ചുവടുകള്‍
അദ്ധ്യായം- 7

മരണത്തിന്റെ ദീപക്കാഴ്ചയാണ് ഗംഗാതീരത്ത്, ചിതകള്‍ , ചിതകള്‍ ....

ചിലത് കത്തിത്തീര്‍ന്ന് ചാമ്പലായിരിക്കുന്നു. മറ്റു ചിലവ ആളിക്കത്തുന്നു; ഇനിയും ചിലവയ്ക്ക് ബന്ധുക്കള്‍ തീ കൊളുത്തുന്നു....ഊഴം കാത്ത് കിടക്കുകയാണ് മറ്റു ചില ശവങ്ങള്‍ ...അവയ്ക്കിടയിലൂടെയാണ് ഞാന്‍ നടക്കുന്നത്...

തറവാട്ടുപറമ്പില്‍ അനിയത്തി ബിന്ദുവിനെയും അമ്മൂമ്മയെയും അപ്പൂപ്പനെയും ദഹിപ്പിച്ച ഭാഗത്തേക്ക് അബദ്ധവശാല്‍ പോലും കണ്ണുപെടാതെ നടക്കാന്‍ ശ്രദ്ധിക്കുന്നവളാണ് ഞാന്‍. ഈ തീരത്ത് മരണം ജീവിതം പോലെ സ്വാഭാവികമായി സംക്രമിക്കുകയാണ്.

മരണം ആനന്ദദായകമായ അവസ്ഥ നല്‍കുന്നതിനെക്കുറിച്ച് ഓഷോ എഴുതിയിട്ടുണ്ട്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ മരണം നടന്ന വീടുകളില്‍ പോയി ആ അനുഭവം ഉള്ളിലേക്ക് സ്വീകരിക്കാറുണ്ടായിരുന്നതിനെ കുറിച്ചും ഓഷോ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പക്ഷേ മരണത്തെ, ശവശരീരങ്ങളെ ഒഴിവാക്കുവാന്‍ ഇഷ്ടപ്പെട്ടു. മരണം നടന്ന വീടുകളില്‍ കഴിയുന്നതും കുറച്ച് ദിവസം കഴിഞ്ഞ് മാത്രം പോയി. സത്ത് പോയിക്കഴിഞ്ഞ ദേഹം കണ്ടിട്ട് എന്തു ഫലം.

പക്ഷെ കാശിയില്‍ , മണികര്‍ണികയില്‍ എന്റെ തത്വങ്ങളും ഒഴികഴിവുകളുമൊക്കെ നിഷ്പ്രഭമായി, ഇവിടെ മരണം തന്നെയാണ് കാഴ്ച. അതിലൂടെ ജീവിതത്തെ അറിയാനാവുമോ എന്ന തിരച്ചില്‍ മാത്രം .വന്നുചേര്‍ന്നുകൊണ്ടേയിരിക്കുകയാണ് ശവഘോഷയാത്രകള്‍ . ഒന്നും രണ്ടുമല്ല, ഒരുപാട് ഒരുപാട്... മുളങ്കമ്പുകളില്‍ പൂക്കള്‍ കെട്ടി അലങ്കരിച്ച ശവമഞ്ചങ്ങള്‍ . പാട്ടും നൃത്തവും അകമ്പടിയായുണ്ട്, ഉത്സവമേളം. കാശിയ്ക്കകത്തും പുറത്തും നിന്നുമെത്തുന്നുണ്ട് മോക്ഷം തേടി ശവങ്ങള്‍ ; സൈക്കിള്‍ റിക്ഷയില്‍ മുതല്‍ വിമാനത്തില്‍വരെ ...ശവങ്ങളുമായി എത്തുന്ന ബസ് സര്‍വ്വീസുകള്‍ നിരവധി. ലാസ്റ്റ് റൈറ്റ്‌സ് മെയില്‍ , ഹെവന്‍ എക്‌സ്പ്രസ്സ്, കോര്‍പ്‌സ് വാഗണ്‍ അങ്ങനെ പല പേരുകളില്‍ ബസ്സുകള്‍ .

വന്നെത്തുന്നവരെയെല്ലാം ഗംഗയില്‍ കുളിപ്പിച്ച് നെയ്പൂശി തിളങ്ങുന്ന മഞ്ഞ വസ്ത്രം പുതപ്പിച്ച് 'രാം നാമ് സത്യ ഹെ' എന്ന മന്ത്രത്തിന്റെ അകമ്പടിയോടെ തീരത്തെ ചിതയിലേക്ക്.

