യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈയില്‍ പണം എത്രയൊക്കെ ഉണ്ടെങ്കിലും പലപ്പോഴും പണികിട്ടുന്നത് ആവശ്യമായ യാത്രാരേഖകള്‍ സമ്പാദിക്കുന്ന കാര്യത്തിലാണ്. പ്രത്യേകിച്ചും വിസ (വിസിറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ സ്റ്റേ അഡ്മിഷന്‍) സംഘടിപ്പിക്കുന്നതിന്. അമേരിക്ക, ഉത്തരകൊറിയ, ഇസ്രായേല്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വിസ നേടിയെടുക്കുക എന്നത് ഏറക്കുറെ ബാലി കേറാമലയാണ്. അതേസമയം വിസയില്ലാതെ തന്നെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളും ലോകത്തുണ്ട്.

മൗറീഷ്യസ്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കയില്‍നിന്ന് ഏകദേശം 2000 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ദ്വീപസമൂഹമാണിത്. റിപ്പബ്ലിക് ഓഫ് മൗറീഷ്യസ് എന്നാണ് ഔദ്യോഗിക നാമം. മൗറീഷ്യസ്, സെന്റ് ബ്രാന്റണ്‍ റൊഡ്രിഗ്‌സ്, അഗലേഗ ദ്വീപുകള്‍ ചേര്‍ന്നതാണ് റിപ്പബ്ലിക് ഓഫ് മൗറീഷ്യസ്. തലസ്ഥാനം പോര്‍ട്ട് ലൂയി.

സന്ദര്‍ശകരുടെ കണ്ണിന് കുളിരേകുന്ന ധാരാളം പ്രകൃതിദൃശ്യങ്ങളുണ്ട് മൗറീഷ്യസില്‍. ഒപ്പം സുഖകരമായ കാലാവസ്ഥയും. നീലത്തടാകങ്ങളും അതില്‍ നിറയെ പലരൂപത്തിലും ഭംഗിയാര്‍ന്നതുമായ പവിഴപ്പുറ്റുകളും വിശാലമായ ഗോള്‍ഡണ്‍ ബീച്ചുകളും ഉള്ള സ്ഥലം. ധാരാളം കുന്നുകളും മലകളും മലഞ്ചരിവുകളും ഉള്ളതിനാല്‍ പര്‍വതാരോഹണത്തിനും സാഹസിക ട്രക്കിങ്, ബൈക്ക് റൈഡിങ് എന്നിവയ്ക്ക് സൗകര്യമുണ്ട്. കൂടാതെ സ്‌കൂബാ ഡൈവിങ്, പാരാസെയിലിങ്, കയാക്കിങ്, വാട്ടര്‍ സ്‌കീയിങ്, കടലിനടിയില്‍ ഇറങ്ങി കാഴ്ച കാണല്‍, ആഴക്കടലിലെ മീന്‍പിടിത്തം തുടങ്ങിയ വിനോദങ്ങളും ഇവിടെ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നുണ്ട്.

കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ ഏതൊരാള്‍ക്കും മൗറീഷ്യസിലേക്ക് പറക്കാം. അവിടെ 90 ദിവസംവരെ താമസിക്കുന്നതിനുള്ള അനുവാദം ലഭിക്കും. കൊച്ചിയും ബെംഗളൂരുവും ഉള്‍പ്പടെ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും ഇവിടേക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. ലോകത്തിലെ പ്രസിദ്ധമായ എല്ലാ എയര്‍ലൈനുകളും ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. സീവുസാഗര്‍ റാംഗൂലാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് പ്രധാന ലാന്റിങ് പോയിന്റ്.

