ചുവടുകള്‍
അദ്ധ്യായം -2പ്രശസ്ത എഴുത്തുകാരി കെ.എ ബീനയുടെ യാത്രാക്കുറിപ്പുകള്‍ തുടരുന്നു. ആത്മാര്‍ത്ഥ സുഹൃത്ത് ആന്‍സിയുമൊത്ത് കാശിയിലേക്കൊരു യാത്ര.

പ്രീഡിഗ്രി ക്ലാസ്സില്‍ ചേര്‍ന്ന ദിവസം ഞാനൊരുപാട് കരഞ്ഞു. ടീച്ചര്‍മാര് പഠിപ്പിക്കുന്നതൊക്കെ ഇംഗ്ലീഷില്‍. കുട്ടികള്‍ തമ്മിലും ടീച്ചര്‍മാരോടും സംസാരിക്കുന്നത് ഇംഗ്ലീഷില്‍ . മലയാളം മീഡിയത്തില്‍ പഠിച്ചു വന്ന എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.

ഇതിനിടയില്‍ ''മെറ്റോ കോണ്‍ട്രിയ''യെക്കുറിച്ച് ഒരു ടീച്ചര്‍ എന്നോട് ചോദ്യം ചോദിച്ചു. ചോദിച്ചത് ഇംഗ്ലീഷില്‍ . മറുപടി എന്ത് ഭാഷയില്‍ പറയും. ഒന്നും പറയാതെ നിന്നപ്പോള്‍ കിട്ടി ഇംഗ്ലീഷില്‍ ശകാരം. നിറഞ്ഞ കണ്ണുകളോടെ ഒക്കെ ഏറ്റുവാങ്ങി. ക്ലാസ്സ് വിട്ട് പുറത്തിറങ്ങുമ്പോള്‍ തീരുമാനിച്ചു. പഠിത്തം നിര്‍ത്താം.

മരച്ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന് ബാഗ് തുറന്ന് ചോറ് പാത്രം എടുത്തുവച്ചു. കണ്ണ് നിറഞ്ഞൊഴുകുന്നു.

''എന്തിനാ കരയുന്നത്?''

ഒരു സ്റ്റൈലന്‍ പെണ്‍കുട്ടി മലയാളത്തില്‍ ചോദിക്കുന്നു. മിഡിയും ടോപ്പുമൊക്കെയിട്ട് നീണ്ട മുടി പോണിടെയില്‍ കെട്ടി ഒരു സുന്ദരി.

''എനിക്ക് ഇംഗ്ലീഷ് പറയാനറിയില്ല.''

''എനിക്കും അറിയില്ല. ഞാന്‍ തൊടുപുഴയിലെ നാട്ടിന്‍പുറത്തെ സ്‌കൂളിലാ പഠിച്ചത്.''

''അപ്പോള്‍ നമുക്ക് കൂട്ടുകൂടാം.''ആന്‍സി ജോണ്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതങ്ങനെയാണ്. പ്രീഡിഗ്രി കഴിഞ്ഞ് അലഹബാദില്‍ പോയി ആന്‍സി അഗ്രിക്കള്‍ച്ചര്‍ പഠിച്ചു. തിരിച്ചു വന്നപ്പോള്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസറായി ജോലിയും കിട്ടി. ഇടയ്ക്കിടെ തൊടുപുഴയില്‍ നിന്ന് തിരുവനന്തപുരത്ത് വരും. ഔദേ്യാഗികാവശ്യങ്ങള്‍ക്ക് മാത്രമല്ല, എന്നെക്കാണാനും, വര്‍ത്തമാനം പറയാനും കൂടിയാണ് വരവ്. അങ്ങനെ കടന്നു പോയത് മൂന്നു ദശാബ്ദങ്ങള്‍ .

ഒരു വരവില്‍ വര്‍ത്തമാനം പറഞ്ഞിരിക്കെ ഞങ്ങള്‍ ഒരുമിച്ചൊരേ കാര്യം പറഞ്ഞു:

''കാശിയിലൊന്ന് പോകണം.''

''അലഹബാദില്‍ പഠിക്കുമ്പോഴേ ഉള്ള ആഗ്രഹമാണ്.'' ആന്‍സി പറഞ്ഞു.