നൂറുകണക്കിനാണ് ചിതകള്‍ . മണികര്‍ണികയില്‍ എത്തുന്ന ശവങ്ങളുടെ യഥാര്‍ത്ഥ മരണം, ചിതയിലെടുത്ത് ചെവിയില്‍ ശിവന്റെ താരകമന്ത്രമോതുമ്പോഴാണ് എന്നാണ് വിശ്വാസം. ജനന-മരണമില്ലാത്ത ഊര്‍ജ്ജത്തിന്റെ സാന്നിദ്ധ്യമാണിവിടെയുള്ളത് എന്ന് മറ്റൊരു വിശ്വാസം.

മണികര്‍ണികയില്‍ തീ കെടാതെ നില്‍ക്കുന്നു, ശവങ്ങള്‍ പല മട്ടില്‍ കത്തിപ്പടര്‍ന്നുകയറി. പുറത്ത് കത്തുന്ന തീയുടെ ചൂടിനേക്കാള്‍ വലിയ ചൂട് ഉള്ളില്‍ ഉണ്ടായിരുന്നു, മരണത്തെക്കുറിച്ചുള്ള ഭയാഗ്നി. ഭീതിയുടെ രാസലായനികള്‍ കോച്ചിവലിക്കുന്ന ഞരമ്പുകളിലേക്ക് ജീവിതം അര്‍ത്ഥങ്ങള്‍ സന്നിവേശിപ്പിക്കുന്നത് ഇത്തരം നിമിഷങ്ങളിലാണ്. മരണം എത്ര പെട്ടന്നാണ് സ്വാഭാവികതയുടെ ഉടുപ്പണിയുന്നത്, ജീവിതവും മരണവും തമ്മിലുള്ള നിറവ്യത്യാസങ്ങള്‍ മായുന്നത് എത്ര പൊടുന്നനെയാണ്. മരണത്തിന്റെ മഹാരഹസ്യത്തിലൂടെ ജീവിതത്തിന്റെ ഉത്കണ്ഠകള്‍ മറികടക്കുന്ന മുഖങ്ങളെ കാശിയില്‍ കാണാന്‍ കഴിയും. മരണത്തെ ജയിക്കാനാവില്ല എന്നറിയുമ്പോഴും അതിനെ അതിന്റെ പൂര്‍ണതയില്‍ തിരിച്ചറിയാനാവുന്നതിന്റെ സംതൃപ്തി-അത് കാശി നല്‍കുന്ന സംതൃപ്തിയാണ്.മണികര്‍ണികയില്‍ നദീതീരത്ത് മാത്രമല്ല ശവദാഹം. സമീപത്തെ കെട്ടിടത്തിന്റെ ടെറസിന് മുകളിലും മോക്ഷപ്രാപ്തിക്കായി ശവങ്ങള്‍ കത്തിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. മഴക്കാലത്ത് ഗംഗ ശാന്തത വെടിയും. നാല്‍പതു മുതല്‍ അന്‍പതുവരെ അടി ഉയരത്തിലേക്ക് ഉയര്‍ന്നു പൊങ്ങും. അപ്പോഴും മോക്ഷം തേടിയെത്തുന്ന ശവങ്ങളെ കാശിക്ക് കൈയൊഴിയാനാവില്ല, ടെറസിന് മുകളില്‍ ശവദാഹം നടത്തിയാണ് അപ്പോള്‍ കാശി നിലനില്‍ക്കുന്നത്.

മരണം വ്യവസായമാവുന്ന ഇടമാണിത്. അമ്പതിനായിരത്തോളം ശവസംസ്‌കാരങ്ങളാണ് ഓരോ വര്‍ഷവും നടക്കുന്നത്. ചന്ദനമുട്ടികള്‍, സാമ്പ്രാണി, മാലകള്‍, ജമന്തിപ്പൂക്കള്‍ ഇവയൊക്കെ ഇത്രയേറെ വില്‍ക്കപ്പെടുന്ന മറ്റൊരിടമുണ്ടോ? കാശിയില്‍ സമോസകളെക്കാള്‍ കച്ചവടം മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്ന് വായിച്ചതോര്‍മ്മവന്നു.

മരണത്തിന് ഇവിടെ മൂകതയല്ല, ഒടുങ്ങാത്ത തിരക്കാണ്; നിലയ്ക്കാത്ത ശബ്ദഘോഷമാണ് !