മൗറീഷ്യസ് രൂപയാണ് കറന്‍സി. എങ്കിലും അമേരിക്കന്‍ ഡോളര്‍ രാജ്യത്ത് വ്യാപകമായി ഉപയോഗത്തിലുണ്ട്. അതേസമയം ഇന്ത്യന്‍ കറന്‍സി സ്വീകാര്യമല്ല. എന്നാല്‍ അവ എയര്‍പോര്‍ട്ടില്‍ തന്നെ പ്രവൃത്തിക്കുന്ന എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ആവശ്യാനുസരണം മാറിയെടുക്കാന്‍ കഴിയും. അതല്ലെങ്കില്‍ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ, എച്ച്.എസ്.ബി.സി., സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് തുടങ്ങിയ നിരവധി ബാങ്കുകളില്‍നിന്ന് മാറ്റി വാങ്ങാനുള്ള സൗകര്യമുണ്ട്. ഇന്ത്യന്‍ കറന്‍സി ഏകദേശം രു രൂപ കൊടുത്താലേ ഒരു മൗറീഷ്യസ് രൂപ കിട്ടൂ എന്നു മാത്രം!

Mouritius
Image by Nici Keil from Pixabay 

ഇന്‍ഡൊനീഷ്യ

ഇന്ത്യന്‍ മഹാസമുദ്രത്തിനും ശാന്തസമുദ്രത്തിനും ഇടയില്‍ കിടക്കുന്ന  തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യം. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാജ്യം എന്ന ഖ്യാതിയുമുണ്ട് ഈ രാജ്യത്തിന്. ഏകദേശം 17,000-ത്തോളം ചെറുതും വലുതുമായ ദ്വീപുകളുടെ സമുച്ചയമാണ് ഇന്‍ഡൊനീഷ്യ. റിപ്പബ്ലിക് ഓഫ് ഇന്‍ഡൊനീഷ്യ എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. തലസ്ഥാനം ജക്കാര്‍ത്ത. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ.

നിയമാനുസൃതമായ പാസ്‌പോര്‍ട്ടും അതിന്ആറു മാസത്തില്‍ കുറയാത്ത കാലാവധിയുമുണ്ടെങ്കില്‍ ഏതൊരു ഇന്ത്യന്‍ പൗരനും ഇന്‍ഡൊനീഷ്യയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ169-ഓളം രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇവിടെ വിസ ആവശ്യമില്ല. 30 ദിവസം താമസിക്കാനുളള അനുമതിയാണ് യാത്രികര്‍ക്ക് ലഭിക്കുക. അത് പുതുക്കുകയോ നീട്ടി നല്‍കുകയോ ചെയ്യില്ല. അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസിദ്ധമായിത്തീര്‍ന്ന ടൂറിസ്റ്റ് കേന്ദ്രമായ ബാലി ഇന്‍ഡൊനീഷ്യയിലാണ്. ടൂറിസത്തിലൂടെ ദ്രുതഗതിയില്‍ പൂരോഗതി പ്രാപിക്കുന്ന ലോകത്തിലെ പ്രധാന രാജ്യങ്ങളില്‍ ഒന്നാണിത്. രാജ്യത്തെ ദേശീയ വരുമാനത്തിന്റെ പ്രധാന പ്രധാന പങ്കുവഹിക്കുന്നത് ടൂറിസമാണ്. അതുകൊണ്ടു തന്നെ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് അനേകം വികസനങ്ങളും പരിഷ്‌കാരങ്ങളുമാണ് ഈ രാജ്യം നടപ്പിലാക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പ്രതിവര്‍ഷം ഒരു കോടിയിലേറെ സന്ദര്‍ശകര്‍ ഇന്‍ഡൊനേഷ്യയില്‍ എത്തുന്നു എന്നാണ് ഏകദേശ കണക്ക്. ബോറോബന്തര്‍ ക്ഷേത്രം, തോബാ ലെയ്ക്ക്, ബ്രോമോ പര്‍വതം, കോ മൊഡോ ദേശീയ പാര്‍ക്ക്, മാന്‍ഡലികാ, താന്‍ജുങ് കെല്യയാങ്, താന്‍ജുങ് ലെസങ് എന്നീ ബീച്ചുകള്‍, വാകാതോബി, മൊറോതായ് എന്നീ  ദ്വീപുകള്‍ തുടങ്ങി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ടിവിടെ. ഇന്‍ഡൊനീഷ്യന്‍ ആണ് പ്രധാന ഭാഷ. കൂടാതെ നിരവധി പ്രാദേശിക ഭാഷകളും ഇവിടെഉപയോഗിക്കുന്നു. ജക്കാര്‍ത്തയിലെ സുക്കാര്‍ണോ-ഹത്ത വിമാനത്താവളമാണ് സഞ്ചാരികളെ സ്വീകരിക്കുന്ന പ്രധാന ഇടം. ഇതൊരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. ബാലി, സുമാത്ര, ജാവ, മലുകു തുടങ്ങി ഇന്‍ഡൊനീഷ്യയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന യാത്രികരില്‍ മിക്കവരും ഈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്‌ വന്നിറങ്ങുന്നത്.ഇന്‍ഡൊനീഷ്യന്റുപ്യയാണ് പ്രധാന കറന്‍സി.

