മരിച്ചവരുടെ വഴിബാസിലിക്ക സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുബസ്സില്‍ കയറിയൊരു റെസ്റ്റോറന്റിലെത്തി. അവിടെ നിന്നും ബുഫേ ലഞ്ച് കഴിച്ചു. ഉച്ചയ്ക്ക് ശേഷം ഞങ്ങളുടെ യാത്ര കാഴ്ചകള്‍ നിറഞ്ഞ അപൂര്‍വ്വമായ ഒരു സ്ഥലത്തേക്കാണ്. പിരമിഡുകള്‍ . കാണണം എന്ന് അമിതമായി ആഗ്രഹിച്ചത് ഈജിപ്ഷ്യന്‍ പിരമിഡുകളാണ്. ഈജിപ്ഷ്യന്‍ പിരമിഡുകള്‍ ശവകുടീരങ്ങളാണെങ്കില്‍ മെക്‌സിക്കന്‍ പിരമിഡുകള്‍ ക്ഷേത്രങ്ങളാണ്. എന്നാല്‍ ക്ഷേത്രങ്ങളില്‍ ആരാധനയ്‌ക്കൊപ്പം പൈശാചികമായ രീതിയില്‍ മനുഷ്യകുരുതികള്‍ നടന്നിരുന്നു എന്നതാണ് സത്യം. കുരുതി ചെയ്യപ്പെട്ടത് കൂടുതലും യുദ്ധങ്ങളില്‍ പിടിക്കപ്പെട്ട ശത്രുക്കളായിരുന്നു. ക്രൂരമായിരുന്നൂ കൊലപ്പെടുത്തല്‍. ജീവനോടെ ബന്ധിച്ചു കിടത്തി തലയില് കല്ലുകൊണ്ട് പല പ്രാവശ്യം അടിച്ചു കൊലപ്പെടുത്തുന്ന ഒരു രീതിയാണ് അവര്‍ക്ക് ഉണ്ടായിരുന്നത് എന്ന് ചരിത്രം പറയുന്നു.

ടിയോടിഹുവകാന്‍ (Teotihuacan), മെക്‌സിക്കോസിറ്റിയില്‍ നിന്നും ഏകദേശം 30 മൈല്‍ വടക്ക് കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് സര്‍വ്വപ്രാതാപങ്ങളോടെ നിലനിന്ന ആസ്‌ടെക് സാമ്രാജ്യത്തിന്റെ തലസ്ഥാനം. റോമാ സമ്രാജ്യത്തിന്റെ കാലത്ത് തന്നെയാണ് ടിയോടിഹുവകാനും. BC 500-ട് കൂടി വളര്‍ന്ന് തുടങ്ങിയ ഈ സാമ്രാജ്യം AD 650-ടെ നാമാവശേഷമായി. അഉ ഒന്നാംനൂറ്റാണ്ടിനും നാലാംനൂറ്റാണ്ടിനും ഇടയിലാണ് ഈ നഗരത്തിന്റെ ഏറ്റവും പ്രൌഡിയുള്ള കാലം. വടക്ക് ടെക്‌സാസ് വരെയും തെക്ക് ഗ്വാട്ടിമാലവരെയും അതിന്റെ അതിരുകള്‍ നീണ്ടുകിടന്നിരുന്നു. 200,000 ലധികം മനുഷ്യര്‍ അക്കാലത്ത് ഇവിടെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു. പിന്നീട് നഗരത്തിന് മേല്‍ ആക്രമണം ഉണ്ടായി, ചുട്ടുചാമ്പലായി. അഗ്നിബാധയെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളുണ്ട്, തീയിട്ടത് ആഭ്യന്തരകലാപം മൂലമാണെന്നും അതല്ല അവരുടെ ശക്തി ക്ഷയിച്ച സമയത്ത് പുറത്ത് നിന്നും ആക്രമണമുണ്ടായതാണെന്നും. ഏതായാലും അടുത്ത കാലത്ത് ഇവിടെ നിന്നും കണ്ടെടുത്ത കുട്ടികളുടെ ശുഷ്‌കിച്ച അസ്ഥികൂടങ്ങളില്‍ നിന്നും ഈ ജനത ഒരു സമയത്ത് വല്ലാത്ത വരള്‍ച്ച അനുഭവിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. ശക്തി ക്ഷയിക്കാനും ആഭ്യന്തരകലാപമുണ്ടാവാനും കാരണം ഒരു പക്ഷെ അതായിരിക്കാം. കാണാന്‍ പോകുന്ന സ്ഥലത്തെ കുറിച്ച് ഒരു ചെറിയ വിവരണം തരുക എന്നതില്‍ കവിഞ്ഞു ഇതിന്റെ കൃത്യത എനിക്കവകാശപ്പെടാനാവില്ല. പല വായനകളില്‍ നിന്നും കണ്ടറിഞ്ഞതില്‍ നിന്നും പിന്നെ എന്റെ അനുമാനങ്ങളില്‍ നിന്നുമാണ് ഈ വിവരങ്ങള്‍.

