റിയോ ഡി ജെനെരോയില്‍
ഒരു ഒഴിവു കാലത്ത്
റിയോ ഡി ജനെരോ -ലോകത്തേറ്റവും മനോഹരമായ ബീച്ചുകളുള്ള നഗരം. മാരക്കാനയിലെ സ്‌റ്റേഡിയവും 1300 അടി ഉയരത്തിലേക്കുള്ള കേബിള്‍കാര്‍ യാത്രയും ഈ നഗരത്തില്‍ ചിലവഴിച്ച ദിനങ്ങളെ അവിസ്മരണയീയമാക്കി. -തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍: പരമ്പര തുടരുന്നു
ബ്രസീല്‍ സന്ദര്‍ശിക്കുമ്പോള്‍ കാണാന്‍ നിശ്ചയിച്ചിരുന്ന ഒരേയൊരു സ്ഥലം റിയോ ആയിരുന്നു. അതിനു കാരണമുണ്ട്. ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരം, ഏകദേശം രണ്ടു നൂറ്റാണ്ടുകളോളം, പോര്‍ച്ചുഗീസ് കോളനിയായിരുന്ന കാലത്ത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരം. 2014 ലെ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുവാന്‍ പോകുന്ന സ്ഥലം, 2016 ലെ സമ്മര്‍ ഒളിമ്പിക്‌സ് അരങ്ങേറുവാന്‍ പോകുന്ന സ്ഥലം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകള്‍ക്ക് പേരുകേട്ട നഗരം. ഇതിനേക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരന്‍ പൌലോ കൊയ്‌ലോയുടെ നാട്. ഒരുപക്ഷെ നമ്മള്‍ ബീച്ചിലൂടെ നടക്കുമ്പോള്‍ എതിരെ അദ്ദേഹം നടക്കുന്നുണ്ടാവും -സാഹിത്യ പ്രേമിയായ എന്റെ ബ്രസീലിയന്‍ കൂട്ടുകാരന്‍ പറഞ്ഞു.

സോ പൌലോയില്‍ നിന്ന്് ഏകദേശം 260 മൈല്‍ വടക്ക് കിഴക്കായാണ് റിയോ. എയര്‍ ടിക്കറ്റ് ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്യാം എന്നുവിചാരിച്ചാല്‍ കുഴഞ്ഞതുതന്നെ. എല്ലാ വെബ് സൈറ്റുകളും പോര്‍ച്ചുഗീസിലാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ സഹകരണം കൊണ്ട് രണ്ടു ടിക്കറ്റ് ലാഭത്തില്‍ ഒപ്പിച്ചെടുത്തു. അങ്ങോട്ട് പ്ലെയിനില്‍, തിരിച്ചു നാട്ടിന്‍പുറങ്ങളിലൂടെ ബസ്സില്‍, അതായിരുന്നു പ്ലാന്‍. സോ പൌലോയെക്കാള്‍ കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള സ്ഥലമായതിനാല്‍ എടുക്കേണ്ടിയിരുന്ന മുന്‍കരുതലുകള്‍ പ്രത്യേകം ഓര്‍ത്തിരുന്നു. ടൂറിസ്റ്റുകളായി ചമയാതെ വളരെ സാധാരണ രീതിയില്‍ സഞ്ചരിക്കുക, പെരുമാറുക... നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഷോ ഓഫ് ' തീരെ വേണ്ട. അങ്ങനെയെങ്കില്‍ ഒരുപക്ഷെ കൂട്ട ആക്രമണത്തിനിരയായേക്കാം. രാവിലെ ഒമ്പതു മണിയോടെ ഞങ്ങള്‍ റിയോയില്‍ വിമാനമിറങ്ങി. ഹോട്ടല്‍ വഴിയുള്ള ടാക്‌സി െ്രെഡവര്‍ ഞങ്ങളുടെ പേരുകള്‍ എഴുതിയ പ്ലക്കാര്‍ഡുമായി കാത്തുനില്പ്പുണ്ടായിരുന്നു. റിയോയിലെ ഒരു പ്രധാന ബീച്ചായ കൊപകബാനയിലെ ഹോട്ടലിലേക്ക് ഞങ്ങള്‍ യാത്രയായി.

