പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പൂമുഖം. വിശാലമായ ഇറയത്ത് നിലത്ത് കറുത്ത ചായം പൂശിയിരിക്കുന്നു. ചുവരില്‍ ഇരുഭാഗത്തും ദ്വാരപാലകരേ പോലെ ചുവര്‍ ചിത്രങ്ങള്‍. ചുവന്ന കല്ലില്‍ തീര്‍ത്ത ഈ കോട്ടയ്ക്ക് പേര് വരിക്കാശ്ശേരി മന. ഷൂട്ടിങ് ലൊക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടേയും മനസിലേക്ക് ആദ്യം വരുന്ന ചിത്രം. 

മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷന്‍ എന്ന് തന്നെ പറയാം വരിക്കാശ്ശേരി മനയെ. പാലക്കാട് നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട് വരിക്കാശ്ശേരി മനയിലേക്ക്. ഒറ്റപ്പാലം കഴിഞ്ഞ അല്‍പ്പം കൂടി മുന്നോട്ടുപോയാല്‍ മനിശ്ശീരിയിലെത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏതാണ്ട് ഒരു കിലോമീറ്റര്‍ പോയാല്‍ വലതുവശത്ത് തന്നെ കാണാം മന. പിന്‍ഭാഗത്തുകൂടിയാണ് സഞ്ചാരികള്‍ പ്രവേശിക്കേണ്ടത്. മുറ്റത്തെത്തുമ്പോള്‍ തന്നെ വരിക്കാശ്ശേരിയുടെ തലയെടുപ്പ് അനുഭവിച്ചറിയാന്‍ സാധിക്കും. മംഗലശ്ശേരിയായും കണിമംഗലം കോവിലകമായും പൂവള്ളിയായും നമ്മള്‍ക്കുമുന്നില്‍ നെറ്റിപ്പട്ടം കെട്ടിയ കൊമ്പനേ പോലെ നിന്ന അതേ വരിക്കാശ്ശേരി മന. ആറു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡന്‍ വന്ന അതേ ഭവനം. മുംബൈയിലെ ചേരി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച ജഗന്നാഥന്‍ മോഹിച്ച അതേ കോവിലകം.

വെള്ളിത്തിരയില്‍ നമ്മള്‍ കണ്ട എത്രയോ കഥാപാത്രങ്ങള്‍ മുന്നില്‍ ഒളിച്ചു കളിക്കുന്നതായി പുമുഖത്തേക്ക് കാലെടുത്തുവയ്ക്കുന്ന ഓരോരുത്തര്‍ക്കും അനുഭവപ്പെടും. പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് കയറുമ്പോള്‍ത്തന്നെ കാണാം വിശാലമായ നടുമുറ്റം. ചുവരില്‍ വശ്യതയാര്‍ന്ന ചുവര്‍ ചിത്രം. പിന്നേയും മുന്നോട്ടു നീങ്ങിയാല്‍ പഴയ മരഗോവണി കാണാം. മുകളില്‍ വീതിയുള്ള ജനാലകളോടുകൂടിയ വലിപ്പമുള്ള മുറികള്‍. ചുവരുകളില്‍ മുമ്പ് ചിത്രീകരിച്ച സിനിമകളുടെ അവശേഷിപ്പുകള്‍ കാണാം.

പത്തേക്കര്‍ വരും മനയും പരിസരവും. വിശാലമായ കുളവും രണ്ട് പത്തായപ്പുരകളും രണ്ട് ക്ഷേത്രങ്ങളും ഇതിലുള്‍പ്പെടുന്നു. പത്തായപ്പുരകളില്‍ ഒന്ന് തെക്കേ പത്തായപ്പുര എന്നും രണ്ടാമത്തേത് പടിഞ്ഞാറേ പത്തായപ്പുര എന്നും അറിയപ്പെടുന്നു. നാലുകെട്ട് മാതൃകയിലാണ് മനയുടെ നിര്‍മാണം. വെളനേഴി ജാതവേദന്‍ നമ്പൂതിരിയാണ് വാസ്തുശാസ്ത്രപ്രകാരം മന രൂപകല്‍പ്പന ചെയ്തത്. കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് പ്രശസ്തമായ പൂമുഖത്തിന്റെ നിര്‍മാണം. നല്ല പച്ചനിറമാണ് കുളത്തിലെ വെള്ളത്തിന്. ഒരു ദേവീക്ഷേത്രവും ചെറിയ അയ്യപ്പ ക്ഷേത്രവും ഇവിടെയുണ്ട്. ഇതൊക്കെയാണെങ്കിലും നീലകണ്ഠന്റെ മംഗലശ്ശേരിയാണ് വരിക്കാശ്ശേരിയെ സിനിമാ പ്രവര്‍ത്തകരുടേയും ആസ്വാദകരുടേയും പ്രിയപ്പെട്ടതാക്കിയത്.

