യുദ്ധത്തടവുകാരായിരുന്നു അവര്‍. സൈബീരിയയിലെ ക്യാമ്പില്‍ കൊടുംതണുപ്പില്‍, ചീറിയടിക്കുന്ന മഞ്ഞുകാറ്റിനോട് പൊരുതിയായിരുന്നു ഓരോരുത്തരും കഴിഞ്ഞിരുന്നത്. അവര്‍ക്കിടയിലേക്കാണ് ജാനസ് എത്തുന്നത്. ക്യാമ്പില്‍ അയാള്‍ക്കൊരു സുഹൃത്തിനെ കിട്ടി. ഒരു നടനായിരുന്നു അദ്ദേഹം. സൈബീരിയയിലെ ആ 'തുറന്ന ജയിലില്‍' നിന്നും എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന ചിന്ത ജാനസില്‍ കുത്തിവെയ്ക്കുന്നത് അയാളായിരുന്നു. ദിവസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍. രണ്ടുപേരില്‍ തുടങ്ങിയ ആസൂത്രണത്തില്‍ ആളുകള്‍ കൂടി വന്നു. ശക്തമായി മഞ്ഞുകാറ്റുവീശിയ ഒരു രാത്രി ഒരുസംഘമാളുകള്‍ ആ തടവറ ഭേദിച്ച് പുറത്തുചാടി.

1941 -ല്‍ മൂന്നുപേര്‍ ഹിമാലയ പര്‍വതം കടന്ന് ഇന്ത്യയിലെത്തി. 4000 മൈലുകളാണ് കാല്‍നടയായി, പല പ്രതിസന്ധികളും അതിജിവിച്ച് അവര്‍ താണ്ടിയത്. അവര്‍ക്കായാണ് 2010-ല്‍ പുറത്തിറങ്ങിയ ദ വേ ബാക്ക് എന്ന ചലച്ചിത്രം സംവിധായകന്‍ പീറ്റര്‍ വെയര്‍ സമര്‍പ്പിച്ചിരിക്കുന്നത്. 1939-ലാണ് ഹിറ്റ്‌ലര്‍ പോളണ്ടിനെ പടിഞ്ഞാറുനിന്ന് ആക്രമിക്കുന്നത്. ദിവസങ്ങള്‍ക്ക് ശേഷം സ്റ്റാലിന്റെ നേതൃത്വത്തില്‍ കിഴക്കുനിന്നും പോളണ്ട് ആക്രമിക്കപ്പെട്ടു. ഇരുവരും ചേര്‍ന്ന് അങ്ങനെ പോളണ്ടിനെ രണ്ടായി പകുത്തെടുത്തു. ഈ സംഭവത്തിന്റെ ചുവടുപിടിച്ചാണ് ദ വേ ബാക്കിന്റെ കഥാഗതി. പോളിഷ് സൈനികനായ ജാനസ് തടവുകാരനായി സൈബീരിയയിലെ ജയിലില്‍ എത്തുന്നതോടെയാണ് കഥയാരംഭിക്കുന്നത്. ജയില്‍ ബ്രേക്ക് കഥയായി തുടങ്ങുന്ന ചിത്രം പിന്നീട് ട്രാവല്‍ മൂവിയായി രൂപാന്തരം പ്രാപിക്കുന്നു.

യാത്രതുടങ്ങി അധികം വൈകാതെ തന്നെ അവരില്‍ നിന്ന് അംഗസംഖ്യ പതിയെ കുറഞ്ഞുകുറഞ്ഞ് ആറുപേരായി. ജാനസായിരുന്നു നേതാവ്. ഓരോരുത്തരും ഓരോ സ്വഭാവക്കാര്‍. മിസ്റ്റര്‍ സ്മിത്തായിരുന്നു കൂട്ടത്തിലെ തലമുതിര്‍ന്നയാള്‍. ബൈകാള്‍ തടാകം കടന്ന് മംഗോളിയയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. തടാകത്തിലേക്കുള്ള യാത്രാ മധ്യേയാണ് പോളണ്ടുകാരിയായ ഐറീനയും ഇവര്‍ക്കൊപ്പം ചേരുന്നത്. വിവിധ രാജ്യങ്ങളിലൂടെയുള്ള ഒരു  യാത്രയാണ് പിന്നീട്. അതാത് രാജ്യങ്ങളുടെ പ്രത്യേകതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതില്‍ ആ ഏഴംഗസംഘം എന്തിനെയെല്ലാം അതിജീവിക്കുന്നു എന്ന് പറയാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. തണുപ്പകറ്റാന്‍ തീയുണ്ടാക്കി. കല്ലും മരത്തൊലിയും ഭക്ഷിച്ചു. ഇടയ്ക്ക് മാനും പാമ്പും ഓന്തും വരെ ആഹാരമാക്കി.

