ലോക സിനിമയില്‍ യാത്ര പ്രമേയമായി വന്ന ചിത്രങ്ങള്‍, സിനിമ കൊണ്ട് പ്രസിദ്ധമായ സ്ഥലങ്ങള്‍, സ്ഥലങ്ങളിലൂടെ ശ്രദ്ധനേടിയ ചിത്രങ്ങള്‍ തുടങ്ങിയവയേക്കുറിച്ച് പ്രതിപാദിക്കുന്ന പ്രതിവാര പംക്തിയാണ് ട്രാവല്‍ ഫ്രെയിംസ്.

ര്‍ഭാടപൂര്‍വം നടക്കുന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ് ജൂലിയോയും ടെനോഷും. എല്ലാവരും വിവാഹത്തിന്റെ തിരക്കുകളില്‍. കയ്യില്‍ ചഷകങ്ങളുമായി പരിചാരകര്‍ ഓടി നടക്കുന്നു. ഒരുഭാഗത്ത് കുതിരയോട്ടമല്‍സരം പുരോഗമിക്കുകയാണ്. അപ്പോഴാണ് ഏകയായി കയ്യിലൊരു ഗ്ലാസുമായി നില്‍ക്കുന്ന ഒരു സ്ത്രീയെ ഇരുവരും കാണുന്നത്. ഒന്ന് മുട്ടി നോക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചത്. പരിചയപ്പെട്ടപ്പോഴാണ് ടെനോഷിന്റെ ബന്ധുവായ ജാനോയുടെ ഭാര്യയായ ലൂയിസയാണ് അതെന്ന് മനസിലാവുന്നത്. വെറുമൊരു പരിചയപ്പെടല്‍ എന്നതിലുപരി ടെനോഷും ജൂലിയോയും ഒരിക്കലും മറക്കാത്ത ഒരു യാത്രയുടെ തുടക്കം കൂടിയായിരുന്നു അത്.

അല്‍ഫോണ്‍സോ ക്വാറണ്‍ സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ 'യി തു മാമാ താമ്പിയെന്‍' എന്ന ചിത്രത്തിന്റെ ഗതിമാറുന്നത് ഈ ഒരു രംഗത്തോടെയാണ്. കാമുകിമാരുമായി ഉല്ലസിച്ച് ജീവിക്കുന്ന രണ്ട് ചെറുപ്പക്കാര്‍ തങ്ങളേക്കാള്‍ പ്രായത്തിന് മുതിര്‍ന്ന ഒരു സ്ത്രീയുമായി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ നല്ലൊരു ഭാഗവും. സ്വര്‍ഗ കവാടം (ഹെവന്‍സ് മൗത്ത്) എന്നാണ് അവര്‍ അതിനെ വിളിക്കുന്നത്. മൂവരും തമ്മിലുള്ള സൗഹൃദവും ലൈംഗികതയുമെല്ലാം ഹെവന്‍സ് മൗത്തിലേക്കുള്ള യാത്രക്കിടെ കടന്നുവരുന്നുണ്ട്. തങ്ങള്‍ അനുഭവിച്ച സ്ത്രീകളെപ്പറ്റി ആവേശത്തോടെയാണ് ചെറുപ്പക്കാര്‍ രണ്ടുപേരും സംസാരിക്കുന്നതെങ്കില്‍ തന്റെ ആദ്യ പ്രണയത്തേപ്പറ്റി അല്‍പ്പം വിഷാദത്തോടെ എന്നാല്‍ കുറച്ച് പുഞ്ചിരിയും കലര്‍ത്തിയാണ് ലൂയിസ പറയുന്നത്.

