ണ്ട് സംസ്‌കാരങ്ങളും രണ്ട് സ്വഭാവങ്ങളും ഉള്ള രണ്ട് പേര്‍ വിവാഹം എന്ന മൂന്നക്ഷരങ്ങളിലൂടെ ഒന്നായി തീരുന്നു. പഴയ പോലല്ല, വിവാഹത്തിന് രണ്ട് വീട്ടുകാരും ഓക്കേ പറയുമ്പോള്‍ മുതല്‍ ബാക്കി എല്ലാം ഇവന്റ് മാനേജുമെന്റുകാര്‍ ഏറ്റോളും. ഹണിമൂണ്‍ പോലും. എന്നാലും ആഗ്രഹിക്കുന്നതും സ്വപ്‌നം കാണുന്നതും നമ്മളാണല്ലോ. ഹണിമൂണ്‍ എന്ന് കേള്‍ക്കുമ്പോ തന്നെ മനസ്സിലേക്ക് തിരക്കിട്ടെത്തുന്ന ഊട്ടി, കൊടൈക്കനാല്‍, കുളു, മണാലി ഒക്കെ മാറ്റിവെച്ചു പുതിയ ചില സ്ഥലങ്ങള്‍ പരിചയപ്പെട്ടാലോ? ഇതാ, പ്രണയത്താല്‍ അടയാളപ്പെടുത്തിയ ചില വിദേശ രാജ്യങ്ങള്‍.

ദുബായ്: ദാസനും വിജയനും സ്വപ്‌നം കണ്ട ദുബായ്.... പ്രണയം സാഹസികമാക്കാന്‍ പറ്റിയ ഇടം. പകല്‍ മണല്‍ക്കൂനകളിലൂടെ ഉള്ള സഫാരിയും ബെല്ലി ഡാന്‍സും വിഭവസമൃദമായ ഭക്ഷണവുമടങ്ങിയ അറേബ്യന്‍ രാത്രികളും ഏതു കമിതാവിലാണ് മോഹമുണര്‍ത്താതിരിക്കുക?

നവംബര്‍-ഫെബ്രുവരി ആണ് ദുബൈയില്‍ പറ്റിയ സമയം. മറ്റൊരു ആകര്‍ഷണം ഷോപ്പിംഗ് ആണ്. ദുബൈയില്‍ കറങ്ങാന്‍ രണ്ട്  ലക്ഷം മുതലുള്ള പാക്കേജുകള്‍ ലഭ്യമാണ്. കോഴിക്കോട്ട് നിന്നും കൊച്ചിയിൽ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് കിട്ടും. മൂന്നര മണിക്കൂര്‍ യാത്ര. ഓഫ് സീസണ്‍ ആണെങ്കില്‍ 12,000 രൂപ മുതലുള്ള പാക്കേജുകള്‍ ലഭ്യമാണ്.

ഈജിപ്ത്: പ്രണയതാരകം ക്ലിയോപാട്രയുടെ ദേശം.ഫറവോമാരുടെ പിരമിഡുകളാണ് ഈജിപ്തിന്റെ പ്രത്യേകത.

കൊച്ചി-ദുബായ്-കെയ്‌റോ ആണ് റൂട്ട്. ഏഴ് മണിക്കൂര്‍ യാത്ര. 75,000 രൂപ മുതല്‍ പാക്കേജുകള്‍ ലഭ്യമാണ്. കെയ്‌റോ അലക്‌സാന്‍ഡ്രിയ, ലക്‌സര്‍, താബ. ഇവിടങ്ങെളാക്കെ സന്ദര്‍ശിച്ചേ മടങ്ങാവൂ.

മാലദ്വീപ്: ജലകുടീരങ്ങളാണ് മാലദ്വീപിന്റെ പ്രത്യേകത.വിവാഹത്തിന്റെ ടെന്‍ഷനും തിരക്കുമൊക്കെ ഒഴുക്കി കളഞ്ഞ് പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റിയ ഇടം.

നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നല്ല സമയം. കൊച്ചിയില്‍ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് കിട്ടും. ഒന്നര മണിക്കൂര്‍ യാത്ര. 55,000 രൂപ മുതല്‍ പാക്കേജുകള്‍ ലഭ്യമാണ്. 

മൗറീഷ്യസ്: ഏതു ഫ്രെയിമിലും സുന്ദരമായ സ്ഥലങ്ങളും നല്ല കാലാവസ്ഥയും നല്ല പെരുമാറ്റവുമാണ് മൗറീഷ്യസിന്റെ പ്രത്യേകത. ഡച്ച് കോളനി ആയിരുന്ന മൗറീഷ്യസ്.

പോര്‍ട്ട് ലൗസിലെയും റോഡ്രിഗസിലെയും കാഴ്ചകള്‍ മിസാക്കരുത്. കൊച്ചിയില്‍ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് ഇല്ല. മിഡില്‍ ഈസ്റ്റിലെ ഏത് എയര്‍പോര്‍ട്ട്  വഴിയും  കണക്ഷന്‍ ഫ്ലൈറ്റുകൾ ഉണ്ട്. 7  മണിക്കൂര്‍ യാത്ര. 80000 മുതലുള്ള പാക്കേജുകൾ ലഭ്യമാണ്. മെയ് മുതല്‍ ഡിസംബര്‍ വരെയാണ് പറ്റിയ സമയം.

