ചുവടുകള്‍
അദ്ധ്യായം -3

എല്ലാവരും തിരക്കിട്ട് നടക്കുകയായിരുന്നു. സന്ധ്യ കഴിഞ്ഞിരിക്കുന്നു. പകല്‍ മുഴുവന്‍ അലഞ്ഞു നടന്നതിന്റെ ക്ഷീണം മാറാനൊന്ന് വിശ്രമിക്കണം. റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കുട്ടി മാളു അമ്മയ്ക്ക് ആശ്വാസമായി, റാവുത്തരുടെയും ജോര്‍ജ്ജ് മാഷിന്റെയും കാര്യവും അതുതന്നെയായിരുന്നു. തീവണ്ടിയില്‍ കയറി സ്വന്തം സീറ്റിലിരുന്ന് നടുവ് നിവര്‍ത്തിയപ്പോള്‍ എന്തൊരാശ്വാസം.

''വീടെത്തിയപ്പോഴാണ് സമാധാനമായത്.''

ദാക്ഷായണിയമ്മ പറഞ്ഞത് എല്ലാവരും ശരിവച്ചു. ആ നിമിഷത്തില്‍ ഞാനും അത് തന്നെയാണ് ചിന്തിച്ചിരുന്നത്. നീണ്ട് നീണ്ട് കിടക്കുന്ന ബോഗികള്‍. ഇതിനുള്ളിലെ അഞ്ഞൂറോളം മനുഷ്യര്‍. മനുഷ്യര്‍ക്കിടയിലെ മതിലുകള്‍ എത്രപെട്ടെന്നാണ് തകര്‍ന്നു വീഴുന്നത്.

ഒറ്റയ്ക്കും ചെറുസംഘങ്ങളായും തീവണ്ടിയില്‍ കയറിയ മനസ്സുകള്‍ ഇപ്പോള്‍ ഭേദഭാവങ്ങള്‍ വിസ്മരിച്ച് ഒരുമയുടെ വഴികളുടെ ചന്തം സ്വന്തമാക്കിയിരിക്കുന്നു. തീവണ്ടിയില്‍ നിന്ന് അപരിചിതത്വത്തിന്റെ അന്തരീക്ഷം ഒഴിഞ്ഞു പോയിരിക്കുന്നു. ഈ തീവണ്ടി എത്ര പെട്ടെന്നാണൊരു വീടായത്, അതിലുമെത്ര എളുപ്പമാണ് ഒരു കുടുംബം പോലായത്.സ്പീക്കറിലൂടെ ഭക്തി പാട്ട്, അനൗണ്‍സ്‌മെന്റുകള്‍, ചീട്ട് കളി, അന്താക്ഷരി - ബഹളമയം. ഇതൊരു പുതിയ അനുഭവം. ദൂരയാത്രകളിലെ ടെന്‍ഷനില്ല!

ടോയ്‌ലറ്റ് വലിയ പ്രശ്‌നമില്ലാതെ പരിഹരിക്കപ്പെടുന്നുണ്ട്. എന്നും രാവിലെയും വൈകിട്ടും കഴുകി വൃത്തിയാക്കപ്പെടുന്നു. വെള്ളത്തെക്കുറിച്ച് മാത്രമാണ് വേവലാതി. ചിലര്‍ വിശദമായി കുളിച്ച് നനച്ച് ജീവിക്കുകയാണ്, യാത്രയാണെന്ന ചിന്തയൊക്കെ മറക്കാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം കുളിയെന്ന മട്ടില്‍. അത്തരക്കാരെ കണ്ട് പിടിച്ച് ബോധവല്‍ക്കരിച്ച് കുളിച്ചില്ലെന്കിലും ജീവിക്കാമെന്ന പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞ് ചിലര്‍. വെള്ളത്തിന്റെ ഉപയോഗം പരമാവധി നിയന്ത്രിക്കാനുള്ള ബോധവല്‍ക്കരണച്ചുമതല പലപ്പോഴും ഞാന്‍ ഏറ്റെടുത്തു. ടോയ്‌ലറ്റില്‍ കയറുമ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കുന്നതു പോലെ ഞാന്‍ സ്വയം ശാസിച്ചു.