കാറുകള്‍ , ബസുകള്‍ , സ്‌കൂട്ടറുകള്‍ , ആയിരക്കണക്കിന് ജനറേറ്ററുകള്‍ , സ്റ്റീരിയോകളിലൂടെ ഉയരുന്ന ഹിന്ദിപ്പാട്ടുകള്‍ , അമ്പലമണികള്‍ ....

കാശി നിലനില്‍ക്കുന്നത് വൈരുദ്ധ്യങ്ങളിലാണ്.

മണികര്‍ണികയിലെ ചിതകെടാന്‍ അവസാനത്തെ പ്രളയം സംഭവിക്കണമെന്ന് വിശ്വാസം.

മണികര്‍ണികയുടെ പേരിന് പിന്നിലെ പുരാണം എത്തിനില്‍ക്കുന്നത് ശിവപാര്‍വ്വതിമാരിലും വിഷ്ണുവിലുമാണ്.

മഹാപ്രളയത്തിനൊടുവില്‍ സൃഷ്ടികളൊടുങ്ങി, പ്രപഞ്ചം ഇരുട്ടിലായി. സൂര്യ-ചന്ദ്രന്മാരും നക്ഷത്രങ്ങളും രൂപവും, ഭാവവും കാഴ്ചയും ഇല്ലാതായി. ബ്രഹ്മം മാത്രം നിറഞ്ഞു നിന്നു. രൂപവും നിറവും ശബ്ദവുമില്ലാത്ത ബ്രഹ്മം. ബ്രഹ്മം മഹാലീലയിലൂടെ രണ്ടാകാന്‍ മോഹിച്ചു. ശിവം അതിഭൗതിക ബ്രഹ്മത്തിലലിഞ്ഞ ഭൗതികാവസ്ഥയാണ്. അത് പാര്‍വ്വതിക്കൊപ്പം കാശിയെന്ന ശിവനഗരിയെയും സൃഷ്ടിച്ചു. അവിടെ ശിവപാര്‍വ്വതിമാര്‍ ഒരു ജീവബിന്ദുവിനെക്കൂടി സൃഷ്ടിച്ചു. അങ്ങനെ വേദത്തെ ശ്വാസവായുവാക്കിയ വിഷ്ണു പിറന്നു. ഗംഗാ സമതലങ്ങളില്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് വേണ്ടി വിഷ്ണു തപസ്സാരംഭിച്ചു....വിഷ്ണുവിനെ അനുഗ്രഹിക്കാനെത്തിയ ശിവന്റെ കാതിലെ രത്‌നം തപോഘട്ടത്തിലേക്ക് തെറിച്ച് വീണുവെന്നും അത് മണികര്‍ണികയായി എന്നും സങ്കല്പം.

ഇന്ത്യയുടെ പൊക്കിള്‍ക്കൊടിയായി കാശിയെയും കാശിയുടെ പൊക്കിള്‍ക്കൊടിയായി മണികര്‍ണികയെയും കണക്കാക്കുന്നു; ഒരു കാലത്തും ചിതയണയാത്ത കാശിയുടെ മോക്ഷസ്ഥലമായി മണികര്‍ണിക നിലനില്‍ക്കുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ നാരദ പുരാണം മുതല്‍ മണികര്‍ണികയുടെ മഹത്വം വാഴ്ത്തുന്നുണ്ട്.

