ചുവടുകള്‍
അദ്ധ്യായം -10

ഒരു നട്ടുച്ചയ്ക്കാണ് കാളീഘട്ടിലെത്തിയത് - തിരക്കൊഴിഞ്ഞ നേരത്ത്. കാളീഘട്ട് ബംഗാളി സാഹിത്യത്തിലൂടെ കുഞ്ഞുന്നാളിലേ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ കൊല്‍ക്കത്ത യാത്രയിലെ പ്രധാന സന്ദര്‍ശന പരിപാടികളിലൊന്നായി കാളീഘട്ടിനെ നിശ്ചയിച്ചിരുന്നു.അവിടെ എത്തുന്നതിനു മുമ്പ് തന്നെ പരസ്പരം പറഞ്ഞുറപ്പിച്ചിരുന്നു:
''ഇതൊരു തീര്‍ത്ഥാടന സന്ദര്‍ശനമല്ല. പ്രാര്‍ത്ഥനകള്‍ മനസ്സില്‍ മാത്രം. പൂജകള്‍, പൂജാരികള്‍ വേണ്ട.''
സുഹൃത്തുക്കള്‍ കാളീഘട്ടിനെ കുറിച്ച് നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ അനേ്യാന്യം ഓര്‍മ്മിപ്പിച്ചു. അമ്പലനടയില്‍ ആള്‍ത്തിരക്ക് കണ്ടില്ല. അകത്തേക്ക് നടന്നു. പെട്ടെന്ന് നാലഞ്ചുപേര് ഓടിയെത്തി, ഭവ്യതയോടെ വണങ്ങി, അകത്തേക്ക് നയിച്ചു.
''ഞങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് വന്നതല്ല. അമ്പലം കാണാന്‍ വന്നതാണ്. സഹായത്തിന് ആള് വേണ്ട.''
മുന്‍കൂര്‍ ജാമ്യമെടുത്ത് സഹായസന്നദ്ധരെ ഒഴിവാക്കാന്‍ നോക്കി.

''അതിനെന്താ കണ്ടോളൂ. ഞങ്ങള്‍ കൂടെ വരാം. എല്ലാം പറഞ്ഞുതരാം. വരൂ... വരൂ...''
''വേണ്ട ഞങ്ങള്‍ തനിയെ കണ്ടോളാം.''
''അങ്ങനെ പറയരുതേ മാഡം. നിങ്ങള്‍ ഞങ്ങളുടെ അതിഥികളല്ലേ. വരൂ, ഞങ്ങളോടൊപ്പം വരൂ. 'അമ്മ'യെ ഞങ്ങള്‍ കാട്ടിത്തരാം. ''
ഒരുപാട് പ്രാവശ്യം ഞങ്ങള്‍ എതിര്‍ത്തുനോക്കി. വിടാന്‍ കൂട്ടാക്കാതെ അവര്‍ ഞങ്ങളെ മുന്നിലും പിന്നിലുമായി നയിച്ചു.
''ഞങ്ങള്‍ക്ക് സഹായികളെ വേണ്ട. ഒറ്റ പൈസ തരാന്‍ പോകുന്നില്ല.''
ഞങ്ങള്‍ തറപ്പിച്ചു നയം വ്യക്തമാക്കി.
''വേണ്ട ഞങ്ങള്‍ക്കൊന്നും വേണ്ട. ഇത് അമ്മയ്ക്കു വേണ്ടി ചെയ്യുന്ന സേവനമാണ്. ഇത്ര ദൂരത്ത് നിന്നെത്തിയ നിങ്ങളെ സഹായിക്കുന്നതിലൂടെ അമ്മയെയാണ് ഞങ്ങള്‍ സേവിക്കുന്നത്.''
അത്രയ്ക്ക് സേവന തല്‍പ്പരരെ നിരശപ്പെടുത്തരുതല്ലോ. ഞങ്ങള്‍ വിശദമായി തന്നെ കാളീഘട്ട് കണ്ടു, കാളീമാതാവിനെ വണങ്ങി. ചിരകാലമോഹം സഫലീകൃതമായ സന്തോഷത്തോടെ മടങ്ങാനൊരുങ്ങുമ്പോള്‍ ഒരു സഹായി ഒരു പൂജാരിയെയും കൂട്ടി വന്നു. പൂജാരി പൂക്കള്‍ നിറഞ്ഞ ഒരു താലം നീട്ടി. ഞങ്ങള്‍ സംശയിച്ചു.
''നിങ്ങള്‍ക്കുവേണ്ടി നടത്തിയ പ്രതേ്യക പൂജയുടെ പ്രസാദമാണ്. അമ്മയെ സ്മരിച്ച് വാങ്ങൂ.''
സഹായി നിര്‍ബ്ബന്ധിച്ചു.

