ചുവടുകള്‍
അദ്ധ്യായം-11

ത്രിവേണീസംഗമത്തിലേയ്ക്ക് പോകാനുള്ള ബസ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഓരോ കമ്പാര്‍ട്ടുമെന്‌റിലുമുള്ളവര്‍ക്ക് ഓരോ ബസ് ആണ്, അതില്‍ തന്നെ കയറണം. ഭക്ഷണം , ചായ ഒക്കെ അതാത് സ്ഥലങ്ങളില്‍ കൊണ്ടു തരും. കൂട്ടം തെറ്റാതെ തിരിച്ചു വരണം.

സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ വിനോദയാത്രയ്ക്ക് പോയതോര്‍ത്ത് ബസില്‍ കയറുമ്പോള്‍ ഞാന്‍ ആന്‍സിയോട് പറഞ്ഞു. എന്റെ കൈയ്യില്‍ മുറുക്കെ പിടിച്ചോ, കളഞ്ഞു പോകരുത്. ആന്‍സി സ്വതസിദ്ധമായ നിഷ്‌കളങ്കതയോടെ എന്റെ കൈയില്‍ പിടിച്ചു.വൃത്തിയുണ്ട് എന്നുറപ്പിച്ച് പറയാനാവാത്ത നഗരം. ഏതൊരിന്ത്യന്‍ നഗരവുമെന്ന പോലെ വഴിനീളെ പാന്‍ തിന്ന് നീട്ടിത്തുപ്പിയ പാടുകള്‍, തിരക്ക് സൃഷ്ടിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍, കൂട്ടമായി നടക്കുന്ന കാല്‍നടയാത്രക്കാര്‍.

ഇല്ലഹബാദ് - ദൈവത്തിന്റെ ശരിയായ ഇരിപ്പിടം.തീര്‍ത്ഥരാജാവാണ് പ്രയാഗ്, എല്ലാ തീര്‍ത്ഥാടനങ്ങളുടെയും രാജാവ്! പ്രയാഗ് എന്ന പ്രാചീന നഗരത്തെ മുഗളന്മാരാണത്രെ അലഹബാദ് ആക്കിയത്. അക്ബര്‍ ചക്രവര്‍ത്തി തന്റെ പുതിയ മതം - ദിന്‍ ഇലാഹി -ഉദ്ഘാടനം ചെയ്തത് ഇവിടെയാണത്രെ . മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് വേണ്ടി ഉണ്ടാക്കിയ ദിന്‍ഇലാഹി യില്‍ നിന്നാണെന്ന് പറയുന്നു അലഹബാദിലേയ്ക്കുള്ള പേര് മാറ്റം.അലഹബാദിനെ പ്രധാനമന്ത്രിമാരുടെ നാട് എന്ന് പറയാറുണ്ട്.നമ്മുടെ പ്രധാനമന്ത്രിമാരില്‍ ഏഴ് പേരോളം (ജവഹര്‍ ലാല്‍ നെഹ്രു,ലാല്‍ ബഹദൂര്‍ ശാസ്ത്രി,ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ഗുല്‍സാരിലാല്‍ നന്ദ വി.പി സിംഗ്,ചന്ദ്രശേഖര്‍),അലഹബാദില്‍ ജനിച്ചവരോ,അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചവരോ അലഹബാദ് മണ്ഡലത്തില്‍ നിന്ന് ജയിച്ചവരോ ആയിരുന്നുവല്ലോ. അലഹബാദില്‍ നിന്ന് 7 കിലോമീറ്റര്‍ ദൂരമേയുള്ളൂ ത്രിവേണിസംഗമത്തിലെത്താന്‍.ബസ് നിന്നു. തീരത്ത് അലഹബാദ് കോട്ട 1583 ല്‍ അക്ബര്‍ പണികഴിപ്പിച്ചതാണ് . മൂന്ന് ഇരിപ്പിടത്തട്ടുകളും നിരവധി കോട്ട കൊത്തളങ്ങളും എടുപ്പുകളുമുള്ള ഒരു പുരാതന നിര്‍മ്മിതിയാണ് അലഹബാദ് കോട്ട.ഇപ്പോള്‍ ആര്‍മിയുടെ ആയുധപ്പുരയായിട്ടാണ് കോട്ട ഉപയോഗിക്കുന്നത്- ബി സി മൂന്നാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച അശോകസ്തംഭം ഇവിടത്തെ മുഖ്യ ആകര്‍ഷണമാണ്. അതില്‍ അശോക ശാസനങ്ങളും സമുദ്രഗുപ്ത ശാസനങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.

ത്രിവേണി സംഗമസ്ഥാനത്തേക്ക് പോകാന്‍ തയ്യാറായി കിടക്കുന്ന വള്ളങ്ങളുടെ നിര. ഓരോ ഗൂപ്പിനും വള്ളങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്.വള്ളം മുന്നോട്ടു നീങ്ങിയപ്പോള്‍ നദിയില്‍ നിന്ന് മേഘത്തുണ്ടുകള്‍ പോലെ പക്ഷികള്‍ പറന്നുയര്‍ന്നു.ത്രിവേണി സംഗമം - അലഹബാദിനെ വിനോദസഞ്ചാര ഭൂപടത്തിലും തീര്‍ത്ഥയാത്രാ സര്‍ക്യൂട്ടിലും അവിഭാജ്യമാക്കുന്ന അപൂര്‍വ്വതയാണ്. കരയിലെങ്ങും തടികള്‍ കൊണ്ടുണ്ടാക്കിയ ചെറിയ പ്ലാറ്റ്‌ഫോമുകള്‍. പാണ്ഡകളുടെ ബലിത്തട്ടുകള്‍ നിരന്ന മണല്‍തിട്ട - പാണ്ഡകള്‍ നിരന്നിരിക്കുന്നുണ്ട്. അവരെന്തിനും റെഡിയാണ്. കര്‍മ്മങ്ങള്‍ ചെയ്യണോ, ദാനം നടത്തണോ എന്തിനും റെഡി.

