ചുവടുകള്‍
അദ്ധ്യായം -6

പിന്നില്‍ ഒഴുകുന്നു ഗംഗ. കാശിയിലെ ഗംഗ. നിരന്നിരിക്കുന്നവര്‍ക്ക് മുന്നിലെ ഇലകളില്‍ ഗോതമ്പുമാവ്, പൂക്കള്‍, ചെറിയ കപ്പുകളില്‍ വെള്ളം. കണ്ണുകളില്‍ ഓര്‍മ്മയുടെ നിഴലുകള്‍, ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഭാരം.

പരികര്‍മ്മികള്‍ ബലിതര്‍പ്പണത്തിനുള്ള സാധനസാമഗ്രികള്‍ ഇലകളില്‍ ഇട്ട് മനസ്സിലാകാത്ത ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു.

ആജാനുബാഹുവായ പാണ്ഡ(ബലികര്‍മ്മങ്ങള്‍ ചെയ്യിക്കുന്നയാള്‍) വലിഞ്ഞുതൂങ്ങുന്ന കാലുമായി നടന്നുവന്നു. കസവു മുണ്ട് പാളത്താര്‍ പോലെ വലിച്ചുടുത്ത്, കസവ് പുതച്ച് കഴുത്തില്‍ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷ മാലകളും, സ്വര്‍ണ്ണമാലകളുമണിഞ്ഞ് നെറ്റിയില്‍ കലാപരമായൊരു കുങ്കുമപ്പൊട്ടുമണിഞ്ഞിട്ടുണ്ട്. പാണ്ഡയുടെ വിരലുകളില്‍ നിറയെ പലവര്‍ണ്ണങ്ങളിലുള്ള കല്ലുകള്‍കൊണ്ടുണ്ടാക്കിയ മോതിരങ്ങള്‍.

നദീതീരത്തെ ഇരിപ്പിടത്തില്‍ ഇരുന്ന് മൈക്ക് കൈയ്യിലെടുത്ത് പാണ്ഡ ഭക്തിപൂര്‍വ്വം ഓംകാരം ചൊല്ലി. നദിയില്‍ ഓംകാരം പ്രതിദ്ധ്വനിച്ചു. പുലര്‍കാല സൂര്യന്റെ സ്വര്‍ണ്ണരശ്മികള്‍ നദിയെ കനകകമ്പളം പുതപ്പിക്കുന്നു. കടത്തുവഞ്ചികള്‍ ഓളങ്ങളില്‍ അലയുന്നോ, ഓളങ്ങള്‍ തീര്‍ക്കുന്നുവോ എന്ന് സംശയം. തിരക്ക് തീരത്തെങ്ങും.പെട്ടെന്ന് ഞാന്‍ പാണ്ഡയുടെ അടുത്തേക്ക് നടന്നു ചെന്ന് ചോദിച്ചു..
''നമ്മളേക്കാള്‍ പ്രായം കുറഞ്ഞവര്‍ക്ക് ബലിയിടാമോ? മരിച്ചു പോയ എന്റെ അനിയത്തിക്ക് വേണ്ടി എനിക്ക് ബലിയിടാമോ?''

പാണ്ഡ കരുണയോടെ എന്നെ നോക്കി. മൈക്ക് ഓഫ് ചെയ്ത് പതുക്കെ പറഞ്ഞു:
''കാശ്യാം മരണം മുക്തി'' എന്ന് കേട്ടിട്ടില്ലേ. മരണത്തിന് പ്രായഭേദം ഇവിടില്ല, ബലിതര്‍പ്പണത്തിനും. ആത്മാവിന്റെ പ്രായം ആര്‍ക്കറിയാം? ഗംഗാസ്‌നാനം ചെയ്ത് പോയിരുന്നോളൂ.''

''ഇസ്‌കോ ഭീ സാമാന്‍ ദേ ദോ'' പാണ്ഡ അടുത്തു നിന്നിരുന്ന ഹിന്ദിക്കാരനോട് പറഞ്ഞു.

