ആമസോണും കാര്‍ണിവലും ഫുട്‌ബോളും
മായന്‍ സംസ്‌കൃതിയുടെ നിറച്ചാര്‍ത്തുകളും നിറഞ്ഞ
തെക്കെ അമേരിക്കയുടെ ഹൃദയത്തിലൂടെ..

തെക്കേ അമേരിക്കയെക്കുറിച്ചു സ്‌കൂളില്‍ പഠിച്ച ചില കാര്യങ്ങള്‍ മാത്രമേ ഓര്‍മയിലുണ്ടായിരുന്നുള്ളൂ. ആമസോണ്‍ വനങ്ങള്‍, ഫുട്‌ബോള്‍, കൂടുതല്‍ കാപ്പി കയറ്റുമതി ചെയ്യുന്ന നാട്.. ഇങ്ങിനെ ചിലത്. എന്നാല്‍ അതിനപ്പുറം ഹൃദയത്തെ തൊടുന്ന കാഴ്ചകളും അനുഭവങ്ങളും കൊണ്ട് സമ്പന്നമായിരുന്നു തെക്കെ അമേരിക്കയിലൂടെ നടത്തിയ യാത്രകള്‍.

ബ്രസീലിലേക്കാണ് ഞാന്‍ ആദ്യം പോയത്. അതിമനോഹരവും അതിവിശാലവുമായ നാട്. ലോകത്തിലെ എട്ടാമത്തെ സമ്പന്ന രാഷ്ട്രം. പ്രകൃതി സമ്പത്ത് കൊണ്ട് അനുഗൃഹീതം. എന്റെ ഏറ്റവും നല്ല സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബ്രസീലുകാരന്‍ ഓഗുസ്‌ടോ (Augusto) നല്ല ഒരു ക്ലാസ്സ് ആദ്യമേ തന്നിരുന്നു. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ എയ്‌റോപ്ലെയ്ന്‍ നിര്‍മാതാക്കളാണത്രെ ബ്രസീല്‍. വിശാലമായ രാജ്യത്തെ ഉള്‍നാടന്‍ റോഡുകള്‍ അത്ര നല്ലതല്ലാത്തതിനാലാവണം അവര്‍ പ്ലെയിനുകളെ ആശ്രയിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് അമേരിക്കയിലേക്കു പോലും അവര്‍ പ്ലെയിനുകള്‍ നിര്‍മിച്ചു കയറ്റി അയക്കുന്നു. ഓഗുസ്‌ടോ പറഞ്ഞത് വടക്കേ അമേരിക്കയിലെ കോണ്‍ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ ചെറിയ പ്ലെയിനുകളെല്ലാം തന്നെ ബ്രസീലാണ് നിര്‍മിച്ചു നല്‍കുന്നതെന്നാണ്.

