ലോക സിനിമയില്‍ യാത്ര പ്രമേയമായി വന്ന ചിത്രങ്ങള്‍, സിനിമ കൊണ്ട് പ്രസിദ്ധമായ സ്ഥലങ്ങള്‍, സ്ഥലങ്ങളിലൂടെ ശ്രദ്ധനേടിയ ചിത്രങ്ങള്‍ തുടങ്ങിയവയേക്കുറിച്ച് പ്രതിപാദിക്കുന്ന പ്രതിവാര പംക്തിയാണ് ട്രാവല്‍ ഫ്രെയിംസ്.

 

 

ചില അവസരങ്ങള്‍ പിന്നീടൊരിക്കലും തിരികെ കിട്ടിയെന്നുവരില്ല. അങ്ങനെയുള്ള ഒരവസ്ഥയിലായിരുന്നു അര്‍ജുന്‍. വേണ്ടത്ര സജ്ജീകരണങ്ങളുണ്ടായിരുന്നെങ്കിലും പരന്നുകിടക്കുന്ന ശാന്തമായ നീലിച്ച ആ സമുദ്രത്തിന്റെ അഗാധതയിലേക്കിറങ്ങാന്‍ അവന് ഭയമായിരുന്നു. പക്ഷേ ലൈലയുടെ പ്രോല്‍സാഹനം ലഭിച്ചപ്പോള്‍ രണ്ടും കല്‍പ്പിച്ച് അവനിറങ്ങി. സമുദ്രാന്തര്‍ഭാഗത്ത് അവനെ കാത്തിരുന്നത് ഒരു വര്‍ണവിസ്മയലോകം തന്നെയായിരുന്നു. സ്വര്‍ണ നിറമുള്ള മത്സ്യങ്ങള്‍, പവിഴപ്പുറ്റുകള്‍...പിന്നൊരു കൂട്ടുകാരിയേയും.

ഒരിക്കലും ലഭിക്കാനിടയില്ലാത്ത ഇത്തരം കാഴ്ചകളുടെ സങ്കലനമാണ് സോയാ അക്തര്‍ സംവിധാനം ചെയ്ത് 2011 ല്‍ പുറത്തിറങ്ങിയ സിന്ദഗീ ന മിലേഗി ദൊബാരാ. നടാഷയുമായുള്ള വിവാഹത്തിന് മുന്നോടിയായി കബീര്‍ തന്റെ രണ്ട് സുഹൃത്തുക്കളായ അര്‍ജുന്‍, ഇമ്രാന്‍ എന്നിവരുമൊത്ത് സ്‌പെയിനിലൂടെ നടത്തുന്ന യാത്രയാണ് ചിത്രം. മൂന്നാഴ്ച നീളുന്ന യാത്രയില്‍ എന്തെല്ലാമായിരിക്കും സംഭവിക്കുക എന്ന ആകാംക്ഷ ആദ്യമേ തന്നെ പ്രേക്ഷകന് അനുഭവപ്പെടുൂം. കാരണം കൂടെയുള്ള അര്‍ജുന് ജോലി എന്ന ഒറ്റ വിചാരം മാത്രമേയുള്ളൂ. ഇമ്രാനാകട്ടെ സ്വല്‍പ്പം കുട്ടിക്കളിയുള്ള കൂട്ടത്തിലും. സ്വഭാവം കൊണ്ട് വ്യത്യസ്തരായ ഈ കൂട്ടുകാര്‍ഏത് രീതിയിലുള്ള യാത്രയാകും നടത്തുക എന്ന ആകാംക്ഷ അവിടെയാണ് തുടങ്ങുന്നത്.

യഥാര്‍ഥ ജീവിതത്തില്‍ വ്യക്തമായ പ്ലാനിങ്ങോടെ യാത്ര പോകുന്ന സഞ്ചാരപ്രേമികളെ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലര്‍ പ്ലാനിങ്ങോടെ ഒറ്റക്ക് പോകും, അല്ലാത്തവര്‍ സമാനമനസ്‌കരായ സുഹൃത്തുക്കളേയോ കുടുംബാംഗങ്ങളേയോ കൂടെ കൂട്ടും. ഇവിടെ എങ്ങോട്ടെല്ലാം പോകണമെന്ന് കബീറിനും കൂട്ടര്‍ക്കും വ്യക്തമായ പ്ലാനുണ്ട്. കോസ്റ്റ് ബ്രാവ, സെവിയ, പാംപ്‌ലോണ എന്നിവിടങ്ങളാണ് മൂവരുടേയും ആദ്യ ചോയ്‌സ്. അങ്ങനെ അവര്‍ യാത്ര തിരിക്കുകയാണ്. മേല്‍ഭാഗം തുറന്ന ഒരു വാഹനം വേണമെന്ന ഇമ്രാന്റെ വാശി പരിഗണിക്കാതെയാണ് യാത്ര.