ചില ദിവസങ്ങളില്‍ ട്രെയിന്‍ ഒന്നും രണ്ടും മണിക്കൂറുകള്‍ ചില സ്റ്റേഷനുകളില്‍ പിടിച്ചിടും. ബക്കറ്റും സോപ്പുമായി ഞാനും ആന്‍സിയും ഓടും, റെയില്‍വേ സ്റ്റേഷനിലുള്ള റിട്ടയറിംഗ് റൂമുകളിലെ കുളിമുറികളിലേക്ക്. പല സ്ഥലങ്ങളിലും മാര്‍ബിളും ടൈല്‍സുമൊക്കെ ഇട്ട് ഒന്നാന്തരം കുളിമുറികള്‍ ഉണ്ടാക്കിയിട്ടുണ്ട്, അവിടെ വിശദമായി കുളിച്ച് നനച്ച് മടങ്ങിയെത്തുമ്പോള്‍ കൂടെയുള്ളവര്‍ അസൂയയോടെ നോക്കും. ഞങ്ങളെപ്പോലെ ഓടിപ്പോയി കുളിച്ചു വരാന്‍ പലര്‍ക്കും ധൈര്യം പോരാ.

യാത്ര ആസ്വദിക്കണമെങ്കില്‍ മനസ്സ് സ്വതന്ത്രമാകണം, ധൈര്യം വേണം. വരുന്ന ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ കഴിയണം. വൃത്തിബോധങ്ങളും, വീട്ടില്‍ ജനിച്ച ശീലങ്ങളുമൊക്കെ മറക്കാന്‍ തയ്യാറാകണം. ആ സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കഴിഞ്ഞപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ പേപ്പര്‍ വിരിച്ച് കിടന്നുറങ്ങുന്നതൊന്നും പ്രശ്‌നമല്ലാതായി.നീണ്ട ഇടവേളകളില്‍ ഷണ്ടിംഗ് യാര്‍ഡില്‍ നിന്ന് എത്തുന്ന ട്രെയിനിനെ കാത്ത് കാത്ത് റെയില്‍വേ സ്റ്റേഷനുകളുടെ തറയില്‍ പേപ്പര്‍ വിരിച്ച് കാത്തിരുന്ന്, കിടന്ന് ഉറങ്ങിപ്പോയത് എത്രയോ തവണ. ചുറ്റുപാടും ബംഗാളിയും, ബീഹാറിയും, ഒറിയയുമൊക്കെയാണ് ഉയര്‍ന്നു കേള്‍ക്കുന്നത് എന്നതൊന്നും ആ നിമിഷങ്ങളില്‍ അസ്വസ്ഥതയും, ഭീതിയും ഉണ്ടാക്കിയില്ല. റെയില്‍വേ സ്റ്റേഷനുകള്‍ ഓരോ സാമ്രാജ്യം പോലെയായിരുന്നു. കാത്തിരിപ്പിനും, വിശ്രമത്തിനും, വിനോദത്തിനും, വ്യായാമത്തിനും ഒക്കെയുള്ള ഇടങ്ങള്‍.റെയില്‍വേ സ്റ്റേഷനുകളിലെ പ്ലഗ്ഗുകള്‍ തേടി മൊബൈലുകളുമായി എല്ലാവരും പാഞ്ഞു. ട്രെയിനിനുള്ളില്‍ പ്ലഗ് ബോര്‍ഡുകള്‍ ഇല്ലാഞ്ഞിട്ടല്ല. 500 പേര്‍ക്ക് ചാര്‍ജ്ജ് ചെയ്യാന്‍ ഒന്നോ രണ്ടോ പ്ലഗ്ഗുകള്‍ കൊണ്ടെന്താവാനാണ്?

ഭക്ഷണത്തെക്കുറിച്ചുള്ള ആകുലതകള്‍ ആദ്യ ദിവസം തന്നെ ഇല്ലാതായി. സാധാരണ ട്രെയിന്‍ യാത്രകളിലെ വിരസമായ അപകട സാധ്യത നിറഞ്ഞ ഭക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായി ചമ്പാവരി ചോറും സാമ്പാറും അവിയലും തോരനും രസവും മോരുമൊക്കെയായി ചൂടുള്ള ഭക്ഷണം വേണ്ടുവോളം വിളമ്പി തരികയാണ് തമിഴ് പയ്യന്മാര്‍. മൂന്നു നേരം കുശാല്‍ ഭക്ഷണം. ഒരു കാര്യം നിര്‍ബ്ബന്ധമെന്ന് ആദ്യമേ മാനേജര്‍ പറഞ്ഞു, ''ഭക്ഷണം ഞങ്ങള്‍ തരുന്നത് മാത്രം കഴിക്കുക, പുറമേ നിന്ന് ഭക്ഷണം കഴിച്ച് വയര്‍ കേടായാല്‍ യാത്ര ആസ്വദിക്കുന്നത് ബുദ്ധിമുട്ടാവും.''