യാത്രയുടെ ഒരു പ്രത്യേകഘട്ടത്തില്‍ ടെനോഷും ജൂലിയോയും പിണങ്ങുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ലൂയിസ യാത്രയുടെ കടിഞ്ഞാണേറ്റെടുക്കുന്നതെങ്ങനെയെന്ന് അതിശയത്തോടെയേ കാണാനാവൂ. സിനിമയിലെ പ്രധാനകഥാപാത്രമായ ലൂയിസയെ അവതരിപ്പിക്കുന്നത് മാരിബെല്‍ വെര്‍ഡു ആണ്. ഡീഗോ ലൂണ ടെനോഷ് ആയും ഗായല്‍ ഗാര്‍സ്യ ബെര്‍ണല്‍ ജൂലിയോ ആയും എത്തുന്നു. സ്റ്റാര്‍ വാര്‍ സീരീസിലെ റോഗ് വണ്ണില്‍ കാഷ്യന്‍ ആന്‍ഡര്‍ എന്ന വേഷത്തിലെത്തിയ നടനാണ് ഡീഗോ ലൂണ. 2005-ല്‍ പുറത്തിറങ്ങിയ മോട്ടോര്‍ സൈക്കിള്‍ ഡയറീസിലെ അഭിനയത്തിന് മികച്ച നടനുള്ള ബാഫ്റ്റാ പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട് ഗായല്‍ ഗാര്‍സ്യക്ക്. 2016-ല്‍ മൊസാര്‍ട്ട് ഇന്‍ ദ ജംഗിള്‍ എന്ന പരമ്പരയിലൂടെ മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ഇതേ വര്‍ഷം തന്നെ ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ആളുകളുടെ പട്ടികയിലും ഈ താരത്തെ ഉള്‍പ്പെടുത്തി.

സ്വര്‍ഗ കവാടത്തിലേക്കുള്ള യാത്ര പുരോഗമിക്കുന്നത് മെക്‌സിക്കോയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെയാണ്. ഗ്രാമഭംഗി കാണിക്കാന്‍ അത്രകണ്ട് സംവിധായകന്‍ മുതിര്‍ന്നിട്ടില്ലെങ്കിലും എന്താണ് ആ ഹെവന്‍സ് മൗത്ത് എന്നറിയാനുള്ള ആകാംക്ഷ കാഴ്ചക്കാരനില്‍ കൂടുകയേ ചെയ്യുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ബോകാ ഡി സീലോ എന്ന ബീച്ചാണ് ഹെവന്‍സ് മൗത്ത് എന്ന് പറയുന്നത്. ബോകോ ഡി സീലോ എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥമാണ് സ്വര്‍ഗ കവാടം എന്നും പറയാം. മെക്‌സിക്കോയിലെ ടോണാല മുനിസിപ്പാലിറ്റിയിലെ ചിപാസ് തീരപ്രദേശത്താണിത് സ്ഥിതി ചെയ്യുന്നത്. പ്യൂര്‍ട്ടോ അരിസ്റ്റ എന്ന മറ്റൊരു ബീച്ചും ഇവിടെ നിന്ന് 15 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നുണ്ട്. കന്നുകാലികളെ മേക്കാനുള്ള പുല്‍ത്തകിടികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു ഇവിടെ. വടക്കന്‍ തീരദേശ മേഖലയിലെ പ്രധാന വരുമാന മാര്‍ഗവും ഇതുതന്നെയാണ്.

വിനോദസഞ്ചാരികള്‍ക്ക് ബോട്ടില്‍ സഞ്ചരിക്കാനും മത്സ്യം പിടിക്കാനുമുള്ള അവസരം ഇവിടെയുണ്ട്. സിനിമയുടെ അവസാന രംഗങ്ങളില്‍ ഇത് ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. കടലിന്റേയും നദിയുടേയും ഇടകലര്‍ന്ന നിറമാണ് ബോകാ ഡി സീലോ ബീച്ചിലെ ജലത്തിനുള്ളത്. ഇവിടത്തെ സാന്‍ മാര്‍ക്കോ ദ്വീപിലെ ഓലമേഞ്ഞ കുടിലിനെ അനുസ്മരിപ്പിക്കുന്നയിടത്തുവെച്ച് സിനിമയുടെ ക്ലൈമാക്‌സിനോടടുത്ത് ഒരു രംഗമുണ്ട്. പ്രധാനകഥാപാത്രങ്ങള്‍ മൂവരും മദ്യപിക്കുന്ന ഒരു രംഗം. സിനിമയിലെ ഏറ്റവും കൗതുകകരമായ സംഭാഷണങ്ങളിലൊന്ന് ഇവിടെയാണ് കടന്നുവരുന്നത്. 

