ബാസലിക്ക ഡി ഗ്വടലപ്



മെക്‌സികോ സിറ്റിയില്‍ പ്രധാനമായി കണ്ടിരിക്കേണ്ടത് ടിയോട്വേകാന്‍ (Teotohuacan) തന്നെ. സിറ്റിയില്‍ നിന്നും 30 മൈലുകള്‍ വടക്ക് മാറിയുള്ള ആസ്‌ടെക് സാമ്രാജ്യത്തിന്റെ കേന്ദ്രസ്ഥാനം. ഇവിടെയാണ് പേരുകേട്ട സണ്‍പിരമിഡും മൂണ്‍പിരമിഡും. അടുത്തത് ചപുല്‍ടെക് (Chapultepec) പാര്‍ക്കിലുള്ള നാഷണല്‍ ആന്ത്രോപ്പോളജി മ്യൂസിയം (National Anthropology Museum) ആണ്. 100,000 ചതുരശ്ര അടിയുള്ള മ്യുസിയം. മെക്‌സിക്കോയിലെ പുരാതനസംസ്‌കാരങ്ങളെ (ആസ്‌ടെക്, മായന്‍,അല്‌മെക് എന്നിവ പ്രധാനം) അടുത്തറിയാന്‍ ഈ മ്യൂസിയം വളരെയധികം സഹായിക്കും. ഓരോ സംസ്‌കാരത്തിനും പ്രത്യേക വിഭാഗം,അതിനുള്ളില്‍ കാലഘട്ടം (ടൈംലൈന്‍) അനുസരിച്ച് വീണ്ടും തരം തിരിച്ചിരിക്കുന്നു. ഇനിയൊന്ന് ചരിത്രമുറങ്ങുന്ന ദി സോക്കൊലോ(The Zocalo), അഥവാ Plaza De La Constitution, ചുരുക്കിപ്പറഞ്ഞാല്‍ മെക്‌സിക്കോയുടെ എല്ലാക്കാലത്തെയും ഏറ്റവും വലിയ 'മെയിന്‍ സ്‌ക്വയര്‍'.ഇതിന്റെ വടക്കുഭാഗത്താണ് കത്തീദ്രല്‍ .ഇതിനൊക്കെ പുറമേ വേറെയും സ്ഥലങ്ങള്‍ സോക്കൊലോയില്‍ ഉണ്ട്, പക്ഷെ കുറെ സമയം അവിടെ ചെലവിടണം. ബാസലിക്ക ഡി ഗ്വടലുപ് (Basilica De Guadalupe) മറ്റൊരു ആകര്ഷണമാണ് . 'Our Lady of Guadalupe ' എന്നും 'Virgin of Guadalupe' എന്നും അറിയപ്പെടുന്ന കന്യാമറിയത്തെയാണ് മെക്‌സിക്കന്‍ കത്തോലിക്കര്‍ ഏറ്റവും ഏറ്റവും കുടുതലായി ആരാധിക്കുന്നത്.

ഹോട്ടലില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലും പിന്നെ ഞങ്ങളുടെ താല്പ്പര്യവും സമയവും കണക്കിലെടുത്തും മുഖ്യമായും ബാസലിക്ക ഡി ഗ്വടലപും പിരമിഡുകളും കാണാന്‍ തീരുമാനിച്ചു. സ്ഥലങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ എനിക്ക് ഏറ്റവും കൗതുകമുണ്ടാക്കിയ സ്ഥലമാണ് ഈ ബാസലിക്ക, കാരണം ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു വായിച്ച രസകരമായ കഥ തന്നെ. കുറെ വര്‍ഷങ്ങള്‍ ഇസ്രായേലിലും ബ്രസീലിലും ചിലവഴിച്ച എന്റെ ജൂത സുഹൃത്തിനു പള്ളികള്‍ എത്ര വലുതായാലും കാണുവാന്‍ വലിയ താല്പ്പര്യമില്ലായിരുന്നു. വിവിധ മതസംസ്‌കാരങ്ങളെക്കുറിച്ച് അവഗാഹമുണ്ടായിരുന്നതിനാലും ഒന്നാന്തരം ഒരു രസികനായിരുന്നതിനാലും കൂടെ കൊണ്ടുപോകാന്‍ എനിക്ക് താല്പര്യമായിരുന്നു. അവസാനം എന്നോടൊപ്പം കൂടാം എന്ന് സമ്മതിച്ചു.