വഴിക്ക് കഴിക്കാന്‍ കൊണ്ടു വന്ന ചമ്മന്തിപ്പൊടിയും അച്ചാറും ഉപ്പേരിയും മറ്റും മറ്റുമൊക്കെ ബാഗുകളില്‍ നിറഞ്ഞിരുന്നു, ട്രെയിനില്‍ നിന്ന് കിട്ടുന്ന ഭക്ഷണം കൊണ്ട് തന്നെ വയറുകള്‍ നിറഞ്ഞു പോയതിനാല്‍... ഒരു സമാധാനം കൊണ്ടുവന്നതൊക്കെ മടക്കിക്കൊണ്ട് പോകാന്‍ ബുദ്ധിമുട്ടില്ല എന്നതായിരുന്നു. താമസം മിക്കവാറും ട്രെയിനില്‍ ആയതിനാല്‍ ലഗേജ് എടുത്ത് നടക്കേണ്ട കാര്യമില്ലല്ലോ.

രാത്രി ട്രെയിനിലുറങ്ങുക, പകല്‍ കാഴ്ചകള്‍ കാണുക ഇതായിരുന്നു യാത്രാപരിപാടി. ഇടക്ക് ഒന്നോ രണ്ടോ ദിവസം മാത്രം പുറത്ത് താമസം ശരിയാക്കിയിരുന്നു. ഐ.ആര്‍.സി.ടി.സി പാക്കേജില്‍ ഡോര്‍മറ്ററി സൗകര്യമുണ്ട്. വേണമെന്നുള്ളവര്‍ക്ക് മുന്‍കൂട്ടി ഹോട്ടല്‍ മുറി ബുക്ക് ചെയ്യാം. പുറത്ത് താമസിക്കേണ്ടി വരുന്ന ദിവസങ്ങളില്‍ എന്തൊരു സങ്കമായിരുന്നു ട്രെയിനിലെ സീറ്റും ബെര്‍ത്തുമൊക്കെ വിട്ട് പോകാന്‍. പല ദിവസങ്ങളിലും യാത്രക്കാര്‍ മാനേജര്‍മാരോട് ആവശ്യപ്പെട്ടു.
''പുറത്ത് പോയി താമസിക്കണ്ട, ഇതിനുള്ളില്‍ തന്നെ കിടക്കുന്നതാണ് ഞങ്ങള്‍ക്ക് സുഖം.''മാനേജര്‍മാര്‍ക്ക് അനുവദിക്കാന്‍ തരമില്ലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ അല്ലേ കിടക്കാന്‍ പറ്റൂ. സ്റ്റേഷനില്‍ കിടക്കുന്ന ട്രെയിനില്‍ കിടക്കാന്‍ പറ്റില്ല. സത്യത്തില്‍ എനിക്ക് വല്ലാത്ത സങ്കടമായിരുന്നു. എനിക്കും ആന്‍സിക്കും സൈഡ് ബെര്‍ത്തുകളാണ് കിട്ടിയിരുന്നത്. അതൊരു സ്വകാര്യ ലോകം പോലെ ഞങ്ങള്‍ കണക്കാക്കി. കാണാനെത്തുന്നവരെ വീടിനുള്ളിലേക്ക് സ്വീകരിക്കുന്നതു പോലെ ഞങ്ങള്‍ ഇരിക്കാന്‍ പറഞ്ഞു. എപ്പോഴും അവിടം വൃത്തിയായി സൂക്ഷിച്ചു.

ട്രെയിനിനുള്ളിലെ മറ്റ് കമ്പാര്‍ട്ടുമെന്റുകളിലേക്ക് ഞങ്ങള്‍ നിരന്തരം സന്ദര്‍ശനങ്ങള്‍ നടത്തി; ഒരുപാട് പേരെ പരിചയപ്പെടാനും കൂട്ടുകൂടാനും അത്തരം സന്ദര്‍ശനങ്ങള്‍ സന്ദര്‍ഭമൊരുക്കി.