ഒരു മണിക്കൂറോളം യാത്ര ചെയ്താണ് ഞങ്ങള്‍ ടിയോടിഹുവകാനിലെത്തിയത്. നഗരത്തോട് അടുക്കുമ്പോള്‍ റോഡ് പരുപരുത്ത കല്ലുകള്‍ കൊണ്ട് അങ്ങേയറ്റം ദുര്‍ഘടമായി. ബസിന്റെ വേഗത കുറഞ്ഞു.

ഈ നഗരത്തിന്റെ വിവരണം തുടങ്ങേണ്ടത് ഇതിന്റെ അച്ചുതണ്ട് എന്ന് പറയാവുന്ന 'Avenue of the dead' അഥവാ പരേതരുടെ പാതയിലാണെന്ന് തോന്നുന്നു. ഈ റോഡ് ശരിക്കും വടക്ക് കിഴക്കായല്ല, 16 ഡിഗ്രിയോളം കിഴക്കോട്ടു മാറിയാണ് അത്. ഗ്രിഡ് (Grid) സ്‌റ്റൈലില്‍ പണി കഴിപ്പിച്ചിട്ടുള്ള ഈ നഗരം റോഡുമായി എല്ലാ അര്‍ത്ഥത്തിലും സമരസപ്പെട്ടു നില്‍ക്കുന്നു. എല്ലാ വര്‍ഷവും വേനല്‍കാലത്തെ ഒരു പ്രത്യേക ദിവസം സൂര്യന്‍ ഇതേ കോണില്‍ ഉദിക്കുന്നു. ഈ ദിവസം അവരെ സംബന്ധിച്ചിടത്തോളം കൃഷിപരമായും മതപരമായും വളരെ പ്രധാനമാണ്. റോഡിന്റെ ഒരു വശത്താണ് Temple of Qutezalcoatl. അല്‍പ്പം വടക്ക് മാറി പിരമിഡ് ഓഫ് ദി സണ്‍ . റോഡിന്റെ ഏറ്റവും വടക്കേ അറ്റത്താണ് പിരമിഡ് ഓഫ് ദി മൂണ്‍ സ്ഥിതി ചെയ്യുന്നത്. സാധാരണ പിരമിഡുകളുടെ അടിസ്ഥാനം ചതുരവും വശങ്ങള്‍ ത്രികോണവുമാണ്. എന്നാല്‍ ഇവിടുത്തെ പിരമിഡുകള്‍ വര്‍ത്തുളാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് എന്നതാണ് പ്രധാനസവിശേഷത. ഏറ്റവും മുകളിലാണ് ക്ഷേത്രം.

തെക്ക് ഭാഗത്തുള്ള പ്രവേശന കവാടത്തിനു സമീപമാണ് വണ്ടി നിര്‍ത്തിയത്. ആദ്യം പോയത്, പ്രവേശന കവാടത്തിനടുത്തുള്ള Temple of Qutezalcoatl-ലേക്കാണ്. ഇത് കുറേയൊക്കെ തകര്‍ന്ന നിലയിലാണ്. നഗരത്തിന്റെ പ്രധാന മതരാഷ്ട്രീയ സിരാകേന്ദ്രമായിരുന്നു ഈ സ്ഥലം. Qutezalcoatl എന്നത് feathered serpent എന്ന സര്‍പ്പദേവനാണ്. ഈ സര്‍പ്പദേവന്‍ ആസ്‌ടെക് സംസ്‌കാരത്തില്‍ മാത്രമല്ല മായന്‍ പോലുള്ള മറ്റു സംസ്‌കാരങ്ങളിലും ഉണ്ടായിരുന്നു, പല പേരുകളിലാണെന്ന് മാത്രം. അക്കാലത്ത് മതവും രാഷ്ട്രീയും വേര്‍ത്തിരിക്കാനാവാത്ത വിധം കൂടിച്ചേര്‍ന്നിരുന്നു. എന്നെ അതിശയിപ്പിച്ചത് എല്ലാം ശിധിലമായിട്ടും ഭിത്തികളില്‍ മായാതെ നില്ക്കുന്ന മ്യൂറല്‍ പെയിന്റിങ്ങുകളാണ്. പ്രകൃതി, വിവിധ ആചാരങ്ങള്‍ ,ഘോഷയാത്രകള്‍ ,മനുഷ്യര്‍ എന്നിവയെല്ലാം തന്നെ പെയിന്റിങ്ങുകള്‍ക്ക് വിഷയമായിട്ടുണ്ട്. റിയലിസ്റ്റിക് പെയിന്റിങ്ങുകള്‍ തൊട്ട് അബ്‌സ്ട്രാക്റ്റ് പെയിന്റിങ്ങുകള്‍ വരെ അവിടെ കാണാം. ഈ പെയിന്റിങ്ങുകള്‍ ശ്രദ്ധയോടെ പഠിക്കുന്ന ഒരാള്‍ക്ക് വരകള്‍ക്കും വര്‍ണ്ണങ്ങള്‍ക്കുമപ്പുറത്ത് ഒരു ജനതയുടെ ജീവിതവും സംസ്‌കാരവും കുടുതല്‍ വിശാലമായി മനസ്സിലാവും. എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പറയേണ്ടതുണ്ട്. ചില ചിത്രങ്ങള്‍ വളരെ ലളിതമായ ശൈലിയില്‍ വരക്കപ്പെട്ടവയാണെങ്കിലും മറ്റു ചിലവ പ്രതീകങ്ങളാലും അടയാളങ്ങളാലും ദുരൂഹമാണ്.