തെക്കെ അമേരിക്കന്‍ ചരിത്രം മിത്തുകളുമായി ചേര്‍ന്നുകിടക്കുന്നു. പ്രധാനമായും മൂന്നു സംസ്‌കാരങ്ങള്‍ ആണ് അവിടെ നിലവിലുണ്ടായിരുന്നത് -മായന്‍, ഇന്‍കാ, ആസ്‌ടെക്. ഈ മൂന്നു സംസ്‌കാരങ്ങള്‍ മൂന്നു സാമ്രാജ്യങ്ങള്‍ കൂടിയായിരുന്നു. മായന്‍ ക്രിസ്തുവിനു ഒരായിരം വര്‍ഷം മുമ്പുണ്ടായതാണ്. എ.ഡി. എട്ട് -ഒമ്പത് നൂറ്റാണ്ടുകള്‍ വരെ അതു നിലനില്‍ക്കുകയും ചെയ്തു. അവരുടെ കണക്കിലുള്ള പരിജ്ഞാനം, അസ്‌ട്രോണോമി, മായന്‍ കലണ്ടര്‍ എന്നിവ വളരെ പ്രശസ്തമാണ്. യുദ്ധങ്ങളും ക്ഷാമവും കൊണ്ട് മായന്‍ സംസ്‌കാരം പതുക്കെ അപ്രത്യക്ഷമായി. ആന്റിസ് പര്‍വതനിരകളില്‍ ജീവിച്ചിരുന്ന ഇന്‍കാ ജനതയുടെ സിമന്റു ഉപയോഗിക്കാതെ കൂറ്റന്‍ കല്ലുകള്‍ കൊണ്ടുള്ള നിര്‍മാണ രീതി ഭൂകമ്പങ്ങളെപ്പാലും ചെറുത്തുനില്‍ക്കുന്ന ഒന്നായിരുന്നു. സുര്യചന്ദ്രന്മാരെയും പര്‍വതങ്ങളെയും മറ്റു പ്രകൃതിശക്തികളെയും അവര്‍ ആരാധിച്ചിരുന്നു. യുദ്ധങ്ങള്‍ കൊണ്ടാവാം, ഇന്‍കാ സാമ്രാജ്യവും 16 ാം നൂറ്റാണ്ടോടെ അപ്രത്യക്ഷമായി. ശക്തമായി നിലനിന്ന മറ്റൊരു സംസ്‌കാരമാണ് ആസ്‌ടെക്. 16 ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ആ സാമ്രാജ്യവും നശിച്ചു, കാരണം സ്​പാനിഷ് അധിനിവേശം. തുടര്‍ന്നു നമ്മള്‍ കാണുന്നത് സ്​പാനിഷ് കോളനിവല്‍ക്കരണമാണ്. തെക്കേ അമേരിക്കയില്‍ ബ്രസീല്‍ ഒഴികെ മറ്റെല്ലാ പ്രധാന പ്രദേശങ്ങളും സ്​പാനിഷ് അധീനതയിലായി. ബ്രസീല്‍ മാത്രം പോര്‍ച്ചുഗീസുകാരുടെ കോളനിയും. സ്വര്‍ണവും പ്രകൃതി സമ്പത്തുകളും ആവണം അവരെയും മോഹിപ്പിച്ചത്.

തൊഴില്‍പരമായ കാരണങ്ങളാല്‍ മൂന്നാഴ്ച്ച താമസിച്ചു സാന്‍ പൌലോ (Sao Polo) സിറ്റിയില്‍. ബ്രസീലിന്റെ തലസ്ഥാനം ബ്രസീലിയ ആണെങ്കിലും വാണിജ്യതലസ്ഥാനം സാന്‍ പൌലോ ആണ് -നമ്മുടെ ന്യൂ ഡല്‍ഹിയും മുംബൈയും പോലെ. ന്യൂ ജെര്‍സിയിലെ നെവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എന്റെ ടീം മെമ്പര്‍ ആയ ഗുജറാത്തി സുഹൃത്തുമൊത്ത് പാതി രാത്രിയോടെ വിമാനം കയറി. സുഖകരമായ യാത്ര. രാത്രിയോ പകലോ ആവട്ടെ, പ്ലെയിന്‍ യാത്രയില്‍ എനിക്ക് ഉറങ്ങാന്‍ കഴിയാറില്ല. എന്റെ സുഹൃത്ത് അരവിന്ദ് ആകട്ടെ കയറിയതും സീറ്റ് പിന്നോട്ടാക്കി അതില്‍ വിശാലമായി ചാരിക്കിടന്നു ഒറ്റ ഉറക്കം. ഒമ്പതു മണിക്കുറോളം യാത്ര കഴിഞ്ഞു ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഞങ്ങള്‍ സാന്‍ പൌലോ വിമാനത്താവളത്തിലെത്തിയത്. ബ്രസീലില്‍ കഴിയണമെങ്കില്‍ പോര്‍ച്ചുഗീസ് ഭാഷ അറിയണം എന്ന് ഓഗുസ്‌ടോ താക്കീത് തന്നെങ്കിലും സംഗതി ഇത്ര ഗുരുതരമാണ് എന്ന് ആദ്യം കരുതിയില്ല. അന്താരാഷ്ട്ര എയര്‍ പോര്‍ട്ട് ആയിട്ടും ഇംഗ്ലീഷ് സംസാരിക്കുന്നവരെ കാണാനേ കഴിഞ്ഞില്ല. ബ്രസീലില്‍ ചിലവഴിച്ച മൂന്ന് ആഴ്ചയും, ഭാഷയുടെ കാര്യത്തില്‍ മാത്രമാണ് ഞങ്ങള്‍ക്ക് പ്രയാസം നേരിടേണ്ടി വന്നത്. അഴിമതിയും കുറ്റകൃത്യങ്ങളും ബ്രസീലില്‍ പൊതുവേ കൂടുതലാണ്. ഏറ്റവും കൂടുതല്‍ മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതും സംഘടിതമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നതും സാന്‍ പൌലോ നഗരത്തിലാണ്. അതുകൊണ്ട് തന്നെ എയര്‍പോര്‍ട്ടിലെ ടാക്‌സി കൌണ്ടറില്‍ നിന്നു മാത്രമേ ടാക്‌സി പിടിക്കാവു എന്ന് ഓഗുസ്‌ടോ പ്രത്യേകം പറഞ്ഞിരുന്നു. ഭാഷ അറിയാതെ അവിടെയും നന്നേ പ്രയാസപ്പെട്ടു.

ഹൈവേയിലൂടെയാണ് യാത്ര. ഞങ്ങള്‍ കൗതുകത്തോടെ കാഴ്ചകള്‍ നോക്കിയിരുന്നു. പുറത്ത് ചാറ്റല്‍ മഴയുമുണ്ട്. നമ്മുടെ നാട്ടിലെ കാലാവസ്ഥ തന്നെ. റോഡിനിരുവശവും കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ സൗധങ്ങളാണ്. മതിലുകളില്‍ പല വര്‍ണ്ണങ്ങളിലുള്ള ഗ്രഫിറ്റി എഴുത്തുകളും ചിത്രങ്ങളും. വടക്കേ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ റോഡിലെ ലയിനുകള്‍ വീതി കുറഞ്ഞതാണ്. ചെറിയ കാറുകളുമാണ്. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും, വണ്ടി ഹൈവേയില്‍നിന്നും പുറത്തിറങ്ങി നഗരത്തിലേക്ക് പോകാന്‍ തുടങ്ങി. കുന്നുകളും താഴ്‌വരകളും, കയറ്റവും ഇറക്കവുമായി കിടക്കുന്ന റോഡുകളും. തെക്കേ അമേരിക്കയിലെ എല്ലാ പ്രധാന സിറ്റികളിലും വളരെ നല്ല റോഡ് സിസ്റ്റം ആണ്. ദൈനം ദിന ജീവിതത്തില്‍ ഇത്തരം റോഡ് സിസ്റ്റം എന്തുമാത്രം സഹായകമാണെന്ന് കണ്ടറിയണം. നമുക്കില്ലാതെ പോയതും അത് തന്നെ. സാന്‍ പൗലോ സിറ്റി വല്ലാത്ത തിരക്കുള്ള സ്ഥലമാണ്. കുറച്ചു സമയത്തിനു ശേഷം വണ്ടി ഞങ്ങളുടെ ഹോട്ടലിനു മുന്നില്‍ എത്തി. വലിയ ഒരു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഹോട്ടല്‍ ആയിട്ടും ഇംഗ്ലീഷ് അറിയുന്നവര്‍ അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ബുദ്ധിമുട്ട് കണ്ടു റിസപ്ഷനിസ്റ്റ് പോയി മാനജരെ കൂട്ടി വന്നു. അവര്‍ ഒരു വിധം ഇംഗ്ലീഷ് പറയുന്നുണ്ട്, ഞങ്ങള്‍ക്ക് സന്തോഷമായി. വിശദമായി പരിചയപ്പെട്ടു. ഫാബിയോള. ഞങ്ങള്‍ ചങ്ങാത്തത്തിലായി, ഇനിയും സഹായം വേണ്ടതല്ലേ..