ശിവന്റെ ദേഹമാണ് കാശിയെന്നത് മറ്റൊരു വിശ്വാസം. തെക്ക് അസിഘട്ട് ശിരസ്, മണികര്‍ണിക അരക്കെട്ട്, വരുണ പാദങ്ങള്‍ - കാശിയില്‍ ഗംഗ തെക്ക് നിന്ന് വടക്കോട്ടൊഴുകുന്നത് മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള ഒഴുക്കാണെന്ന് പറയുന്നു ചിലര്‍ .മണികര്‍ണികയ്ക്കടുത്ത് 'ദൂത് കാ കര്‍സ്' അമ്പലം ഗംഗയിലേക്കിറങ്ങി നില്‍ക്കുന്നു. അഹങ്കാരിയായ മകന്‍ അമ്മയോടുള്ള കടമ തീര്‍ക്കാന്‍ നിര്‍മ്മിച്ച അമ്പലമാണിത്. അമ്പലം ഉണ്ടാക്കിക്കഴിഞ്ഞ് അമ്മയോടുള്ള തന്റെ കടമകള്‍ തീര്‍ത്തതായി മകന്‍ പറഞ്ഞു. ഹൃദയം പൊട്ടിത്തകര്‍ന്ന് അമ്മ പറഞ്ഞു ''ദൂത് കാ കര്‍സ്'' (മുലപ്പാലിന്റെ കടം ഒരിക്കലും വീട്ടാനാവില്ല) പോയി നിന്റെ അമ്പലം നോക്ക്'' മകന്‍ ചെന്ന് നോക്കുമ്പോള്‍ അമ്പലം വെള്ളത്തിലായിക്കഴിഞ്ഞിരുന്നുവത്രെ!
ബോട്ടുകളിലും പൂജ നടത്തുന്നുണ്ട് ബ്രാഹ്മണര്‍. ചിലര്‍ മരിച്ചയാളുടെ ഫോട്ടോ വച്ചാണ് കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ചടങ്ങ് മുഴുവന്‍ വീഡിയോ എടുക്കുന്നുണ്ട്. വിസിറ്റിംഗ് കാര്‍ഡ് തന്ന് ഒരാള്‍ പറഞ്ഞു.

''അസ്ഥി വിസര്‍ജന്‍ സെറിമണി ആണിത്. കാശിക്ക് പുറത്ത് വച്ച് മരിക്കുന്നവരുടെ അസ്ഥി അയച്ചു തന്നാല്‍ ഞങ്ങള്‍ ഇവിടെ നിമഞ്ജനം ചെയ്യും. ബ്രാഹ്മണ പുരോഹിതന്റെ കാര്‍മികത്വത്തില്‍ വിപുലമായ ചടങ്ങുകളോടെയാണ് അസ്ഥി ഒഴുക്കാറ്. നല്ല ക്യാമറകൊണ്ട് ഷൂട്ട് ചെയ്ത് ഡി വി ഡി അയച്ചുകൊടുക്കും, ചടങ്ങിനെത്താത്തവര്‍ക്കും വരും തലമുറകള്‍ക്കും കാണാമല്ലോ''..

നദീതീരത്തെ ക്‌ഷേത്രത്തിലെ ആ ചെറിയ അമ്പലത്തില്‍ കണ്ട തലയോട്ടി ഒരു നിമിഷം നടുക്കമുണ്ടാക്കി. പൂജാരിയുടെ കൈയിലെ ദണ്ഡ് മനുഷ്യന്റെ കാലിലെ എല്ല് ആണെന്ന് എനിക്ക് തോന്നിയതായിരുന്നോ എന്ന് ഇപ്പോഴും സംശയമുണ്ട്. അവിടെങ്ങും തലയോട്ടികളും എല്ലിന്‍കഷണങ്ങളും ഉണ്ടായിരുന്നു, മരണത്തിന്റെ ഗന്ധത്തിനപ്പുറത്തേക്ക് പൂക്കളും ചന്ദനത്തിരികളും കത്തിപ്പടര്‍ന്നു നിന്നു.പൂജാരി കൈയ്യിലേക്ക് ഭസ്മം ഇട്ടു തന്നു.അതിലുണ്ടായിരുന്ന ചെറിയ അസ്ഥിക്കഷണങ്ങള്‍ എന്നില്‍ വിറയലുണ്ടാക്കി.(പിറ്റേന്ന് കാലഭൈരവന്‌റെ അമ്പലത്തില്‍ നിന്ന് കിട്ടിയ ഭസ്മത്തിലും അസ്ഥിപ്പൊടി ഉണ്ടായിരുന്നു.) എന്നും രാവിലെയും വൈകിട്ടും നാല് മണിക്ക് മണികര്‍ണികയില്‍ കത്തുന്ന ശവത്തില്‍ നിന്ന് ചുടലച്ചാരമെടുത്ത് കാശി വിശ്വനാഥനെ അണിയിക്കുമെന്ന് നിലത്ത് ധ്യാനത്തിലിരുന്ന ഒരു സന്യാസി കണ്ണു തുറന്ന് പറഞ്ഞു.മനുഷ്യനെന്ന നിലക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമാണ് ആ സമയത്ത് ചിതാഗ്നി ആകുകയെന്നത് എന്നും സന്യാസി പറഞ്ഞു.