''എനിക്ക് കുറേ നാളായി തോന്നുന്നുണ്ട് കാശി കാണാന്‍.''

എങ്ങനെ പോവും?

അലഹബാദ് വരെ പോകാന്‍ ആന്‍സിക്ക് അറിയാം. പിന്നീട് കുറച്ചേയുള്ളൂ ദൂരമെന്ന് കേട്ടിട്ടുണ്ട്.

കാശിയുടെ ചിത്രങ്ങള്‍ നിറഞ്ഞ മനസ്സോടെയായിരുന്നു പിന്നീട് ഒരാഴ്ച ജീവിച്ചത്. അന്ന് ഞാന്‍ ആകാശവാണിയില്‍ ന്യൂസ് എഡിറ്ററാണ്. ഒരു ദിവസം വൈകിട്ട് വാര്‍ത്ത തയ്യാറാക്കുന്ന തിരക്കിലിരിക്കുമ്പോള്‍ വാര്‍ത്താവായനക്കാരന്‍ വേണു കാശിയ്ക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനെക്കുറിച്ചും ചെറിയ കുട്ടിയുള്ളതിനാല്‍ പോകാനാവാത്തതിനെക്കുറിച്ചും സങ്കടം പറഞ്ഞു. ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ പോകുന്നുവെന്നും.

ഐ.ആര്‍ .സി .ടി.സി.യുടെ 'വില്ലേജ് ഓണ്‍ വീല്‍സ്' യാത്രാപരിപാടിയെക്കുറിച്ച് അങ്ങനെയാണ് അറിഞ്ഞത്.

ഞാനുടന്‍ ആന്‍സിയെ വിളിച്ചു. കഷ്ടിച്ച് 5 ദിവസമേ ഉള്ളൂ യാത്രയ്ക്ക്, ആന്‍സി പറഞ്ഞു: ''പോകാം''

അടുത്ത മണിക്കൂറില്‍ യാത്രാപരിപാടി തീരുമാനിക്കപ്പെട്ടു. വേണു എടുത്ത രണ്ട് ടിക്കറ്റുകള്‍ വാങ്ങി ഞങ്ങള്‍ യാത്ര തുടങ്ങി.ട്രെയിനിനുള്ളില്‍ കയറുമ്പോള്‍ എതിരേറ്റത് ഭക്തിഗാനസുധ. നമഃശിവായ മന്ത്രങ്ങളും ഭക്തിരസപ്രധാനമായ പാട്ടുകളും ട്രെയിന്‍ മുഴുവന്‍ സ്പീക്കറുകളിലൂടെ ഒഴുകുന്നു. സഹയാത്രികരെ പരിചയപ്പെടാനായി ഞങ്ങള്‍ ട്രെയിനില്‍ അങ്ങേയറ്റം ഇങ്ങേയറ്റം നടന്നു. എല്ലാവരും തീര്‍ത്ഥയാത്രയുടെ മൂഡിലാണ്, കാശിയില്‍ ബലിയിടണം, അലഹബാദില്‍ ത്രിവേണി സംഗമത്തില്‍ മുങ്ങണം. ഗയയില്‍ വിഷ്ണുപാദ സമര്‍പ്പണം.

ആന്‍സിയുടെ മുഖത്ത് സംഭ്രമം.

''എടോ, ഇതൊരു ഹിന്ദു തീര്‍ത്ഥയാത്രാ പരിപാടിയാണ്. എന്റെ കാര്യം കഷ്ടത്തിലാവുമോ? ക്രിസ്ത്യാനി ആയതു കൊണ്ട് എന്നെ ഇവരൊക്കെ ഒറ്റപ്പെടുത്തുമോ? അമ്പലങ്ങളില്‍ കയറ്റാതിരിക്കുമോ?''

മുമ്പത്തെക്കാള്‍ മതബോധം കൂടി വരുന്ന കാലമാണ്. ആന്‍സിയുടെ ആകുലതകള്‍ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ പറ്റില്ല. തല പുകഞ്ഞാലോചിച്ചു.