ദേശീയരും അന്തര്‍ദേശീയരുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും സ്വര്‍ഗകവാടത്തിലേക്ക് വരുന്നവരില്‍ നല്ലൊരുപങ്കും ചിപാസില്‍ നിന്നുള്ളവര്‍ തന്നെയാണ്. ആഴ്ചാവസാനങ്ങളില്‍ ഇവിടെ നല്ല തിരക്കും അനുഭവപ്പെടും. 2008-ലെ വിശുദ്ധ വാരാന്ത്യത്തില്‍ 30,697 പേര്‍ സന്ദര്‍ശിച്ചതാണ് ഇവിടത്തെ ഇതുവരെയുള്ള റെക്കോര്‍ഡ് വരവായി രേഖപ്പെടുത്തിയിട്ടുള്ളത്. ബോകാ ഡീ സീലോ അടക്കം നാല് ആമ സംരക്ഷണ കേന്ദ്രങ്ങളാണ് ഈ ഭാഗത്തുള്ളത്. പ്യുര്‍ട്ടോ അരിസ്റ്റ, കോസ്റ്റാ അസുല്‍, ബരാ ഡി സകാപുല്‍കോ എന്നിവയാണ് മറ്റുള്ള മൂന്ന് കേന്ദ്രങ്ങള്‍. 

ജൂലിയോയുടേയും ടെനോഷിന്റേയും ലൂയിസയുടേയും യാത്ര കാണുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. ഭര്‍തൃമതിയായ ഒരു യുവതി എന്തിനായിരിക്കും രണ്ട് കൗമാരക്കാര്‍ക്കൊപ്പം എവിടേക്കാണെന്ന് പോലും അറിയാത്ത ഒരു യാത്ര പോകുന്നത് എന്നതാണ് ആദ്യത്തെ ചോദ്യം. മുമ്പ് ടെനോഷ് ഇങ്ങനെയൊരു യാത്ര വാഗ്ദാനം ചെയ്‌തെങ്കിലും ലൂയിസ അത് നിരസിക്കുകയായിരുന്നു. പക്ഷേ പെട്ടന്നൊരു ദിവസം അവള്‍ ടെനോഷിനെ വിളിച്ച് യാത്ര പോകുന്നതിനുള്ള സന്നദ്ധത അറിയിക്കുന്നുണ്ട്. എന്തായിരിക്കും അതിനുള്ള കാരണം? യാത്രയോടുള്ള ഇഷ്ടമോ? അതോ ഭര്‍ത്താവിനോടുള്ള കോപമോ? ഇതിനുള്ള ഉത്തരങ്ങള്‍ ഓരോ പ്രേക്ഷകനും കണ്ടെത്തേണ്ടതാണ്. പക്ഷേ ഒരു കാര്യം വ്യക്തമാണ് സ്വതന്ത്രയായി വിഹരിക്കാനുള്ള ഉത്ക്കടമായ ഒരാഗ്രഹം ലൂയിസയ്ക്കുള്ളിലുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാതെ അലസമായി ബോകാ ഡി സീലോയുടെ ആഴങ്ങളിലേക്ക് പതിയെ ഊളിയിടുന്ന ആ രംഗം ഇതിന് അടിവരയിടുന്നു.

ബീച്ച് രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമാണ് യി തു മാമാ താംബിയെന്‍. 'ഹെവന്‍സ് മൗത്തി' ലേക്കാണ് മൂവര്‍ സംഘം യാത്ര ചെയ്യുന്നതെങ്കിലും സിനിമയിലെ ബീച്ച് രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത് മധ്യ മെക്‌സിക്കോയിലെ ഒക്‌സാകയിലെ ഹുവാടുല്‍ക്കോയിലാണ്. അഗ്നിപര്‍വതശിലകള്‍ കൊണ്ട് നിര്‍മിച്ച കെട്ടിടങ്ങളാണ് ഒക്‌സാകയുടെ പ്രത്യേകത. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ചതും വാസ്തുഭംഗിയാല്‍ സമ്പന്നമായതുമായ ഒരു പള്ളിയും ഇവിടുത്തെ ആകര്‍ഷകകേന്ദ്രങ്ങളാണ്. പ്രധാനകഥാപാത്രങ്ങള്‍ ചേര്‍ന്ന് നടത്തുന്ന യാത്രയുടെ പര്യവസാനം ശുഭകരമാണെങ്കിലും ടെനോഷിനും ജൂലിയോക്കും ഒപ്പം പ്രേക്ഷകനേയും നൊമ്പരപ്പെടുത്തുന്ന ഓര്‍മകളും സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്.