Basilica De Guadalupe

ബാസിലിക്ക കാണുവാനായിരുന്നു ആദ്യയാത്ര. പറഞ്ഞ സമയത്ത് തന്നെ ബസ് ഹോട്ടലില്‍ എത്തി. ഞങ്ങളുടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡ് ഉള്ളില്‍ വന്നു പരിചയപ്പെട്ട ശേഷം കൂട്ടികൊണ്ട് പോയി. ഞങ്ങള്‍ പതിനൊന്നു പേരുണ്ടായിരുന്നു. ചിലര്‍ വടക്കേ അമേരിക്കയില് നിന്നും മറ്റു ചിലര്‍ യൂറോപ്പില്‍ നിന്നും എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നവര്‍. ഞങ്ങളെല്ലാം വളരെ പെട്ടെന്ന് കൂട്ടുകാരായി. രണ്ടോ മൂന്നോ ജോടികളെങ്കിലും റിട്ടയര്‍ ചെയ്തശേഷം ലോകം കാണാന്‍ പുറപ്പെട്ടവരായിരുന്നു. മറ്റു ഉത്തരവാദിത്തങ്ങള് ഒന്നുമില്ലായിപ്പോള്‍ .ഇനിയുള്ള സമയം കാണാവുന്നത്ര സ്ഥലങ്ങള്‍ കാണണം-അവരിലൊരാള്‍ പറഞ്ഞു.

തെക്കേ അമേരിക്കയാകട്ടെ മെക്‌സിക്കൊയാകട്ടെ പ്രധാന ടൂറുകളെല്ലാം വളരെ പ്ലാന്‍ ചെയ്ത തരത്തിലാണ്. ഒന്നിനും ഒരു കണ്‍ഫ്യുഷന്‍ ഇല്ല,ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കുന്നതിനാല്‍ ഒരിടത്തും ക്യൂ നില്‌ക്കേണ്ടി വരില്ല, പിന്നെ നല്ല സ്ഥലത്ത് ഭക്ഷണം. ഇത്രയൊക്കെ തരപ്പെടുത്താന്‍ ബുക്കിംഗ് സമയത്ത് അവര്‍ ആകെ നമ്മളോട് ആവശ്യപ്പെടുന്നത് ക്രെഡിറ്റ് കാര്‍ഡ്‌നമ്പര്‍ മാത്രം!

പേരുകേട്ട ബാസലിക്ക ഡി ഗ്വടലുപേ, മെക്‌സിക്കോ എന്ന രാജ്യത്തിന്റെ തന്നെ ആരാധനാകേന്ദ്രമാണ്. പ്രീഹിസ്​പാനിക് ഇന്ത്യന്‍ ദൈവശാസ്ത്രത്തെ കത്തോലിക്കാ വിശ്വാസവുമായി കൂട്ടിചേര്‍ക്കാന്‍ ഉപയോഗിച്ച ഒരു ബിംബമായി ഇവിടുത്തെ 'ഢശൃഴശി ങമൃ്യ'യെ കാണാവുന്നതാണ്. മെക്‌സിക്കോയുടെ മതചരിത്രവും സാംസ്‌കാരവും മനസ്സിലാക്കാന്‍ ആദ്യം ചെയ്യേണ്ടത്, ചിത്രങ്ങളില്‍ നീല വെളിച്ചവുമായി നില്ക്കുന്ന 'Our Lady Of Guadalupe' എന്ന കന്യാമറിയത്തോട് രാജ്യവ്യാപകമായുള്ള ആരാധനയും വിശ്വാസവും മനസ്സിലാക്കുകയാണ്. ഹോട്ടലില്‍ നിന്നും അവിടെയെത്തുന്നത് വരെ ഞങ്ങളുടെ ഗൈഡ് വളരെ ആലങ്കാരികമായും വലിച്ചു നീട്ടിയും മനോധര്‍മത്തോടെയും പറഞ്ഞത് ഞാന്‍ നേരത്തെ സൂചിപ്പിച്ച കഥയാണ്.