ഒടുവില്‍ ഒരു പോംവഴി തലയില്‍ കത്തി.

''താന്‍ മതം മാറണം, അതേയുള്ളൂ വഴി.''

മറ്റുള്ളവര്‍ കേള്‍ക്കാതെ ഞാന്‍ ആന്‍സിയോട് പറഞ്ഞു.

''ഓ പിന്നെ, അങ്ങനെയങ്ങ് മാറാനുള്ളതല്ലേ എന്റെ മതം. അത് പറ്റില്ല. മരിക്കുമ്പോള്‍ പള്ളിയില്‍ തന്നെ എനിക്ക് ശവമടക്ക് വേണം. അപ്പച്ചനെ അടക്കിയ സെമിത്തേരിയില്‍ തന്നെ എന്റെ ശവമടക്ക് നടത്തണം. മതം മാറാന്‍ പറ്റില്ല.''

ആന്‍സി അസന്ദിഗ്ധമായി പ്രസ്താവിച്ചു.

''തല്‍ക്കാലത്തേയ്ക്ക് മാറിയാല്‍ മതി. തിരിച്ച് വന്നിട്ട് താന്‍ തന്റെ മതത്തിലേയ്ക്ക് തിരിച്ചു പൊയ്‌ക്കോ.''

പല തരത്തില്‍ പ്രലോഭിപ്പിച്ചിട്ടും, ഭീഷണിപ്പെടുത്തിയിട്ടും അനുനയിപ്പിച്ചിട്ടും ആന്‍സി കുലുങ്ങിയില്ല.

''എന്നാല്‍ താനിവിടെ ഇറങ്ങ്. അടുത്ത ട്രെയിനില്‍ കയറി വീട്ടില്‍ പൊയ്‌ക്കോ.''

''അതു പറ്റില്ല, എനിക്ക് കാശി കാണണം.''

ആന്‍സിയുടെ പിടിവാശിയ്ക്ക് മറുപടിയായി പള്ളി, ക്രിസ്ത്യാനികള്‍ , യേശു തുടങ്ങിയവയും ഹിന്ദുമതവും തമ്മിലുള്ള ഐകരൂപ്യത്തെക്കുറിച്ചൊക്കെ ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. അവസാന കാലത്ത് യേശു കാശ്മീരില്‍ വന്നുവെന്നും അദൈ്വതം, വേദാന്തം ഒക്കെ പഠിച്ചുവെന്നും ഒക്കെ പറഞ്ഞു നോക്കി.

ഏതാണ്ട് 30 വര്‍ഷക്കാലത്തെ സൗഹൃദത്തിനിടയില്‍ ആദ്യമായാണ് ഞങ്ങളുടെ സംസാരത്തില്‍ മതം കടന്നു വരുന്നതെന്ന് പെട്ടെന്ന് ഞാനോര്‍ത്തു.

''താന്‍ മതം മാറണ്ട. നമുക്ക് മറ്റൊരു സൂത്രം ഒപ്പിക്കാം. തന്റെ പേര് മാറ്റാം.''

''പേര് മാറ്റാനോ, അതെങ്ങനെ?'' ആന്‍സി സംശയത്തോടെ ചോദിച്ചു.

''കേട്ടാല്‍ ഹിന്ദുവുമല്ല, ക്രിസ്ത്യാനിയുമല്ല എന്ന് തോന്നുന്ന പേരുകള്‍ നമുക്ക് ആലോചിക്കാം. ഒരെണ്ണം തീരുമാനിക്കാം.''

''വര്‍ഷ, ഹര്‍ഷ, ഹൃദ്യ, മയൂരി, കീര്‍ത്തി'' പേരുകള്‍ പലതും ചിന്തിച്ചു.

''ശാന്തി'' യെന്ന പേരില്‍ ഞങ്ങള്‍ സന്ധി ചെയ്തു.

''ഇന്നു മുതല്‍ താന്‍ ശാന്തിയാണ് കേട്ടോ ആന്‍സി.''

''ദാ ഇപ്പോള്‍ താന്‍ തന്നെ എന്നെ ആന്‍സീന്ന് വിളിക്കുകയല്ലേ? ആളുകള്‍ കേള്‍ക്കില്ലേ?''