സമുദ്രതീരത്തുള്ള നഗരമാണ് റിയോ. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥകള്‍, കോളനിവാഴ്ചയുടെ കഥകള്‍, ഈ നഗരം ഓര്‍ത്തു വക്കുന്നുണ്ട് .വരുന്ന സഞ്ചാരികളെ അതിന്റെ ശേഷിപ്പുകള്‍ കാട്ടി ചരിത്രം ഓര്‍മിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നു. റിയോക്ക് വടക്ക് കിഴക്കായുള്ള ബഹിയ, സാല്‍വഡോര്‍ എന്നീ സ്ഥലങ്ങളിലേക്ക് ആഫ്രിക്കന്‍ അടിമകളെ കൊണ്ടുവന്നിരുന്നതും സ്വര്‍ണവും വിലപിടിപ്പുള്ള കല്ലുകളും മറ്റും അവിടുന്ന് യൂറോപ്പിലേക്കു കൊണ്ടുപോയിരുന്നതും റിയോ തുറമുഖം വഴിയായിരുന്നു. പില്‍ക്കാലത്ത് എല്ലാ വ്യാപാരവും റിയോ കേന്ദ്രമായി നടക്കാന്‍ തുടങ്ങുകയും അത് തലസ്ഥാന നഗരിയാവുകയും ചെയ്തു. അതോടൊപ്പം ആഫ്രിക്കന്‍ അടിമകളും റിയോയിലേക്ക് പ്രവഹിച്ചു തുടങ്ങി. അങ്ങനെ ആഫ്രിക്കന്‍, ആദി അമേരിക്കന്‍, യൂറോപ്യന്‍ സംസ്‌കാരങ്ങളുമായി സമന്വയിച്ചാണ് പുതിയ ബ്രസീലിയന്‍ സംസ്‌കാരമായി രൂപപ്പെടുന്നതും റിയോ ഡി ജെനെരോ സാംസ്‌കാരിക തലസ്ഥാനമാവുന്നതും. ഈ സംസ്‌കാര സമന്വയത്തിന്റെ പ്രതീകമായ, രാജ്യം മുഴുവന്‍ കൊണ്ടാടപ്പെടുന്ന ഉത്സവമായ കാര്‍ണിവലിന്റെ തലസ്ഥാനമായി അറിയുന്നതും റിയോ ആണ്. കാര്‍ണിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ സാംബ മ്യൂസിക്കിനും ഡാന്‍സിനും ആഫ്രിക്കന്‍ പാരമ്പര്യം തന്നെയാണുള്ളത്.

ആദ്യ ദിവസത്തെ ടൂര്‍ തുടങ്ങുകയായി. ഒരു മിനി വാന്‍ ഹോട്ടലിലെത്തി. ഗൈഡ് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. ഒപ്പമുള്ളവരെല്ലാം വിദേശികളാണ്. ഇത് വിദേശികള്‍ക്കായുള്ള ടൂറാണ്. ഞങ്ങള്‍ ആദ്യം പോയത് Estádio do Maracanã എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സറ്റേഡിയം കാണാനാണ്. റിയോയിലെ മാരാകാന പ്രദേശവുമായി ബന്ധപ്പെട്ടാണ് സ്റ്റേഡിയത്തിന്റെ പേര്. 1950 ലെ ലോകകപ്പിന് വേണ്ടി 1948 ല്‍ നിര്‍മാണം തുടങ്ങിയതാണ്്. നിര്‍ഭാഗ്യം, ബ്രസീല്‍ ടീം 1950 ലെ ഫൈനലില്‍ ഉറൂഗ്വായോട് പരാജയപ്പെട്ടു. അന്ന് ഏകദേശം 200,000 -ഓളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്ന സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി പില്‍ക്കാലത്ത് 80 ,000 ആയി കുറച്ചതെന്തിനാണ് എന്നറിയില്ല. അവിടെ ചെന്ന ശേഷമാണ് സ്റ്റേഡിയത്തിനുള്ളിലേക്ക് ഇപ്പോള്‍ പ്രവേശനമില്ല എന്നറിയുന്നത്. ഞങ്ങള്‍ പുറത്തുനിന്ന് കുറച്ചു ഫോട്ടോകളെടുത്തു. സ്റ്റേഡിയം പുനര്‍നിര്‍മാണത്തിലാണ്, 2014 ലെ ലോകകപ്പിനായും 2016 ലെ സമ്മര്‍ ഒളിമ്പിക്‌സിനായും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍്ക്ക് ശേഷം ഏകദേശം 85,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ടാവും.

