ലഡാക്ക് യാത്ര : സംശയങ്ങളും എന്റെ ഉത്തരങ്ങളും!

(ഈ ഉത്തരങ്ങള്‍ സ്വന്തം അനുഭവത്തില്‍ നിന്നാണ്, 100 ശതമാനം ശരിയെന്ന അവകാശവാദമില്ല)

1. ലഡാക്കിലേക് എങ്ങനെ എത്താം?

റോഡാണെങ്കില്‍ 2 മാര്‍ഗമുണ്ട്. ശ്രീനഗര്‍ വഴി അല്ലെങ്കില്‍ മണാലി വഴി. ശ്രീനഗറില്‍ നിന്നും 434 കിലോ മീറ്ററും മണാലിയില്‍ നിന്നും 490 കിലോ മീറ്ററുമാണ് ലഡാക്കിലേക്കുള്ള ദൂരം. ട്രെയിനില്‍ പോകാന്‍ തീരുമാനിച്ചാലും ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ജമ്മു താവിയാണ്. അവിടെ നിന്നും റോഡ് മാര്‍ഗം തന്നെ പോകേണ്ടി വരും. ഫ്‌ളൈറ്റ് എടുക്കുകയാണെങ്കില്‍ എയര്‍ ഇന്ത്യ, വിസ്താര, ഗോ എയര്‍ എന്നിവ ഈ റൂട്ടില്‍ പറക്കുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും ലേ ടൗണിലേക്ക് വെറും 2 കിലോ മീറ്ററേ ഉള്ളൂ. ചെറിയ എയര്‍പോര്‍ട്ട് ആണെങ്കിലും ലാന്‍ഡിംഗ് സമയത്തെ കാഴ്ച കാണേണ്ടത് തന്നെയാണ്. മിലിറ്ററി അധീനതയിലുള്ള എയര്‍പോര്‍ട്ട് ആയതിനാല്‍ ഇറങ്ങി ഫോട്ടോ എടുത്താല്‍ അവരു പൊക്കിക്കൊണ്ട് പോകും. ഞങ്ങളുടെ കൂടെ ഫ്‌ളൈറ്റില്‍ ഉണ്ടായിരുന്ന ഒരാളെ കൊണ്ടുപോകുന്നത് കണ്ടു.

2. ഞാന്‍ എങ്ങനെയാണ് ലഡാക്കില്‍ പോയതും കറങ്ങിയതും?

ഇവിടെ നിന്നും ഫ്‌ളൈറ്റ് മാര്‍ഗം ലേ എത്തി. അവിടെ നിന്നും യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ നടത്തിയ ക്യാമ്പ് വഴിയാണ് ഞാന്‍ ലഡാക്ക് കറങ്ങിയത്. ഭക്ഷണവും താമസവും ചുറ്റിക്കാണാനും കൂടി ഏഴ് ദിവസത്തേക്കു ആകെ ചെലവ് 7500 രൂപയാണ്. ടെന്റ് താമസം ആയിരിക്കുമെന്നു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.yhaindia.org  സന്ദര്‍ശിക്കാം.

3. ലഡാക്കില്‍ ചുറ്റി കാണാനുള്ള വാഹനങ്ങള്‍ കിട്ടുമോ?

അവിടെ ഓട്ടോ എന്ന വാഹനം ഇല്ല. ചെറിയ യാത്രയാണെങ്കില്‍ ഒമിനിയാണ് ആശ്രയം. മിനിമം 150 രൂപയെങ്കിലും വാങ്ങും. പിന്നെ ബൈക്ക് വാടകയ്ക്കു കിട്ടാന്‍ എളുപ്പമാണ്. പിന്നെ കുറെ പേരുണ്ടെങ്കില്‍ സുമോ, ടെമ്പോ ട്രാവലറുകള്‍ കിട്ടും. ഞങ്ങളോടൊപ്പം യാത്ര ചെയ്ത ഡ്രൈവറുടെ നമ്പറുണ്ട്. ആവശ്യമെങ്കില്‍ നല്‍കാം. ലേയിൽ നിന്ന് പാം​ഗോങ്, നുബ്ര വാലി  തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നതിനു ഇന്നർലൈൻ പെർമിറ്റ് എടുക്കണം. പെർമിറ്റിന്റെ കോപ്പി കയ്യിൽ വയ്ക്കുകയും മിലിട്ടറി ചെക്ക് പോസ്റ്റിൽ ചോദിച്ചാൽ കൊടുക്കുകയും വേണം. പെർമിറ്റിനു സഹായം ഹോട്ടൽകാർ ചെയ്തു തരും. നേരിട്ട് പോയി എടുക്കുകയും  ചെയ്യാം. 