ഓഫീസ് വഴി ബുക്ക് ചെയ്ത ഹോട്ടല്‍ ആയതിനാല്‍ സുരക്ഷിതത്വത്തെകുറിച്ച് ഞങ്ങള്‍ക്ക് ആശങ്കകളില്ലയിരുന്നു. എങ്കിലും രാത്രി വൈകി റോഡിലുടെ നടക്കരുതെന്നും മറ്റും കൂടെ ജോലി ചെയ്യുന്ന ബ്രസീലിയന്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. അന്നു വൈകുന്നേരം തന്നെ ഞങ്ങള്‍ ഒന്ന് പുറത്തിറങ്ങാന്‍ തീരുമാനിച്ചു. കുറച്ചൊക്കെ നടന്ന ശേഷം തിരിച്ചു വരുന്ന വഴി ഹോട്ടലിനെതിരെയുള്ള ഒരു ചെറിയ റസ്റ്റാറന്റില്‍ കയറി. വെറുതെ. ഒരു പത്തിരുപതു പേര്‍, ആണുങ്ങളും പെണ്ണുങ്ങളും, ഉള്ളിലിരുന്നു സ്‌നാക്കും മറ്റും കഴിക്കുന്നു. കടയുടെ മുന്‍വശത്ത് കുറേപ്പേര്‍ നിന്ന് വര്‍ത്തമാനം പറയുന്നു, സിഗരട്ട് വലിക്കുന്നു, ബിയര്‍ കുടിക്കുന്നു. ഇത് എടുത്തുപറയാന്‍ കാരണമുണ്ട്. സാന്‍ പൌലോയില്‍ പ്രവര്‍ത്തി ദിവസമെന്നോ അവധി ദിവസമെന്നോ വ്യത്യാസമില്ലാതെ ആളുകള്‍ ഒത്തു ചേരുന്ന സ്ഥലങ്ങളിലൊന്നാണ് അത്. എന്നും വൈകുന്നേരം ഏഴു മണിയോടെ ആണ്‍-പെണ്‍ വ്യത്യാസമോ പ്രായ വ്യത്യാസമോ ഇല്ലാതെ ആളുകള്‍ പുറത്തിറങ്ങും. അവര്‍ ഇതു പോലുള്ള സ്ഥലങ്ങളില്‍ പോയിരുന്നു കമ്പനി കൂടും. രാത്രി പത്തു മണിയോടെ പിരിഞ്ഞു പോകും. ആദ്യം ഞങ്ങളെ തികച്ചും അപരിചിതരെപ്പോലെയാണ് അവര്‍ നോക്കിയത്. കുറച്ചു കഴിഞ്ഞ് ഒരാള്‍ രണ്ടു ചെറിയ ഗ്ലാസുകളില്‍ ബിയര്‍ നിറച്ചു ഞങ്ങള്‍ക്ക് നേരെ നീട്ടി. സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബിയറിലൂടെ സൗഹൃദം പങ്കിട്ടു ഞങ്ങള്‍ അവരോടൊപ്പം കൂടി. കുറച്ചു കഴിഞ്ഞു വയസ്സായ ഒരാള്‍ വന്നു. അയാള്‍ നല്ല ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി. റിട്ടയര്‍ ചെയ്ത ഒരു മേയര്‍ ആയിരുന്നു അയാള്‍. ഇന്ത്യയെ കുറിച്ചുള്ള അയാളുടെ അറിവുകള്‍ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിയതോടൊപ്പം തന്നെ ചുറ്റും കൂടിയവര്‍ക്ക് സംഭാഷണങ്ങള്‍ പോര്‍ച്ചുഗീസില്‍ തര്‍ജിമ ചെയ്തുകൊടുത്ത് അവരെയും അയാള്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചു. കൂട്ടത്തിലൊരാള്‍ക്ക് ഞങ്ങളോട് എന്തെങ്കിലും ചോദിക്കണമെങ്കില്‍ പോലും മേയര്‍ സഹായിച്ചിരുന്നു. ആ ദിവസം ഒരു പ്രത്യേക അനുഭവമായിരുന്നു..

