ടുത്താല്‍ പൊന്താത്ത അത്ര ഭാരമുണ്ടായിരുനനു അവളുടെ ചുമലില്‍. ഹോട്ടല്‍മുറിയില്‍ നിന്ന് പുറത്തിറങ്ങി അല്‍പ്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഒരു കാറില്‍ ഇടംകണ്ടെത്തി. മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങി കാനഡ വരെ നീളുന്ന പസഫിക് ക്രസ്റ്റ് ട്രയല്‍ അഥവാ പി.സി.ടി യായിരുന്നു അവളുടെ ലക്ഷ്യം. ഒരു സത്രീ ഒറ്റയ്ക്ക് മൂന്ന് മാസത്തിലേറെ കാല്‍നടയായി അത്രയും ദൂരം നടക്കുന്നത് ആ ടാക്സി ഡ്രൈവറെ സംബന്ധിച്ചിടത്തോളം അദ്ഭുതം തന്നെയായിരുന്നു. ഒടുവില്‍ അവള്‍ക്കിറങ്ങേണ്ട സ്ഥലമായി. യാത്ര തുടങ്ങുന്നയിടത്തുനിന്നും നീണ്ടുകിടക്കുന്ന മണ്‍പാതയിലേക്ക് അവള്‍ നിര്‍നിമേഷയായി നോക്കി. തന്റെ യാത്ര ലക്ഷ്യം കാണുമോ എന്നൊരു ചോദ്യം ആ മുഖത്ത് തെളിഞ്ഞിരുന്നു.

ഷെറില്‍ സ്ട്രേയ്ഡ് രചിച്ച 'വൈല്‍ഡ്: ഫ്രം ലോസ്റ്റ് റ്റു ഫൗണ്ട് ഓണ്‍ ദ പസഫിക് ക്രസ്റ്റ് ട്രയല്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി ജീന്‍ മാര്‍ക്ക് വാലി സംവിധാനം ചെയ്ത ചിത്രമാണ് വൈല്‍ഡ്. ഷെറിലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകവും സിനിമയും ഒരുക്കിയിരിക്കുന്നത്. ഓട്ടോ ബയോഗ്രഫിക്കല്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെടുത്താം വൈല്‍ഡിനെ. മല കയറുമ്പോഴുണ്ടാവുന്ന കിതപ്പിന്റെ ശബ്ദത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഒരു ഷൂവാണ് പിന്നെ സ്‌ക്രീനില്‍. വേദന കടിച്ചമര്‍ത്തി പെരുവിരലിലെ നഖം പിഴുതെടുക്കുന്ന ഷെറിലിലേക്കും ക്യാമറ പിന്നീട് സഞ്ചരിക്കുന്നു.

നോണ്‍ ലീനിയര്‍ സ്വഭാവത്തില്‍ മുന്നോട്ടുപോകുന്ന ചിത്രമാണ് വൈല്‍ഡ്. യാത്ര ചെയ്യുന്ന ഷെറിലിലേക്കും അവളുടെ കുട്ടിക്കാലത്തേക്കും ഭര്‍ത്താവുമൊത്തുള്ള ജീവിതത്തിലേക്കും ദാമ്പത്യ തകര്‍ച്ചയിലേക്കും അമ്മയുടെ മരണത്തിലേക്കുമെല്ലാം ചിത്രം കടന്നുചെല്ലുന്നു. യാത്രയുടെ തുടക്കത്തില്‍ത്തന്നെ ആ യാത്ര പൂര്‍ത്തീകരിക്കണോ അതോ പിന്തിരിയണോ എന്ന് ഷെറില്‍ ആലോചിക്കുന്നുണ്ട്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് യാത്ര നടത്തുകയാണവര്‍. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പിരിഞ്ഞതാണ് യാത്രയ്ക്കുള്ള പ്രധാന കാരണം. സ്വയം കണ്ടെത്തുക എന്നതായിരുന്നു യാത്രാ ലക്ഷ്യം.

ഒറ്റയ്ക്കാണ് എന്ന ചിന്ത പലപ്പോഴും ഷെറിലിനെ അലട്ടിയിരുന്നു. യാത്രയിലുടനീളം ഒരു ചുവന്ന കുറുക്കന്റെ സാന്നിധ്യം അവള്‍ക്കനുഭവപ്പെടുന്നുണ്ട്. ഒരുഘട്ടത്തില്‍ ഒറ്റപ്പെടലിന്റെ മൂര്‍ധന്യത്തില്‍ '' തിരിച്ചുവരൂ'' എന്ന് ഷെറില്‍ കുറുക്കനോട് അലറുന്നുണ്ട്. 1995 ജൂണ്‍ മാസത്തിലാണ് യാതൊരു മുന്‍പരിചയവുമില്ലാതെ ഷെറില്‍ യാത്രയ്ക്കൊരുങ്ങുന്നത്. കാന്‍സര്‍ ബാധിച്ചുള്ള അമ്മ ബോബിയുടെ മരണം ഷെറിലിനെ ഏറെ തളര്‍ത്തിയിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിലും വഴിവിട്ട ലൈംഗിക ബന്ധങ്ങളിലേക്കും അതവളെ നയിച്ചു. വിവാഹത്തകര്‍ച്ചയും അതിന്റെ ബാക്കിപത്രം തന്നെയായിരുന്നു.

