കൂട്ടുകാര്‍ക്കൊപ്പം ഗോള്‍ഫില്‍ മുഴുകിയിരിക്കുകയായിരുന്നു ഡോ.തോമസ്. ഒരു അമേരിക്കന്‍ ഓഫ്ത്താല്‍മോളജിസ്റ്റുകൂടിയാണദ്ദേഹം. പെട്ടന്നാണ് അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നത്. ഒട്ടും ശുഭകരമല്ലാത്തൊരു വാര്‍ത്തയായിരുന്നു മറുതലയ്ക്കല്‍ നിന്നും അദ്ദേഹം കേട്ടത്. തോമസിന്റെ മകന്‍ ഡാനിയല്‍ ഫ്രാന്‍സില്‍ വച്ച് മരണപ്പെട്ടിരിക്കുന്നു. അതും ഒരു തീര്‍ഥയാത്രക്കിടെ കൊടുങ്കാറ്റില്‍പ്പെട്ട്. ഫോണ്‍ കട്ടാക്കുക കൂടി ചെയ്യാതെ തോമസ് ദ്രുതഗതിയില്‍ ഗോള്‍ഫ് നിലംവിട്ടു. എമിലിയോ എസ്താവസ് തന്റെ മകന്‍ ടെയ്‌ലറുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം കൊണ്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദ വേ' അതിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നത് ഇവിടെയാണ്.

ഒരുപാട് യാത്ര ചെയ്യണമെന്നായിരുന്നു ഡാനിയലിന്റെ ആഗ്രഹം. എന്നാല്‍ അച്ഛന്‍ തോമസിന് ഇതത്ര ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പക്ഷേ തോമസിന് യാത്ര ചെയ്യേണ്ടി വന്നു, സ്വന്തം മകന്റെ ഭൗതികശരീരം അവസാനമായി ഒരു നോക്കുകാണാന്‍. അങ്ങനെയാണയാള്‍ ഫ്രാന്‍സിലേക്ക് തിരിക്കുന്നത്. സ്‌പെയിനിലെ സാന്റിയാഗോ ഡി കൊംപെസ്റ്റേലയിലേക്ക് പോകും വഴിയുള്ള കാമിനോ ഡി സാന്റിയാഗോ എന്ന കാത്തലിക്ക് തീര്‍ഥാടക വഴിയിലൂടെയുള്ള യാത്രക്കിടെയായിരുന്നു ഡാനിയല്‍ മരിക്കുന്നത്. ഫ്രാന്‍സിലേക്ക് തിരിച്ച തോമസിന്റെ മനസില്‍ രണ്ട് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ഒന്ന് മകന്റെ ശരീരം ദഹിപ്പിക്കണം. രണ്ട് അവന് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന യാത്ര മുഴുമിപ്പിക്കണം.

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ കഥാപാത്രങ്ങളെല്ലാം നടന്നാണ് യാത്രചെയ്യുന്നത്. കാമിനോയിലേക്കുള്ള യാത്രയ്ക്കിടെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള ജൂസ്റ്റ്, കാനഡയില്‍ നിന്നുള്ള സാറ, ഐറിഷ് സാഹിത്യകാരന്‍ ജാക്ക് എന്നിവരും തോമസിനൊപ്പം കൂടുന്നു. പോകുന്ന വഴികളിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ തന്റെ മകന്റെ ചിതാഭസ്മം വിതറിക്കൊണ്ടാണ് തോമസ് യാത്ര ചെയ്യുന്നത്. യാത്രയുടെ ഉദ്ദേശം രഹസ്യമായിരിക്കണം എന്നുള്ളതുകൊണ്ട് സഹയാത്രികരില്‍ നിന്നും അല്‍പ്പം മാറിയാണ് അദ്ദേഹത്തിന്റെ യാത്ര. ഇതാദ്യം മറ്റുള്ളവരില്‍ സംശയത്തിന് വഴിവെക്കുന്നുണ്ടെങ്കിലും തോമസിന്റെ 'യാത്രാരഹസ്യം' അവരും വഴിയേ മനസിലാക്കുന്നു.

കാമിനോയിലേക്കുള്ള കാല്‍നടയാത്രയില്‍ തോമസും സംഘവും ആദ്യം കടക്കുന്നത് പാംപലോണയിലേക്കാണ്. സ്‌പെയിന്റെ ചരിത്ര തലസ്ഥാനം എന്ന് വിശേഷണമുള്ള പ്രദേശം കാളയോട്ട മല്‍സരങ്ങളാല്‍ പ്രസിദ്ധമാണ്. എല്ലാവര്‍ഷവും ജൂലൈ ആറു മുതല്‍ 14 വരെയാണ് സാന്‍ ഫെര്‍മിന്‍ ഉത്സവത്തോടനുബന്ധിച്ച് കാളയോട്ടം നടത്തിവരുന്നത്. ഇവിടത്തെ സിറ്റി വാളും എസ്റ്റാഫെറ്റാ തെരുവും ഏറെ പ്രശസ്തമാണ്. നഗരകാഴ്ചകളുടെ ആധിക്യമില്ലാതെയാണ് പാംപലോണയിലെ രംഗങ്ങള്‍ മുന്നേറുന്നത്. ഇവിടെ നിന്നും ആ വൃദ്ധപിതാവിന്റെ യാത്ര ഇറാഷേയിലേക്കും ലൊഗ്രോനോയിലേക്കും ബര്‍ഗോസിലേക്കും തിരിയുന്നത്. തോമസിന്റെ യാത്ര തന്റെ അടുത്ത കൃതിയാക്കിയാലോ എന്ന് ജാക്കിന് ഉള്‍വിളി വരുന്നതും ഈ ഘട്ടത്തിലാണ്. അതിന് തോമസിന്റെ അനുവാദം ചോദിക്കുന്നുമുണ്ട് ജാക്ക്.

