ചുവടുകള്‍
അദ്ധ്യായം -5

അര്‍ദ്ധരാത്രിയാണ് തീവണ്ടി കാശിയിലെത്തിയത്. രാത്രിതാമസം ഡോര്‍മിറ്ററികളിലും ഹോട്ടലുകളിലുമാണ ഏര്‍പ്പെടുത്തിയിരിക്കുന്നത്.. സ്റ്റേഷനു മുന്നില്‍ ഓരോ ബോഗിക്കാര്‍ക്കും കയറാനുള്ള ബസ്സുകള്‍ നിരന്നു കിടന്നു. ''എഫ്'' ബസിലേക്കാണ് ഞങ്ങളുടെ ബോഗിയിലുള്ളവരുടെ പേര് വിളിച്ചത്. പാതിരാത്രി കാശിയുടെ വഴികളിലൂടെ ബസ് പായുമ്പോള്‍ മനസ് 'വാരാണസി' യിലായിരുന്നു, എം.ടി.യുടെ 'വാരാണസി' യില്‍. ആ നോവലിലൂടെ അറിഞ്ഞ കാശിയില്‍.

ബസ് പായുന്നത് വീതി കുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ വഴികളിലൂടെയാണ്. വഴിയുടെ ഇരുവശവും രണ്ടും മൂന്നും നിലകളുള്ള പഴയ കെട്ടിടങ്ങളും പാണ്ടികശാലകളും, വീടുകളും ലോഡ്ജുകളും ഇടുങ്ങിയ ഗലികളിലേക്ക് തുറക്കുന്നു. മാലിന്യക്കൂമ്പാരം, പശുക്കള്‍, എരുമകള്‍, വിസര്‍ജ്ജ്യങ്ങള്‍.

കര്‍ണ്ണാടകക്കാരുടെ ജംഗന്‍പാടി മഠത്തിലെ ഡോര്‍മിറ്ററിയില്‍ പാതിരാത്രി ഉറക്കത്തിലേക്ക് വീഴുമ്പോള്‍ ഉള്ളില്‍ നിറഞ്ഞത് മടുപ്പായിരുന്നു.
പുലര്‍ച്ചെ എല്ലാവരുടെ തിരക്കിലായിരുന്നു. കുളിച്ചൊരുങ്ങുന്ന തിരക്കുകള്‍. ഗംഗാതീരത്തേക്ക് നടക്കുമ്പോള്‍ 'വാരാണസി' യിലെ വരികള്‍ മനസ്സില്‍ ഉരുണ്ടുകളിച്ചു.''കാലഭൈരവന്റെ നിശ്ചയമാണ്, ആരൊക്കെ വരണം, ആരൊക്കെ സ്ഥലം വിടണം എന്ന് നിശ്ചയിക്കുന്നത് നഗരത്തിന്റെ കൊത്ത്‌വാളായ കാലഭൈരവനാണ്. യമനും ചിത്രഗുപ്തനും ഇവിടെ അധികാരമില്ല. കണക്കുവെയ്ക്കുന്നത് ഭൈരോനാഥനാണ്. എല്ലാ ശിക്ഷകളും ചേര്‍ത്ത് അല്‍പ്പസമയം കൊണ്ട് കൊടുംയാതന നല്‍കിക്കഴിയുമ്പോള്‍ ശിവന്‍ അരികിലെത്തുന്നു. വലത്തെ ചെവിയില്‍ താരകമന്ത്രമോതുന്നു. പിന്നെ യാത്ര ക്ലേശകരമല്ല, പുനര്‍ജന്മമില്ല. സംസാരദു:ഖങ്ങളില്‍ നിന്നാകെ മോചനം.''

മാര്‍ക്ട്വയിനെയും ഓര്‍ത്തു.

''ബനാറസിന് ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്. പാരമ്പര്യത്തെക്കാള്‍ പഴക്കമുണ്ട്. ഒരുപക്ഷേ, ഐതിഹ്യങ്ങളെക്കാളും പഴക്കമുണ്ടാവും. ഇവയെല്ലാം ചേര്‍ത്തുവച്ചാലും അതിനെക്കാളിരട്ടി പഴക്കമുണ്ടാവും.''

കാശിയെന്ന വാരാണസി - രുദ്രവാസ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശിവന്റെ നഗരം. ഗംഗാതീരത്ത് ചന്ദ്രക്കല പോലെ കാശി വളഞ്ഞു കിടക്കുന്നു.

ആകാശം സ്വര്‍ണ്ണനിറത്തിലാണ്, ഇടയ്ക്ക് ഓറഞ്ച് നിറം പടരുന്നുണ്ട്. മേഘങ്ങളെ വകഞ്ഞുമാറ്റി പ്രകാശത്തിന്റെ വെള്ളിച്ചീളുകള്‍ തിടുക്കപ്പെട്ട് വരുന്നുണ്ട്.