ഞാന്‍ നദിയിലേക്ക് നടന്നു. ഗംഗയെ തൊടുകയാണ് ഞാന്‍. അമ്മൂമ്മയെ ഓര്‍മ്മവന്നു. ഗംഗയെക്കാണണമെന്ന്, ഗംഗയില്‍ മുങ്ങിക്കുളിക്കണമെന്ന് എത്രവട്ടമാണ് അമ്മൂമ്മ ആശിച്ചത്. കാശിയില്‍ പോയി വന്ന ആരോ കൊണ്ടുകൊടുത്ത ഗംഗാജലം അമ്മൂമ്മയുടെ കാല്‌പെട്ടിയില്‍ എന്നും ഭദ്രമായുണ്ടായിരുന്നു. (അമ്മൂമ്മ മരിച്ചപ്പോള്‍ കാല്‌പ്പെട്ടിയുടെ താക്കോല്‍ കാണാത്തതിനാല്‍ അതില്‍ നിന്നൊരു തുള്ളി നാവിലിറ്റിക്കാന്‍ കഴിഞ്ഞതുമില്ല.)

അമ്മൂമ്മയുടെ സ്വപ്നം എനിക്ക് മുന്നില്‍ ഇപ്പോള്‍ അഴുകിയ ഇലകളും പൂക്കളും മറ്റ് പൂജാസാധനങ്ങളും മറ്റുംമറ്റും കൊണ്ട് മലിനമായി കിടക്കുന്നു; മാലിന്യക്കൂമ്പാരത്തിന്റെ ഭാരം കാരണം ഏന്തിവലിഞ്ഞാണ് ഓളങ്ങള്‍ തീരത്തേക്ക് കയറി വരുന്നത്. കുളിക്കാന്‍ പോയിട്ട് മുങ്ങാന്‍ പോലും തോന്നിയില്ല, കൈയ്യും കാലും ഒന്ന് നനച്ച് കല്പടവുകളിലെ പായലില്‍ തെന്നിവീഴാതിരിക്കാന്‍ ശ്രമിച്ച് ഞാന്‍ ബലിതര്‍പ്പണസ്ഥലത്തെത്തി. കൂട്ടത്തില്‍ ഇരുന്നു. മുന്നിലെ ഇലച്ചീന്തിലെ ഗോതമ്പുമാവ് കുഴച്ച് ഒരുരുള ഉണ്ടാക്കാന്‍ പാണ്ഡ പറഞ്ഞു. ഞാനതു പോലെ ചെയ്തു. പാത്രത്തിലെ വെള്ളമെടുത്തു കൈകഴുകി പൂക്കളര്‍പ്പിക്കാനും, ഭഗവാനെ ധ്യാനിക്കാനും പാണ്ഡ പറഞ്ഞു.പാണ്ഡ മുഴങ്ങുന്ന ശബ്ദത്തില്‍ 'നമഃശിവായ' ജപിച്ചു. തീരത്തിരുന്നവര്‍ കണ്ണുകളടച്ച് കൂടെ ജപിച്ചു.

പാണ്ഡ'നമസ്‌ക്കാരം' പറഞ്ഞു. പിന്നെ ശുദ്ധമലയാളത്തില്‍ ബലിതര്‍പ്പണത്തെക്കുറിച്ച് പ്രഭാഷണം നടത്തി. വേഷത്തില്‍ ഉത്തരേന്ത്യക്കാരനാണെങ്കിലും മലയാളിയാണ് പാണ്ഡയെന്ന് അടുത്തു നിന്ന പരികര്‍മ്മികളിലൊരാള്‍ വിശദമാക്കി. പാണ്ഡയുടെ ശബ്ദത്തില്‍ ശാന്തിയുടെ ഏതോ ഒരു പ്രതലമുണ്ടായിരുന്നു. സ്‌നേഹത്തെക്കുറിച്ചും പ്രിയപ്പെട്ടവരുടെ വേര്‍പാടിനെക്കുറിച്ചുമൊക്കെ ഹൃദയസ്പര്‍ശിയായി പറഞ്ഞു. ബലിതര്‍പ്പണത്തിലൂടെ പ്രിയമുള്ളവരെ ഓര്‍മ്മിക്കുകയാണെന്നും അവര്‍ തന്ന സ്‌നേഹത്തിന് നന്ദിപറയാന്‍ അവസരം ലഭിക്കുകയാണെന്നും മൃദുമന്ത്രണം പോലെ പറഞ്ഞു.