ചെറിയ കുപ്പികളിലെ ബിയറിനെക്കാള്‍ വലിയ ബോട്ടില്‍ ആണ് അവിടെ സാധാരണം. ബിയര്‍ ആര് വാങ്ങുന്നുവെന്നതോ ആര് കുടിക്കുന്നുവെന്നതോ ആര് പൈസ കൊടുക്കുന്നുവെന്നതോ അവിടെ വിഷയമായിരുന്നില്ല. ഇഷ്്ടം പോലെ കുടിക്കാനുണ്ടാവുക. എല്ലാവരും സന്തോഷത്തോടെ കുടിക്കുക.. അതായിരുന്നു അവരുടെ രീതി. ഒരാള്‍ ഒരു കുപ്പി വാങ്ങിയാല്‍ അത് തുറന്നു വെക്കും, കൂടെ ചെറിയ ഗ്ലാസ്സുകളും. വേണ്ടവര്‍ക്ക് വേണ്ടപോലെ കുടിക്കാം. ഒപ്പം സിഗരറ്റു വലിയുമുണ്ട്. കൂട്ടത്തില്‍ പറയട്ടെ, ബ്രസീലിലെ ജനപ്രീതിയാര്‍ജിച്ച ഒരു ബിയറിന്റെ പേര് 'ബ്രഹ്മ' എന്നാണു. ആ ബ്രാന്‍ഡ് കണ്ടപ്പോള്‍ തന്നെ എന്നിലെ ഹിന്ദു ചോര തിളച്ചു, ഞങ്ങളുടെ ദൈവത്തിന്റെ പേരുവച്ച് കള്ളുകച്ചവടമോ? ഏതായാലും മിക്കവാറും എല്ലാ ദിവസവും പോകുന്ന ഒരു ഹാങ്ങ് ഔട്ട് സ്ഥലമായി അവിടം മാറി. കുറെ നല്ല കൂട്ടുകാരെ അവിടെ ഞങ്ങള്‍ കണ്ടു. പറഞ്ഞറിഞ്ഞിട്ടാവണം പിന്നെ പിന്നെ ഇംഗ്ലീഷ് അറിയാവുന്നവരും എത്താന്‍ തുടങ്ങി. അതില്‍ ചില കോളേജ് വിദ്യാര്‍ത്ഥികളും അവരുടെ കാമുകിമാരും ഉള്‍പ്പെട്ടിരുന്നു. പരിചയപ്പെടുമ്പോഴും പിന്നെ സുഹൃത്തുക്കളായി കാണുമ്പോഴും ആണുങ്ങള്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്ന രീതി അവര്‍ക്കുണ്ടായിരുന്നു. സ്ത്രീകളാണെങ്കില്‍ കവിളില്‍ ചുംബിച്ചു കൊണ്ടാണ് സൗഹൃദം പ്രകടിപ്പിച്ചിരുന്നത്. ഒരു ദിവസം രണ്ടു വിദേശി ഇന്ത്യക്കാരെ പരിചയപ്പെടാം എന്ന് കരുതിയാവണം ഒരുവന്‍ കാമുകിയുമായെത്തി. പരിചയപ്പെടുന്നതിന്റെ ഭാഗമായി അവള്‍ എന്റെ കവിളില്‍ ഒരു സീല്ക്കാരശബ്ദത്തോടെ ഉമ്മ വച്ചു. അവളുടെ ചുണ്ടുകളില്‍ സിഗരറ്റിന്റെ മണമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ എനിക്ക് പരാതികളൊന്നും തന്നെയില്ലായിരുന്നു..