ഗംഗയും യമുനയും പരസ്പരം കണ്ടുമുട്ടുന്ന കാഴ്ച. ഗംഗ വെളുത്ത് യമുന കാളിന്ദിയായി കറുത്തിരുണ്ട പച്ചനിറം. സരസ്വതിനദിയുടെ അദൃശ്യ സാന്നിദ്ധ്യം.ഭഗീരഥന്‍ വഴികാട്ടിയപ്പോള്‍ പിന്നാലെ വന്ന ഗംഗ. അളകനന്ദയും ഭാഗീരഥിയും ദേവപ്രയാഗില്‍ ഒത്തുചേരുമ്പോഴാണ് ഗംഗ പിറക്കുന്നത്. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിച്ച് ഹരിദ്വാറിലാണ് ഗംഗ സമതലത്തിലെത്തുന്നത്. അലഹബാദില്‍ വെച്ച് യമുനയുമായി ചേര്‍ന്ന് കാശിയിലേക്ക് ഒഴുകുന്നു. പക്ഷെ അപ്പോഴും ഗംഗ തന്നെയാണ് ദേവി. യമുനക്ക് ദേവീ പദവി ഇല്ല.തിവേണിസംഗമത്തിന്റെ കാഴ്ചയിലേക്ക് നടന്നു ചെന്നു.ത്രിവേണി സംഗമത്തിലെ സ്‌നാനം സര്‍വ്വപാപങ്ങളെയും പോക്കുമെന്ന് വിശ്വാസം.മുങ്ങി നിവരുമ്പോള്‍ ഞാന്‍ സരസ്വതിയെത്തേടി.

2002-ല്‍ ഇന്ത്യയുടെ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍ സരസ്വതീ ദേവിയുടെ അവശിഷ്ടതകള്‍ കണ്ടെത്തിയിരുന്നു എന്നെവിടെയോ വായിച്ചതോര്‍മ്മ വന്നു. ക്രിസ്തുവിന് മുമ്പ് 5000-നും 3000-നുമിടയില്‍ ഹിമാലയത്തിലുണ്ടായ മാറ്റങ്ങള്‍ കാരണമാണ് ഈ നദി അപ്രത്യക്ഷമായതെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഗംഗയും യമുനയും കുതിച്ചൊഴുകുമ്പോള്‍ സരസ്വതി ഭൂമിയ്ക്കടിയിലൂടെ അദൃശ്യമായി ഒഴുകുന്നുവെന്നും രജപുത്താനാ മരുഭൂമിയില്‍ വെച്ച് വരണ്ട് പോയ സരസ്വതീ നദി ഭൂമിക്കടിയിലൂടെ ഇവിടെ വന്നു ചേരുന്നുവെന്നും വിശ്വാസങ്ങള്‍.പുരാണം പറയുന്നത് പാലാഴി മഥന കഥ - പാലാഴി മഥനം കഴിഞ്ഞ് ദേവന്മാരും, അസുരന്മാരും തമ്മില്‍ ഘോരയുദ്ധം നടക്കുന്നു - അമൃത് തുള്ളികള്‍ കലശത്തില്‍ നിന്ന് തുളുമ്പി വീണത് നാലിടങ്ങളില്‍ - ഹരിദ്വാര്‍, നാസിക്, പ്രയാഗ് (അലഹബാദ്), ഉജ്ജയിനി. ഈ നാലിടങ്ങളിലും കുംഭമേള നടക്കുന്നു.പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള അലഹബാദിന്റെ കീര്‍ത്തി ഭൂലോകം മുഴുവന്‍ കൊണ്ടെത്തിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാണ് കുംഭമേള. കുംഭമേളയുടെ കണക്കെടുക്കാന്‍ ദൈവത്തിനേ കഴിയൂ എന്നാണ് വിശ്വാസം. അനേകലക്ഷം ആളുകള്‍ പങ്കെടുക്കുന്നു.ഓരോ കുംഭമേളക്കാലത്തും തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കുന്നു.അഘോരിസന്യാസികളാണ് കുംഭമേളയുടെ പ്രധാന ആകര്‍ഷണം. വിശ്വാസത്തിന് വേണ്ടി ജീവിത സമര്‍പ്പിച്ച സന്യാസികളാണിവര്‍. നഗ്നസന്യാസികളാണ് ഇവരില്‍ ഏറെപ്പേരും.

ചൈനീസ് സഞ്ചാരി ഹുയാന്‍ സാങിന്റെ ഡയറിയില്‍ കുംഭമേളയെക്കുറിച്ച് പരാമര്‍ശമുണ്ട്. ക്രിസ്തുവിന് ശേഷം 643-ല്‍ ഹര്‍ഷവര്‍ദ്ധന്‍ പ്രയാഗില്‍ നടന്ന കുംഭമേളയില്‍ വന്നുവെന്നും സ്വത്തുക്കള്‍ ഹിന്ദു, ബുദ്ധമത സാധുക്കള്‍ക്ക് കൊടുത്തെന്നും ഹുയാന്‍ സാങ് പറഞ്ഞിട്ടുണ്ട്. 5 വര്‍ഷം കൂടുമ്പോള്‍ ഹര്‍ഷവര്‍ദ്ധന്‍ ഈ ദാനം നടത്തിയെന്നും അതാണ് കുംഭമേളയെന്നും ഐതിഹ്യകഥകള്‍.


binakanair@gmail.com