തുടര്‍ച്ചയായുള്ള യാത്രയായതിനാല്‍ ഏവരും ക്ഷീണിതരായിരുന്നു. ചുണ്ടുകളും കാലുകളും വിണ്ടുപൊട്ടി. ശേഖരിച്ച വെള്ളംപോലും തീര്‍ന്നുപോകുമോ എന്ന അവസ്ഥ. ഇടയ്ക്ക് ആഘാതമെന്നോണം രണ്ടുപേരുടെ മരണവും അവരെ ഉലച്ചു. നീണ്ട നടത്തത്തിനൊടുവില്‍ അവര്‍ മംഗോളിയയിലെത്തി. പക്ഷേ അപ്പോഴാണ് തങ്ങള്‍ ആരില്‍ നിന്നാണോ രക്ഷപ്പെട്ടുവന്നത് അതേ ആളുകളുടെ, കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അധീനതയിലാണ് മംഗോളിയ എന്ന് അവര്‍ക്ക് മനസിലായത്. യുലാന്‍ ബാറ്ററിലെ സ്റ്റാലിന്റെ അടയാളങ്ങളിലൂടെയാണ് അവരത് മനസിലാക്കുന്നത്. ജപ്പാനുമായി ചൈന യുദ്ധത്തിലായിരുന്നു എന്നതും ലക്ഷ്യസ്ഥാനം മറ്റൊന്നാക്കാന്‍ അവരെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ചൈനയിലെ വന്‍മതിലും ടിബറ്റും ലാസയും ഹിമാലയവും കടന്ന് ഇന്ത്യയിലെത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്.

സഞ്ചാരത്തിന്റേതായ തലമുണ്ടെങ്കിലും സര്‍വൈവല്‍ ഡ്രാമ എന്ന രീതിയില്‍ക്കൂടി സമീപിക്കാവുന്ന ചിത്രമാണ് ദ വേ ബാക്ക്. രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് സൈനികനായ സ്ലാവോമിര്‍ റാവിക്‌സ് തടവുചാടി 4000 കിലോമീറ്റര്‍ സഞ്ചരിച്ചതിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ എഴുതിയ 'ദലോങ് വാക്ക്' എന്ന കൃതിയെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രമാണ് ദ വേ ബാക്ക്. സൈബീരിയയില്‍ നിന്നും നേപ്പാളിലേക്കായിരുന്നു അന്ന് റാവിക്‌സ് സഞ്ചരിച്ചതെങ്കില്‍ സിനിമയിലത് ഇന്ത്യയിലെ സിക്കിമിലേക്കാണെന്നാക്കിയിട്ടുണ്ട്. അവസാനഭാഗത്തെ ഏതാനും രംഗങ്ങള്‍ ഇന്ത്യയിലാണ് സംഭവിക്കുന്നത്. ജിം സ്റ്റര്‍ഗസ് ജാനസായും എഡ് ഹാരിസ് മിസ്റ്റര്‍ സ്മിത്തായും കോളിന്‍ ഫാരല്‍ വാള്‍ക്കയായും വേഷമിടുന്നു. സാവോയിഴ്‌സ് റോനനാണ് ഐറീനായെത്തുന്നത്. 

കെയ്ത്ത് ക്ലാര്‍ക്കും സംവിധായകനും  ചേര്‍ന്നാണ് വേ ബാക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. യാത്രയ്‌ക്കൊപ്പം അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണഭീകരതയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. 1945 മുതല്‍ 48 വരെ പോളണ്ടില്‍ സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസം അടിച്ചേല്‍പ്പിച്ചു. കിഴക്കന്‍ യൂറോപ്പിനെ വേര്‍തിരിച്ചുകൊണ്ടുള്ള ഇരുമ്പുമറ സൃഷ്ടിക്കപ്പെട്ടു. 1956-ല്‍ ഹംഗറിയില്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. 61-ല്‍ ബെര്‍ലിന്‍ മതില്‍ ഉയര്‍ന്നു. 68-ല്‍ സോവിയറ്റ് യൂണിയന്‍ പ്രാഗിലേക്ക് സൈന്യത്തെ അയച്ചു. 1980 തോടെ പോളണ്ടിലെ സോളിഡാരിറ്റി പ്രസ്ഥാനം കമ്മ്യൂണിസത്തിന് വെല്ലുവിളിയുയര്‍ത്തുകയും 89 -ല്‍ കമ്മ്യൂണിസം തകരുകയും പോളണ്ട് സ്വാതന്ത്ര്യം നേടുകയും ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.