ബ്രസീല്‍ എന്ന രാജ്യത്തെ ആളുകളെയും ജീവിതരീതിയും കുറിച്ച് മനസ്സിലാക്കുവാന്‍ ഈ കൂട്ടുകെട്ട് വളരെ സഹായിച്ചു..ഒരു നാടോടി പാട്ടുകാരന്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അയാള്‍ വരുമ്പോഴൊക്കെ ബ്രസീലിയന്‍ നാടോടി പാട്ടുകള്‍ പാടി ഞങ്ങളെ രസിപ്പിച്ചിരുന്നു. പാടിയശേഷം അതിന്റെ അര്‍ഥം പോര്‍ച്ചുഗീസില്‍ പറയുകയും ഇംഗ്ലീഷ് അറിയാവുന്നവര്‍ അത് ഞങ്ങള്‍ക്കായി പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. അയാള്‍ സ്വന്തമായി ആല്‍ബങ്ങള്‍ ഇറക്കിയിട്ടുണ്ടെന്നും ക്ലുബുകളില്‍ പാടിയിരുന്നുവെന്നും ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ലോക്കല്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള ഒരു ക്ലബിലും മാളിലും ഒന്ന് കയറിനോക്കാന്‍ കഴിഞ്ഞത്. ക്ലബില്‍ നിന്നും ഒന്ന് രണ്ടു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. റിസ്‌ക് ഭയന്ന് അതിനു മുതിര്‍ന്നില്ല. സ്വവര്‍ഗാനുരാഗികള്‍ കൂടുതലും കോളേജ് വിദ്യാര്‍ഥികളായിരുന്നു.. പല നിലകളുള്ള മാളിന്റെ മുകള്‍നിലയില്‍ പോയാല്‍ രസമുള്ള ചില കാഴ്ചകള്‍ കാണാം. സുഹൃത്തുക്കള്‍ ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ ഒരു ഭാഗത്ത് ചെറിയ മേശകള്‍ക്കു ചുറ്റും പ്രണയാര്‍ദ്രരായി കെട്ടി പുണര്‍ന്നിരിക്കുന്ന സ്വവര്‍ഗ പ്രേമികളായ ജോഡികളെ ഞങ്ങള്‍ കണ്ടു...

ബ്രസീല്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ കണ്ടിരിക്കേണ്ടതും എന്നാല്‍ ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കാതെ പോയതുമായ ഒന്നുണ്ട്, ബ്രസീലിയന്‍ കാര്‍ണിവല്‍. രാജ്യം മുഴുവന്‍ ആഘോഷിക്കപ്പെടുന്ന മഹോത്സവം. കാര്‍ണിവല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നടക്കുക. ഞങ്ങള്‍ പോയത് ജനുവരിയിലായിരുന്നു. കാണാന്‍ കഴിഞ്ഞില്ലെങ്കിലും ചെന്നിടത്തെല്ലാം കാര്‍ണിവലിനായുള്ള തയ്യാറെടുപ്പുകള്‍ കണ്ടതില്‍ നിന്നും അതിന്റെ പ്രാധാന്യവും ഗാംഭീര്യവും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ ഉത്സവത്തെക്കുറിച്ചു പറയാന്‍ കാരണം ഇത് ബ്രസീലിന്റെ സംസ്‌കാരം അറിയാന്‍ ഏറെ സഹായിക്കുന്ന ഒന്നാണെന്നുള്ളതാണ്. ബ്രസീലില്‍ എല്ലായിടത്തും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും 'കാര്‍ണിവല്‍ തലസ്ഥാനം ' എന്നറിയപ്പെടുന്നത് ബ്രസീലിന്റെ ആദ്യത്തെ തലസ്ഥാനമായ രിഒ ടെ ജെനെരോ (Rio -De -Jenero) യാണ്. ചരിത്രപരമായി നോക്കുമ്പോള്‍ അതിനും കാരണമുണ്ട്. പുരാതന ഗ്രീസും റോമും ഉള്‍പ്പെടെ യൂറോപ്പിലെ ഒരു ആചാരമായിരുന്നു കാര്‍ണിവല്‍. 