'ഓര്‍ക്കുക, മരിച്ചു പോയ ആളെ ശ്രദ്ധയോടെ മനസ്സിലേക്ക് കൊണ്ടു വരിക.'

അവളെ മനസ്സില്‍ കൊണ്ടു വരാന്‍ പ്രതേ്യകിച്ച് ശ്രദ്ധയെന്തിനാണ് - എപ്പോഴും കൂടെ ഉള്ളവള്‍, വിട്ടു പോകാത്തവള്‍ - ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ മാത്രമാണ് മനസ്സില്‍ - അമ്മയുടെ ഒക്കത്തിരുന്ന് വിരല്‍ ഈമ്പുമ്പോള്‍ ഞാനോടിച്ചെന്നാല്‍ തള്ളിമാറ്റുന്നവള്‍, കുഞ്ഞു ഫ്രോക്കിട്ട് പിച്ച നടക്കുന്നവള്‍, യൂണിഫോമിട്ട് ടൈയും ഷൂസുമിട്ട് സ്‌കൂളിലേക്ക് പോകുന്നവള്‍. എപ്പോഴും ഞങ്ങളെ ഒരുപോലെയാണ് അമ്മ ഒരുക്കിയിരുന്നത്. ഒരേപോലെയുള്ള ഉടുപ്പിട്ട്, ഒരു പോലെ തലമുടി കെട്ടി, വളയും മാലയും ഇടീച്ച്, എന്റെ വിരല്‍ത്തുമ്പു വിടാതെ നടന്നവള്‍.

കോളേജില്‍ ഞാന്‍ ജീന്‍സും ഷര്‍ട്ടുമൊക്കെ ഇട്ടു നടക്കുമ്പോള്‍ സാരിചുറ്റി എന്റെ ചേച്ചിയെപ്പോലെയാണവള്‍ നടന്നിരുന്നത്. നല്ല ഭക്ഷണമുണ്ടാക്കാനും അതെല്ലാവരെയും ഊട്ടിപ്പിക്കാനും ഇഷ്ടപ്പെട്ടിരുന്നവള്‍ - 9 വയസ്സുള്ള മകളെ എന്റെ 14 വയസ്സുകാരന്‍ മകന്‍ അപ്പുവിന്റെ കൈയില്‍ പിടിച്ചേല്‍പ്പിച്ച് ''അനിയത്തിയെ നോക്കിക്കോണം'' എന്ന് പറഞ്ഞ് രോഗത്തിന് കീഴടങ്ങി മരണത്തിന്റെ കൂടെ പോയവള്‍.സ്‌നേഹം കൊണ്ടാണവള്‍ക്ക് ബലി, ഓരോ നിമിഷവും - നോവിന്റെ കനല്‍ക്കട്ടകളാണ് ഹൃദയത്തില്‍.

അവള്‍ക്കായി ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യുകയല്ലാതെ മറ്റൊന്ന് ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. സയാമീസ് ഇരട്ടകളെപ്പോലെ ജീവിതപ്പെരുവഴി താണ്ടിയവര്‍.

കണ്ണുനീര് കൊണ്ട് ഞാന്‍ ബലിയിട്ടു. തീരുന്നില്ല, നൊമ്പരം. പുഴയായി ഒഴുകുന്ന നഷ്ടഭാരം.

