മുന്നില്‍ പരന്നു കിടക്കുകയാണ് കാശ്മീര്‍ മലനിരകള്‍. താഴവരയില്‍ ചെറുപെട്ടികള്‍ പോലെ വീടുകള്‍ കാണാം. അപ്പോള്‍ ആ അഞ്ചുവയസുകാരന്‍ ഡോക്ടറോട് ചോദിച്ചു. ''അവിടെ എവിടെയാ എന്റെ വീട്?'' ''ദാ അവിടെ'' എന്ന് അയാള്‍ ദൂരേക്ക് വിരല്‍ ചൂണ്ടി. അവന്റെ സംശയം തീരുന്നുണ്ടായിരുന്നില്ല. '' എന്റെ വീട്ടിലേക്കുള്ള വഴിയേതാ?'' ഡോക്ടര്‍ മറുപടി പറയാന്‍ അല്‍പ്പം സംശയിച്ചു. എന്നിട്ട് പറഞ്ഞു. '' വീട്ടിലേക്ക് ഒരുപാട് വഴികളുണ്ട്. നമ്മള്‍ പോകുന്ന വഴിയും നിന്റച്ഛന്‍ പോകുന്ന വഴിയും. രണ്ടും രണ്ടാണ്. നമുക്ക് തോന്നും നമ്മള്‍ പോകുന്ന വഴിയാണ് ശരിയെന്ന്. നിന്റച്ഛന് തോന്നും നിന്റച്ഛന്‍ പോകുന്ന വഴിയാണ് ശരിയെന്ന്.''

ഡല്‍ഹിയിലെ ഒരാസ്പത്രിക്കിടക്കയില്‍ വെച്ചാണ് ആ യുവ ഡോക്ടര്‍ (പൃഥ്വിരാജ്) റാഷിദ (ലക്ഷ്മിപ്രിയ)യെ പരിചയപ്പെടുന്നത്. അന്ത്യാഭിലാഷമായി അവള്‍ ഡോക്ടറോട് അപേക്ഷിക്കുന്നത് കുളത്തൂപ്പുഴയിലെ ഒരാദിവാസി ഗ്രാമത്തിലുള്ള തന്റെ മകനെ (മാസ്റ്റര്‍ ഗോവര്‍ധന്‍) അവന്റെ അച്ഛനടുത്തേക്ക് എത്തിക്കണമെന്നതായിരുന്നു. ആ പിതാവാകട്ടെ ഡോക്ടര്‍ക്ക് ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെടാനിടവരുത്തിയ ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരനായ താരിഖ് എന്ന ഇന്ത്യന്‍ മുജാഹിദീന്‍ നേതാവും. ഈ അഞ്ചുവയസുകാരനുമൊത്ത് ഡോക്ടര്‍ നടത്തുന്ന യാത്രയാണ് വീട്ടിലേക്കുള്ള വഴി എന്ന ചിത്രം. കേരളത്തില്‍ നിന്ന് തുടങ്ങി ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കടന്ന് ജമ്മു കാശ്മീരിലാണ് ഇരുവരുടേയും യാത്ര അവസാനിക്കുന്നത്.

