തായ്‌ലാന്‍ഡിലേക്ക് ഒരു യാത്ര ആരാണ് കൊതിക്കാത്തത് ? പക്ഷേ ആ യാത്ര എങ്ങനെ പ്ലാന്‍ ചെയ്യണം എന്നിടത്താണ് കാര്യങ്ങളുടെ ഗൗരവം. തായ്‌ലാന്‍ഡ് യാത്ര മനസില്‍ കൊണ്ടുനടക്കുന്നവരും യാത്രയ്‌ക്കൊരുങ്ങുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

 

1. തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങാം. സംശയനിവാരണങ്ങള്‍ക്ക് ഗൂഗിളിനെ ആശ്രയിക്കാം.

2. വിസാ ഓണ്‍ അറൈവല്‍ ഫ്രാ ആക്കിയിട്ടിരിക്കുകയാണ് തായ്ലന്‍ഡ് സര്‍ക്കാര്‍. പാക്കേജുകളെടുത്ത് യാത്ര പോകാം. ഇനി കുറച്ച് റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് പാക്കേജുകളെ ആശ്രയിക്കാതെയും പോകാം.

3. ഫ്ളൈറ്റ് ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഓഫറുകള്‍ നോക്കുന്നതും നല്ലതാണ്.

4. എവിടെയൊക്കെ, എങ്ങനെ പോകണം, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ക്ലൂക്ക് (KLOOK) എന്ന ആപ്പിന്റെ സഹായം തേടാം. ഹോങ്കോങ്, മലേഷ്യ മുതലായ സ്ഥലങ്ങളിലേക്ക് പോകാനുദ്ദേശിക്കുന്ന യാത്രികര്‍ക്കും ഈ ആപ്പ് ഉപകാരപ്പെടും. ടാക്സി, വണ്‍ഡേ ട്രിപ്പ് ബുക്കിങ് എന്നിവയും ക്ലൂക്ക് വഴി നടക്കും.

5. കേരളത്തിലെ മെട്രോ പോലുള്ള സേവനമാണ് ഹോങ്കോങ്ങിലെ ബി.ടി.എസ്. ചെലവ് കുറച്ചുള്ള യാത്രയാണ് ഉദ്ദേശമെങ്കില്‍ ബി.ടി.എസ് സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ഹോട്ടലുകള്‍ ബുക്ക് ചെയ്യാം.

6. എയര്‍ ഏഷ്യ വിമാന ടിക്കറ്റിന് ചാര്‍ജ് കുറവാണ്. പക്ഷേ അതിനനുസരിച്ചുള്ള സേവനമേ അവരില്‍ നിന്ന് പ്രതീക്ഷിക്കാവൂ എന്ന് മാത്രം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എയര്‍ ഏഷ്യക്ക് ലഗേജ് സൗകര്യം ഏഴ് കിലോ ഗ്രാം മാത്രമേ നല്‍കുന്നുള്ളൂ എന്നതാണ്. ഇനി ലഗേജ് കൊണ്ടുപോകണമെന്നുണ്ടെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ത്തന്നെ അത് വാങ്ങണം.

7. കഴിയുമെങ്കില്‍ കേരളത്തില്‍ വച്ചുതന്നെ ഓണ്‍ലൈനായി വിസാ ഓണ്‍ അറൈവല്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പോവുകയാണെങ്കില്‍ തായ്ലന്‍ഡില്‍ എത്തിയ ശേഷമുള്ള സമയം ലാഭിക്കാം. കൂടാതെ വിമാനത്തില്‍ നിന്ന് ലഭിക്കുന്ന അറൈവല്‍ ആന്‍ഡ് ഡിപ്പാര്‍ച്ചര്‍ കാര്‍ഡ് കൂടി തയ്യാറാക്കി വച്ചാല്‍ വളരെ നല്ലത്.

8. തായ്ലന്‍ഡില്‍ എത്തിയശേഷം വിസാ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ രണ്ട് വഴിയുണ്ട്. ഒന്ന് സാധാരണപോലെ വരി നിന്ന് വിസയെടുക്കുക. രണ്ട് വിമാനത്താവളത്തില്‍ത്തന്നെയുള്ള എക്സ്പ്രസ് കൗണ്ടറില്‍ അല്‍പ്പം തുക കൂടുതലടച്ച് വിസ നേടുക. 20-25 മിനിട്ടുകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും എന്നതുകൊണ്ടും അധികനേരം വരി നില്‍ക്കേണ്ട എന്നതുകൊണ്ടും രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണ് നല്ലത്. പെട്ടന്ന് നോക്കിയാല്‍ കാണുന്ന സ്ഥലത്തല്ല തായ്ലാന്‍ഡിലെ എക്പ്രസ് വിസാ ഓണ്‍ അറൈവല്‍ കൗണ്ടര്‍ എന്നതും പ്രത്യേകം ഓര്‍മിക്കുക.

9. ചെറിയ ട്രിപ്പ് ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ എട്ട് ദിവസം കാലാവധിയുള്ള അതും സൗജന്യ ഇന്റര്‍നെറ്റ് സേവനം തരുന്ന സിം എടുക്കാം. ഇതിന് ഏകദേശം 300 ഇന്ത്യന്‍ രൂപ മതിയാവും.

10. മിക്ക ഹോട്ടലുകളിലും ചെക്ക് ഇന്‍ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ 12 മണി വരെയാണ്. അതിന് മുമ്പാണ് ഹോട്ടലിലെത്തുന്നതെങ്കില്‍ ലഗേജ് വാങ്ങി സൂക്ഷിക്കും, പക്ഷേ ചെക്ക് ഇന്‍ ചെയ്യാന്‍ പറ്റില്ല. അങ്ങനെ സംഭവിച്ചാല്‍ ലഗേജ് അവിടെ സൂക്ഷിക്കുകയും കാണേണ്ട സ്ഥലങ്ങള്‍ കണ്ട് തിരിച്ചുവരുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.

11. ഇതിനിടയില്‍ കാശ് കണ്‍വേര്‍ട്ട് ചെയ്ത് ബത്തിലേക്ക് മാറ്റാന്‍ മറക്കരുത്. കഴിയുന്നതും യാത്ര പുറപ്പെടുന്നതിന് മുമ്പ് കണ്‍വര്‍ട്ട് ചെയ്യുക. ഡോളറായിട്ടാണ് കണ്‍വെര്‍ട്ട് ചെയ്യുന്നതെങ്കില്‍ ബത്താക്കാന്‍ തായ്ലാന്‍ഡ് എത്തണം.

എന്നാല്‍ ഇനി ഒരു തായ്ലാന്‍ഡ് യാത്രയേപ്പറ്റി ചിന്തിച്ചു തുടങ്ങുകയല്ലേ... ?

Content Highlights: Thailand Tourism, Thailand Trip Planning, Travel Tips