ഭ്രമം ,വിഭ്രമം,സംഭ്രമം.. ആ അമ്പലത്തിനുള്ളില്‍ ജീവിതത്തിലെ വിചിത്രവും വിശേഷപ്പെട്ടതുമായ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ മരിച്ചു പോയോ എന്നു സംശയിച്ച് കൈയില്‍ നുള്ളി.

പുറത്തേക്കിറങ്ങുമ്പോള്‍ അവിടേക്കു കൂട്ടിക്കൊണ്ടു പോയ തിലഭാണ്‌ഢേശ്വര്‍ മഠത്തിലെ (മലയാളി പാരമ്പര്യമുള്ള സന്യാസി മഠമാണിത്. വളരെ മനോഹരമായ അയ്യപ്പ പ്രതിഷ്ഠ അവിടെ ഉണ്ട്.) മലയാളിയായ സ്വാമി സംവിദാനന്ദ് പറഞ്ഞു.

''സാധാരണഗതിയില്‍ ആ അമ്പലത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല.നിങ്ങള്‍ ഒരു എഴുത്തുകാരി ആയതിനാല്‍ ഞാന്‍ പ്രത്യേകം അനുവാദം വാങ്ങി കൊണ്ടു പോയതാണ്. ''

ഗംഗാതീരത്ത് കൂടി നടക്കുമ്പോള്‍ എതിരെ വന്ന സന്യാസിയെ ചൂണ്ടിക്കാട്ടി സ്വാമി പറഞ്ഞു.

''അഘോരസന്യാസിയാണ്. ലിംഗപൂജയാണ് നടത്തുന്നത്.''

അടുത്തെത്തിയപ്പോള്‍ സ്വാമി പരിചയപ്പെടുത്തി . വിവരങ്ങള്‍ തിരക്കി മനോഹരമായി ചിരിച്ച് സന്യാസി നടന്നകന്നു. മുണ്ടുടുത്ത് നടക്കുന്ന അഘോരസന്യാസി. ചിരിക്കുന്ന സന്യാസി, ശാന്തനായ അഘോരി. എനിക്ക് വിശ്വസിക്കാനായില്ല. അഘോരികളെ കുറിച്ച് വായിച്ചിട്ടുള്ളതും യൂ ട്യൂബില്‍ ദൃശ്യങ്ങള്‍ കണ്ടിട്ടുള്ളതുമായി ഈ സന്യാസിയുടെ മട്ടുകള്‍ പൊരുത്തപ്പെടുന്നില്ല. അഘോരമൂര്‍ത്തിയായ ശിവനെ ആരാധിക്കുന്ന സന്യാസസമൂഹം . ശൈവപാരമ്പര്യം പിന്തുടരുന്നവര്‍ , മനുഷ്യമാംസം ഭക്ഷിക്കുന്നവര്‍ . ചുടലചാരം പൂശി നടക്കുന്നവര്‍, തലയോട്ടി ഭിക്ഷാപാത്രം ആക്കിയവര്‍, മനുഷ്യാസ്ഥികള്‍ ആഭരണമാക്കി ധരിക്കുന്നവര്‍ , നഗ്നരായി നടക്കുന്നവര്‍. അഘോരികളെ കുറിച്ച് വായിച്ചിട്ടുള്ളത് അങ്ങനെയൊക്കെയാണ്. യൂ ട്യൂബില്‍ അഘോരികളെ കുറിച്ചുള്ള ദൃശ്യങ്ങളും അങ്ങനൊക്കെയാണ്.അത് കണ്ട ദിവസം എനിക്കുറങ്ങാനായില്ല. ശവം മുറിച്ചെടുത്ത് ഭക്ഷിക്കുന്ന അഘോരി ബാബമാരുടെ ദൃശ്യങ്ങള്‍ വല്ലാതെ അസ്വസ്ഥപ്പെടുത്തി .

