ഹിമാലയത്തിന്റെ താഴ്‌വരയിലെ നദികളിലൊന്നിന്റെ കരയില്‍ ആനന്ദിക്കൊപ്പം വിശ്രമിക്കുകയായിരുന്നു സുബ്രഹ്മണ്യം. ഇനിയെത്രദൂരം പോകണം എന്ന് ഇരുവര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. പക്ഷേ വന്നകാര്യം നടത്താതെ തിരിച്ചുപോകില്ലെന്ന് അവര്‍ ഇരുവരും തീര്‍ച്ചപ്പെടുത്തിയിരുന്നു. പൊടുന്നനെയാണ് അവരുടെ പക്കലുണ്ടായിരുന്ന ആ കുപ്പി താഴെ നദിയിലേക്ക് പതിച്ചത്. പിറകെ ഓടിച്ചെന്ന സുബ്രഹ്മണ്യം കുത്തിയൊഴുകുന്ന നദിയിലേക്ക് എടുത്തുചാടി. 

സുഹൃദ്ബന്ധങ്ങള്‍ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ ഇന്ത്യന്‍ ഭാഷയിലുണ്ടായിട്ടുണ്ട്. ആ കൂട്ടത്തിലെ വ്യത്യസ്തമായ ശ്രമങ്ങളിലൊന്നാണ് നാഗ് അശ്വിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'യെവാഡേ സുബ്രഹ്മണ്യം'.  വ്യത്യസ്ത ജീവിത പരിസരവും ലക്ഷ്യവും സ്വഭാവങ്ങളുമുള്ള മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് യെവാഡേ സുബ്രഹ്മണ്യം. ഐഐഎം ബിരുദധാരിയായ സുബ്രഹ്മണ്യമാണ് ആദ്യത്തെയാള്‍. സുബ്ബു എന്നാണ് അടുപ്പമുള്ളവര്‍ ഇദ്ദേഹത്തെ വിളിക്കുന്നത്. ഭാവി ജീവിതം സുരക്ഷിതമാക്കുക. അതിനായി മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ മുന്നോട്ടുപോകുക എന്ന സ്വഭാവക്കാരനാണിയാള്‍. ബാല്യം മുതലേ ഉള്ള സുഹൃത്തായ റിഷിയാകട്ടെ ജീവിതം ആസ്വദിക്കണമെന്ന ചിന്തയുള്ളവനും. ഇവര്‍ക്കിടയിലേക്ക് ആനന്ദി എന്ന പെണ്‍കുട്ടി കയറിവരുന്നതോടെയാണ് ചിത്രത്തിലെ ടേണിങ് പോയിന്റ്.

നൂലുപൊട്ടിയ പട്ടം പോലെ പറക്കുന്നവനാണ് റിഷി. യാത്രകളായിരുന്നു അവന് ഏറെ പ്രിയങ്കരം. ഹിമാലയത്തിലെ ദൂധ് കാശിയായിരുന്നു റിഷിയുടെ സ്വപ്നം. പക്ഷേ വിധി അതിനനുവദിച്ചില്ല. ഒരു ബൈക്ക് യാത്രയ്ക്കിടെ സുഹൃത്തിന് പകരം ഒപ്പം കയറിയത് മരണം തന്നെയായിരുന്നു. റിഷിയുടെ സഫലീകരിക്കാത്ത സ്വപ്‌നം ഏതുവിധേനയും നടത്തണമെന്നുള്ളത് ആനന്ദിയുടെ നിര്‍ബന്ധമായിരുന്നു. അതിനായി റിഷിയുടെ ചിതാഭസ്മം ദൂധ് കാശിയിലെത്തിക്കാന്‍ അവള്‍ ശ്രമമാരംഭിച്ചു.  കരിയര്‍ എന്ന ഒറ്റ ചിന്ത മാത്രമുള്ള സുബ്രഹ്മണ്യം മനസില്ലാ മനസോടെയായിരുന്നു ആനന്ദിക്കൊപ്പം ചേര്‍ന്നത്.