തീവ്രവാദവും യാത്രയും സമാന്തരമായി സമര്‍ഥമായി വിളക്കിച്ചേര്‍ത്തിട്ടുണ്ട് ചിത്രത്തില്‍. നന്മയുടെ പര്യായങ്ങളായ കഥാപാത്രങ്ങളെ ചിത്രത്തിലുടനീലം കാണാം. താരിഖിന്റെ സുഹൃത്ത് റഷീദ് (ഇന്ദ്രജിത്), ബുക്ക്സ്റ്റാള്‍ നടത്തുന്ന അബ്ദുള്ള (ഇര്‍ഷാദ്), പേരറിയാത്ത ലോറി ഡ്രൈവര്‍, രാജസ്ഥാനില്‍ ഇരുവര്‍ക്കും അഭയം നല്‍കുന്ന വൃദ്ധന്‍ എന്നിവര്‍ അതില്‍ ചിലതുമാത്രം. യാത്രയായതുകൊണ്ട് ഡോക്ടര്‍ക്കും ബാലനും വഴികാണിക്കുന്ന കഥാപാത്രങ്ങളാണ് ഇവര്‍. അതും നല്ല വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍. ജയ്‌സാല്‍മീറില്‍ വച്ച് ഡോക്ടറോട് റഷീദ് ചോദിക്കുന്നുണ്ട്. എന്തിനാണ് നിങ്ങള്‍ ഒരപരിചിതനായ കുട്ടിക്കുവേണ്ടി ഇത്രയും കഷ്ടപ്പെടുന്നതെന്ന്. ഒരു പരിചയവുമില്ലാത്ത ആളുകളെ നിങ്ങള്‍ കൊല്ലുന്നതെന്തിന് എന്ന മറുചോദ്യമാണ് അപ്പോള്‍ ഡോക്ടര്‍ തിരിച്ചു ചോദിക്കുന്നത്.

കുളത്തൂപ്പുഴയിലും തിരുവനന്തപുരത്തുമായിട്ടാണ് ചിത്രത്തിലെ കേരളത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ജയ്‌സാല്‍മീറിലെ മരുഭൂമിയിലും പുഷ്‌കറിലുമായിരുന്നു രാജസ്ഥാനിലെ ലൊക്കേഷന്‍. ജമ്മു കാശ്മീരിലെ രംഗങ്ങള്‍ ലേയിലായിരുന്നു ചിത്രീകരിച്ചത്. ജമ്മു കാശ്മീരിലെ ലേ ജില്ലയെ ഇത്ര മനോഹരമായി ചിത്രീകരിച്ച മലയാള സിനിമ ഒരുപക്ഷേ വേറൊന്നുണ്ടാവില്ല. സിനിമയുടെ ആദ്യ ഫ്രെയിം മുതലുണ്ട് ലേയുടെ വശീകരിക്കുന്ന സൗന്ദര്യം. ഇന്ത്യന്‍ ഭാഷകളുടെ വൈവിധ്യം നന്നായി ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തില്‍. മലയാളവും രാജസ്ഥാനിയും ഹിന്ദിയും ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ തമിഴാണ് ഇന്ദ്രജിത്തിന്റെ കഥാപാത്രം സംസാരിക്കുന്നത്. 