''കാര്യം ശരിയാണ്, എനിക്ക് പക്ഷെ അങ്ങനെയേ വരൂ, ഇത്രേം നാള് ശീലിച്ചതല്ലേ? പിന്നെന്താ വഴി ? നമുക്ക് അനിത എന്നാക്കിയാലോ?

'അനി' യെന്ന് വിളിപ്പേര്. ഞാന്‍ അറിയാതെ ആന്‍സിയെന്ന് വിളിച്ചാലും 'അനി'യാണെന്ന് കരുതിക്കോളും.''

''അത് ബുദ്ധിയാ.''

അങ്ങനെ ആന്‍സിയുടെ പേര് മാറ്റി അനിതയാക്കി പ്രശ്‌നം പരിഹരിച്ച് യാത്ര തുടരുകയാണ്.

ആന്‍സിയെ കാണാന്‍ ഒരു പട്ടത്തി ലുക്ക് ഉള്ളതു കൊണ്ട് ആ വഴിയും രക്ഷപ്പെടും.ആന്‍സിക്ക് മൊത്തത്തില്‍ കാര്യങ്ങള്‍ ബോധിച്ചു. സമാധാനത്തോടെ യാത്ര ചെയ്യാമല്ലോ. എറണാകുളത്ത് വണ്ടിയെത്തുന്നതു വരെ മതം മാറ്റം, പേര് മാറ്റം തുടങ്ങിയ സംഘര്‍ഷങ്ങളില്‍പ്പെട്ടതിനാല്‍ സമയം പോയതറിഞ്ഞില്ല.

അവിടുന്നങ്ങോട്ട് കോഴിക്കോട് വരെ അച്ഛന്റെ രോഗവിവരം കാരണം മറ്റൊന്നും ചിന്തിക്കാനും കഴിഞ്ഞില്ല. കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോള്‍ ഞങ്ങളുടെ കമ്പാര്‍ട്ടുമെന്റില്‍ ഒഴിഞ്ഞു കിടന്നിരുന്നിടത്തെല്ലാം യാത്രക്കാരെത്തി. കൂടെ ഞങ്ങളുടെ ബോഗിയുടെ മാനേജറും.

മാനേജര്‍ ഓരോരുത്തരുടെ പേര് വിളിച്ച് ടിക്കറ്റുകള്‍ നല്‍കുകയാണ്.

ആന്റണി, തോമസ്, ജോര്‍ജ്ജ്, ആന്റണി ഐസക്ക്.

ഞാനും ആന്‍സിയും പെട്ടെന്ന് അനേ്യാന്യം നോക്കി, കണ്ണുകളില്‍ ചിരി വിരിഞ്ഞു.

ചുറ്റും അഹിന്ദു പ്രളയം.

ഞാന്‍ പതുക്കെ പറഞ്ഞു:

''രക്ഷപ്പെട്ടു. തന്റെ പേര് മാറ്റണ്ട.'' ആന്‍സിക്ക് സമാധാനമായി.

കോഴിക്കോട് നിന്ന് കയറിയവര്‍ പരിചയപ്പെട്ടു. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ , റിട്ടയര്‍ ചെയ്ത സ്‌കൂളധ്യാപകരുടെ ഒരു സംഘം, വയനാട്ടുകാരാണ്. അമ്പലങ്ങളും പള്ളികളും തമ്മില്‍ വലിയ അന്തരമൊന്നും കാണാനാവാത്തവരുടെ തത്വചിന്തകളിലേക്ക് സംഭാഷണം നീണ്ടു.
ട്രെയിന്‍ ആന്‍സിയ്ക്ക് തീരെ ഇഷ്ടപ്പെട്ട ഒരു വാഹനമല്ല. വീട് മാറിക്കിടന്നാല്‍ ഉറക്കവും വരില്ല. എന്നിട്ടും അന്ന് ആന്‍സി നേരത്തെ ഉറങ്ങി, മതം മാറ്റത്തില്‍ നിന്നും പേര് മാറ്റത്തില്‍ നിന്നും രക്ഷപ്പെട്ട സമാധാനത്തോടെ.

binakanair@gmail.com