കനകവര്‍ണ്ണം കോരിച്ചൊഴിക്കുന്ന പുലരിസൂര്യന്റെ തുടുപ്പില്‍ തിളങ്ങുന്ന ഓളങ്ങളോടെ ഗംഗ. തീരത്ത് കത്തുന്ന ചിതകളില്‍ നിന്നയരുന്ന തീനാളങ്ങള്‍ക്കും സ്വര്‍ണ്ണം തന്നെ നിറം.

തീനാളങ്ങള്‍ ഗംഗയില്‍ പ്രതിഫലിച്ചും ഗംഗ തിളങ്ങുന്നു.ഗംഗയെക്കുറിച്ചുള്ള ആദ്യ ഓര്‍മ്മ ആ കഥ തന്നെയാണ്.

പ്രസവിച്ച മക്കളെയെല്ലാം നദിയിലെറിഞ്ഞ അമ്മയുടെ കഥ; ഇക്ഷ്വാകു വംശത്തിലെ കേളികേട്ട ശന്തനു രാജാവിന് സുന്ദരിയായ ഗംഗാദേവിയില്‍ ഭ്രമം തോന്നിയപ്പോള്‍ ദേവി ആവശ്യപ്പെട്ടത് ഒരു വരം മാത്രം:

''എന്റെ ഇഷ്ടത്തിന് എതിരായി ഒന്നും പറയില്ലെന്ന് വാക്കു തന്നാല്‍ ഞാന്‍ കൂടെ വരാം.'' സന്തോഷത്തോടെ രാജാവ് സമ്മതിച്ചു. ഓരോ വര്‍ഷവും രാജ്ഞി പ്രസവിച്ചു. ഏഴു കുഞ്ഞുങ്ങളെയും ഗംഗയിലെറിഞ്ഞ രാജ്ഞിയോട് എട്ടാമത്തെ കുഞ്ഞിനെ എറിയരുതെന്ന് രാജാവ് കല്‍പ്പിച്ചുപറഞ്ഞു:

''ദുഷ്ടേ, നീ എന്തിനാണ് മക്കളെ കൊല്ലുന്നത്?''

ആ നിമിഷം രാജ്ഞി പറഞ്ഞു:

''രാജാവ് ശപഥം ലംഘിച്ചു. ഞാന്‍ പോകുന്നു.''

കണ്ണീരില്‍ കുതിര്‍ന്ന് രാജാവ് ചോദിച്ചു:

''ആരാണ് നീ?''

''ഞാന്‍ ഗംഗാദേവി. പണ്ട് വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമപശുവായ നന്ദിനിയെ അഷ്ടവസുക്കള്‍ അപഹരിച്ചുകൊണ്ടുപോയി. കുപിതനായ മഹര്‍ഷി അവര്‍ മനുഷ്യയോനിയില്‍ പിറക്കട്ടെ എന്ന് ശപിച്ചു. ദു:ഖിതരായ വസുക്കള്‍ എന്നെ അഭയം പ്രാപിച്ച് അവരുടെ അമ്മയാവണമെന്ന് അപേക്ഷിച്ചു. അങ്ങനെയാണ് ഞാന്‍ മനുഷ്യസ്ത്രീയായത്. ജനിച്ചയുടന്‍ കുഞ്ഞുങ്ങളെ ഞാന്‍ ഗംഗയിലൊഴുക്കിയത് അവര്‍ക്ക് ഉടന്‍ തന്നെ ശാപമോക്ഷവും പൂര്‍വ്വരൂപവും കിട്ടാന്‍ വേണ്ടിയായിരുന്നു.''കഥകളുടേതാണ് കാശി. ഋഗേ്വദം, സ്‌കന്ദപുരാണം, മഹാഭാരതം, രാമായണം - കാശിയെക്കുറിച്ച് പറയാത്ത പുരാണങ്ങളില്ല!
ബി.സി. ആറാം നൂറ്റാണ്ടില്‍ത്തന്നെ കാശി നിലനിന്നിരുന്നുവെന്ന് ചരിത്രം. ബുദ്ധകാലഘട്ടം മുതലേ കാശിക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനമുണ്ടായിരുന്നുവെന്നും പഴയ രേഖകള്‍.

