താനും ദിവസങ്ങള്‍ക്കു മുമ്പാണ്, നെല്ലിയാമ്പതിയിലെ സംരക്ഷിതവനമേഖലയില്‍ പ്രവേശിച്ചതിന് രണ്ട് യുവാക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. നെല്ലിയാമ്പതി യാത്രയ്ക്കിടെ ഗോവിന്ദാമല വ്യൂപോയിന്റില്‍ നിന്നാല്‍ കാണാന്‍ സാധിക്കുന്ന ചെകുത്താന്‍ കുന്നിലേക്ക് നടത്തിയ യാത്രാവിവരണവും ഫോട്ടോകളും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതിനു പിന്നാലെ വനംവകുപ്പ് അവരെ നിരീക്ഷിച്ചുതുടങ്ങുകയായിരുന്നു. ഫെയ്‌സ്ബുക്കിലെ യാത്രാവിവരണം ഇഷ്ടപ്പെട്ട് കുന്നിലേക്ക് പോകാന്‍ താത്പര്യം കാട്ടിയ 20 പേരുമായി വീണ്ടും പോകാന്‍ ഒരുങ്ങുമ്പോഴാണ് അവരെ പിടികൂടിയത്.

വനസംരക്ഷണ നിയമപ്രകാരം വനത്തില്‍ അതിക്രമിച്ചു കടക്കുന്നത് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനവിഭവങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയതായി തെളിഞ്ഞാല്‍ അധിക വകുപ്പുകള്‍ ചുമത്തി പിഴയും ശിക്ഷയും ഉണ്ടാകും.

കാടുംമലയും താണ്ടി ഫെയ്‌സ്ബുക്കില്‍ താരമാകാന്‍ മത്സരിക്കുന്നവര്‍, അവരുടെ യാത്രകള്‍ നിയമപരമാണോ എന്നുകൂടി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 

കാടുകാണാന്‍ ഇറങ്ങുന്നതിനു മുമ്പ് കേരളത്തിലെ എക്കോ ടൂറിസം പദ്ധതികള്‍ അടുത്തറിയാം

കേരളത്തിലെ റിസര്‍വ് വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും, അവയുടെ സംരക്ഷണത്തിന്റെ ഭാഗമായി നിരവധി വിനോദസഞ്ചാര പരിപാടികള്‍ നടത്തിവരുന്നു. ഇന്ത്യയിലെ ആദ്യ ആസൂത്രിത പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രമാണ് ( planned eco toursim ) കൊല്ലത്തെ തെന്മല എക്കോ ടൂറിസം. ഇതുപോലെ, 60-ല്‍ അധികം എക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു കേന്ദ്രമെങ്കിലും സഞ്ചാരികള്‍ക്കായി വനം, വന്യജീവി വകുപ്പ് ഒരുക്കിയിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ഈ ലിങ്ക് നോക്കുക -  http://www.forest.kerala.gov.in/index.php/take-a-walk-to-the-wild

ഗവി, മൂന്നാര്‍, നെല്ലിയാമ്പതി, അരിപ്പ എന്നിവിടങ്ങളില്‍ കേരള വനംവികസന കോര്‍പറേഷന്റെ (കെ.എഫ്.ഡി.സി) കീഴിലാണ് എക്കോ ടൂറിസം പരിപാടികള്‍ നടക്കുന്നത്. http://www.kfdcecotourism.com/

Kerala Eco Tourism Map

റിസര്‍വ് വനങ്ങളില്‍ വനസംരക്ഷണ സമിതിയും (V.S.S.) വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഇക്കോ ഡെവലപ്‌മെന്റ് കമ്മറ്റികളുമാണ് (E.D.C.) വിനോദസഞ്ചാര പരിപാടികള്‍ നടത്തുന്നത്. 

1996-ല്‍ കേരള വനം, വന്യജീവി വകുപ്പ് ലോകബാങ്കിന്റെയും ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫെസിലിറ്റിയുടെയും സംയുക്ത സഹായത്തോടെ ആരംഭിച്ചതാണ് എക്കോ ഡെവലപ്‌മെന്റ് പദ്ധതി. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം തടയുക, വനത്തോടു ചേര്‍ന്നുവസിക്കുന്നവര്‍ക്കു മാന്യമായ ജീവിതവരുമാനം നേടിക്കൊടുക്കുക, ജൈവവൈവിധ്യം നിലനിര്‍ത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.