യാത്രയുടെ അറുപത്തൊന്നാമത് ദിവസമായിരുന്നു അത്. നീട്ടിയടിച്ച അലാറം കേട്ടാണ് അവളുണര്‍ന്നത്. എന്തോ അസ്വാഭാവികത തോന്നിത്തന്നെയായിരുന്നു അവളെഴുന്നേറ്റത്. ഡിഗിറ്റി അടുത്തു തന്നെയുണ്ട്. പിന്നെന്തായിരിക്കും? അതെ...മരുഭൂമിയില്‍ കൂട്ടായി വന്ന നാല് ഒട്ടകങ്ങളേയും കാണാനില്ല. എവിടെയായിരിക്കും അവര്‍? അന്വേഷിച്ചിറങ്ങുകയല്ലാതെ വേറെ മാര്‍ഗമില്ലല്ലോ. പിന്നാലെ നടന്ന ഡിഗിറ്റി നടന്നു തളര്‍ന്നു. ഇലകള്‍ പൊഴിഞ്ഞ നഗ്നമായ ഉണങ്ങിയ മരത്തിന് കീഴെ ഡിഗിറ്റി തളര്‍ന്നിരുന്നു. ഉടുത്തിരുന്ന മുണ്ട് ഡിഗിറ്റിക്ക് തണലായി വിരിച്ചുകൊണ്ട് അവള്‍ ദൂരേക്ക് നടന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അവള്‍ കണ്ടു...അതാ ദൂരെ നാല് ഒട്ടകങ്ങള്‍ നില്‍ക്കുന്നു. നിലത്തു കിടന്നിരുന്ന വടിയെടുത്ത് അവള്‍ അവയ്ക്കരികിലേക്ക് ചെന്ന് ആഞ്ഞടിച്ചു. എന്നിട്ട് പറഞ്ഞു, '' എന്നോടിങ്ങനെ ചെയ്യരുതായിരുന്നു''.

റോബിന്‍ ഡേവിഡ്‌സണ്‍ എഴുതിയ ട്രാക്ക്‌സ് എന്ന പുസ്തകത്തെ ആധാരമാക്കി ജോണ്‍ കുറാന്‍ അതേ പേരില്‍ സംവിധാനം ചെയ്ത ചിത്രമാണിത്. 1977-ല്‍ ആസ്‌ട്രേലിയയിലെ ആലീസ് സ്പ്രിങ്‌സില്‍ നിന്നും 2700 കിലോമീറ്റര്‍ കാല്‍നടയായി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് റോബിന്‍ ഡേവിഡ്‌സണ്‍ നടത്തിയ യാത്രയാണ് ട്രാക്‌സ് എന്ന ചിത്രത്തിന്റെ പ്രമേയം. ഒപ്പമുണ്ടായിരുന്നത് നാല് ഒട്ടകങ്ങളും ഒരു നായും. നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ഫോട്ടോഗ്രാഫര്‍ റിക്ക് സ്‌മോളനാണ് ഈ അപൂര്‍വ യാത്രയെ പുറംലോകത്തെ അറിയിച്ചത്. റോബിന്റെ 11-ാമത്തെ വയസിലായിരുന്നു അമ്മ സ്വയം ജീവനൊടുക്കിയത്. പിതാവിന്റെ സഹോദരിയുമായി ഒത്തുപോകാന്‍ കഴിയാതിരുന്ന അവര്‍ പെണ്‍കുട്ടികള്‍ മാത്രമുള്ള ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറി.

1975-ലാണ് റോബിന്‍ ആ പ്രസിദ്ധമായ യാത്രയ്‌ക്കൊരുങ്ങുന്നത്. അതിന് മുന്നോടിയായി ആലീസ് സ്പ്രിങ്‌സിലെ ഒട്ടകങ്ങളെ വളര്‍ത്തുന്ന സ്ഥലത്തെത്തുന്നത്. അവിടെ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. രണ്ട് വര്‍ഷമായിരുന്നു എങ്ങനെ ഒട്ടകങ്ങളെ മെരുക്കണമെന്നും മേയ്ക്കണമെന്നും മരുഭൂമിയിലെ ജീവിതമെന്താണെന്ന് പഠിക്കാനുമായി അവര്‍ അവിടെ ചെലവഴിച്ചത്. 1977-ല്‍ അവര്‍ യാത്രയാരംഭിച്ചു. യാത്രകളെ ഇഷ്ടപ്പെടുന്ന പിതാവുതന്നെയായിരുന്നു റോബിന്റെ പ്രചോദനം. അച്ഛന്റെ മകള്‍ എന്ന് അഭിമാനത്തോടെ തന്നെയായിരുന്നു അവര്‍ പറഞ്ഞിരുന്നത്. യാത്ര പൂര്‍ത്തിയാക്കണം എന്നല്ലാതെ അതിനേക്കുറിച്ച് എഴുതണമെന്നോ പ്രശസ്തയാവണമെന്നോ ഉള്ള ചിന്തകള്‍ റോബിന്റെ മനസിലുണ്ടായിരുന്നില്ല. പക്ഷേ എവിടെവച്ചോ ആ ചിന്തകള്‍ക്ക് ഭംഗം വന്നു. അഞ്ച് മിണ്ടാപ്രാണികള്‍ക്കൊപ്പം നടത്തിയിരുന്ന യാത്ര കൃത്യമായ ഇടവേളകളില്‍ നാഷണല്‍ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫറായ റിക്ക് സ്‌മോളാന്‍ പകര്‍ത്തിക്കൊണ്ടിരുന്നു.