'കാര്‍നി വാലെ' എന്നാല്‍ മല്‍സ്യമാംസാദികളോട് വിട എന്നര്‍ത്ഥം. കോളനിവല്ക്കരണത്തിന് ശേഷം പോര്‍ച്ചുഗീസുകാരാണ്് ഇത് ബ്രസീലില്‍് തുടങ്ങിവച്ചത്. എന്നാല്‍ കാലക്രമേണ ആഫ്രിക്കയില്‍ നിന്നും അടിമകളായി ബ്രസീലില്‍ എത്തിയ കറുത്ത വര്‍ഗക്കാരുടെ സംഗീതവും നൃത്തവും ചേര്‍ന്ന തനതു കലയായ സാംബ മ്യൂസിക്, കാര്‍നിവലിന്റെ കാതലായി. മൂന്നു സംസ്‌കാരങ്ങളുടെ സമന്വയമായിരുന്നു അത്. ആഫ്രിക്കന്‍ അടിമകള്‍, ആദി അമേരിക്കക്കാര്‍, പിന്നെ പോര്‍ച്ചുഗീസുകാര്‍. 17 , 18 , 19 നൂറ്റാണ്ടുകളിലാണ് അടിമകള്‍ കൂടുതലായി ബ്രസീലില്‍ എത്തുന്നത്. ബാഹിയ, സാല്‍വഡോര്‍ എന്നീ സ്ഥലങ്ങളിലാണ് കൂടുതലായി എത്തിയതെങ്കിലും 19 ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവര്‍ അന്നത്തെ തലസ്ഥാനമായ റിയോയില്‍ താവളമുറപ്പിച്ചു. കാര്‍ണിവല്‍ കാണാന്‍ മാത്രം ഓരോ വര്‍ഷവും 6,00,000 ഓളം വിദേശികള്‍ എത്തുന്നുണ്ട്.

രാജ്യത്തുടനീളം സാംബ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കാര്‍ണിവല്‍ കഴിഞ്ഞാല്‍ ഓരോ സ്‌കൂളിലും അടുത്ത കാര്‍ണിവലിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നു. ഞങ്ങളുടെ ആഗ്രഹ പ്രകാരം ഒരു രാത്രി, ഒരു മണിക്കുറോളം യാത്ര ചെയ്തു ഒരു സാംബ സ്‌കൂളില്‍ എത്തിച്ചേര്‍ന്നു. അതി സുന്ദരികളായ നര്‍ത്തകിമാര്‍. അവര്‍ക്ക് അകമ്പടിക്കാരായി മ്യൂസിക് ഗ്രൂപ്പും. കാര്‍ണിവലില്‍ പങ്കെടുക്കുന്നവരുടെ കുപ്പായങ്ങള്‍ ശ്രദ്ധേയമാണ്. അതിമനോഹരമായ ഈ വേഷങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഓരോ സ്‌കൂളിനോടുമനുബന്ധിച്ചു ഉല്പ്പാദന യുണിറ്റുുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ അകത്തു കയറിയപ്പോള്‍ നല്ല സ്വീകരണമാണ് അവിടെ ലഭിച്ചത്.

ബ്രസീല്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ ഏറ്റവും കാണാന്‍ കൊതിക്കുന്ന നഗരമാണ് rio -de - jenero. ഞങ്ങളും ഒരു വാരാന്ത്യത്തില്‍ അവിടേക്ക് പോയി. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളാണ് ഇവിടെയള്ളത്്, പിന്നെ അടുത്ത ഒളിമ്പിക്‌സ് നടക്കാന്‍ പോകുന്ന സ്ഥലമെന്ന പ്രാധാന്യവും. അവിടത്തെ വിശേഷങ്ങള്‍ കുറെയുണ്ട്. പറയാം, അടുത്തയാഴ്ച.