യനാട് ലക്കിടിയില്‍ ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന, ദൈവീക പരിവേഷമുള്ള ഒരു കേമന്‍വൃക്ഷം- അതാണ് ചങ്ങലമരം. ഈ മരത്തെ ചുറ്റിപ്പറ്റി ഒരു കഥയുണ്ട്, ഒരു പണിയന്റെ ജീവത്യാഗത്തിന്റെ കഥ.  വയനാടന്‍ ഗോത്രവര്‍ഗമായ പണിയ സമുദായത്തില്‍ ജീവിച്ചിരുന്ന കരിന്തണ്ടനാണ് കഥാനായകന്‍. വയനാട്ടിലെ സ്ഥലങ്ങളെ കുറിച്ച നല്ല അറിവുണ്ടായിരുന്നു കരിന്തണ്ടന്.

കഥയിങ്ങനെ- ഇന്ത്യ ഇംഗ്ലീഷുകാരുടെ കോളനിയായിരുന്ന സമയം. മറ്റു സ്ഥലങ്ങളിലേതു പോലെ വയനാട്ടിലേക്കുള്ള യാത്രയും ചരക്കുനീക്കവും അവര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. ഇതിന്റെ പ്രധാന കാരണം വയനാട് ഇടതൂര്‍ന്ന വനം കൊണ്ടും ചെങ്കുത്തായ മലനിരകളെ കൊണ്ടും അതിരിട്ട് നിന്നിരുന്നു എന്നതായിരുന്നു. വിലമതിക്കാനാവാത്ത വിഭവങ്ങളായിരുന്നു വയനാട് കാത്തുവച്ചിരുന്നത്.

changalamaram 2വയനാടന്‍ പ്രകൃതിവിഭവങ്ങളില്‍ ചെന്നുതട്ടിയ ഇംഗ്ലീഷുകാരന്റെ കച്ചവടക്കണ്ണ് തോറ്റുപിന്മാറാനും തയ്യാറായിരുന്നില്ല. അങ്ങനെ വയനാട്ടില്‍ എത്തിപ്പെടാന്‍ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി ഒരു മാര്‍ഗം കണ്ടെത്തി.  താമരശ്ശേരി മുതല്‍ വയനാടുവരെ ചുരം വഴി പാത നിര്‍മിക്കുക. പാത നിര്‍മ്മിക്കാന്‍ മാര്‍ഗ്ഗനിര്‍ദേശം കൊടുക്കുന്നവര്‍ക്കായി വന്‍തുകയും പ്രതിഫലമായി പ്രഖ്യാപിച്ചു.

പാത നിര്‍മ്മാണത്തിന് ഒരു ബ്രിട്ടീഷ് എഞ്ചിനിയര്‍ കണ്ടെത്തിയ മാര്‍ഗദര്‍ശ്ശിയായിരുന്നു കരിന്തണ്ടന്‍. കാടിനെ വകഞ്ഞുമാറ്റി അടിമുതല്‍ മുടിവരെയെത്തുന്ന ഇന്നത്തെ ചുരം പാതയുടെ നിര്‍മാണം അങ്ങനെ കരിന്തണ്ടന്റെ മേല്‍നോട്ടത്തില്‍ നടന്നു. എന്നാല്‍ പ്രതിഫലം അടക്കമുള്ള എല്ലാ ഗുണഫലങ്ങളും നേടിയെടുക്കാന്‍ എഞ്ചിനിയര്‍ തീരുമാനിച്ചു. അയാള്‍ കരിന്തണ്ടനെ മലമുകളിലേക്ക് കൊണ്ടുപോയി വെടിവെച്ച് കൊന്നു.

അതിനുശേഷം കരിന്തണ്ടൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത്  ചരക്കുമായി ചുരം കയറിവരുന്ന ലോറികള്‍ പലതും അപകടത്തില്‍ പെടുന്നത് നിത്യസംഭവമായി.  ഇതെല്ലാം കരിന്തണ്ടന്റെ ആത്മാവിന്റെ വിക്രിയകളാണെന്നുള്ള വിശ്വാസം പ്രദേശവാസികള്‍ക്കും ലോറി ഡ്രൈവറുമാര്‍ക്കുമിടയില്‍ ശക്തമായി.  

പിന്നീട് അവിടെ എത്തിയ ഒരു പുരോഹിതന്റെ  ആവാഹനത്തിനൊടുവില്‍ കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലയിലാക്കി മരത്തില്‍ തളച്ചു.  ഇതിനു ശേഷം അവിടെ തുടരെ ഉണ്ടായിക്കൊണ്ടിരുന്ന അപകടങ്ങള്‍ക്ക് ശമനം വന്നു എന്നാണ് കഥ.  മരം വളരുന്നതിനോടൊപ്പം തന്നെ ചങ്ങലയും വളരുന്നു എന്നാണ് വിശ്വാസം. ചങ്ങലമരത്തിന് അടുത്തായി ഒരു ക്ഷേത്രവും പണി കഴിപ്പിക്കപ്പെട്ടിട്ടുണ്ട്.  'ചങ്ങല മുനീശ്വരന്‍ കോവില്‍' എന്നാണ് ഇതിന്റെ പേര്. ഈ കോവിലിന്റെ ഭണ്ഡാരത്തില്‍ പണമിട്ട് പോകുന്ന ലോറി ഡ്രൈവര്‍മാരെ ഇപ്പോഴും നമുക്ക് കാണാന്‍ സാധിക്കും.

കരിന്തണ്ടന്റെ ഓര്‍മ്മയില്‍  PEEP (PEOPLES ACTION FOR EDUCATIONAL AND ECONOMICAL DEVELOPMENT OF TRIBAL PEOPLE) എന്ന സംഘടന 'കരിന്തണ്ടന്‍ സ്മൃതിയാത്ര' നടത്താറുണ്ട്.  എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാമത്തെ ഞായറാഴ്ച ലക്കിടി മുതല്‍ അടിവാരം വരെയാണ് യാത്ര. പണിയ സമുദായത്തില്‍പെട്ട നിരവധി ആളുകള്‍ സ്മൃതിയാത്രയില്‍ പങ്കെടുക്കാറുണ്ട്.