1531 ഡിസംബര്‍ 9-ന് ഇന്ന് ബസിലിക്ക സ്ഥിതിചെയ്യുന്ന സ്ഥലത്തുവച്ച് ജുവാന്‍ ദിയാഗോ(Juan Diego) എന്ന പാവപ്പെട്ട ഇന്ത്യന്‍ വംശജന് ഒരു ദര്‍ശനം ഉണ്ടായി. നീല വെളിച്ചത്തില്‍ അവിടെ കണ്ടത് സാക്ഷാല്‍ കന്യാമറിയം തന്നെയായിരുന്നു. തിരിച്ചുവന്ന് തന്റെ ബിഷപ്പിനോട് കാര്യം പറഞ്ഞെങ്കിലും അദ്ദേഹത്തിന് വിശ്വാസമായില്ല, ജുവാനോട് തെളിവ് ആവശ്യപ്പെട്ടു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ജുവാന് അതെ സ്ഥലത്ത് വെച്ച് വീണ്ടും ദര്‍ശനം ലഭിച്ചു. അയാള്‍ ബിഷപ്പിനായി കന്യാമറിയത്തോട് തെളിവ് ആവശ്യപ്പെട്ടു. അപ്പോള്‍ അയാള്‍ നിന്നിരുന്ന പാറക്കു മുകളില്‍ റോസാപുഷ്പങ്ങള്‍ വിരിയുവാന്‍ തുടങ്ങി. അവ ശേഖരിച്ചു തെളിവായി ബിഷപ്പിന് കൊടുക്കാന്‍ കന്യാമറിയം ജുവാനോട് പറഞ്ഞു. അയാള്‍ പാറയില്‍ വിരിഞ്ഞ ആ പുഷ്പ്പങ്ങള്‍ തന്റെ ഉടുപ്പില്‍ പൊതിഞ്ഞെടുത്ത ശേഷം ബിഷപ്പിന്റെ മുന്നിലെത്തി. അത്ഭുതമെന്നു പറയട്ടെ, ഉടുപ്പ് നിവര്‍ത്തി പുഷ്പങ്ങള്‍ താഴെയിട്ടപ്പോള്‍, കന്യാ മറിയത്തിന്റെ രൂപം ആ ഉടുപ്പില്‍ പതിഞ്ഞിരിക്കുന്നത് ബിഷപ്പ് കണ്ടു. ഉടന്‍ തന്നെ ജുവാന് ദര്‍ശനം കിട്ടിയ സ്ഥലത്ത് ഒരു പള്ളി പണിയുവാന്‍ ബിഷപ്പ് ഉത്തരവിട്ടു. പള്ളിപ്പണി പൂര്‍ത്തിയായപ്പോള്‍ കന്യാമറിയത്തിന്റെ രൂപം പതിഞ്ഞ ആ ഉടുപ്പ് എല്ലാ ബഹുമതികളോടും കൂടി സ്വര്‍ണ്ണത്തില്‍ ഫ്രെയിം തീര്‍ത്തു പള്ളിയില്‍ വിശ്വാസികളുടെ ദര്‍ശനത്തിനായി വെച്ചു. പിന്നീടുള്ള കാലമത്രയും ലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രവാഹമായിരുന്നു, പള്ളിയിലേക്ക്. വര്‍ഷങ്ങള്‍ കഴിയുന്തോറും പള്ളി വലുതാക്കാനും സൗകര്യങ്ങള്‍ വിപുലീകരിക്കനുമുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി. 1904-ല്‍ ഇത് ഒരു ബസിലികയായി പ്രഖ്യാപിക്കപ്പെട്ടു.