കോസ്റ്റാ ബ്രാവയായിരുന്നു ആദ്യലക്ഷ്യം. കാറ്റലോണിയയിലെ തീരപ്രദേശമാണ് കോസ്റ്റ ബ്രാവ. ഫ്രാന്‍സില്‍ നിന്നും വടക്കന്‍ യൂറോപ്പില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ പാക്കേജ് ഹോളിഡേ ആഘോഷിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രദേശമാണിത്. ബാഴ്‌സലോണയില്‍ നിന്നും 60 കിലോമീറ്റര്‍ മാറി ഫ്രാന്‍സ് അതിര്‍ത്തിയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. 1950കളില്‍ സ്പാനിഷ് സര്‍ക്കാരാണ് ഇവിടം തിരിച്ചറിയുന്നത്. ബ്ലെയിന്‍സ്, ടോസാ ഡി മാര്‍, ലോറെറ്റ് ഡി മാര്‍ എന്നിവയാണ് പ്രധാന ഹോട്ടലുകള്‍. മുഗ, ഫ്‌ളുവിയ, തേര്‍, ടോര്‍ഡെറ എന്നീ നദികള്‍ പതിക്കുന്നതും കോസ്റ്റാ ബ്രാവയിലാണ്. ഇവിടെ വച്ചാണ് മൂവര്‍ സംഘം ലൈലയുമായി പരിചയപ്പെടുന്നത്. അര്‍ജുന്റെ ജീവിതം മാറ്റി മറിച്ച ആ സംഭവവുമുണ്ടാകുന്നത്.

മൂവരും പിന്നീട് പോകാന്‍ പദ്ധതിയിട്ട സ്ഥലമാണ് സെവിയ. സ്‌പെയിനിലെ ഗ്വാദല്‍ക്വിവിയെര്‍ നദിയോട് ചേര്‍ന്നാണ് സെവിയയുടെ സ്ഥാനം. രാജ്യത്തെ ഏക നദീ തുറമുഖം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഗിരാള്‍ഡാ ടവര്‍, സെന്റ് മേരീസ് കത്തീഡ്രല്‍, മുമ്പ് പുകയില ഫാക്ടറിയായിരുന്ന സെവിയ സര്‍വകലാശാലാ കെട്ടിടം, ട്രയാന പാലം, മെട്രോപോള്‍ പാരസോള്‍ തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. മൂന്നാമത്തെ സ്ഥലമായ പാംപ്‌ലോണ സ്‌പെയിനിലെ ചരിത്രനഗരമെന്നാണ് അറിയപ്പെടുന്നത്. ലോക പ്രശസ്തമായ സാന്‍ ഫെര്‍മിന്‍ മേളയുടെ ഭാഗമായി കാളയോട്ട മല്‍സരം നടക്കുന്നത് ഇവിടെയാണ്. 

രണ്ട് ടീമുകളായി ബാഴ്‌സലോണയിലെത്തുന്ന മൂവര്‍ സംഘം സ്‌പെയിനിനെ നന്നായി അനുഭവിക്കുന്നുണ്ട്. കാര്‍ യാത്രയായും ഡൈവിങ്ങായും  പാര്‍ട്ടിയായുമെല്ലാം. കബീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അസ്സലൊരു ബാച്ചിലര്‍ പാര്‍ട്ടി തന്നെ.  യാത്രയ്ക്കിടയില്‍ ഇമ്രാന്‍ പറയുന്നുണ്ട്. ശ്രമിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. വിജയവും പരാജയവും മുകളിലിരിക്കുന്നവന്‍ നോക്കിക്കോളുമെന്ന്. യാത്ര പോകണമെന്ന് വിചാരിച്ചിട്ടും നടക്കാത്ത യാത്രാ പ്രേമികള്‍ക്ക് മറ്റൊരു യാത്രികന്‍ നല്‍കുന്ന ഉപദേശമായി വേണമെങ്കില്‍ ഇത് കണക്കിലെടുക്കാവുന്നതാണ്.