1993-ലാണ് ഐ.വി.ശശി-രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ദേവാസുരം പിറന്നത്. മംഗലശ്ശേരി നീലകണ്ഠന്റെ ഉയര്‍ച്ചയും താഴ്ചയും തിരിച്ചുവരവുമെല്ലാം മലയാളികള്‍ ആഘോഷമാക്കിയപ്പോള്‍ ഒപ്പം വരിക്കാശ്ശേരി മനയുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നീലകണ്ഠന്റെ മകന്റെ ജീവിതയാത്ര തിരശീലയിലെത്തിയപ്പോള്‍ കൂട്ടായി ഇതേ മനയുണ്ടായിരുന്നു. പിന്നീടങ്ങോട്ട് എത്രയോ ചിത്രങ്ങള്‍. തൂവല്‍ കൊട്ടാരം, ആറാം തമ്പുരാന്‍, നരസിംഹം, രാപ്പകല്‍, ദ്രോണ, സിംഹാസനം തുടങ്ങി ഒടിയനില്‍ വരെ എത്തിനില്‍ക്കുന്നു വരിക്കാശ്ശേരി മനയുടെ സാന്നിധ്യം. കന്നഡ സിനിമയില്‍ ഒരു മാറ്റത്തിന് വഴിതെളിച്ച രംഗിതരംഗയിലുമുണ്ടായിരുന്നു വരിക്കാശ്ശേരി മന. അംഗാരയും ബ്രഹ്മരക്ഷസും വാഴുന്ന പ്രേതഭവനമായി നിന്നത് വരിക്കാശ്ശേരി മനയായിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും പൃഥ്വിരാജുമടക്കം നിരവധി താരങ്ങള്‍ വരിക്കാശ്ശേരിമനയില്‍ വിവിധ കഥാപാത്രങ്ങളായി പകര്‍ന്നാടി. തിരക്കഥാകൃത്തുക്കളില്‍ രഞ്ജിത്താണ് വരിക്കാശ്ശേരിയെ നന്നായി ഉപയോഗപ്പെടുത്തിയത്. സംവിധായകരില്‍ ഐ.വി.ശശിയും ഷാജി കൈലാസും. പാലക്കാട് നിന്നും വരികയാണെങ്കില്‍ ഒറ്റപ്പാലം വഴി മനിശ്ശേരിയിലെത്തുക. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഏതാണ്ട് ഒരു കിലോമീറ്റര്‍ പോയാല്‍ മനയിലെത്താം. ഷൊര്‍ണൂര്‍ ഭാഗത്തുനിന്നും വരികയാണെങ്കില്‍ വാണിയംകുളം വഴി മനിശ്ശേരിയിലെത്താം. 

20 രൂപയാണ് പ്രവേശന ഫീസ്. അര മണിക്കൂറാണ് പരമാവധി സന്ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്നത്. ഷൂട്ടിങ്ങുള്ള ദിവസങ്ങളൊഴികെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാനാവുക. ഷൂട്ടിങ്ങുള്ള ദിവസങ്ങളില്‍ മനയില്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. അവധിദിവസം ആഘോഷിക്കാന്‍ പാലക്കാട്ടേക്ക് വരുന്നവര്‍ക്ക് സധൈര്യം തിരഞ്ഞെടുക്കാവുന്ന ഇടമാണ് വരിക്കാശ്ശേരി മന.