ഗൈഡ്, ബസിലിക്ക പ്രഖ്യാപനത്തില്‍ കഥ അവസാനിപ്പിച്ചപ്പോഴാണ് അതുവരെയില്ലയിരുന്ന ഒരു പുതിയ സംശയം മനസ്സില്‍ വന്നത്. അന്നുവരെ പള്ളിയും കത്തീഡ്രലും ബാസിലിക്കയുമെല്ലാം എനിക്ക് ഒന്നുപോലായിരുന്നു. ഗൈഡ് ആധികാരികമായും ലളിതമായും പറഞ്ഞത് സത്യമായാലും ഇല്ലെങ്കിലും അയാളെക്കുറിച്ച് അഭിമാനം തോന്നി. ബിഷപ്പിന്റെ ആസ്ഥാനമായ പള്ളിയത്രേ കത്തീഡ്രല്‍. എന്നാല്‍ പ്രാധാന്യമുള്ള ഒരു പള്ളിയെ ബിഷപ്പിന്റെ ആസ്ഥാനമല്ലെങ്കിലും പോപ്പിന് മാത്രം അത് ബാസിലിക്കയായി പ്രഖ്യാപിക്കാം. എന്നിട്ട് അയാള്‍ ഒരു തെളിവ് പറഞ്ഞു. ബസിലിക്കക്ക് ഒരു പരിശുദ്ധ വാതായനമെങ്കിലും(ഹോളിഡോര്‍) വേണമെന്നുണ്ട്. വര്‍ത്തുലാകൃതിയിലുള്ള പുതിയബസിലിക്ക ചൂണ്ടികാട്ടി അയാള്‍ പറഞ്ഞു 'അതിനു ഏഴു പരിശുദ്ധ വാതായനങ്ങള്‍ ഉണ്ട്.' പിന്നെ പുറത്തായി പോപ്പിന്റെ ഒരു വലിയ പ്രതിമയും.

1709 മുതല്‍ ഈ ബാസിലിക്കയുടെ structure ഒരു ഭാഗത്തേക്ക് താഴാന്‍ തുടങ്ങി. ഒരുപക്ഷെ ഇത്രയധികം വിശ്വാസികളെ താങ്ങി നിറുത്തുവാനുള്ള തരത്തിലായിരിക്കില്ല അതിന്റെ ആദ്യത്തെ പ്ലാന്‍. അകത്തുകയറിയാലും പുറത്തു നിന്നാലും ഇത് വ്യക്തമായി കാണുവാന്‍ കഴിയും. ഉള്ളിലെ എല്ലാ സജ്ജീകരണങ്ങളും ഒരു ഭാഗത്തേക്ക് ചെരിഞ്ഞിരിക്കുന്നു. ഏതായാലും തൊട്ടടുത്ത് തന്നെ വര്‍ത്തുലാകൃതിയിലുള്ള കൂറ്റന്‍ ബസലിക്ക പണികഴിക്കപ്പെട്ടു. 1976-ടെ പണികഴിക്കപ്പെട്ട ഈ പള്ളി 'പുതിയ ബാസിലിക്ക'യായി അറിയപ്പെടുന്നു. Virgin Maryയുടെ ചിത്രം ഒരു ഭിത്തിയില്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്, പള്ളി ഹാളില്‍ എവിടെ നിന്നാലും കാണാവുന്ന തരത്തില്‍. ഒരു സമയത്ത് 10,000 ആളുകള്‍ക്ക് ഇരിക്കാവുന്നതാണ് ഇതിന്റെ ഹാള്‍ .വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും വിശ്വാസികളുടെ തിരക്കാണെങ്കിലും ഹോളി ഡേ എന്നറിയുന്ന ഡിസംബര്‍ 12-നും ആ ദിവസം വരുന്ന ആഴ്ചയുമാണ് ഏറ്റവും തിരക്ക്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയം കഴിഞ്ഞാല്‍ ഏറ്റവും അധികം വിശ്വാസികള്‍ എത്തുന്നതു ഇവിടെയാണ് എന്ന് പറയപ്പെടുന്നു.