ജീവിതത്തെ ഭേദഭാവങ്ങളില്ലാതെ സ്വീകരിക്കുക എന്നതാണ് അഘോരികളുടെ രീതി. നന്മ,തിന്മ വ്യത്യാസങ്ങള്‍ക്കപ്പുറം സൃഷ്ടിയ്ക്കപ്പെട്ടതെല്ലാം ഉള്‍ക്കൊള്ളുന്നവര്‍. ഒന്നും തന്നെ നിന്ദ്.മോ നിഷിദ്ധമോ ആണെന്ന് കരുതാത്തവര്‍..അഘോരിമാര്‍ മനുഷ്യമാംസം പാചകം ചെയ്യുന്നതിനെ കുറിച്ച് സ്വാമി രാമ '' ലിവിംഗ് വിത്ത് ഹിമാലയന്‍ മാസ്‌റ്റേഴ്‌സ് '' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.ഒരിക്കല്‍ ഒരു അഘോരിബാബയെ കുറിച്ച് മോശമായി പറഞ്ഞ ഒരു പണ്ഢിറ്റിനെ കൊണ്ട് മനുഷ്യമാംസം മുറിച്ചെടുപ്പിച്ച് പാചകം ചെയ്യിച്ചതും പാചകശേഷം പാത്രത്തില്‍ നിന്ന് രസഗുളകള്‍ എടുത്തു കൊടുത്തതും സ്വാമി രാമ എഴുതിയത് ഞെട്ടലോടെയാണ് വായിച്ചത്.

അഘോരിമാര്‍ കാശിയില്‍ കണ്ട സന്യാസിയെ പോലെയും ആകാമെന്ന് മനസ്സിലായത് പിന്നീടാണ്. റോബര്‍ട്ട് ഇ സ്വബോദ യുടെ ''അഘോരി ,അറ്റ് ദി ലെഫ്റ്റ് ഹാന്റ് ഓഫ് ഗോഡ് '' എന്ന പുസ്തകത്തിലൂടെ സ്വാമി വിമലാനന്ദ യെ അറിഞ്ഞപ്പോള്‍.അഘോരികള്‍ ആവുന്നത് മനസ്സിന്റെ ഒരു ഭാവം ആണെന്നും പുറം ധാടികള്‍ വേണമെന്നില്ലെന്നും ജീവിതത്തിന്റെ സ്വാഭാവികമായ പ്രതിഫലനം മാത്രമാണ് അഘോരാവസ്ഥയെന്നും അത് ആന്തരികഭാവം മാത്രമാണെന്നും സ്വാമി വിമലാനനന്ദ പറയുന്നുണ്ട്.ബാഹ്യമായ യാതൊരു വേഷഭൂഷാദികളുമില്ലാതെയും അഘോരിയാകാമെന്ന് മുംബയില്‍ ഫ്ലാറ്റില്‍ ജീവിച്ച് കൊണ്ട് അദ്ദേഹം തെളിയിക്കുകയായിരുന്നു. DEEPER THAN DEEP എന്നാണ് ആ അവസ്ഥയെ അദ്ദേഹം വിവരിച്ചത്.

ഗംഗയിലെ സൂര്യാസ്തമയം കാണാന്‍ മഴക്കാലത്ത് ശവസംസ്‌കാരം നടത്തുവാന്‍ വേണ്ടി കെട്ടിയിട്ടിട്ടുള്ള കെട്ടിടത്തിന്റെ ടെറസിനു മുകളില്‍ നില്‍ക്കുമ്പോള്‍ നിരവധി ശവങ്ങള്‍ മോക്ഷം തേടി കത്തിപ്പടര്‍ന്നു കൊണ്ടിരുന്നു. ചുറ്റുമുള്ള തീയും പുകയും മണവും കടന്നു പോകുന്ന അനുഭവത്തിന്റെ അസാധാരണത്വവും എനിക്ക് തലകറക്കമുണ്ടാക്കി..എത്രയും വേഗം താഴേക്കിറങ്ങണമെന്ന് ഞാന്‍ ആലോചിക്കുമ്പോഴും സ്വാമി സംവിദാനന്ദ് പറഞ്ഞു

''ഇവിടെയും സ്ത്രീകള്‍ വരുന്നത് അപൂര്‍വ്വമാണ്.''

ഗംഗയിലേക്ക് സന്ധ്യ ചാഞ്ഞിറങ്ങുന്ന മോഹനകാഴ്ച തൊട്ടപ്പുറത്ത് അരങ്ങേറുന്നുണ്ടായിരുന്നു, മണികര്‍ണികയിലെ ചിതകളിലെ സ്വര്‍ണ്ണവെളിച്ചത്തേക്കാള്‍ തിളക്കം ആകാശത്തിനുണ്ടായിരുന്നു.എന്നിട്ടും ഞാന്‍ മോഹിതയായത്, കാശിയില്‍ മരണമെന്ന മഹാസത്യത്തിന്റെ പൊരുള്‍ നിവരുന്നത് എത്ര ലളിതമായും അനായാസമായുമാണ് എന്ന അറിവിലായിരുന്നു.


binakanair@gmail.com