ആനന്ദിയുടെ ആത്മാര്‍ത്ഥതയോളമെത്താന്‍ പലപ്പോഴും സുബ്രഹ്മണ്യം കഷ്ടപ്പെടുന്നുണ്ട്. സുബ്രഹ്മണ്യത്തിന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളിലെല്ലാം റിഷിയുടെ സാന്നിധ്യമുണ്ടായിരുന്നു. ആനന്ദിക്കൊപ്പം നടത്തിയ യാത്രയില്‍പ്പോലും. എന്നാല്‍ ആ ചങ്ങാതിക്കുവേണ്ടിയാണ് ഈ യാത്ര നടത്തുന്നത് എന്ന ചിന്ത സുബ്രഹ്മണ്യത്തിനുണ്ടായിരുന്നില്ല. പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടന്നായിരുന്നു. റിഷിയുടെ ചിതാഭസ്മം ദൂധ് കാശിയിലെത്തിക്കുക എന്നത് ആനന്ദിയേക്കാള്‍ തന്റെ ഉത്തരവാദിത്തമാണെന്ന് സുബ്രഹ്മണ്യം ചിന്തിച്ചു. ഒപ്പമുണ്ടായിരുന്ന പെമ്പയ്ക്കും ആനന്ദിക്കും സുബ്രഹ്മണ്യത്തിന്റെ പൊടുന്നനേയുണ്ടായ മാറ്റം വിശ്വസിക്കാനായില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ.

യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയവരിലും സന്ദര്‍ഭങ്ങളിലുമെല്ലാം സുബ്രഹ്മണ്യം റിഷിയെ കണ്ടു. റിഷിയുടെ ചിതാഭസ്മം അടങ്ങിയ പാത്രം കുത്തിയൊഴുകുന്ന നദിയിലേക്ക് വീഴുന്നത് കണ്ട് ഒപ്പം ചാടിയ സുബ്രഹ്മണ്യം പിന്നെ പൊങ്ങിയത് അപരിചിതമായ മറ്റൊരന്തരീക്ഷത്തിലാണ്. ഇവിടെ വച്ച് ഒരു കുഞ്ഞിന്റെ പിറവിക്കും സുബ്രഹ്മണ്യം സാക്ഷിയായി. മുമ്പ് അപകടത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ സുബ്രഹ്മണ്യത്തിന്റെ കാറില്‍ റിഷി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായിരുന്നില്ല. അന്ന് അതും ചൊല്ലി റിഷി ഒരുപാട് സങ്കടപ്പെട്ടിരുന്നു. ഹിമാലയത്തിന്റെ താഴ്‌വരയിലെ വീട്ടില്‍ ജനിച്ച ആ കുഞ്ഞിനെ സ്വന്തം കൈകളിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ സുബ്രഹ്മണ്യത്തിന്റെ മുഖത്ത് വിരിഞ്ഞ ആനന്ദം റിഷിയുടെ കണ്ണീരിനോടുള്ള കടംവീട്ടല്‍ കൂടിയായിരുന്നു.

എന്തിന് വേണ്ടിയാണോ സര്‍വ പ്രതിബന്ധങ്ങളും മറികടന്ന് ദൂധ് കാശിയിലെത്തിയത്, അതും സാധിച്ചാണ് ആനന്ദിയും സുബ്രഹ്മണ്യവും തിരികെ പോരുന്നത്. തെലുങ്ക് സിനിമളേക്കുറിച്ച് മുന്‍ധാരണയോടെ കാണാനിരിക്കുന്ന പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാകാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. സുഹൃദ്ബന്ധത്തില്‍ തുടങ്ങി ട്രാവല്‍ മൂവിയായി പരിണമിക്കുന്ന ചിത്രമാണ് യെവാഡേ സുബ്രഹ്മണ്യം. പേര് സൂചിപ്പിക്കുന്നത് പോലെ '' ആരാണ് ഞാന്‍'' എന്ന അന്വേഷണം കൂടിയാണ് ചിത്രം. തെന്നിന്ത്യന്‍ ചലച്ചിത്രനടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ 'മഹാനടി'യിലൂടെ  കേരളത്തിലെ പ്രേക്ഷകര്‍ക്കും പരിചിതനായ നാഗ് അശ്വിന്റെ രണ്ടാമത്തെ ചിത്രമാണ് യെവാഡേ സുബ്രഹ്മണ്യം. നാനിയാണ് ടൈറ്റില്‍ റോളിലെത്തിയത്. വിജയ് ദേവരകൊണ്ട, മാളവികാ നായര്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. നാസര്‍, കൃഷ്ണം രാജു, റിതു വര്‍മ, രാജേഷ് വിവേക് ഉപാധ്യായ്, സൗക്കാര്‍ ജാനകി എന്നിവരായിരുന്നു മറ്റുവേഷങ്ങളില്‍.

ദൂധ് കാശിയെ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചിത്രം സമീപകാലത്ത് ഇറങ്ങിയിട്ടില്ല എന്നുതന്നെ പറയാം. നാല്‍പ്പത് ദിവസമെടുത്താണ് ഹിമാലയത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. സൗഹൃദവും വേര്‍പാടും പ്രണയവും യാത്രയും ഒരുമിച്ച് അനുഭവിക്കാന്‍ താത്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ധൈര്യമായി കാണാം യെവാഡേ സുബ്രഹ്മണ്യം.