Bali Island
Photo: Ramees Rajai

ഭൂട്ടാൻ

ഇന്ത്യയുടെ പ്രധാന അയല്‍രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. കിഴക്കന്‍ ഹിമാലയത്തിന്റെ താഴ്‌വാരത്ത് സ്ഥിതിചെയ്യുന്ന പ്രധാന ബുദ്ധമത രാജ്യം. ഇന്ത്യയും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം എന്ന പ്രത്യേകതയുമുണ്ട് ഭൂട്ടാന്. കിങ്ഡം ഓഫ് ഭൂട്ടാന്‍ എന്നാണ് രാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത്. തിമ്പു ആണ് രാജ്യ തലസ്ഥാനം.

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഭൂട്ടാനില്‍ സന്ദര്‍ശനം നടത്താം. മതിയായ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടാവണം എന്നുമാത്രം. ഇന്ത്യയില്‍ ഇലക്ഷന്‍കമ്മിഷന്‍ നല്‍കുന്ന നിയമാനുസൃത വോട്ടേഴ്‌സ് ഐഡി മാത്രം കൈയില്‍ ഉണ്ടെങ്കിലും ഇവിടെ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കും. താഷിചു സോങ് ബുദ്ധമത ആശ്രമം, ടൈഗേഴ്‌സ് നെസ്റ്റ് ആശ്രമം, പു നാകാ സോങ്, ചിമി ലാക്കാങ് ക്ഷേത്രം, യുനസ്‌കോ ദേശീയ പൈതൃകമായി പ്രഖ്യാപിച്ച് കാത്തുസൂക്ഷിക്കുന്ന മനാസ് ദേശീയ പാര്‍ക്ക്, തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. മനാസ് ദേശീയപാര്‍ക്കിലെ ജംഗിള്‍ സഫാരി സുപ്രസിദ്ധമാണ്.

ഭൂട്ടാനില്‍ നാല് വിമാനത്താവളങ്ങളുണ്ട്. പാറോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അവയില്‍ പ്രധാനം. ഭൂട്ടാനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളവും ഇതാണ്. വൈമാനികര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ലോകത്തിലെ ചുരുക്കം ചില വിമാനത്താവളങ്ങളിലൊന്നാാണ് പാറോ. മലകളുടെ കൊടുമുടികള്‍ക്കിടയിലൂടെ അങ്ങേയറ്റം ശ്രദ്ധയോടെ പറത്തി വേണം പാറോ ചൂ നദിയുടെ കരയിലുള്ള മലയുടെ ചെരിവിലെ ഈ എയര്‍പോര്‍ട്ടില്‍ വിമാനങ്ങളിറക്കാന്‍. പ്രത്യേകം പരിശീലനം കിട്ടിയ വൈമാനികര്‍ക്ക് മാത്രമെ ഇവിടെ വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ സാധിക്കുകയുള്ളൂ.

സോങ്കയാണ് ഭൂട്ടാന്റെ ഔദ്യോഗിക ദേശീയഭാഷ. അതേസമയം ഹിന്ദിയും ബംഗാളിയും വ്യാപകമായി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരും കുറവല്ല. ഗുല്‍ത്രം ആണ് ഭൂട്ടാനിലെ കറന്‍സി.  ഇന്ത്യന്‍ രൂപയും വിനിമയരംഗത്തുണ്ട്.

