രിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍, പ്രകൃതിയോട് ചേര്‍ന്ന് നടക്കുന്നവര്‍, കാടിനെ നെഞ്ചേറ്റുന്നവര്‍... എല്ലാവര്‍ക്കും ധൈര്യത്തോടെ ചെന്നു പറ്റാവുന്ന ഒരു കൊച്ചു ദേശീയോദ്യാനമുണ്ട് നമ്മുടെ ഈ കേരള നാട്ടില്‍. ആര്‍ക്കെങ്കിലും അറിവുണ്ടോ? പാമ്പാടും ചോല എന്നാണ് അതിന്റെ പേര്. പേരിലെ കൗതുകം ചെന്നു കണ്ടാല്‍ അതിന്റെ ഭംഗിയിലുമുണ്ട്. 

കേരള വനം വന്യജീവി വകുപ്പിന്റെ മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടും ചോലയാണ് കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം. കേരള സര്‍ക്കാര്‍ 2003 ഡിസംബറിലാണ് ഇതിനെ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.  ഇവിടേക്ക് എത്തിച്ചേരാന്‍ മൂന്നാറില്‍ നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. വര്‍ഷം മുഴുവനും മഞ്ഞും തണുപ്പുമൊക്കെയായി സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന കാലാവസ്ഥയാണ് ഇവിടെയെങ്കിലും വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഇവിടുത്തെ സീസണായി പറയപ്പെടുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തണുപ്പ് അതിന്റെ പാരമ്യത്തിലെത്തും. അപ്പോള്‍ 6 ഡിഗ്രി വരെയൊക്കെ താഴാറുണ്ട് ഇവിടുത്തെ ഊഷ്മാവ്. 

Pampadum Shola

Pampadum Shola

Pampadum Shola

പുള്ളിപുലി, കാട്ടുനായ്ക്കള്‍ എന്നിവയൊക്കെ ഇവിടെയുണ്ടെങ്കിലും പ്രധാന ആകര്‍ഷണം ഇതൊന്നുമല്ല, അമ്മയും അച്ഛനും മക്കളുമൊക്കെയടങ്ങുന്ന കാട്ടുപോത്തിന്‍ കൂട്ടങ്ങളാണ്. പലപ്പോഴും ഇവിടെ തങ്ങുന്ന സഞ്ചാരികളുടെ കണ്ണിനും മനസ്സിനും ഒരു പോലെ വിരുന്നാവാറുണ്ട് പുല്‍മേട്ടിലുള്ള ഇവയുടെ മേയല്‍. ഇവയെ അപകടകരമല്ലാത്ത രീതിയില്‍ വളരെ അടുത്ത് നിന്ന് കാണാനുള്ള അവസരം ഇവിടെ ലഭിക്കാറുണ്ട്. ഇവിടെ ഈ ദേശീയോദ്യാനത്തിനുള്ളില്‍ വന്ന് താമസ്സിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും വനം വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. 

Pampadum Shola

Pampadum Shola

Pampadum Shola

പരമാവധി 15 പേര്‍ക്കെങ്കിലും താമസിക്കാന്‍ സാധിക്കുന്ന ഒരു അമിനിറ്റി സെന്റെറും രണ്ടു പേര്‍ക്ക് വീതം താമസ്സിക്കാന്‍ സാധിക്കുന്ന രണ്ട് ലോഗ് ഹൗസുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അമിനിറ്റി സെന്ററില്‍ ഒരാള്‍ക്ക് ഒരു ദിവസം തങ്ങാന്‍ 500 രൂപയും, ലോഗ് ഹൗസ് ഒന്നിന് ഒരു ദിവസത്തേക്ക് 4500 രൂപയുമാണ് വാടകയിനത്തില്‍ വാങ്ങുന്നത്. ഭക്ഷണം ഇവിടെ ലഭിക്കുന്നതല്ല. ഭക്ഷണത്തിനായി അടുത്തുള്ള വട്ടവട എന്ന ചെറിയ ടൗണാണ് ആശ്രയം. 7 കിലോമീറ്ററാണ് വട്ടവടക്ക് ഇവിടെ നിന്നുള്ള ദൂരം.  ഫൈവ് സ്റ്റാര്‍ ഭക്ഷണം പ്രതീക്ഷിച്ച് പോകരുത്, കിട്ടില്ല. പകരം തനി നാടന്‍, അല്‍പ്പം തമിഴ് ചുവയുള്ള ഭക്ഷണങ്ങള്‍ കിട്ടും, അതും നേരം വൈകാതെ ചെന്നാല്‍.

Pampadum Shola

Pampadum Shola

ഭക്ഷണത്തിനായി പിന്നെയൊരു മാര്‍ഗം ഇവിടേക്ക് വരുന്ന സമയത്ത് തന്നെ മൂന്നാറില്‍ നിന്നോ മറ്റോ ഭക്ഷണം വാങ്ങി കൈവശം വയ്ക്കുക എന്നുള്ളതാണ്. പിന്നെ പ്രധാനപ്പെട്ട ഒന്നുകൂടിയുണ്ട്. പാമ്പാടും ചോല ദേശീയോദ്യാനത്തിനുള്ളില്‍ മദ്യപാനം, പുകവലി, പ്ലാസ്റ്റിക് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നമ്മുടെ കാടല്ലെ, അതു കൊണ്ട് നമ്മള്‍ സ്വമേധയാ തന്നെ ഇവ വേണ്ടെന്നു വയ്ക്കുന്നതാണ് ഉത്തമം. മുന്‍കൂട്ടി പണമടച്ച് അനുവാദം വാങ്ങിയാല്‍ വനം വകുപ്പ് സംഘടിപ്പിക്കുന്ന വനത്തിലുള്ളിലേക്കുള്ള ട്രെക്കിങ്ങില്‍ പങ്കെടുക്കാവുന്നതാണ്. ഇതിന് ഒരു ഗൈഡിന്റെ സേവനവും ലഭ്യമാണ്. 

Pampadum Shola

Pampadum Shola

പാമ്പാടും ചോലയുടെ ശാന്തമായ അന്തരീക്ഷത്തില്‍ ഒരു തവണയെങ്കിലും താമസ്സിച്ചവര്‍ക്ക് അതൊരിക്കലും മറക്കാന്‍ സാധിക്കില്ല എന്നത് വസ്തുതയാണ്. മാത്രമല്ല വീണ്ടും വീണ്ടും ഇവിടെയെത്താനും തിരക്കുകള്‍ക്കൊക്കെ വിട നല്‍കി പ്രകൃതിയോടൊത്ത് അതിന്റെ സ്പന്ദനത്തിന് കാതോര്‍ത്ത് സമയം ചിലവഴിക്കാനും അടങ്ങാത്ത ആഗ്രഹമുണ്ടാകും, അതു തീര്‍ച്ച.  കാട് വിളിക്കുക എന്നൊക്കെ കേട്ടിട്ടില്ലേ ... കാര്യം അതു തന്നെ .