കുറേയേറെ ഗോതമ്പുണ്ടകള്‍ കുഴച്ചുണ്ടാക്കാന്‍ പാണ്ഡ നിര്‍ദദ്ദേശിച്ചു. കൊച്ച് കൊച്ച് ഉരുളകള്‍ ഉണ്ടാക്കുമ്പോള്‍ സംശയമായി. ഇനിയും ബലിയിടാനുണ്ടോ. അപ്പോഴാണ് പാണ്ഡ പറഞ്ഞത്:

ഇനി നമുക്ക് അമ്മയുടെ ഉദരത്തിലെത്തിയ നിമിഷം മുതല്‍ സഹായങ്ങള്‍ നല്‍കിയ എല്ലാവരെയും സ്മരിച്ച് ബലിയിടാം.
വീട്ടിലെ മരിച്ചു പോയ എല്ലാ കുടുംബാംഗങ്ങളെയും ഓര്‍ക്കൂ - പിണ്ഡം സമര്‍പ്പിക്കൂ.

വീട്ടു ജോലിക്കാര്‍ക്ക്,
പ്രസവമെടുത്ത വയറ്റാട്ടിക്ക്,
നോക്കി വളര്‍ത്തിയ മുത്തശ്ശിമാര്‍ക്ക്,
പാല്‍ തന്ന പശുവിന്,
അരി തന്ന നെല്‍ച്ചെടികള്‍ക്ക്,
പഴങ്ങള്‍ തന്ന മരങ്ങള്‍ക്ക്,
പൂക്കള്‍ തന്ന ചെടികള്‍ക്ക്,
നാട്ടുവഴിയില്‍ കാല്‍ തെന്നി വീണപ്പോള്‍ ആശ്വസിപ്പിച്ച വഴിപോക്കന്,
അദ്ധ്യാപകര്‍ക്ക്,
സ്‌കൂളിലെ മറ്റുള്ളവര്‍ക്ക്,
കൂടെ പഠിച്ചവര്‍ക്ക്,
വയലില്‍ കൃഷി ചെയ്തവര്‍ക്ക്,
വീടുണ്ടാക്കിത്തന്ന ആശാരിമാര്‍ക്ക്, പണിക്കാര്‍ക്ക്''
അതങ്ങനെ നീണ്ടു നീണ്ടു പോയി. മനസ്സിന്റെ കെട്ടുകള്‍ അഴിഞ്ഞ് വീണു കൊണ്ടേയിരുന്നു.

ഒടുവില്‍ ബ്രഹ്മാണ്ഡത്തിന്റെ വ്യാപ്തിയില്‍, വിശാലതയില്‍ ഉള്ളിലെ ദു:ഖം അലിഞ്ഞലിഞ്ഞ് ഇല്ലാതാകുമ്പോള്‍ ഞാന്‍ അറിഞ്ഞു - ഇതാണ് യഥാര്‍ത്ഥ ബലി, സ്‌നേഹത്തിന്റെ, നന്ദിയുടെ ഓര്‍മ്മപ്പെരുന്നാളുകളുടെ ബലി.

പൂവും, ചന്ദനവും, അക്ഷതവും, പിണ്ഡവുമൊക്കെ സൂചനകള്‍ മാത്രം!

മരണം സ്വാഭാവികമായത്, മരങ്ങള്‍ക്കും, മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ജീവിതത്തിന്റെ പെരുവഴിയില്‍ താങ്ങായവര്‍ക്ക്, കൂട്ടു വന്നവര്‍ക്ക്, സ്‌നേഹിച്ചവര്‍ക്ക്, വെറുത്തവര്‍ക്ക് - മുന്നിലെ ഉണങ്ങിയ ഇലയിലെ പിണ്ഡസാമഗ്രികള്‍ ഗംഗയിലൊഴുക്കി കൈകഴുകി കയറുമ്പോള്‍ മനസ്സ് സ്വച്ഛവും സ്വസ്ഥവുമായിരുന്നു, അനിയത്തിക്ക് ബലിയിട്ടതു കൊണ്ടുമാത്രമല്ലായിരുന്നു അത്, ജീവിതത്തിന്റെ പെരുംസത്യങ്ങള്‍ പൊരുളായി തെളിഞ്ഞതു കൊണ്ടും കൂടിയായിരുന്നു.binakanair@gmail.com