Bhutan
Photo: Suchithra M

നേപ്പാള്‍

ഇന്ത്യയുടെ മറ്റൊരു പ്രധാന അയല്‍രാജ്യം. ഹിമാലയത്തിന്റെ താഴ്‌വാരത്തുകിടക്കുന്ന ഒരു ഹൈന്ദവരാജ്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്നത് നേപ്പാളിലാണ്. ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാള്‍ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക വിളിപ്പേര്. തലസ്ഥാനം കാഠ്മണ്ഡു.

കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയര്‍, പശുപതി ക്ഷേത്രം, സ്വയംഭൂനാഥ്, ഗാര്‍ഡന്‍ ഓഫ് ഡ്രീംസ്, താല്‍ ബരാഹി ക്ഷേത്രം, കാഠ്മണ്ഡുവിലെ രണ്ടു നിലയുള്ള പെഗോഡ, ഇന്റര്‍നാഷണല്‍ മൗണ്ടെന്‍ മ്യൂസിയം, റോയല്‍ പാലസ്, അന്നപൂര്‍ണ കൊടുമുടി, ചിത്‌വന്‍ ദേശീയ ഉദ്യാനം, നാഗര്‍കോടിലെ സൂര്യോദയവും അസ്തമനവും, ബുദ്ധന്റെ ജന്‍മംകൊണ്ട് അനശ്വരമായ ലുംബിനി തുടങ്ങി സന്ദര്‍ശകര്‍ക്ക് കണ്‍നിറയെ കാണാന്‍ കാഴ്ചകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്, നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി. അന്നപൂര്‍ണ താഴ്‌വരയി ലെ ട്രക്കിങ് അനേകം യാത്രികരെ ആകര്‍ഷിക്കുന്ന നേപ്പാളിലെ പ്രധാന വിനോദമാണ്.

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇവിടെ സന്ദര്‍ശിക്കാം. 1950-ല്‍ഉണ്ടാക്കിയ ഇന്‍ഡോ-നേപ്പാള്‍ സമാധാന-സൗഹൃദകരാര്‍ അനുസരിച്ച് ഇന്ത്യക്കാര്‍ നേപ്പാളില്‍ സര്‍വതന്ത്രസ്വതന്ത്രരാണ്. നേപ്പാളിലെവിടെയും ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാം, തൊഴിലെടുക്കാം, താമസിക്കാം. വിലക്കുകളൊന്നുമില്ല. വിമായാത്രയ്ക്ക് പാസ്‌പോര്‍ട്ട് ആവശ്യമായി വരും. എന്നാല്‍ റോഡ് മാര്‍ഗമുള്ള യാത്രയ്ക്ക് അതുപോലും ആവശ്യമില്ല. അതേസമയം പാസ്‌പോര്‍ട്ടോ അല്ലെങ്കില്‍ ഇലക്ഷന്‍ ഐഡി കാര്‍ഡോ കൈയില്‍ കരുതുന്നത് ഉത്തമമാണ്.

ടൂറിസമാണ് നേപ്പാളിന്റെ ദേശീയവരുമാനത്തില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത്. അഞ്ച് എയർപോർട്ടുകളുണ്ട് രാജ്യത്ത്. എങ്കിലും ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് അവയില്‍ പ്രധാനപ്പെട്ടത്. ഖത്തര്‍ എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ തുടങ്ങിയ നിരവധി എയര്‍ലൈനുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നേപ്പാളി ആണ് ഔദ്യോഗിക ദേശീയഭാഷ. അതേസമയം മൈഥിലി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളും നേപ്പാളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേപ്പാളി റുപ്പീ ആണ് കറന്‍സി. ഒപ്പം ഇന്ത്യന്‍ കറന്‍സിയും വിനിമയരംഗത്തുണ്ട്.