ഏഥന്‍സ്, ജെറുസലേം, പീക്കിംഗ് (ഇന്നത്തെ ബെയ്ജിംഗ്) എന്നിവയെപ്പോലെ പുരാതനമാണ് കാശിയെന്ന് 'ബനാറസ്, സിറ്റി ഓഫ് ലൈറ്റ്' എന്ന പുസ്തകത്തില്‍ ഡയാനാ. എല്‍. എക്ക് (ഉശമിമ. ഘ. ഋരസ) എഴുതിയിട്ടുണ്ട്. മറ്റ് നഗരങ്ങളില്‍ കാലത്തിനനുസരിച്ച് സംസ്‌ക്കാരം മാറിയെങ്കില്‍ കാശി ഇപ്പോഴും ആറാം നൂറ്റാണ്ട് മുതലുള്ള അതിന്റെ സംസ്‌കൃതി കൈവിടുന്നില്ല എന്ന വ്യത്യാസം മാത്രം.

കാശിയുടെ പൗരാണികത ചരിത്രത്തില്‍ മാത്രമല്ല, അവിടത്തെ കെട്ടിടങ്ങളിലുമുണ്ട്. കല്ലുകൊണ്ട് നിര്‍മ്മിച്ച പഴയകാല ക്ഷേത്രങ്ങള്‍ നല്‍കുന്ന പൗരാണികഭാവത്തോടൊപ്പം ഏറ്റവും പുതിയ രീതിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നല്‍കുന്ന ആധുനിക മുഖവും കാശിക്കുണ്ട്. ചന്ദ്രക്കല പോലെ വളഞ്ഞൊഴുകുകയാണ് ഗംഗ. തീരത്ത് തട്ടുകളായി സ്‌നാനഘട്ടങ്ങള്‍. നിരന്ന് കിടക്കുന്ന ക്ഷേത്രങ്ങള്‍, ഉയര്‍ന്ന് നില്‍ക്കുന്ന ക്ഷേത്രഗോപുരങ്ങള്‍. ഗംഗയിലെ അലകള്‍ക്കൊപ്പമൊഴുകുന്ന അസംഖ്യം വഞ്ചികള്‍, തീരത്ത് നിരന്തരം കത്തുന്ന ചിതകള്‍.
വിശ്വാസങ്ങള്‍ ഒരിക്കലും കാശിയെ വിട്ടുപോകുന്നില്ല. ഇവിടെ ജനിച്ചാലും മരിച്ചാലും പുണ്യമെന്ന്, സകലപാപങ്ങളും പോക്കാന്‍ ഗംഗയില്‍ മുങ്ങിയാല്‍ മതിയെന്ന്.ഗോമുഖില്‍ നിന്നുത്ഭവിക്കുന്ന ഗംഗ വടക്ക് നിന്ന് തെക്കോട്ടാണ് ഒഴുകുന്നത്. എന്നാല്‍ കാശിയിലെത്തുമ്പോള്‍ ഗംഗ തിരിച്ചൊഴുകുന്നു തെക്ക് നിന്ന് വടക്കോട്ടേക്ക്!

നാലുമൈല്‍ നീളമുള്ള നദീതീരത്ത് 84 ഘാട്ടുകളുണ്ട്. ഇവയിലേറെയും പണികഴിപ്പിച്ചിരിക്കുന്നത് ബിസിനസ്സുകാരും ചാരിറ്റബിള്‍ ട്രസ്റ്റുകാരുമൊക്കെയാണ്.

അസി, ദശാശ്വമേധ്, ആദികേശവ, പഞ്ചാംഗ, മണികര്‍ണിക - പവിത്രവും പ്രസിദ്ധവുമായ ഘാട്ടുകളില്‍ കാശി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നു.

തെക്കേയറ്റത്ത് അസിഘട്ട്. ഗംഗ അസി നദിയുമായി ചേരുന്നത് ഇവിടെവെച്ചാണ്.കുറച്ചടുത്തുള്ള തുളസീഘാട്ടിലാണ് തുളസീദാസ് 'രാമചരിതമാനസം' രചിച്ചതെന്നും അവസാനകാലം ചിലവഴിച്ചതെന്നും കഥകള്‍. ഏഴാമത്തെ ജൈന തീര്‍ത്ഥങ്കരനായിരുന്ന സുപര്‍ഷവനതയുടെ ജന്മസ്ഥലമായ ബച്ചരാജഘട്ട്, 1781-ല്‍ വാറന്‍സ് ഹേസ്റ്റിംഗ്‌സുമായി സാഹസികനായ കാശിരാജാവ് യുദ്ധം ചെയ്ത ചേത്‌സിംഗ്ഘട്ട് (ഒരു കോട്ട പോലെയാണിത്), ബുദ്ധന്‍ ഗംഗാസ്‌നാനം നടത്തിയതായി പറയപ്പെടുന്ന മഹാനിര്‍വ്വാണ്‍ഘട്ട് - ഓരോ കടവും ഓരോ ചരിത്രം പേറി കാത്തുനില്‍ക്കുന്നു. തെക്കേയറ്റത്തുള്ള ഹരിശ്ചന്ദ്രഘാട്ടില്‍ സത്യസന്ധതയ്ക്ക് പുകഴ്‌കേട്ട ഹരിശ്ചന്ദ്രരാജാവ് ശ്മശാനം കാവല്‍ക്കാരനായി പണിയെടുത്തുവെന്ന് ഐതിഹ്യം.

