Dhanushചില യാത്രകള്‍ പ്രത്യക്ഷത്തില്‍ ചെറുതാണെന്ന് തോന്നുമെങ്കിലും അതിന്റെ ലക്ഷ്യം വളരെ വലുതായിരിക്കും. അതിലേക്കുള്ള പ്രയാണമാകട്ടെ അത്ര എളുപ്പവുമായിരിക്കില്ല. അത്തരത്തിലൊരു യാത്രയാണ് മുംബൈയില്‍ നിന്ന് അജാത ശത്രു എന്ന ഫക്കീര്‍ പാരീസിലേക്കും അവിടെ നിന്ന് ലിബിയയിലേക്കും തിരിച്ച് പാരീസിലേക്കും മുംബൈയിലേക്കും നടത്തിയത്. ആ യാത്രയ്ക്ക് ഒരു ഉദ്ദേശമുണ്ടായിരുന്നു. അടുത്തെത്തിയപ്പോഴേക്കും അവിചാരിതമായ പലതും സംഭവിച്ചു. പക്ഷേ തോറ്റിടത്തു നിന്നും അജാതശത്രു ജയിക്കാന്‍ തുടങ്ങി.

ഒരു തെരുവു ജാലവിദ്യക്കാരനായിരുന്നു അജാതശത്രു. കൂട്ടിന് അമ്മ മാത്രം. അച്ഛനേക്കുറിച്ചുള്ള അവന്റെ ചോദ്യങ്ങള്‍ ആ അമ്മയെ എപ്പോഴും ചൊടിപ്പിച്ചിരുന്നു. പിന്നെപ്പിന്നെ ആ ചോദ്യങ്ങള്‍ ഇല്ലാതായി. പിന്നീടുള്ള അവന്റെ സംശയങ്ങള്‍ തങ്ങള്‍ പണക്കാരാണോ പാവപ്പെട്ടവരാണോ എന്നായി. പാവപ്പെട്ടവര്‍ എന്നായിരുന്നു അതിന് അവന്‍ സ്വയം കണ്ടെത്തിയ ഉത്തരം. അതിന് കാരണം മാസികകളില്‍ കാണുന്നതുപോലെയുള്ള വലിയ വീടില്ല, വീട്ടുപകരണങ്ങളില്ല, പതുപതുത്ത മെത്തയില്ല എന്നതൊക്കെയായിരുന്നു. പക്ഷേ 'എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടല്ലോ അതുകൊണ്ട് നമ്മള്‍ റിച്ച്' ആണെന്നായിരുന്നു അമ്മയുടെ പക്ഷം.

അമ്മയെ ഞാന്‍ ഒരിക്കല്‍ പാരീസില്‍ കൊണ്ടുപോകും എന്ന് ഇടയിക്കിടെ അവന്‍ പറഞ്ഞിരുന്നു. പക്ഷേ അതെല്ലാം വായില്‍ തോന്നിയത് എന്ന മട്ടില്‍ ആ അമ്മ അതെല്ലാം തള്ളിക്കളഞ്ഞു. പക്ഷേ അവിചാരിതമായി അവര്‍ക്ക് അജാതശത്രുവിനൊപ്പം പാരീസിലേക്ക് പോകേണ്ടിവന്നു. അതവരുടെ മരണശേഷമായിരുന്നു എന്നുമാത്രം. അമ്മ മരിച്ചതോടെ കൊടുത്ത വാക്കുപാലിക്കാനായി പിന്നീട് അജ എന്ന അജാതശത്രുവിന്റെ ശ്രമം. പാരീസ് ആയി പിന്നീട് അവന്റെ സ്വപ്‌നങ്ങളില്‍. പണമായിരുന്നു അവന്റെ പ്രധാനപ്രശ്‌നം. ചില സൂത്രപ്പണികളൊക്കെ നടത്തി ഒരുവിധത്തില്‍ പാരീസിലെത്തി. പക്ഷേ അവിടെ അജാതശത്രുവിനെ കാത്തിരുന്നത് ജീവിതത്തില്‍ ഒരിക്കല്‍പ്പോലും നേരിടാത്ത സ്ഥിതിവിശേഷങ്ങളായിരുന്നു.

കുട്ടിക്കാലത്ത് ഏറെ മോഹിപ്പിച്ച ഫര്‍ണിച്ചര്‍ കടയിലേക്കായിരുന്നു പാരീസിലെത്തിയ അജാതശത്രു ആദ്യം ചെന്നത്. ആ കടയില്‍ നിന്ന് തുടങ്ങുകയാണ് അവന്റെ യാത്രകള്‍. തൊട്ടടുത്തെത്തിയിട്ടും ലക്ഷ്യം വഴിമാറിപ്പോവുക എന്നത് എന്ത് കഷ്ടമാണെന്ന് പറയുന്നു ഈ രംഗങ്ങള്‍. പാരീസില്‍ നിന്നും നേരെ ഇംഗ്ലണ്ടിലേക്കായിരുന്നു അജാതശത്രുവിന്റെ ആദ്യത്തെ പോക്ക്. അതീവ സാഹസികമായി. അവിടെ നിന്നും വിമാനമാര്‍ഗം 'അതീവരഹസ്യമായി' നേരെ ബാഴ്‌സലോണയിലേക്ക്. തീര്‍ന്നില്ല ആ യാത്ര അവസാനിച്ചതാകട്ടെ ലിബിയയിലും. ഒടുവില്‍ എന്തിന് വന്നുവോ അതും സാധിച്ചിട്ടാണ് അജാതശത്രു ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ഇന്ത്യയില്‍ തിരിച്ചെത്തിയ അജാതശത്രുവിന്റെ ഓര്‍മകളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തിലേക്കുള്ള അജാതശത്രുവിന്റെ അബദ്ധയാത്രകള്‍ തന്നെയാണ് ചിത്രത്തിന്റെ ഭൂരിഭാഗവും. എങ്കിലും ലിബിയയില്‍ വച്ചുള്ള രംഗങ്ങളാണ് അല്‍പ്പംകൂടി മികച്ചുനിന്നത്. അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ ദൈവിക പരിവേഷത്തോടെ നില്‍ക്കുന്ന അജാതശത്രുവിനെ അവിടെ കാണാം. ധനുഷിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കടലിന് മുകളിലൂടെ ശാന്തമായി പറക്കുന്ന ബലൂണിനകത്തുനിന്നുള്ള രംഗങ്ങള്‍ ധനുഷിലെ നടന്റെ വളര്‍ച്ച വ്യക്തമാക്കുന്നുണ്ട്. അടുത്തവീട്ടിലെ പയ്യന്‍ എന്ന ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടാണ് സംവിധായകന്‍ കെന്‍ സ്‌കോട്ടും സംഘവും അജാതശത്രുവിനെ വാര്‍ത്തെടുത്തിരിക്കുന്നത്.