സിങ്ക് സൗണ്ടായിരുന്നു ചിത്രമെന്നതായിരുന്നു നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന് എന്ന് സംവിധായകന്‍ ഡോ.ബിജു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ''തിരക്കിനിടയില്‍ വെച്ച് ഷൂട്ട് ചെയ്യുമ്പോഴും ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. കുറച്ച് ശാന്തമായ സ്ഥലമായതിനാല്‍ ലേയിലെ ചിത്രീകരണം കുറച്ച് എളുപ്പമായിരുന്നു. അവിടെ ഉണ്ടായിരുന്ന ഏക പ്രശ്‌നം തണുപ്പായിരുന്നു. ക്രൂവിലുള്ള പലരും അത്രയും തണുപ്പുള്ള സ്ഥലത്ത് പോകുന്നത് ആദ്യമായിട്ടായിരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന് സ്ഥിതി ചെയ്യുന്ന റോഡായ ഖര്‍ദുംഗ്ലാ പാസ്‌ എന്ന സ്ഥലത്ത് ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ നല്ല തണുപ്പായിരുന്നു. ഏതാണ്ട് 17,500 അടി ഉയരമുള്ള സ്ഥലമാണ്.'' അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ഒരുകാര്യം കൂടി ഇതിനൊപ്പം ചേര്‍ത്തുപറയട്ടേ. ചിത്രീകരണം പൂര്‍ത്തിയായി ദിവസങ്ങള്‍ക്ക് ശേഷമാണ് കനത്ത പ്രളയത്തില്‍ ലേയിലെ ഗ്രാമങ്ങള്‍ നാമാവശേഷമായത്. താരിഖിനെ തേടിയുള്ള യാത്രയില്‍ ഡോക്ടറും കുട്ടിയും കിരണ്‍രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പം ഒരു ടെന്റില്‍ താമസിക്കുന്നുണ്ട്. നേരം പുലര്‍ന്ന് ഡോക്ടര്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ അടുത്ത് കിടന്ന കുട്ടിയെ കാണാനില്ല. ഇറങ്ങി മുറ്റത്തുണ്ടായിരുന്ന ആട്ടിടയനോട് അന്വേഷിച്ചപ്പോള്‍ അയാള്‍ ദൂരെ പന്ത് തട്ടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചൂണ്ടിക്കാണിച്ചു. തൊട്ടടുത്ത ദിവസമാണ് ഡോക്ടര്‍ ഒറ്റയ്ക്ക് താരിഖിനടുത്തേക്ക് പോകുന്നത്. ഈ രംഗങ്ങള്‍ ചിത്രീകരിച്ച ഗ്രാമത്തേയും പ്രളയം കവര്‍ന്നെടുത്തിരുന്നു. പിന്നീട് ഒന്നുരണ്ടുതവണ ലേയില്‍ പോയിട്ടുണ്ടെന്നും നശിച്ച ഗ്രാമങ്ങള്‍ക്കെല്ലാം ഇപ്പോള്‍ പുതുജീവന്‍ വെച്ചുവെന്നും ഡോക്ടര്‍ ബിജു പറയുന്നു.

തീവ്രവാദം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും യാത്ര തന്നെയാണ് ചിത്രത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. ബസിലും ലോറിയിലും ഓട്ടോറിക്ഷയിലും ട്രാക്ടറിലും പോരാഞ്ഞ് കാല്‍നടയായി വരെ പ്രധാനകഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. ലക്ഷ്യസ്ഥാനത്ത് എങ്ങനെയെങ്കിലും എത്തുക എന്നത് മാത്രമായിരുന്നു ഡോക്ടറുടെ മനസില്‍ അപ്പോഴുമുണ്ടായിരുന്ന ചിന്ത. താന്‍ പോലീസിന്റെ കണ്ണില്‍ തീവ്രവാദിയായെന്ന ചിന്തപോലും അയാളെ അലട്ടിയില്ല. ഇപ്പോള്‍ കുട്ടിയുമായി പോലീസില്‍ കീഴടങ്ങിയാല്‍ താരിഖിലേക്കെത്താന്‍ പോലീസിനുള്ള വെറുമൊരു വഴിയായി മാത്രം ആ കുട്ടി മാറുമെന്ന് ജയ്‌സാല്‍മീറില്‍ വെച്ച് അദ്ദേഹം അബ്ദുള്ളയോട് പറയുന്നുണ്ട്.  അത്രമാത്രം ആത്മബന്ധം അവര്‍ തമ്മിലുണ്ടായിക്കഴിഞ്ഞിരുന്നു. ''എനിക്ക് അച്ഛന് കാണേണ്ടെങ്കിലോ'' എന്ന അഞ്ചുവയസുകാരന്റെ ചോദ്യവും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

ചില യാത്രകള്‍ അങ്ങനെയാണ്. അപരിചിതരാണ് സഹയാത്രികരെങ്കിലും പതിയെ അവര്‍ക്കിടയില്‍ ഒരു കാറ്റുവീശും. ആ കാറ്റില്‍ അപരിചിതത്വത്തിന്റെ വേലിക്കെട്ടുകള്‍ തകരും. ഉയരുന്ന ചോദ്യങ്ങളെ സ്വയം ഒളിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും വിശാലത അവിടെ ദൃശ്യമാകും.  

വീട്ടിലേക്കുള്ള വഴി സിനിമ കാണാം