Ladakh 1

4. ലഡാക്കില്‍ എത്തിയാല്‍ AMS (Acute mountain sickness) വരുമെന്നുള്ളത് സത്യമാണോ?

ഒരുപാട് ഉയരത്തിലേക്കാണ് നമ്മള്‍ പോകുന്നത്. Altitude കൊണ്ടുള്ള ബുദ്ധിമുട്ട് സ്വാഭാവികമാണ്. ചെല്ലുന്ന ദിവസം കഴിവതും ഒന്നും ചെയ്യാതെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ വേണ്ടി വിശ്രമിക്കുക. ഒരു പുതിയ സ്ഥലത്ത് എത്തിയതിന്റെ സന്തോഷം കൊണ്ട് ഓടി ചാടി ശരീരത്തിനെ ബുദ്ധിമുട്ടിച്ചാല്‍ പിന്നീടുള്ള ദിവസങ്ങള്‍ അത്ര സന്തോഷം കാണില്ല. കൂടെ ഉള്ളവരുടെ അനുഭവത്തില്‍ നിന്നും മനസിലായതാണ്. ധാരാളമായി വെള്ളമോ ദ്രാവകങ്ങളോ കുടിക്കുക. ഇടതു മൂക്കിലൂടെ നന്നായി ശ്വാസം എടുക്കുക. പിന്നെ കൂടുതല്‍ ഉയരത്തില്‍ പോകുമ്പോള്‍ കര്‍പ്പൂരം മണക്കുന്നത് ആശ്വാസം കൊടുക്കുന്നതായി കണ്ടു. അലോപ്പതിയിലും ഹോമിയോപ്പതിയിലും AMS വരാതിരിക്കാനുള്ള മരുന്നുകളുണ്ട്. DIAMOX ആണ് അലോപ്പതി ടാബ്ലറ്റ്. കഴിക്കണോ എന്നത് നിങ്ങളുടെ ശരീരഘടന അറിയുന്ന ഡോക്ടറോട് ചോദിക്കാം. കഴിക്കാതെയാണ് ഞാന്‍ പോയി വന്നത്.

5. ലഡാക്കിലെ ആളുകള്‍ എങ്ങനെയാണ്?

എനിക്ക് നല്ല അനുഭവം മാത്രമേ ഉണ്ടായുള്ളൂ. ആളുകള്‍ പൊതുവേ സഹായമനസ്‌കരാണ്. പിന്നെ അങ്ങോട്ട് പെരുമാറുന്നത് പോലെ ഇരിക്കും തിരിച്ചുള്ള പെരുമാറ്റം.

6.എപ്പോഴാണ് പോകാന്‍ നല്ല സമയം?

ഏപ്രില്‍ അവസാനം തൊട്ട് സെപ്റ്റംബര്‍ അവസാനം വരെയാണ് സീസണ്‍. ബാക്കിയുള്ള സമയത്ത് ലേ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങാം. പക്ഷെ സ്ഥലങ്ങള്‍ കാണാന്‍ പറ്റില്ല. മഞ്ഞു മൂടി കിടക്കും. Avalanche അഥവാ മഞ്ഞുപാളികള്‍ പൊട്ടി താഴോട്ട് വീഴുന്നത് കൊണ്ട് റോഡുകള്‍ മുഴുവന്‍ നശിക്കും. സീസണില്‍ തണുപ്പ് അത്രക്കുണ്ടാവില്ല. എങ്കിലും രാത്രിയില്‍ വൂളന്‍ കുപ്പായങ്ങള്‍ വേണം. പുലര്‍ച്ചെ നല്ല തണുപ്പാണ്. പിന്നെ പകല്‍ നല്ല ചൂടുള്ള വെയിലാണ്. സണ്‍സ്‌ക്രീന്‍ ക്രീമുകള്‍, ക്യാപുകള്‍ അത്യാവശ്യമാണ്.

7. ലഡാക്കില്‍ ഫോണിന് റേഞ്ച് കിട്ടുമോ?

