ഞ്ഞുപുതച്ചു നിദ്രകൊള്ളുകയായിരുന്നു ഹിമാലയം. മഞ്ഞും തണുപ്പും വകവെയ്ക്കാതെ മിറ്റി മുന്നോട്ടുനടന്നു. പൊടുന്നനേയാണ് അയാള്‍ക്ക് പിന്നില്‍ നിന്ന് വളരെ പതിയെ ഒരാള്‍ ശബ്ദമുണ്ടാക്കിയത്. അങ്ങോട്ടുനോക്കിയ മിറ്റി അദ്ഭുതംകൂറി. ഒടുവില്‍ താന്‍ അന്വേഷിച്ചുവന്നയാളെ കണ്ടുകിട്ടിയിരിക്കുന്നു. എന്തോ പറയാന്‍ തുനിഞ്ഞപ്പോഴേക്കും അയാള്‍ മിറ്റിയെ തടഞ്ഞു. ''ശബ്ദമുണ്ടാക്കരുത്. അതാ അവിടെ.. ഒരു മഞ്ഞുപുലിയുണ്ട്''. അയാള്‍ ദൂരേക്ക് വിരല്‍ ചൂണ്ടി. ക്യാമറയുടെ വ്യൂ ഫൈന്‍ഡറിലൂടെ നോക്കിയ മിറ്റിക്ക് മുന്നില്‍ അവന്‍ പ്രത്യക്ഷപ്പെട്ടു. കൂര്‍ത്ത പല്ലുകള്‍ കാട്ടി, നാവ് നൊട്ടിനുണഞ്ഞു. ''നിങ്ങള്‍ ഫോട്ടോ എടുക്കുന്നില്ലേ?'' മിറ്റി ചോദിച്ചു. '' ഇല്ല. ചില ചിത്രങ്ങള്‍ അങ്ങനെയാണ്, കാത്തിരുന്ന് കിട്ടിയാലും പകര്‍ത്താന്‍ തോന്നില്ല''. അദ്ദേഹം മറുപടി നല്‍കി.

ബെന്‍ സ്റ്റില്ലര്‍ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച് 2013-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ''ദ സീക്രട്ട് ലൈഫ് ഓഫ് വാള്‍ട്ടര്‍ മിറ്റി''. 1939-ല്‍ ജെയിംസ് തര്‍ബര്‍ രചിച്ച ഇതേ പേരിലുള്ള ചെറുകഥയുടെ രണ്ടാമത്തെ ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു ഇത്. ലൈഫ് മാസികയില്‍ നെഗറ്റീവ് അസെറ്റ്‌സ് മാനേജരായി ജോലി ചെയ്യുന്ന വാള്‍ട്ടര്‍ മിറ്റിയാണ് കഥയിലെ കേന്ദ്ര കഥാപാത്രം. പകല്‍ സ്വപ്‌നങ്ങളില്‍ മുഴുകിയിരിക്കുന്ന മിറ്റിക്ക് സഹപ്രവര്‍ത്തകയായ ഷെറിലിനോട് ചെറിയ ഒരു പ്രണയമൊക്കെയുണ്ട്. സ്വപ്‌നങ്ങളില്‍ സ്വയം അതിസാഹസികനാവുകയാണ് മിറ്റി. ഫോട്ടോ ജേണലിസ്റ്റായ ഷോണ്‍ ഒകോണല്‍ മിറ്റിക്കയയ്ക്കുന്ന ഫോട്ടോ നെഗറ്റീവുകളിലൊന്ന് കാണാതാവുന്നതോടെയാണ് ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്താനാരംഭിക്കുന്നത്.

അടച്ചുപൂട്ടാനൊരുങ്ങുന്ന ലൈഫ് മാസികയുടെ അവസാന പതിപ്പിന്റെ മുഖചിത്രമായി വളരെ ആകര്‍ഷകമായ ഒരു ചിത്രം വേണമായിരുന്നു. ചിത്രവിഭാഗം കൈകാര്യം ചെയ്യുന്ന മിറ്റിക്ക് കുറച്ച് നെഗറ്റീവുകളും ഒരു പഴ്‌സും ഷോണ്‍ ഒകോണല്‍ അയയ്ക്കുന്നു. എന്നാല്‍ അതില്‍ ഏറെ പ്രാധാന്യമുള്ള, നെഗറ്റീവ് 25 എന്ന,  'ജീവിതത്തിന്റെ സാരം'  എന്ന് പേരില്‍ ഷോണ്‍ വിശേഷിപ്പിക്കുന്ന നെഗറ്റീവ് കാണാതാവുന്നു. എന്താണ് അതെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥ. ഒടുവില്‍ ആ നെഗറ്റീവിനേക്കുറിച്ച് അന്വേഷിക്കാന്‍ തന്നെ മിറ്റി തീരുമാനിച്ചു. ഒപ്പം ഷോണ്‍ എവിടെയാണ് ഉള്ളതെന്നും. ഈ യാത്രയാണ് ദ സീക്രട്ട് ലൈഫ് ഓഫ് വാള്‍ട്ടര്‍ മിറ്റി.