ഓരോരുത്തരും ഓരോ കഥയായി മാറുന്നത് അറിഞ്ഞു.

ഗമ വിടാതെ ബലം പിടിച്ചിരുന്നവരും ഏറെയുണ്ടായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ ''ഗര്‍വാരീസ്'' എന്ന് പേരിട്ടു. അവനവനില്‍ തന്നെ ഒതുങ്ങിക്കൂടാനും ''സ്വയം'' ബോധം നഷ്ടപ്പെടാതെ സൂക്ഷിക്കാനും പാടുപെടുന്ന അത്തരക്കാരോട് സഹതാപമാണ് തോന്നിയത്. ജീവിതയാത്രകളില്‍ കൂട്ടുകൂടാന്‍ മടിക്കുന്നവര്‍ അവരുടെ സീറ്റുകളില്‍ ബലം പിടിച്ചു തന്നെയിരുന്നു. ഞങ്ങള്‍ ട്രെയിന്‍ മുഴുവന്‍ അലഞ്ഞു നടന്നു, ചിരിച്ചും ചിരിപ്പിച്ചും യാത്രയുടെ സത്ത് മുഴുവന്‍ ഊറ്റിക്കുടിച്ചു.

യാത്ര ആസ്വദിക്കാനുള്ളതല്ലെങ്കില്‍ പിന്നെന്തിനുള്ളതാണ്?

പക്ഷേ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ദഹിക്കാന്‍ വിഷമമുള്ള ചിലര്‍ ആദ്യദിവസങ്ങളില്‍ ചില്ലറ അലോസരങ്ങളുണ്ടാക്കാന്‍ ശ്രമിക്കാതിരുന്നില്ല.
യാത്രയുടെ മൂന്നാം ദിവസമാണ്..ആന്‍സി വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം പകര്‍ന്ന് കുടിക്കാന്‍ തുടങ്ങിയിട്ട് പെട്ടന്ന് തുപ്പി.''എടോ താനിതൊന്ന് കുടിച്ചു നോക്കിക്കേ, എന്തോ ചുവയ്ക്കുന്നു.''
ഞാന്‍ പരീക്ഷിക്കാന്‍ കുടിച്ചു നോക്കി.എന്തോ ഒരു ചുവ.
''രാവിലെ കുടിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ലായിരുന്നുവല്ലോ.എന്താണിത്?''
ഞങ്ങളുടെ സംഭ്രമം കണ്ട് സഹയാത്രികര്‍ വെള്ളം കുടിച്ച് പരിശോധിച്ചു..
''എന്തോ മയക്ക് മരുന്നിന്റെ മണം.''
''അല്ല മദ്യം ചേര്‍ന്നതാണ്.''
''പാത്രം നന്നായി കഴുകാഞ്ഞിട്ടാണോ?..''
പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു.

ഞാന്‍ ആന്‍സിയെ നോക്കി. അവിടെ അമ്പരപ്പാണ്.ഞങ്ങളെ മയക്കാന്‍ വേണ്ടി ആരെന്കിലും ശ്രമിച്ചതാണോ എന്ന മട്ട്.എന്നാല്‍ ഇതു വിടാന്‍ പാടില്ലല്ലോ എന്നെനിക്ക് വാശിയായി.

ഞാന്‍ ആത്മഗതമെന്നോണം പ്രസ്താവന നടത്തി.

''ഞാന്‍ ഒരു പത്രപ്രവര്‍ത്തകയാണ്, നിരന്തരം യാത്ര ചെയ്ത് യാത്രാവിവരണം എഴുതുന്ന എഴുത്തുകാരിയാണ്. എന്നോട് കളി കളിക്കാന്‍ വന്നാല്‍ വെറുതെ മടങ്ങി പോവില്ല.''എന്റെ ആത്മഗതത്തിന്റെ ഫലമാണോ എന്നറിയില്ല ആ നിമിഷം മുതല്‍ ഞങ്ങള്‍ യാത്രാസംഘത്തിന്‌റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരായി.എവിടെ പോയാലും ഞങ്ങളെ ശ്രദ്ധിക്കാന്‍ ഒരുപാട് സുമനസ്സുകള്‍ ഒപ്പമുണ്ടായി. ഒരു വലിയ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സുരക്ഷിതത്വം പിന്നീട് അനുഭവപ്പെട്ടു.

