ഓറഞ്ചിന്റെ മധുരമാണ് കുടകിന്. പ്രകൃതിയുടെ വരദാനമായ കാടുകളും വെള്ളച്ചാട്ടങ്ങളും മലനിരകളും ഒരുക്കുന്ന നല്ല കാലാവസ്ഥ. പിന്നെ ചരിത്രസാംസ്‌കാരിക ശേഷിപ്പുകളും. കുടുംബസമേത യാത്രയ്ക്ക് എന്തുകൊണ്ടും പറ്റിയൊരിടം.

എങ്ങനെ എത്താം?

കുടകിലേക്ക് പലവഴിക്കും പോവാം. കോഴിക്കോട്ടുനിന്ന് വയനാടന്‍ ചുരം കയറിപോവാം, തലശ്ശേരി ചെന്ന് മാക്കൂട്ട ചുരം കേറാം, കാഞ്ഞങ്ങാടു നിന്നും കാസര്‍കോട്ടു നിന്നുമെല്ലാം വഴികളുണ്ട്.

coorg

കോഴിക്കോട്ടുനിന്ന് പോവുമ്പോള്‍ ഏറ്റവും എളുപ്പവഴി, നേരെ വടകര കഴിഞ്ഞ് കുഞ്ഞിപ്പള്ളി വഴി എത്തുക. അവിടെനിന്ന് വലത്തോട്ടുതിരിഞ്ഞ് കൂത്തുപറമ്പ് ഇരിട്ടി വഴി മാക്കൂട്ടചുരം വഴി പോവുകയാണ്. 179 കിലോമീറ്ററാണ് ദൂരം. തലശ്ശരി വഴി വരുമ്പോഴും കൂത്തുപറമ്പ് ഇരിട്ടി വഴി തന്നെയാണ് വരിക.

വയനാട് വഴി വരുമ്പോള്‍ മാനന്തവാടി കുട്ട വഴിയാണ് പോവേണ്ടത്. 210 കിലോമീറ്ററാണ് ദൂരം. കുടകിന്റെ ആസ്ഥാനമായ മടിക്കേരിക്കുള്ള ദൂരമാണ് പറയുന്നത്. അവിടെ താമസിച്ച് മറ്റു സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നതായിരിക്കും നല്ലത്.

കാണേണ്ട കാഴ്ചകള്‍

ഗോള്‍ഡണ്‍ ടെമ്പിള്‍ അഥവാ സുവര്‍ണക്ഷേത്രമാണ് കുടകില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന്. തിബത്തില്‍നിന്ന് അഭയാര്‍ഥികളായി എത്തിയ ലാമമാരുടെ ലോകം. അവരുടെ സംസ്‌കാരവും കൃഷിയും വിശ്വാസങ്ങളുമെല്ലാമായി നമ്മള്‍ മറ്റൊരു ലോകത്തെത്തിയ പ്രതീതി. സുവര്‍ണക്ഷേത്രവും കരകൗശലവസ്തുക്കളും കൃഷിയും എല്ലാം കാണേണ്ടതുതന്നെ. മടിക്കേരിയില്‍നിന്നും 34 കിലോമീറ്റര്‍ മാറി കുശാല്‍ നഗറിനടുത്താണിത്. പോവുംവഴിയാണ് നിസര്‍ഗധാമ എന്ന മുളംകാട്. കാവേരിയുടെ തീരത്തെ ഈ പ്രകൃതിസൗന്ദര്യവും നുകരാതെ പോവരുത്. മടിക്കേരിയില്‍നിന്നും 27 കിലോമീറ്റര്‍.

coorg

ആനകളെ ഇഷ്ടപ്പെടാത്തവരാരും ഉണ്ടാവില്ല. മൈസൂര്‍ ദസറയ്ക്ക് എഴുന്നള്ളിക്കുന്ന ആനകളെ പരിശീലിപ്പിക്കുന്നതും പരിചരിക്കുന്നതും കുടകിലെ ദുബാരെ എലിഫന്റ് ക്യാമ്പിലാണ്. അതും കാവേരിയുടെ കരയിലാണ്. റാഫ്റ്റിങ് അടക്കം സാഹസികപ്രിയര്‍ക്ക് ഈ സ്ഥലം ഏറെ ഇഷ്ടപ്പെടും. 36 കിലോമീറ്ററാണ് ഇവിടേക്ക്.

coorg

മടിക്കേരിക്കു ചുറ്റും കാഴ്ചകള്‍ക്കും വിനോദങ്ങള്‍ക്കും പറ്റിയ സ്ഥലങ്ങളുണ്ട്. രാജാസീറ്റ് നല്ലൊരു വ്യൂപോയിന്റാണ്. ഒപ്പം പൂന്തോട്ടവും കളിത്തീവണ്ടിയുമെല്ലാമായി നല്ലൊരു പിക്‌നിക് സ്‌പോട്ട്. ഇവിടെനിന്ന് ആറു കിലോമീറ്ററാണ് അബി വെള്ളച്ചാട്ടത്തിലേക്ക്. മഴക്കാലത്ത് ഗംഭീരകാഴ്ചയാണിത്. വേനലില്‍ വെള്ളം കുറവായിരിക്കും. എന്നാലും കുളിക്കാം. ഇരുപ്പാണ് മറ്റൊരു വെള്ളച്ചാട്ടം. കുട്ട വഴി പോവുന്നവര്‍ക്ക് പോവുംവഴി തന്നെ ഇരുപ്പ് കണ്ടിട്ട് പോവാം.

മടിക്കേരിയില്‍നിന്ന് ഈ പറഞ്ഞതിന്റെയൊക്കെ എതിര്‍ വശത്താണ് തലക്കാവേരി. കാവേരിയുടെ ഉത്ഭവസ്ഥാനം. നാല്പത്തിമൂന്നു കിലോമീറ്റര്‍. പോവും വഴി ഭാഗമണ്ഡലയിലാണ് ത്രിവേണി സംഗമം. അവിടെ മുങ്ങികുളിക്കാം, വെള്ളമുണ്ടെങ്കില്‍. കടുത്തവേനലില്‍ പൊതുവേ വെള്ളം കുറവായിരിക്കും.

info

ഇതിനുപുറമേ സാഹസികപ്രിയര്‍ക്കും ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കും തടിയന്റെ മോള്‍ എന്ന സ്ഥലം തിരഞ്ഞെടുക്കാം. 40 കിലോമീറ്ററാണ്. നല്‍നാട് കൊട്ടാരമാണ് മറ്റൊരു കാഴ്ച. കുടകിന്റെ ഒരു ഭൂതകാല ചിത്രമാവും ഇവിടെനിന്നു കിട്ടുക.


കുറിച്ചിടാം ഈ വിവരങ്ങള്‍

താമസിക്കാന്‍ എസ്റ്റേറ്റ് ബംഗ്‌ളാവുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. നിസര്‍ഗദാമയില്‍ കോട്ടേജുകളും ലഭ്യമാണ്. കേരളത്തില്‍നിന്ന് കുടകിലേക്ക് പാക്കേജ് ഒരുക്കുന്ന മലബാര്‍ വിങ്‌സിന്റെ നമ്പര്‍-9846242255.