മണല്‍ക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍പ്പോലും തന്നെ വിടാതെ പിന്തുടരുന്ന റിക്കിന്റെ ക്യാമറക്കണ്ണുകള്‍ അവളെ അലോസരപ്പെടുത്തുണ്ടായിരുന്നു. പക്ഷേ പതിയെ റോബിന്‍സണുമായി അടുക്കുന്നതും പിന്നീട് പ്രേക്ഷകര്‍ കാണുന്നു. ഒരുപെണ്‍കുട്ടിക്ക് ഒറ്റയ്ക്ക് എത്രദൂരം സഞ്ചരിക്കാനാവും എന്ന ചോദ്യമുണര്‍ത്തിക്കൊണ്ടാണ് ചിത്രം പതിയെ മുന്നോട്ടുനീങ്ങുന്നത്. വഴിയില്‍ കണ്ടുമുട്ടിയ പലര്‍ക്കും അവളൊരു കൗതുകക്കാഴ്ചയായിരുന്നു. ഒട്ടകങ്ങളും നായയുമായി നടന്നുനീങ്ങുന്ന റോബിന്റെ ചിത്രമെടുക്കാന്‍ സഞ്ചാരികള്‍ മത്സരിച്ചു. പരിചയപ്പെട്ട പലരും ''വളരെയേറെ ദൂരമാണല്ലോ സഞ്ചരിക്കുന്നത്'' എന്ന ആശങ്കയാണ് അവളോട് പങ്കുവെച്ചത്. എന്നാല്‍ മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുക്കാന്‍ റോബിന്‍ ഒരുക്കമായിരുന്നില്ല. കാരണം അച്ഛന്റെ രക്തമാണല്ലോ സിരകളില്‍ ഓടുന്നത്. 

പലരേയും കണ്ടുമുട്ടി. അവരോരുത്തരും ഓരോ രീതിയില്‍ അവളെ സഹായിച്ചു. ചിലര്‍ ഭക്ഷണം നല്‍കി, മറ്റുചിലര്‍ വസ്ത്രവും കിടക്കാനിടവും നല്‍കി. പക്ഷേ അവള്‍ എങ്ങനെ ആ യാത്ര പൂര്‍ത്തിയാക്കും എന്നായിരുന്നു അവരില്‍ പലരും ചിന്തിച്ചത്. മരുഭൂമിയിലൂടെ ഒരു ഒട്ടകത്തേപ്പോലെയാണ് താന്‍ സഞ്ചരിക്കുന്നതെന്ന് അവള്‍ക്ക് തോന്നിയിരുന്നു. ജീവനുതുല്യം സ്‌നേഹിച്ച ഡിഗിറ്റിയെ പാതിവഴിയില്‍ നഷ്ടപ്പെട്ടപ്പോളാണ് ഇനിയെന്ത് എന്ന ചോദ്യം റോബിന്റെയുള്ളില്‍ ഉയരുന്നത്. നീണ്ടുവന്ന മാധ്യമപ്രവര്‍ത്തകരുടെ ക്യാമറാ കണ്ണുകള്‍ക്കും മൈക്കുകള്‍ക്കും മുന്നില്‍ നിന്ന് ഓടിയൊളിക്കേണ്ട അവസ്ഥയും റോബിന്‍ നേരിട്ടു. എങ്കിലും എന്തിന് വേണ്ടിയാണോ പുറപ്പെട്ടത്, അതിന്റെ അവസാനം കണ്ടിട്ടേ ആ യാത്രിക തന്റെ യാത്ര നിര്‍ത്തിയുള്ളൂ.

നേരത്തെ ജൂലിയാ റോബര്‍ട്‌സിനെ കേന്ദ്ര കഥാപാത്രമാക്കിയിറക്കാനായിരുന്നു തീരുമാനമെങ്കിലും മിയാ വാസികോവ്‌സ്‌കക്കായിരുന്നു റോബിന്‍ ഡേവിഡ്‌സന്‍ എന്ന അപൂര്‍വ വ്യക്തിത്വത്തെ അവതരിപ്പിക്കാനുള്ള നിയോഗം. ആദം ഡ്രൈവറാണ് റിക്ക് സ്‌മോളനെ അവതരിപ്പിച്ചത്. 2013 ലെ അഡ്‌ലെയ്ഡ് ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രമായിരുന്നു ട്രാക്ക്‌സ്. ലണ്ടന്‍ ചലച്ചിത്രമേളയിലുള്‍പ്പെടെ നിരവധി മേളകളിലും ട്രാക്ക്‌സ് പ്രദര്‍ശിപ്പിക്കപ്പെട്ടു.