അവിടന്ന് നേരെ ലിയോണിലേക്ക്. ബി.സി.ഒന്നാം നൂറ്റാണ്ടില്‍ രൂപകല്‍പ്പന ചെയ്തതാണിവിടം. ഏതാനും ദൃശ്യങ്ങളേ ഉള്ളുവെങ്കിലും പ്രദേശത്തിന്റെ ശാന്തതയും മനോഹാരിതയും ഒപ്പിയെടുത്തിട്ടുണ്ട് ഛായാഗ്രാഹകനായ യുവാന്‍. അത്രയും ദിവസം തങ്ങള്‍ നടത്തിയത് വെറുമൊരു യാത്രയല്ല, മറിച്ച് ഒരു തീര്‍ത്ഥാടനമായിരുന്നുവെന്ന് ആ നാലുപേരും തിരിച്ചറിയുന്നത് സാന്റിയാഗോ ഡി കൊംപെസ്റ്റേലയിലെ കത്തീഡ്രലില്‍ വച്ചാണ്. ചിതാഭസ്മം പെട്ടിയിലാക്കി ചുമന്നുകൊണ്ടായിരുന്നു തോമസിന്റെ നടപ്പ്. മറ്റെന്തിനേക്കാളും വിലപ്പെട്ടതായിരുന്നു അയാള്‍ക്കത്. സഹയാത്രികരും അത് മനസിലാക്കുന്നുണ്ട്. യാത്രയ്ക്കിടെ ബാഗുള്‍പ്പെടെ മോഷ്ടിക്കപ്പെട്ടെങ്കിലും ചിതാഭസ്മം അടങ്ങിയ പെട്ടി മാത്രം തിരിച്ചുതരൂ എന്നാണ് കരഞ്ഞുകൊണ്ടയാള്‍ അഭ്യര്‍ത്ഥിക്കുന്നത്.

2009 സെപ്റ്റംബര്‍ 21ന് തുടങ്ങിയ ചിത്രീകരണം 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നടന്മാരും മറ്റ് സാങ്കേതികവിദഗ്ധരും അടങ്ങുന്ന സംഘം 350 കിലോമീറ്ററോളം നടന്നുകൊണ്ട് തന്നെയാണ് ദ വേ ചിത്രീകരിച്ചത്. മെഴുകുതിരിയുടേയും തീയുടേയും വെളിച്ചത്തിലായിരുന്നു രാത്രി രംഗങ്ങളുടെ ചിത്രീകരണം. ഏറെ എതിര്‍പ്പുകള്‍ക്ക് നടുവിലായിരുന്നു പ്രശസ്തമായ പള്ളിക്കുള്ളിലെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. മെല്‍ ഗിബ്‌സണ്‍ അല്ലെങ്കില്‍ മൈക്കല്‍ ഡഗ്ലസ് എന്നിവരെയായിരുന്നു നായകനായ ഡോ.തോമസിന്റെ വേഷത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ സംവിധായകന്‍ എമിലിയോ എസ്‌റ്റെവെസ് ആ വേഷം തന്റെ പിതാവായ മാര്‍ട്ടിന്‍ ഷീനിന് നല്‍കുകയായിരുന്നു. ഡാനിയലിന്റെ വേഷം  എസ്‌റ്റെവെസ് തന്നെ ചെയ്തു. 

യാത്രയിലുടനീളം തോമസിന് മകന്റെ സാമീപ്യം അനുഭവപ്പെടുന്നുണ്ട്. മകന്റെ ചിതാഭസ്മവുമായി സഹയാത്രികരില്‍ നിന്ന് അകന്ന് യാത്ര ചെയ്യുകയായിരുന്നു ഒരുഘട്ടത്തില്‍ തോമസെങ്കില്‍ മുഷിയയിലെ കടല്‍ത്തീരത്ത് അയാളെ തനിച്ചാക്കി പിന്‍വാങ്ങുകയാണ് ഒപ്പമുണ്ടായിരുന്നവര്‍. കയ്യില്‍ അവശേഷിച്ചിരുന്ന ചിതാഭസ്മം അവിടെ നിക്ഷേപിക്കവേ ഡാനിയല്‍ അയാള്‍ക്കടുത്തേക്ക് വരുന്നു. അച്ഛനും മകനും മാത്രമുള്ള അന്തരീക്ഷം. ഒടുവില്‍ തോമസിന്റെ മകനുള്ള പ്രണാമമെന്നോണമുള്ള മറ്റൊരു യാത്രയിലൂടെ,  ചിത്രം പര്യവസാനിക്കുന്നു.

ദ വേ കാണാം