BSNL പോസ്റ്റ്‌പെയ്ഡ് മിക്ക സ്ഥലത്തും റേഞ്ച് കിട്ടും. പക്ഷെ നെറ്റ് വളരെ പതുക്കെയാണ്. ജിയോ അല്ലെങ്കില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് കണക്ഷന്‍ ലേ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കും. ഐഡി കാര്‍ഡ് മാത്രം മതി. മറ്റു സംസ്ഥാനങ്ങളിലെ പ്രീപെയ്ഡ് കണക്ഷനുകള്‍ അവിടെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ല.

8. ലഡാക്കില്‍ ഭക്ഷണം എങ്ങനെയാണ്?

ബുദ്ധമത വിശ്വാസികള്‍ കൂടുതലായതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് അവിടെ കൂടുതലും. നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം എല്ലാം കിട്ടും. വില കുറച്ചു കൂടുതലാണ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ ലേ മാര്‍ക്കറ്റിലുണ്ട്.

9. ലഡാക്കിലെ റാഫ്റ്റിങ് രസകരമാണോ? ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്?

സാന്‍സ്‌കാര്‍ നദിയിലെ റാഫ്റ്റിങ് നല്ല രസമാണ്. പക്ഷെ ഒഴുക്കുള്ള നദിയായതിനാല്‍ അതിന്റെതായ റിസ്‌ക് ഉണ്ടെന്ന് മറക്കരുത്. 16 കി.മി റാഫ്റ്റിംഗിന് 1800 രൂപയാണ് അവരുടെ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പറഞ്ഞത്. വിലപേശാന്‍ നില്‍ക്കാത്തത് കൊണ്ട് സത്യമാണോ എന്നറിയില്ല. റാഫ്റ്റിങ്ങിന് ആവശ്യമായ വസ്ത്രങ്ങള്‍ അവര്‍ തരും. വിവിധ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്യാം. അല്ലെങ്കില്‍ റാഫ്റ്റിങ് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാം.

10. എന്താണ് അവിടെ നിന്നും ഓര്‍മയ്ക്കായി വാങ്ങാന്‍ നല്ലത്?

പ്രാര്‍ത്ഥന ഫ്‌ളാഗുകള്‍ വലുപ്പം അനുസരിച്ചു 30-60 രൂപ വരെ വില വരും. ഫ്രിഡ്ജ് മാഗ്‌നെറ്റുകള്‍ 40-150 രൂപ വരെയുള്ളവയുണ്ട്. ലേ മാര്‍ക്കറ്റ് സഞ്ചാരികളെ ഉദ്ദേശിച്ചായതിനാല്‍ ഇവിടെ വില കൂടും. വീട്ടിലേക്കു പോസ്റ്റ് കാര്‍ഡുകള്‍ അയക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ലേ മാര്‍ക്കറ്റില്‍ തന്നെ പോസ്റ്റ് ഓഫീസുണ്ട്. അവിടെ 20 രൂപയ്ക്കു വിവിധ പോസ്റ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. 10 രൂപ കൂടി കൊടുത്താല്‍ ഇന്ത്യയില്‍ എവിടേക്കും അയക്കാം.

ഉണക്കിയ പഴവര്‍ഗങ്ങള്‍ ഇഷ്ടം പോലെ കിട്ടും. എങ്കിലും ഇവിടെത്തെ പ്രധാന സംഭവം ആപ്രികോട്ട് പഴം ഉണക്കിയതും അതിന്റെ കായയുമാണ്. കുര്‍മാണിയെന്നാണ് അവര്‍ അതിനെ വിളിക്കുക. പശ്മിന ഷാളുകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. 1500 മുതല്‍ മുകളില്‍ വില വരും. അല്ലാത്ത ഷാളുകള്‍ 120 രൂപ മുതല്‍ ലഭിക്കും.

11. ലഡാക് ബൈക്ക് റൈഡ് ചെയ്യാനുള്ള സ്ഥലമാണോ? ഫാമിലിയായി പോയാല്‍ രസമാണോ?

ബൈക്ക് റൈഡിന് മാത്രമല്ല, എല്ലാ തരം സഞ്ചാരികളെയും സന്തോഷിപ്പിക്കാനുള്ള സംഭവങ്ങള്‍ ഇവിടെയുണ്ട്. ഒന്നുറപ്പിച്ചു പറയാം, ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം തന്നെയാണ് ലേ-ലഡാക്ക്.

Content Highlights: Leh Ladakh Travel, Sanskar River Rafting, Ladakh Travel Tips