ചുറ്റും വലിയമതിലുകളുള്ള വിശാലമായ ഒരു സ്ഥലത്തെത്തിയപ്പോള്‍, അവിടെ ഗാലറി പോലെ കെട്ടിയ കല്‍പടവുകളില്‍ ഇരിക്കാന്‍, ഗൈഡ് ഞങ്ങളോട് പറഞ്ഞു. എന്നിട്ട് ആ സ്ഥലത്തെപ്പറ്റി പറയാന്‍ തുടങ്ങി. പരേതരുടെ പാത ഈ നഗരത്തിന്റെ പ്രധാന കേന്ദ്രമായതിനാല്‍ ആ ഭാഗത്ത് താമസിച്ചിരുന്നവര്‍ പുരോഹിതന്മാരും പ്രഭുക്കളും അടങ്ങുന്ന സ്ഥലത്തെ പ്രധാന ദിവ്യന്മാരായിരുന്നു. സാധാരണക്കാര്‍ മാറിയാണ് താമസിച്ചിരുന്നത്. പ്രധാന തീരുമാനങ്ങള്‍ എടുക്കാനും മറ്റ് സമ്മേളനങ്ങള്‍ക്കായും ക്ഷേത്രത്തിന്റെ ഈ ഭാഗം ഉപയോഗിച്ചിരുന്നു എന്ന് അയാള്‍ പറഞ്ഞു.

Pyramid Of the Sun

പിന്നെ ഞങ്ങള്‍ പോയത് സണ്‍ പിരമിഡിലേക്കാണ്. അവിടെ എത്തിയപ്പോള്‍ ഞങ്ങളുടെ ഗൈഡ് ചില അടിസ്ഥാന വിവരങ്ങള്‍ അറിയിച്ച ശേഷം ഒരു പ്ലാന്‍ നല്കി. സണ്‍ പിരമിഡിന്റെ മുകളില്‍ ആദ്യം കയറാം. അത് കഴിഞ്ഞ് പരേതരുടെ പാതയിലുടെ വടക്കോട്ട് നടന്ന് മൂണ്‍ പിരമിഡിലെത്താം. വേണമെങ്കില്‍ അതിന്റെ മുകളിലും കയറാം. അത് കഴിഞ്ഞ് മൂണ്‍ പിരമിഡിനടുത്ത് കൂടിയുള്ള വഴിയിലുടെ ഏകദേശം പതിനഞ്ച് മിനുറ്റ് നടന്നാല്‍ മറ്റൊരു പാര്‍ക്കിംഗ് സ്ഥലമുണ്ട്. അവിടെ ഞങ്ങളുടെ ബസ് കാത്തു കിടപ്പുണ്ടാവും.

ആസ്‌ടെക് സാമ്രാജ്യത്തിന്റെ പ്രതാപം ഏറ്റവും ഉന്നതിയിലായിരുന്ന AD ഒന്നാം നൂറ്റാണ്ടോടെയാണ് ഈ പിരമിഡ് നിര്‍മ്മിച്ചത് എന്ന് കരുതപ്പെടുന്നു. അന്നത്തെ നിര്‍മ്മാണ രീതി കല്ലുകള്‍ ഉപയോഗിച്ചായിരുന്നു. ഏകദേശം 2.5 മില്യണ്‍ടണ്‍ കല്ലുകളാണ് ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്. ഇത്തരം പിരമിഡുകളെല്ലാം തന്നെ തങ്ങളുടെ വാനശാസ്ത്രപരമായ പഠനങ്ങള്‍ക്ക് ഉതകുന്ന തരത്തിലും കൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം (ഇന്നത്തെ മെയ് 19-നും ജൂലൈ 25-നും) സൂര്യന്‍ പിരമിഡിന്റെ ഉച്ചിയില്‍ എത്തുന്നു. ചതുരാകൃതിയിലുള്ള പിരമിഡിന്റെ വശങ്ങളില്‍ മുകളിലേക്ക് കയറുവാനുള്ള പടികളുണ്ട്. കിഴക്ക് ഭാഗത്തെ പടികള്‍ ഉദയ സുര്യനും പടിഞ്ഞാറ് ഭാഗത്തെ പടികള്‍ അസ്തമയ സുര്യനും അഭിമുഖയാണ്. അടുത്ത കാലത്ത് ഈ പിരമിഡിന്റെ ഒരു ഭാഗത്ത് ഒരു ഗുഹ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ അവിടെ ടൂറിസ്റ്റകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