സ്വിറ്റ്‌സര്‍ലന്‍ഡ്: സഞ്ചാരികളുടെ പറുദീസ. ഏതൊരാളും ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം.ആ പേരില്‍ തന്നെ ഒരു കുളിര്‍മയില്ലേ? പ്രകൃതിയോട് ഇണങ്ങിയ കുറച്ചു ദിവസങ്ങള്‍ സമ്മാനിക്കും സ്വിറ്റ്‌സര്‍ലന്‍ഡ്.ഒരു സൈക്കിള്‍ യാത്രയൊക്കെ തീര്‍ച്ചയായും നടത്തണം.

സൂറിച്ചും ജനീവയുമൊക്കെ കറങ്ങണം. കൊച്ചി- ദുബായ്- സൂറിച്ച് ഫ്ലൈറ്റുകൾ ഉണ്ട്. 10 മണിക്കൂര്‍ യാത്ര. അഞ്ച് ദിന പാക്കേജുകള്‍ 1.35 ലക്ഷം മുതല്‍ ലഭ്യമാണ്. സ്വിറ്റസര്‍ലൻഡിന് ഓരോ മാസവും ഓരോ ഭംഗിയാണ്.

സീഷെല്‍സ്: വിനോദത്തിനൊപ്പം കൗതുകക്കാഴ്ചകളും സമ്മാനിക്കും സീഷെല്‍സ്. ലോകത്തിലെ ഏറ്റവും വലിയ ആമകളും, കടല്‍ത്തീരത്തെ പിങ്ക് മണലുമൊക്കെ സീഷെല്‍സിന്റെ മാത്രം കാഴ്ചകളാണ്. ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാനം സീഷെല്‍സിന്റേതാണ്.വിക്ടോറിയ. പ്രസ്ലിന്‍, ലാ ഡിഗ ഇവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

കൊച്ചി- ദുബായ്- സീഷെല്‍സ് ഫ്ലൈറ്റുണ്ട്. ഒമ്പത് മണിക്കൂറോളം യാത്ര. 1.10 ലക്ഷം മുതല്‍ പാക്കേജുകള്‍ ലഭ്യമാണ്. വര്‍ഷം മുഴുവന്‍ സീഷെല്‍സ് സഞ്ചാരികള്‍ക്കു വേണ്ടി ഒരുക്കമാണ്.

ഓസ്‌ട്രേലിയ: കങ്കാരുക്കളുടെ നാട്. സമ്പന്നരാജ്യമാണ് ഓസ്‌ട്രേലിയ. കടലിനകത്തും പുറത്തുമുള്ള ആക്ടിവിറ്റീസ് ആണ് ഓസ്‌ട്രേലിയയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

കൊച്ചി- സിങ്കപ്പൂര്‍/ക്വലാലംപുര്‍- സിഡ്‌നി ആണ് റൂട്ട്. 12 മണിക്കൂര്‍ യാത്ര. ആറ് ദിവസത്തെ ടൂര്‍ പാക്കേജുകള്‍ 1.50ലക്ഷം മുതല്‍ ലഭ്യമാണ്. സപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് ഓസ്‌ട്രേലിയന്‍ യാത്രയ്ക്ക് നല്ലത്. 

ഗ്രീസ്: ഒളിംപിക്‌സിന്റെ സങ്കേതം. ഒലിവ് ഇലകളും യവന കഥകളും ഇഴ പിരിഞ്ഞു കിടക്കുന്ന ഗ്രീസ്. ഏതെന്‍സ് ആണ് പ്രധാന ആകര്‍ഷണം. ക്രെടെ ദ്വീപിലെ കാഴ്ചകളും മിസ്സ് ചെയ്യരുതേ.

കൊച്ചി-ദുബായ്-ഏതന്‍സ് ആണ് റൂട്ട്. 11 മണിക്കൂര്‍ യാത്ര. ഏഴ് ദിന പാക്കേജുകള്‍ 1.50 ലക്ഷത്തിനു ലഭ്യമാണ്. അലോനിസോസ്, റോഡ്‌സ്, കാര്‍ഫു, ഹല്‍കിടക്കി തുടങ്ങിയ സ്ഥലങ്ങള്‍ ഒഴിവാക്കല്ലേ... ഏപ്രില്‍ പകുതി മുതല്‍ ജൂണ്‍ പകുതി വരെയും സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ പകുതി വരെയും നല്ല സമയമാണ്.

വിസ വേണ്ടതും വേണ്ടാത്തതും ആയിട്ടുള്ള ഒരുപാട് രാജ്യങ്ങള്‍ ഇനിയുമുണ്ട്. അതുകൊണ്ട് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കൊപ്പം ഒരു വിസയും റെഡിയാക്കി വെച്ചോളൂ. പിന്നെ പ്രണയത്തിന്റെ രാജ്യങ്ങള്‍ രണ്ടു പേര്‍ക്കും സ്വന്തമാക്കാമല്ലോ...

(കടപ്പാട്: വിപിന്‍ നമ്പ്യാര്‍, ഗ്രീന്‍ ട്രെയില്‍ ഹോളിഡേയ്‌സ്‌)