ഉള്ളില്‍ വളര്‍ന്നുകൊണ്ടിരുന്ന കുഞ്ഞുജീവനെ ഇല്ലാതാക്കിയിട്ടായിരുന്നു ഷെറില്‍ പി.സി.ടി യാത്ര തുടങ്ങിയത്. തെക്കന്‍ കാലിഫോര്‍ണിയയിലെ മൊഹാവ് മരുഭൂമിയില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തത് മുതല്‍ പല പ്രതിബന്ധങ്ങളും ഷെറിലിന് തരണം ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. 58-ം ദിവസമാണ് ആ യാത്രയിലെ ഏറ്റവും കഠിനമായ മുഹൂര്‍ത്തം. കയ്യിലെ വെള്ളമെല്ലാം തീര്‍ന്നു. ടെന്റിന് പുറത്തുണ്ടായിരുന്ന ജലകണികകള്‍ നാവുകൊണ്ട് നുണഞ്ഞ് ദാഹമകറ്റാന്‍ നോക്കി. ഒരിറ്റു വെള്ളത്തിനായി അലഞ്ഞുനടന്ന അവള്‍ക്ക് ചെളിവെള്ളം നിറഞ്ഞ ചെറുവെള്ളക്കെട്ട് ആശ്വാസമേകി.

നിരവധി മുഖങ്ങളെ യാത്രയ്ക്കിടയില്‍ അവള്‍ കണ്ടുമുട്ടി. യാത്രയുടെ ആദ്യ ദിനങ്ങളിലൊന്നില്‍ താമസിക്കാനിടവും ഭക്ഷണവും നല്‍കിയ കര്‍ഷകന്‍, പി.സി.ടിയിലേക്കുള്ള വഴികാട്ടിയായ ഗ്രെഗ്, എഡ് എന്ന ക്യാംപര്‍, ജോനാഥന്‍, ''റെഡ് റിവര്‍ വാലി'' പാടി കൊച്ചുകുട്ടി, അശ്ലീലച്ചുവയോടെ സംസാരിച്ച സഞ്ചാരി എന്നിവര്‍ അതില്‍പ്പെടുന്നു. യാത്രയിലുടനീളം പ്രോത്സാഹനവുമായി അടുത്ത സുഹൃത്ത് എമിയുണ്ടായിരുന്നു. ഇടയ്ക്ക് മുന്‍ഭര്‍ത്താവ് പോളിന്റെ കത്തുകളും ഷെറിലിനെ തേടിയെത്തി. 

94 ദിവസത്തെ യാത്രയ്ക്കൊടുവില്‍ സെപ്റ്റംബര്‍ 15-നാണ് ഒറിഗണിനും വാഷിങ്ടണിനുമിടയ്ക്ക് സ്ഥിതി ചെയ്യുന്ന കൊളംബിയന്‍ നദിയിലെ 'ബ്രിഡ്ജ് ഓഫ് ദ ഗോഡ്സില്‍' ഷെറില്‍ എത്തുന്നത്. അവിടെയാണവള്‍ യാത്ര അവസാനിപ്പിക്കുന്നതും. യാത്രയുടെ പല ഘട്ടങ്ങളിലും തന്നെ പിന്തുടര്‍ന്ന ആ ചുവന്ന കുറുക്കന്‍ സ്വന്തം അമ്മ തന്നെയാണ് എന്നാണ് ഷെറിലിന്റെ വിശ്വാസം. ''ദൈവങ്ങളുടെ പാല''ത്തില്‍ നില്‍ക്കുന്ന ഷെറിലിന്റെ കണ്‍മുന്നില്‍ വച്ചുതന്നെ ചുവന്ന കുറുക്കന്‍ അപ്രത്യക്ഷമാവുകയാണ്. മറ്റൊരു വിവാഹത്തേക്കുറിച്ചും ഭാവി ജീവിതത്തേക്കുറിച്ചും ഷെറില്‍ ചിന്തിക്കുന്നത് ഇതേയിടത്തുവെച്ചാണ്.

2013 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച വൈല്‍ഡിന്റെ പ്രധാന ലൊക്കേഷനുകള്‍ ഒറിഗണും കാലിഫോര്‍ണിയയുമായിരുന്നു. തന്റെ ജീവിതകഥ കാമറയില്‍ പകര്‍ത്തുന്നതുകാണാന്‍ ഒറിഗണില്‍ യഥാര്‍ത്ഥ ഷെറില്‍ സ്ട്രേയ്ഡും എത്തിയിരുന്നു. ഇത്രയും കഠിനമായ രീതിയില്‍ മറ്റൊരു ചിത്രത്തിലും അഭിനയിച്ചിട്ടില്ലെന്ന് ഷെറില്‍ ആയെത്തിയ വിതെര്‍സ്പൂണ്‍ പറയുന്നു. '' ജീവിതത്തില്‍ ഒരിക്കലും ആയിരം മൈല്‍ താണ്ടിയിട്ടില്ല. പക്ഷേ അതൊരു വ്യത്യസ്ത കായികാധ്വാനം തന്നെയായിരുന്നു. 65 പൗണ്ട് വരുന്ന ബാക്ക് പാക്കുമായി ദിവസം ഒമ്പത്, പത്ത് തവണ കുന്നുകയറേണ്ടി വന്നിട്ടുണ്ട്. ലഘുഭക്ഷണം കഴിച്ച് വിശപ്പടക്കി. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള ഇടവേളകള്‍ പോലുമെടുത്തില്ല.'' വിതെര്‍സ്പൂണ്‍ ഓര്‍ത്തെടുക്കുന്നു.

2014 ഓഗസ്റ്റില്‍ ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തിലൂടെ വിതെര്‍സ്പൂണിന് മികച്ച നടിക്കുള്ളതും ബോബിയായെത്തിയ ഡേണിന് സഹനടിക്കുമുള്ള അക്കാദമി അവാര്‍ഡ് നാമനിര്‍ദേശവും അന്ന് ലഭിച്ചിരുന്നു.