കരയിലൂടെ, വെള്ളത്തിലൂടെ, ആകാശത്തിലൂടെ പുരോഗമിക്കുന്നു, വാള്‍ട്ടര്‍ മിറ്റിയുടെ യാത്ര. ആദ്യം നേരെ ഗ്രീന്‍ലാന്‍ഡിലേക്ക്. ഗ്രീന്‍ലാന്‍ഡിന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ സിറ്റിയായ നൂക്കിലാണ് മിറ്റി വിമാനമിറങ്ങുന്നത്. ഇവിടെ നിന്നാണ് ഷോണ്‍ എവിടെയാണെന്നതിനേക്കുറിച്ചുള്ള സൂചനകള്‍ മിറ്റിക്ക് കിട്ടുന്നത്. പകല്‍ സ്വപ്‌നത്തില്‍ സാഹസികനാവുന്നതുപോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍ സാഹസികനാവുക എന്ന കാര്യം നായകന്‍ മനസിലാക്കുന്നത് നൂക്കില്‍ നിന്നുമുള്ള യാത്രയിലാണ്. ഗ്രീന്‍ലാന്‍ഡില്‍ നിന്നും മിറ്റിയുടെ യാത്ര നേരെ ഐസ്‌ലാന്‍ഡിലേക്കാണ്. ഇവിടെയുള്ള ഒരു അഗ്നിപര്‍വതത്തിന്റെ ചിത്രമെടുക്കാന്‍ ഷോണ്‍ എത്തുമെന്നായിരുന്നു മിറ്റിക്ക് കിട്ടിയ അറിവ്. 

കുറഞ്ഞസമയമേ ഉള്ളൂവെങ്കിലും ഐസ്‌ലാന്‍ഡിലെ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഭീതിദമായ ദൃശ്യം കാണിക്കാന്‍ ചിത്രത്തിനായിട്ടുണ്ട്. ഇവിടെ നിന്നും തിരിച്ച് നാട്ടിലെത്തുന്ന മിറ്റിയെ കാത്തിരുന്നത് അപ്രതീക്ഷിതമായ ചില സംഭവങ്ങളായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് അദ്ദേഹം ഷോണിനെ തേടി ഹിമാലയത്തിലെത്തുന്നതും. പക്ഷേ അപ്പോഴും നെഗറ്റീവ് 25 ലുണ്ടായിരുന്ന ചിത്രം ഏതാണെന്ന് പ്രേക്ഷകനോ മിറ്റിക്കോ മനസിലാവുന്നില്ല. അത് തന്നെയാണ് സിനിമയിലെ യഥാര്‍ത്ഥ സസ്‌പെന്‍സും. ഷോണ്‍ ഒകോണല്‍ അത്രയും വിലപ്പെട്ടതായി വിശേഷിപ്പിക്കുന്ന ആ ചിത്രം കാണാന്‍ ലൈഫ് മാസികയുടെ അവസാന പതിപ്പ് പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കാം, വേറെ വഴിയില്ലല്ലോ എന്ന് മിറ്റിക്കും തോന്നിയിരിക്കാം.

ഒരു സഞ്ചാരിയൊന്നുമല്ല വാള്‍ട്ടര്‍ മിറ്റി. ജോലിയോടുള്ള ആത്മാര്‍ത്ഥതയില്‍ നിന്നുണ്ടാവുന്നതാണ് അയാളുടെ യാത്ര. ആ യാത്രയിലൂടെ അയാള്‍ എന്തുനേടി എന്നതാണ് ചിത്രമുയര്‍ത്തുന്ന ചോദ്യം. അതിനുള്ള ഉത്തരമാണ് ഒരുതരത്തില്‍ ലൈഫ് മാസികയുടെ അവസാനലക്കത്തിന്റെ മുഖചിത്രം. ഐസ്‌ലാന്‍ഡിലെ വറ്റ്‌നാജോകുള്‍ നാഷണല്‍ പാര്‍ക്കും ടൈം ലൈഫ് കെട്ടിടവുമെല്ലാം അടങ്ങുന്നതാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഷോണ്‍ പെന്‍ ആണ് ഷോണ്‍ ഒകോണലായെത്തിയത്. ക്രിസ്റ്റന്‍ വീഗ്, ആദം സ്‌കോട്ട് തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങളില്‍. യാത്രയും സാഹസികതയും ഫോട്ടോഗ്രഫിയും ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി സമീപിക്കാവുന്ന ചിത്രമാണ് ദ സീക്രട്ട് ലൈഫ് ഓഫ് വാള്‍ട്ടര്‍ മിറ്റി.