''പ്രതേ്യക പൂജയോ! ഞങ്ങള്‍ പറഞ്ഞില്ലല്ലോ.''
''വാങ്ങൂ ദീദി, സര്‍വ്വ ഐശ്വര്യങ്ങളും വരും.''
പൂജാരി താലം നീട്ടിത്തന്നെ നിന്നു. അധികനേരം അങ്ങനെ നില്‍ക്കുന്നത് മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കി. കൈനീട്ടി താലം വാങ്ങി. ദക്ഷിണയായി നൂറു രൂപയും നല്കി. പെട്ടെന്ന് ചുറ്റുപാടും ഒരു ചലനം. എന്തൊക്കെയോ ബഹളങ്ങള്‍. ഒരാള്‍ കടന്നുവന്ന് പറഞ്ഞു:
''ഇതെന്താണ് നൂറു രൂപയോ. ഇത് പ്രതേ്യക പൂജയാണ്. 5000 രൂപയാണ് ചാര്‍ജ്ജ്. അതാ ആ പൂക്കള്‍ക്കിടയില്‍ ഒരു ചുവന്ന കിഴി കണ്ടില്ലേ. അതിനുള്ളില്‍ സ്വര്‍ണ്ണനാണയവും അമ്മയുടെ പ്രസാദവുമാണ്. ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം വരും. 5000 രൂപ നല്‍കൂ.'' ഞെട്ടിത്തരിച്ച് ഞങ്ങള്‍ അനേ്യാന്യം നോക്കി.
''5000 രൂപയോ? പ്രതേ്യക പൂജ ചെയ്യാന്‍ ഞങ്ങള്‍ പറഞ്ഞില്ലല്ലോ. വെറുതെ കാണാന്‍ വന്നതാണെന്ന് ആദ്യമേ പറഞ്ഞതല്ലേ.''
ഞങ്ങളുടെ മറുപടി അവരെ കൂടുതല്‍ ചൊടിപ്പിച്ചതേയുള്ളൂ. എന്തോ വലിയൊരു തട്ടിപ്പ് നടത്തിയതു പോലെ അവര്‍ ഞങ്ങളെ കൈകാര്യം ചെയ്യാനൊരുങ്ങി. ചുറ്റുപാടുമുയരുന്ന കോലാഹലങ്ങള്‍ക്കിടയില്‍ എന്ത് സംഭവിക്കുമെന്നറിയാതെ ഭയന്ന നിമിഷങ്ങള്‍. വാക്കേറ്റം തുടര്‍ന്നപ്പോള്‍ അകത്തുനിന്ന് ഒരു പൂജാരി വന്നു. ഇരുഭാഗത്തിന്റെയും ന്യായങ്ങള്‍ കേട്ടു. എന്നിട്ട് ഞങ്ങളോട് പറഞ്ഞു:
''അവര്‍ പറയുന്നത് ന്യായമാണ്. പ്രതേ്യക പൂജയ്ക്ക് 5000 രൂപയാണ് ചാര്‍ജ്ജ്. പക്ഷെ നിങ്ങള്‍ ഇത്രയും ദൂരത്ത്നിന്ന് വരുന്നവരല്ലേ. കൈയില്‍ എത്ര രൂപയുണ്ട്.''
''800 രൂപ.''
''എന്നാലത് നല്കി പൊയ്ക്കോളൂ.''
മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ 800 രൂപ നല്കി മടങ്ങിയെന്ന് പറഞ്ഞാല്‍ കഥ തീര്‍ന്നു.
അമ്പലങ്ങള്‍ ചൂഷണകേന്ദ്രങ്ങളാവുന്നത് ആദ്യാനുഭവമല്ല.കേരളം വിട്ടു കഴിഞ്ഞാല്‍ ചെരിപ്പും തുണിയും പോലെ ഭക്തിയും തെരുവു കച്ചവടമാകുന്നു പലയിടത്തും.
ഗുവാഹത്തിയിലെ കാമാഖ്യക്ഷേത്രം ഇന്ത്യയിലെ ശക്തിപീഠങ്ങളിലൊന്നാണ്. ദക്ഷയാഗത്തില്‍ ശിവനെ ക്ഷണിക്കാത്തതില്‍ മനം നൊന്ത് സതീദേവി ജീവത്യാഗം ചെയ്തത്, ആ ശരീരം ചുമലിലേന്തി ശിവന് വിശ്വമാകെ നാശംവിതച്ച് നടന്നത്, മഹാവിഷ്ണു സുദര്‍ശന ചക്രം കൊണ്ട് സതീദേവിയുടെ ശരീരത്തെ 51 കഷ്ണങ്ങളാക്കിയത്, ആ കഷ്ണങ്ങള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണത്, വീണ സ്ഥലങ്ങളൊക്കെ ശക്തിപീഠങ്ങളായി മാറിയത് - ഇതൊക്കെയാണ് പുരാണം. കാമാഖ്യ ക്ഷേത്രത്തിലാണത്രെ സതീദേവിയുടെ യോനീഭാഗം പതിച്ചത് - അതിനാല്‍ പ്രധാനപ്പെട്ട ഒരു ശക്തിപീഠമായി ഇത് അറിയപ്പെടുന്നു.