എന്നിട്ടും കാശിയില്‍ എത്തി ഡോര്‍മെറ്ററിയിലേക്ക് പോകുന്ന വഴിയ്ക്ക് ആ സഹയാത്രികന്‍ എന്തിനാണ് അങ്ങനെ വന്ന് ചോദിച്ചത്?

''ഒറ്റയ്ക്കല്ലേ..നമുക്ക് ഒരുമിച്ച് ഒരു മുറിയെടുത്ത് ജോളിയായാലോ?''

''പോടാ തെണ്ടി ''എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ ആ ചങ്ങാതിയ്ക്ക് സ്‌നേഹപൂര്‍വ്വം ഉപദേശം നല്‍കി.

''അടുത്ത തവണ വരുമ്പോള്‍ ഭാര്യയെ കൊണ്ടു വരാന്‍ മറക്കണ്ട. ഇപ്പഴേ വേണമെന്കില്‍ ഹോട്ടല്‍ റൂം ബുക്ക് ചെയ്തിട്ട് പൊയ്‌ക്കോളൂ.''
അയാളുടെ ചമ്മല്‍ കണ്ടിട്ടും എനിക്ക് ദേഷ്യം അടങ്ങിയില്ല.

തിരിച്ച് വന്ന് ''ഞരമ്പു രോഗികളുടെയും സ്വന്തം നാട് എന്നൊരു ലേഖനം ഞാന്‍ എഴുതി.അതില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയോട് ഹോട്ടലില്‍ മുറിയെടുക്കാമോ എന്നു ചോദിക്കുന്ന സഹയാത്രികനെക്കുറിച്ച് എഴുതിയപ്പോള്‍ ആ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്ന ഒരാള്‍ എന്നെ വിളിച്ച് ചോദിച്ചു
''ഇന്നെന്താണ് പത്രത്തില്‍ എഴുതിയത് നമ്മുടെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ അതിരാവിലെ തന്നെ വിളിച്ച് ബീന എഴുതിയത് ശരിയായില്ല എന്നു പറഞ്ഞു.എനിക്ക് ആ പത്രം കാണാനൊത്തില്ല.''

''വിളിച്ച് പറഞ്ഞത് ആരാണ്്? ''
ഞാന്‍ ചോദിച്ചു.
അയാള്‍ പേരു പറഞ്ഞു .
ഞാന്‍ പൊട്ടിച്ചിരിച്ചു പോയി.

കഥാനായകന്‍ പഴയ പ്രതി തന്നെയായിരുന്നു.വൃത്തികേട് പറഞ്ഞതിലല്ല അതെഴുതിയതിലായിരുന്നു അയാള്‍ക്ക് ഖേദം.

യാത്ര മനസ്സിലാക്കി തരുന്ന പാഠങ്ങള്‍ ഒരു സര്‍വ്വകലാശാലയില്‍ നിന്നും പഠിച്ചെടുക്കാനാവില്ല. യാതനയും ആനന്ദവും തരുന്ന യാത്രകള്‍ ജീവിതത്തിന്‌റെ നേരറിവുകള്‍ പകര്‍ന്നു തരുമ്പോള്‍ അറിയാനും ഉള്‍ക്കൊള്ളാനും കണ്ണും കാതും മനസ്സും തുറന്നു പിടിയ്ക്കണം.

ഞാനെന്റെ അകക്കണ്ണുകളും പുറം കണ്ണുകളും തുറന്നു തന്നെ വച്ചു...ഒരു കാഴ്ചയും കാണാതെ പോകരുത്,ഒരനുഭവവും നഷ്ടമാകരുത്.യാത്ര പെണ്ണിന് വിധിച്ചതല്ലെന്ന് ആരു പറഞ്ഞു യാത്രയെക്കാള്‍ ഉന്മാദം നല്‍കുന്നത് മറ്റെന്താണ്?

ഉരുളുന്ന ചക്രങ്ങള്‍ എന്നും എന്‌റെ സിരകളെ ത്രസിപ്പിക്കുന്നു,കാറായാലും,ബസ്സായാലും,തീവണ്ടിയായാലും വിമാനമായാലും...പിന്നോട്ട് പായുന്ന കാഴ്ചകള്‍ ഉള്ളില്‍ കുറിച്ചിടുന്നത് ആനന്ദം തന്നെ.


binakanair@gmail.com