരോ ദിവസവും വളര്‍ന്നു കൊണ്ടേയിരിക്കുന്നു എന്നാണ് വിശ്വാസം.

ജ്ഞാനവപിക്കു മുന്നിലുള്ള വഴിക്കരികിലാണ് ആദിവിശ്വേശ്വര ക്ഷേത്രം. ആദിവിശ്വേശ്വര ക്ഷേത്രത്തിനു സമീപം പഞ്ചപാണ്ഡവരുടെ മുന്നിലായി ഒരു ക്ഷേത്രത്തില്‍ ലാംഗലീശ്വരന്റെ ഗംഭീരമായ ശിവലിംഗം ദര്‍ശിക്കാം. ഇതിനു മുന്നില്‍ വഴിയരികിലായി സത്യനാരായണക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ജ്ഞാനവാപിയില്‍ മുസ്ലീം പള്ളിക്കടുത്തായി വഴിയരികിലാണ് കാശികര്വത് എന്ന സ്ഥലം. ഇവിടെ ഒരു കുഴിയില്‍ ഒരു ശിവലിംഗമുണ്ട്. ഇതില്‍ ആളുകള്‍ മുകളില്‍ നിന്ന് പുഷ്പം മുതലായവ അര്‍പ്പിച്ചു വണങ്ങുന്നു.

ചൗഖംഭാ തെരുവില്‍ ഗോപാലക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രം വല്ലഭസമ്പ്രദായത്തിലുള്ള മനോഹരമായ സൗധമാണ്.

ഗോപാലക്ഷേത്രത്തില്‍ നിന്ന് അല്‍പ്പം അകലെയായി സിദ്ധദുര്‍ഗ്ഗാ ക്ഷേത്രം കാണാം. ദുര്‍ഗാകുണ്ഡം എന്ന തടാകത്തിനു സമീപത്തായി ദുര്‍ഗ്ഗാക്ഷേത്രവുമുണ്ട്. ദുര്‍ഗ്ഗാക്ഷേത്രത്ത്രിനു സമീപമാണ് തുളസീമാനസ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ രാമചരിതമാനസം മുഴുവന്‍ മാര്‍ബിളില്‍ എഴുതിവെച്ചിട്ടുണ്ട്. ഈ ക്ഷേത്രം വളരെ കമനീയമാണ്.

ക്ഷേത്രങ്ങളുടെ ക്ഷേത്രമാണ് കാശി വിശ്വനാഥക്ഷേത്രം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന ആയിരക്കണക്കിന് ശിവലിംഗങ്ങള്‍ ദര്‍ശിക്കുന്നതിന്റെ പുണ്യം ഒറ്റ ദര്‍ശനത്തില്‍ കാശി വിശ്വനാഥന്‍ നല്‍കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.


binakanair@gmail.com