സ്‌പെയിനിലെ ടൊമാറ്റോ ഫെസ്റ്റിവല്‍ അതിന്റെ എല്ലാ ദൃശ്യഭംഗിയോടുകൂടിയും സോയാ അക്തര്‍ ചിത്രീകരിച്ചിട്ടുണ്ട്. പെയിന്റ് ഇറ്റ് റെഡ് എന്ന ഗാനരംഗത്തില്‍. എവിടെയാണ്  മത്സരമെന്നും എന്തൊക്കെയാണ് നിയമങ്ങളെന്നും മേളയിലെ പ്രധാന കളികളെന്തെല്ലാമാണെന്നും ചിത്രം വ്യക്തമായി പറയുന്നുണ്ട്. കാളയോട്ടമത്സരമാകട്ടെ ഒരു സംഘട്ടനരംഗത്തിന്റെ പിരിമുറുക്കം കാണികളില്‍ തോന്നിക്കും വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിനിമയിലെ ഏറ്റവും ആവേശകരമായ രംഗമേതെന്ന് ചോദിച്ചാല്‍ കൂടുതല്‍ പേരും പറയുക ആ സ്‌കൈ ഡൈവിങ്ങ് ആണെന്നായിരിക്കും. അത്യധികം ആവേശത്തോടെയാണ് അര്‍ജുനും കബീറും ചാടുന്നതെങ്കില്‍ ഇമ്രാന്റെ പറക്കല്‍ അല്‍പ്പം ഭയത്തോടെയായിരുന്നു. അര്‍ജുന്റെ വെള്ളത്തേ പേടിയെ മുമ്പ് കളിയാക്കിയിട്ടുള്ളയാളാണ് ഇമ്രാന്‍ എന്ന കാര്യം ഓര്‍ക്കണം. അന്ന് കോസ്റ്റാ ബ്രാവയില്‍ അര്‍ജുന്‍ അനുഭവിച്ച മാനസിക സമ്മര്‍ദം എത്രമാത്രമാണെന്ന് ഒരുപക്ഷേ ഇമ്രാന് അപ്പോള്‍ മനസിലായിരിക്കാം. 

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണെന്നും അതിലൂടെ തിരിച്ചറിവുകളുണ്ടാവുമെന്നും കാട്ടിത്തരുന്നുണ്ട് സിന്ദഗീ ന മിലേഗി ദൊബാരാ. ഓരോ കഥാപാത്രങ്ങളും അതിന് അടിവരയിടുന്നു. ജോലിയും പണവുമൊന്നുമല്ല ജീവിതം എന്ന് ആ യാത്രയിലായിരുന്നു ലൈല അര്‍ജുനെ പഠിപ്പിച്ചത്. നടാഷയെ താന്‍ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിച്ചത് ആ യാത്രയിലായിരുന്നു. സല്‍മാന്‍ ഹബീബ് എന്ന ചിത്രകാരന്‍ തനിക്കാരായിരുന്നു എന്ന് ഇമ്രാന്‍ മനസിലാക്കുന്നതും ഇതേ യാത്രയില്‍ത്തന്നെ.

യാത്രയെല്ലാം കഴിഞ്ഞുവന്നതിന് ശേഷം ഇമ്രാന്‍ തന്റെ കവിതാസമാഹാരം പുറത്തിറക്കുന്നുണ്ട്. അതില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. സ്വപ്‌നത്തിന്റെ പ്രകാശം നിങ്ങള്‍ കണ്ണുകളിലേന്തുന്നുവെങ്കില്‍, നിങ്ങള്‍ ജീവിച്ചിരിക്കുന്നു...കാറ്റിന്റെ ആവേശം പോലെ സ്വതന്ത്രമായി ജീവിക്കാന്‍ പഠിക്കുക...സമുദ്രത്തെ പരിപൂര്‍ണതയിലെത്തിക്കുന്ന തിരമാലകളാവുക...കണ്ടുമുട്ടുന്ന ഓരോ മുഹൂര്‍ത്തത്തേയും വിടര്‍ത്തിയ കൈകളുമായി സമീപിക്കുക...