ദക്ഷിണേന്ത്യയില്‍ നിന്ന് ചെല്ലുന്നവര്‍ക്ക് കാമാഖ്യ ആദ്യമുണ്ടാക്കുന്നത് അമ്പരപ്പാണ്. മലമുകളിലെ അമ്പലത്തിലേക്കുള്ള വെള്ള മാര്‍ബിള്‍ പാകിയ വഴിനീളെ ഇറ്റിറ്റു വീണ രക്തത്തുള്ളികള്‍. ഭക്തന്മാരുടെ കൈയില്‍ പക്ഷിമൃഗാദികള്‍. അമ്പലമുറ്റത്ത് വില്‍പ്പനയ്ക്ക് ആടുകളും കോഴികളും. എങ്ങും പറന്നുനടക്കുന്ന പ്രാവിന്കൂട്ടങ്ങള് (അവയുടെ കഴുത്തില്‍ ചുവന്ന കുങ്കുമം പുരട്ടിയിട്ടുണ്ട്). പിന്നെ ബലിത്തറ, ബലി നല്കപ്പെടുന്ന മൃഗങ്ങള്‍, പക്ഷികള്‍ അവയുടെ ദീനരോദനങ്ങള്‍, ശവശരീരങ്ങള്‍, രക്തം വാര്ന്നുവീഴുന്ന ആടുകളെ തോളിലിട്ട് നടക്കുന്ന പൂജാരിമാര്‍. ആരും അമ്പരപ്പിലാകുന്ന കാഴ്ചകള്‍. നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന അമ്പലത്തിനുള്ളില്‍ ദര്ശനത്തിനെത്താന് മണിക്കൂറുകളുടെ ക്യൂ സ്ഥിരമാണ്. ഭൂഗര്ഭത്തിലേക്കെന്ന പോലെയാണ് ദേവിപ്രതിഷ്ഠ തൊഴാനിറങ്ങിച്ചെല്ലേണ്ടത്. ഇഹജന്മ - പൂര്വ്വജന്മ ദോഷങ്ങള്ക്കറുതി വരുത്തുന്ന മഹാശക്തിയാണ് കാമാഖ്യ ദേവിയെന്നാണ് വിശ്വാസം.
പടികളിറങ്ങി ചെല്ലുമ്പോള്‍ ഒരു പീഠത്തില്‍ ദേവീപ്രതിഷ്ഠ കാണാം. അതിനടുത്ത് യോനിയുടെ ആകൃതിയിലുള്ള ഒരു പാറയിടുക്കിലൂടെ വരുന്ന വെള്ളം തൊട്ട് വന്ദിച്ച്, പീഠത്തില്‍ പ്രതിഷ്ഠിതയായ ദേവിയെ നമിച്ച്, അമ്മയുടെ അപാരമായ ശക്തിസ്രോതസ്സു വാങ്ങി, 50 രൂപ ദക്ഷിണ നല്‍കാനുള്ള തട്ടത്തിലിട്ട് ഞാനെണീറ്റു. പെട്ടെന്ന് അവിടെയിരുന്ന ഒരു പൂജാരി എന്നെ തട്ടിവിളിച്ചു:

മുന്നില്‍ പോയവര്‍ നല്കിയ 500-ന്റെയും 1000-ത്തിന്റെയും നോട്ടുകള്‍ കാട്ടി പൂജാരി പറഞ്ഞു. പൂജാരി പിന്നെയും എന്തൊക്കെയോ പറഞ്ഞു. എനിക്ക് മനസ്സിലായത് ഇത്രമാത്രം.
''വലിയ വലിയ നോട്ടുകള്‍ നല്‍കിയില്ലെങ്കില്‍ അമ്മ കോപിക്കും.''
എന്റെ അമ്മ, എന്റെ ദേവി - നോട്ടുകളുടെ വലുപ്പത്തില്‍ പ്രസാദിക്കുന്നവള് അല്ല എന്ന് പറയണമെന്ന് തോന്നി. അത്രയും പറഞ്ഞൊപ്പിക്കാനുള്ള ഹിന്ദി പ്രാവീണ്യമോ അസമീസ് പരിജ്ഞാനമോ ഇല്ലാത്തതിനാല്‍ ഒന്നും പറഞ്ഞില്ല.
ഒറീസയിലെ പുരിയിലും മറിച്ചല്ല അനുഭവം. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പാണ്ഢകള് പിടിച്ചു പറിക്കാര്ക്കു തുല്യമാണെന്ന് തോന്നി. ഭക്തരെ ഭയപ്പെടുത്തി പണം വാങ്ങുവാനാണ് ശ്രമം. നിര്‍ബന്ധിച്ച് നേടിയെടുക്കാന്‍ കഴിയാത്ത നിരവധി കാര്യങ്ങളിലൊന്നാണ് ഭക്തിയെന്ന് തിരിച്ചറിയാതെ സാര്ത്ഥമോഹികള് ആരാധനാലയങ്ങളെ തട്ടിപ്പു കേന്ദ്രങ്ങളാക്കിക്കൊണ്ടിരിക്കുന്നു.
binakanair@gmail.com