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ അദ്ഭുതങ്ങളിലൊന്നായ ഷുഗര്‍ ലോഫ് പര്‍വതം അകലത്തിലല്ല. അതിന്റെ മനോഹാരിതയെപ്പറ്റിയും അവിടുത്തെ കേബിള്‍ കാര്‍ സംവിധാനത്തെ പറ്റിയും നേരത്തെ കേട്ടിരുന്നു. പ്രകൃതിയുടെ മഹാത്ഭുതം. ഇന്ന് റിയോയില്‍ ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ എത്തുന്നതിവിടെയാണ്. ഷുഗര്‍്‌ലോഫ് പര്‍വതം സമുദ്രത്തില്‍ നിന്നുയര്‍ന്നു വന്ന റൊട്ടിക്കഷണത്തിന്റെ ആകൃതിയില്‍ നില കൊള്ളുന്നു. ആകൃതിയതാണെങ്കിലും ഷുഗര്‍ ലോഫ് എന്ന് പേര് വരാന്‍ കാരണം വേറെയാണ്. അന്ന് സ്വര്‍ണഖനികളേക്കാള്‍ റിയോ പേരുകേട്ടിരുന്നത് പഞ്ചസാര ഉല്‍പ്പാദനത്തിനാണ് . പഞ്ചസാര കയറ്റി അയച്ചിരുന്നതാകട്ടെ റൊട്ടിയുടെ ആകൃതിയിലുള്ള കഷണങ്ങളായാണ്. അങ്ങിനെയാണ് ഈ പേര് വീണത്. ചരിത്രത്തില്‍ ഈ പര്‍വതത്തിനു പല പല പേരുകള്‍ മാറി മാറി വന്നു ചേര്‍ന്നിട്ടുണ്ട് എന്ന് കാണാം. എന്നാല്‍ 17 ാം നൂറ്റാണ്ടോടുകൂടി ആധിപത്യമുറപ്പിച്ച പോര്‍ച്ചുഗീസുകാര്‍ ഇട്ട പേരാണ് ഇന്നറിയപ്പെടുന്ന ഷുഗര്‍ലോഫ് എന്നത്. കപ്പല്‍ യാത്രക്കാരുടെ വഴികാട്ടി കൂടിയായിരുന്നു ഈ പര്‍വതം.