ഞങ്ങള്‍ പടികള്‍ കയറാനാരംഭിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ ആവേശത്തോടെ പടികള്‍ കയറുന്നു. ഏറെ നേരം കയറിക്കഴിഞ്ഞപ്പോള്‍ ഉയരങ്ങള്‍ എനിക്ക് പ്രശ്‌നമാണെന്ന് വീണ്ടും മനസ്സിലായി. ആദ്യത്തെ പ്ലാറ്റ്‌ഫോറം ആണ് ഏറ്റവും ഉയരത്തിലുള്ളത്, അവിടെയെത്തിയപ്പോഴേക്കും ഞാന്‍ കയറ്റം നിറുത്തി. തിരികെ വരുമ്പോള്‍ ഞാന്‍ അവിടെ തന്നെയുണ്ടാവും എന്ന് പറഞ്ഞ്, സുഹൃത്തിനെ പറഞ്ഞു വിട്ടു. വെറുതെ ദൂരക്കാഴ്ചകള്‍ കണ്ടുനടന്നു. എന്റെ സുഹൃത്ത് ആവേശത്തോടെ മുകളിലേക്കുള്ള പടികള്‍ കയറി. 40 മിനിട്ടിനു ശേഷം അയാള്‍ തിരിച്ചെത്തി. ഞങ്ങള്‍ താഴെയിറങ്ങി, പരേതരുടെ പാതയിലുടെ മൂണ്‍പിരമിഡിനെ ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി, ഒപ്പം ചുറ്റുമുള്ള കാഴ്ചകളും. റോഡിനിരുവശവും പലതട്ടുകളിലായി പണി തീര്‍ത്ത പ്ലാറ്റ്‌ഫോമുകള്‍ കണ്ടു. ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുകളിലായി ചതുരാകൃതിയില്‍ ചെറിയ ബലി ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നത്രേ. റോഡിനിരുവശവും ശവകുടീരങ്ങള്‍ കണ്ടതില്‍ നിന്ന് റോഡിനു പേര് വന്നതിലുള്ള കാരണം മനസ്സിലായി.

Pyramid Of the Moon

റോഡിന്റെ വടക്കേ അറ്റത്താണ് പിരമിഡ് ഓഫ് ദി മൂണ്‍ .ഞങ്ങള്‍ അതിന് മുന്നിലെത്തി. ഞാന്‍ സുഹൃത്തിനോട് ഇതിന്റെ മുകളിലും കയറണോ എന്ന് കളിയാക്കി ചോദിച്ചു. സണ്‍ പിരമിഡ് കയറുന്ന ഒരാള് അതുകഴിഞ്ഞയുടനെ മൂണ്‍പിരമിഡിനു മുകളില്‍ കയറില്ല എന്ന് ഗൈഡ് പറഞ്ഞിരുന്നു. ശരിയാണ്. നന്നേ ക്ഷീണിച്ചത് കൊണ്ട് മൂണ്‍ പിരമിഡ് സ്‌കിപ് ചെയ്തു. ഇത് കുറച്ചു ഉയര്‍ന്ന ഭുമിയില് പണി കഴിപ്പിചിട്ടുള്ളത് കാരണം ഏകദേശം സണ്‍പിരമിഡിന്റെ ഉയരം തോന്നുമെങ്കിലും ചെറുതാണ്. സണ് പിരമിഡിന്റെതിനെക്കാള് നല്ല കാഴ്ചകള്‍ മൂണ്‍ പിരമിഡിന്റെ മുകളില് നിന്നാണെന്നു പറഞ്ഞിരുന്നെങ്കിലും ക്ഷീണം കാരണം മുകളില്‍ കയറാന് തുനിഞ്ഞില്ല.

കുറെ ഫോട്ടോകള്‍ എടുത്തു. കുറച്ചുനേരം വിശ്രമിച്ചു, പിന്നെ ഗൈഡ് പറഞ്ഞ വഴിയിലുടെ ഞങ്ങളുടെ ബസിനു നേര്‍ക്ക് നടന്നു.