Nepal
Photo: Reuters/ Mathrubhumi Library

മാല്‍ദീവ്‌സ്

ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അറബിക്കടലിലെ പ്രധാന ദ്വീപ് സമൂഹമാണ് മാല. 1100-ലധികം ചെറുദ്വീപുകളുടെ സമുച്ചയമാണിത്. 200-ഓളം ദ്വീപുകളിലെ ഇവിടെ ജനവാസമുള്ളൂ. റിപ്പബ്ലിക് ഓഫ് മാല്‍ദീവ്‌സ് എന്നാണ് ഔദ്യോഗിക നാമം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെറുസ്വര്‍ഗം എന്നൊരു സവിശേഷ വിളിപ്പേരുമുണ്ട് ഈ ദ്വീപിന്. 'മാല'യാണ് തലസ്ഥാനവും പ്രധാന പട്ടണവും. ഇന്ത്യക്കാര്‍ക്ക് മാലയില്‍ വിസ ആവശ്യമില്ല. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായാല്‍ മതി. അതിന്റെ ബലത്തില്‍ 90 ദിവസം വരെ താമസിക്കാനുള്ള അനുവാദം ലഭിക്കും.

ഇന്ത്യക്കാരുടെ പ്രധാന ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ് മാലദ്വീപ്. പല വര്‍ണത്തിലും ആകൃതിയിലുമുള്ള പവിഴപ്പുറ്റുകള്‍ നിറഞ്ഞ 26-ഓളം നീലതടാകങ്ങള്‍, വൃത്തിയും വെടിപ്പുമുള്ള ബീച്ചുകള്‍, മിതോഷ്ണമുള്ള കാലാവസ്ഥ തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. കൂടാതെ സഞ്ചാരികള്‍ക്ക് കടലാഴത്തില്‍ നീന്തി രസിക്കാന്‍ സൗകര്യമൊരുക്കികൊണ്ട് നിരവധി ഡൈവിങ് സ്‌കൂളുകളുണ്ടിവിടെ. പുറമേ സ്‌കൂബാ ഡൈവിങ്, വാട്ടര്‍സ്‌കീയിങ്, ബോട്ടിങ്, നീന്തല്‍, മീന്‍പിടിത്തം, പലതരം വാട്ടര്‍ സ്‌പോര്‍ട്ട്‌സ് തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് ഫ്രൈഡേ മോസ്‌ക്, ദേശീയ മ്യൂസിയം, സുനാമി സ്മാരകം, മത്സ്യമാര്‍ക്കറ്റ്, സണ്‍ ഐലന്‍ഡ്, ഗാംഗീ ഐലന്‍ഡ് എന്നിവ പ്രധാന കാഴ്ചകളാണ്.

Maldives
Photo: Shabna VC

ടൂറിസമാണ് രാജ്യത്തെ ഒരു പ്രധാന വരുമാന മാര്‍ഗം. മാലയിലെ പ്രധാന തൊഴില്‍മേഖലകളില്‍ ഒന്നും അതുതന്നെ. ചെറുതും വലുതുമായി 130-ലേറെ ഹോട്ടലുകളാണ് ഈ ചെറിയ ദ്വീപിലുള്ളത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് പൊതുവെ ടൂറിസ്റ്റ് സീസണ്‍. എങ്കിലും വര്‍ഷത്തിലധികദിവസവും ലോകത്തിലെ പല ഭാഗത്തു നിന്നുള്ള സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്. കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും മാലയിലേക്ക് വിമാന സര്‍വീസുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയാണ് അങ്ങോട്ട് പറക്കുന്ന പ്രധാന വിമാനക്കമ്പനികള്‍. മാലയിലെ വെലാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴിയാണ് പ്രധാനമായും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത്. മാല്‍ ദീവ് റുഫിയ ആണ് കറന്‍സി. അതേസമയം അമേരിക്കന്‍ ഡോളര്‍ നോട്ടും മാലദ്വീപില്‍ വിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്.

Content Highlights: Countries travel without a visa, Maldives Tourism, Nepal Trip, Bhutan Travel