1912ലാണ് പര്‍വതത്തിലേക്ക് കേബിള്‍ കാര്‍ സര്‍വീസ് തുടങ്ങുന്നത്. ഇറ്റാലിയന്‍ കമ്പനിയാണ് ഈ കേബിള്‍കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നാലുമണിക്കൂറെങ്കിലും കാഴ്ചകാണാനും യാത്രക്കുമായി കരുതണം. 80 ഓളം ആളുകള്‍ക്ക് കയറാവുന്ന തരത്തില്‍ ഗ്ലാസ്സ് കൊണ്ട് നിര്‍മിച്ചതാണ് കേബിള്‍ കാര്‍. ഈ പര്‍വതത്തിലേക്ക് കയറാനായി ഒരു കേബിളും ഇറങ്ങാനായി അതിനു സമാന്തരമായി മറ്റൊരു കേബിളും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര രണ്ടു ഘട്ടങ്ങളിലായാണ്. താഴെ നിന്നും മുകളിലേക്ക് പോകുന്ന കാര്‍ കണ്ട്് ആദ്യം പേടിയായി. ഉയരങ്ങള്‍ എന്നെ എപ്പോഴും പേടിപ്പിക്കാറുണ്ട്. കൂട്ടുകാരനോടും ഗൈഡിനോടും പറഞ്ഞു, ഞാന്‍ വരുന്നില്ലെന്ന്. അവര്‍ ധൈര്യം തന്നു, സാരമില്ല കയറിയാല്‍ ഗ്ലാസ് ജനലിനടുത്തു നില്‍ക്കണ്ട, മധ്യ ഭാഗത്ത് ആളുകള്‍ക്കിടയിലായി നിന്നാല്‍ മതി . ഇനിയും പ്രയാസമെങ്കില്‍ പുറത്തേക്കു നോക്കേണ്ടെന്നും കുനിഞ്ഞു നിന്നാല്‍ മതിയെന്നും അവര്‍ പറഞ്ഞു. പുറത്തെ കാഴ്ചകള്‍ കാണാതെ കുനിഞ്ഞു നില്‍ക്കാന്‍ മാത്രം കേബിള്‍ കാറില്‍ കയറേണ്ടതുണ്ടോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു..

ഏതായാലും കാറില്‍ കയറി. കാര്‍ മുകളിലേക്ക് നീങ്ങാനുംതുടങ്ങി. കേബിള്‍കാര്‍ ഉലയുന്നുമുണ്ട്.. എന്റെ കാലുകള്‍ വിറക്കാന്‍ തുടങ്ങി... കുറച്ചു സമയം പരിസരം ശ്രദ്ധിക്കാതെ കാറിനുള്ളില്‍ താഴെ നോക്കി നിന്നു. അല്പസമയം കഴിഞ്ഞതോടെ, കാര്‍ വലിയ പ്രശ്‌നമില്ലാതെ മുകളിലേക്ക് പോകാന്‍ തുടങ്ങി. ഞാന്‍ പുറത്തേക്കു നോക്കി കാഴ്ചകളാസ്വദിക്കാനും. ആദ്യം കയറി എത്തുന്നത് 700 അടി ഉയരത്തിലുള്ള ഉര്‍ക കുന്നിനു മുകളിലാണ്. കുന്നിനു മുകളില്‍ കാണേണ്ട കാര്യങ്ങളും പിന്നെ എവിടെ എത്ര മണിക്കാണ് തമ്മില്‍ കാണേണ്ടതെന്നും വ്യക്തമായി പറഞ്ഞു തന്നു തമ്മില്‍ പിരിഞ്ഞു. അവിടെ നിന്ന് നോക്കിയാല്‍ Corcovado Mountain , Niteroi Bridge, Guanabara ഉള്‍ക്കടല്‍ എന്നിവയാണ് പ്രധാന കാഴ്ചകള്‍. ഇതില്‍ corcovado പര്‍വതത്തെപ്പറ്റിയും അവിടുത്തെ ജീസുസിന്റെ കൂറ്റന്‍ പ്രതിമയെയും വിശദമായി പിന്നെ പറയാം. കേബിള്‍ കാറില്‍ നിന്നുള്ള ദൃശ്യങ്ങളും ഉര്‍കാ കുന്നിനു മുകളില്‍ നിന്നും പല ആംഗിളില്‍ ഉള്ള ദൃശ്യങ്ങളും വര്‍ണനാതീതമാണ്. കാണാവുന്നതില്‍ ഏറ്റവും മനോഹരമായ കാഴ്ചകളാണ് അവയെന്ന് ഞങ്ങള്‍ക്ക് തോന്നി. കുറെ കറങ്ങി നടന്നു.