എവിടെയും കാഴ്ചകള്‍. പനയോല കൊണ്ടുള്ള കുടകള്‍ക്ക് കീഴില്‍ പൂജാസാധനങ്ങളുമായിരുന്ന് തീര്‍ത്ഥാടകരെ മാടിവിളിക്കുന്നവര്‍, ഉച്ചത്തില്‍ മന്ത്രം ചൊല്ലുന്നവര്‍, ഒരിടത്ത് വിവാഹച്ചടങ്ങുകള്‍, മറ്റൊരിടത്ത് കത്തുന്ന ചിത, ഒരു സന്യാസി കണ്ണാടി നോക്കി സിന്ദൂരപ്പൊട്ട് തൊടുന്നു. മറ്റൊരാള്‍ പെപ്‌സി കുടിക്കുന്നു. ഇനിയുമൊരാള്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ അലറുന്നു. മറ്റുചിലര്‍ ധ്യാനിക്കുന്നു, കുറെ സ്ത്രീകള്‍ കടന്നുവന്ന് നദീതീരത്തെ സന്യാസിമാര്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കുന്നു, കാഴ്ചകള്‍ കണ്ട് നടക്കുന്ന വിനോദസഞ്ചാരികള്‍, അലസഗമനത്തിനിറങ്ങിയ പോത്തുകള്‍, പശുക്കള്‍. നീണ്ടു ജുബയുള്ള ഒരു സന്യാസി സൂര്യനെ നോക്കി കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്നു. മറ്റൊരാള്‍ അപ്പോഴും ഉറക്കത്തില്‍ത്തന്നെ. ഒരു സന്യാസി ശരീരത്തിന്റെ ഓരോ ഇഞ്ചും സോപ്പ് തേച്ച് വൃത്തിയാക്കുന്നു. ഒരു തടിയന്‍ സ്വാമി ഉണക്കാനിട്ടിരുന്ന കോണകമെടുത്തുടുക്കുന്നു, ഒരു നാണവുമില്ലാതെ.ഗംഗാസ്‌നാനത്തിറങ്ങുന്ന ഭക്തര്‍ സൃഷ്ടിക്കുന്നത് മറ്റൊരന്തരീക്ഷം. ചിലര്‍ വേഷം മാറുന്നു, കുളിക്കുന്നു, തുപ്പുന്നു, തുണി കഴുകുന്നു, ഉച്ചത്തില്‍ വര്‍ത്തമാനം പറയുന്നവരും ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നവരും. ആകെ ബഹളമയമാണ് തീരം. ഗംഗ മാലിന്യത്തിന്റെ ഭാരം പേറിയാണ് ഒഴുകുന്നത് എന്ന് പറയാതെ വയ്യ. തീരത്തേക്കടിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, അഴുകിയവയും അല്ലാത്തവയുമായ പൂജാദ്രവ്യങ്ങള്‍, അഴുക്ക് കട്ടപിടിക്കാത്ത പായലുകള്‍ - ഗംഗാ ആക്ഷന്‍ പ്ലാന്‍, സെന്‍ട്രല്‍ ഗംഗാ അതോറിറ്റി - ഒക്കെയും കടലാസില്‍ മാത്രമോ? ഗംഗയിലേക്ക് തള്ളിയിടുമെന്ന് വായിച്ച പാതിവെന്ത മൃതദേഹങ്ങള്‍. കണ്ണുകള്‍ പരതി നോക്കി. പിന്നെയും പലരെയും ചുടലക്കാരായ ഡോം വംശജര്‍ ഗംഗയ്ക്ക് നല്‍കുമെന്ന് കേട്ടിട്ടുണ്ട്. ചെറിയ കുട്ടികള്‍, സന്യാസിമാര്‍, പ്രതേ്യക രോഗം ബാധിച്ച് മരിച്ചവര്‍, ശവദാഹത്തിന് കാശില്ലാത്തവര്‍ - ഗംഗയിലെ ബോട്ട് യാത്രയില്‍ ഒരു ശവശരീരവും കൂട്ട് വന്നില്ലെങ്കിലും വിരല്‍ കൊണ്ട്‌പോലും ഗംഗയെ തൊടാന്‍ മടിച്ച് ഞാന്‍ നിന്നുപോയി.


binakanair@gmail.com