ഷുഗര്‍ലോഫ് പര്‍വതം ബാക്കിയുണ്ട്. 1300 ഓളം അടി ഉയരത്തിലേക്ക് ഞങ്ങളുടെ കാര്‍ കേബിളില്‍ കൂടി മുകളിലേക്ക് കയറാന്‍ തുടങ്ങി. മനോഹരം എന്ന് ഒന്നുകൂടി പറയട്ടെ. ഇപ്രാവശ്യം കൂടുതല്‍ ധൈര്യം തോന്നി. കണ്ണാടിക്കരികില്‍ തന്നെ നിലയുറപ്പിച്ച് കാഴ്ച്ചകള്‍ കണ്ടു. പര്‍വതത്തിന്റെ മുകളില്‍ നിന്നാല്‍ കാണുന്നത് ഞങ്ങള്‍ താമസിച്ചിരുന്ന കപകബാന ഉള്‍പ്പെടെഉള്ള ബീച്ചുകളാണ്. തിരിച്ചു താഴെ വന്നശേഷം എന്റെ ഗുജറാത്തി സുഹൃത്ത് പറഞ്ഞു ' സീനറി ദേഖേ ദേഖേ ഫോട്ടോ ലേല ഭൂല് ഗയാ... ഭയ്യാ' എന്ന്. കാഴ്ചകളില്‍ മുഴുകിപ്പോയ കാരണം ഫോട്ടോകളെടുക്കാന്‍ മറന്നുപോയെന്ന്. സാരമില്ല, അദ്ദേഹത്തിന് വേണ്ടതുകൂടി ഞാനെടുത്തിട്ടുണ്ടെന്ന്് സമാധാനിപ്പിച്ചു.

മടക്കയാത്രക്കിടയില്‍ ഞങ്ങള്‍ kathedral of Rio -De -Jeneiro സന്ദര്‍ശിച്ചു. 20,000 ത്തോളം പേര്‍ക്കിരുന്നുപ്രാര്‍ഥിക്കാന്‍ സൗകര്യത്തില്‍ പണിഞ്ഞിട്ടുള്ള ഈ കത്തീഡ്രല്‍ ഒരു കോണിന്റെ ആകൃതിയിലാണ്. 1980 ഓടെയാണ് ഇതിന്റെ പണി തീര്‍ന്നത്. ഇതിന്റെ ഉള്‍ഭാഗം അതി വിശാലം, 100 മീറ്റര്‍ വ്യാസം, 75 മീറ്റര്‍ ഉയരം -ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ഇതിന്റെ ഉള്ളില്‍ വശങ്ങളിലായി ദീര്‍ഘ ചതുരാകൃതിയില്‍ പലവര്‍ണങ്ങളിലുള്ള നാലു കൂറ്റന്‍ കണ്ണാടികളുണ്ട്. അവ തന്നെ നമ്മെ അതിശയിപ്പിക്കും. ഒരെണ്ണത്തിനു ഏകദേശം 65 മീറ്റര്‍ നീളം വരും. ഒരു ഫ്രഞ്ച് ശില്‍പ്പിയുടെ മേല്‍നോട്ടത്തിലാണ് കത്തീഡ്രല്‍ പണികഴിപ്പിക്കപ്പെട്ടതെന്നു ഗൈഡ് പറഞ്ഞു. മധ്യ തെക്കേ അമേരിക്കയില്‍ പള്ളികള്‍ക്കും കതീഡ്രലുകള്‍ക്കും ഒരു ക്ഷാമവുമില്ല. ധാരാളിത്തത്തിന്റെയും കോളനിവല്‍ക്കരണത്തിന്റെയും കൂടി പ്രതീകങ്ങളായി അവ വിലസുന്നു.

മൂന്നു മണിയോടെ ഞങ്ങള്‍ പോയത് orcovado പര്‍വ്ത മുകളിലേക്കുള്ള ട്രെയിന്‍സ്‌റ്റേഷനിലേക്കായിരുന്നു. അവിടുത്തെ പ്രധാന കാഴ്ച കൂറ്റന്‍ ജീസസ് പ്രതിമയാണ് . അതെപ്പറ്റി കൂടുതല്‍ അടുത്തയാഴ്ച.