ഇന്ത്യന്‍ നഗരത്തിലൂടെ ടാക്‌സി കാര്‍ കുതിച്ചുപാഞ്ഞു. വ്യവസായിയെ പോലെ തോന്നിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിച്ച വിദേശിയായിരുന്നു യാത്രക്കാരന്‍. റെയില്‍വേ സ്‌റ്റേഷന് മുന്നിലാണ് കാര്‍ ചെന്നുനിന്നത്. പണമൊന്നും നല്‍കാന്‍ മെനക്കെടാതെ നേരെ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക്. സാവധാനം ചലിച്ചു തുടങ്ങിയ തീവണ്ടി ചൂണ്ടിക്കാട്ടി അയാള്‍ അലറി. ''എനിക്ക് പോകേണ്ടതാണതില്‍...'' ടിക്കറ്റും വാങ്ങി നേരെ തീവണ്ടിക്ക് പിന്നാലെ ഒറ്റ ഓട്ടമായിരുന്നു. പൊടുന്നനെയാണ് മറ്റൊരുവന്‍ അദ്ദേഹത്തേയും കടന്നുപോയത്. അതിവേഗത്തില്‍...തീവണ്ടിക്ക് പിന്നാലെ ഓടിച്ചെന്ന് ആ യുവാവ് ഏറ്റവും പിന്നിലെ ബോഗിയില്‍ ചാടിക്കയറി. അയാള്‍ ഓടിത്തളര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന കോട്ടുധാരിയെ നോക്കി. 

വെസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ദ ഡാര്‍ജിലിങ് ലിമിറ്റഡ് എന്ന ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സഹോദരന്മാരായ ഫ്രാന്‍സിസ്, പീറ്റര്‍, ജാക്ക് എന്നിവര്‍ നടത്തുന്ന ട്രെയിന്‍ യാത്രയാണ് ചിത്രത്തിന്റെ ആകെ തുക എന്ന് ഏറ്റവും സിംപിളായി പറയാം. ഡാര്‍ജിലിങ് ലിമിറ്റഡ് എന്നുപേരുള്ള ട്രെയിനിലാണ് മൂവര്‍സംഘത്തിന്റെ യാത്ര. അച്ഛന്റെ മരണത്തിന് ശേഷം ഏറെ നാള്‍ കൂടിയാണ് അവര്‍ കാണുന്നത് തന്നെ. ഫ്രാന്‍സിസാണ് യാത്രയ്ക്കും കൂടിക്കാഴ്ചയ്ക്കും മുന്‍കയ്യെടുത്തത്. ഒരിടവേളയ്ക്ക് ശേഷം ഫ്രാന്‍സിസിനെ കണ്ട പീറ്ററും ജാക്കും ഒന്നമ്പരന്നു. എന്തോ അപകടം പറ്റി തലയ്ക്കും ചുറ്റും വെച്ചുകെട്ടലുകളുമായിട്ടായിരുന്നു ഫ്രാന്‍സിസിന്റെ വരവ്. എന്താണെന്ന ചോദ്യത്തിന് ബൈക്കില്‍ നിന്ന് വീണതാണെന്നും വേറൊന്നും ഓര്‍മയില്ലെന്നുമായിരുന്നു കിട്ടിയ മറുപടി.

യാത്രയ്ക്ക് മുന്‍കയ്യെടുത്തത് ഫ്രാന്‍സിസ് ആയതിനാല്‍ സ്വല്‍പം അധികാരമൊക്കെ അയാള്‍ കാട്ടുന്നുണ്ട്. ആദ്യപടിയായി സഹോദരന്മാരുടെ പാസ്‌പോര്‍ട്ട് നേരത്തെ തന്നെ ഫ്രാന്‍സിസ് വാങ്ങി പോക്കറ്റിലിട്ടു. യാത്ര മടുത്ത് പീറ്ററും ജാക്കും ഇടയ്ക്കുവെച്ച് ഇറങ്ങിപ്പോരാതിരിക്കാനായിരുന്നു അത് എന്ന് വഴിയേ മനസിലാവും. എല്ലാത്തിനും കൃത്യമായ പ്ലാനിങ് വച്ചിരുന്നു ഫ്രാന്‍സിസ്. എവിടെ, എത്ര സമയം തീവണ്ടി നിര്‍ത്തും, ഇതിനടുത്തായി കാണാനുള്ളതെന്ത് എന്നെല്ലാം വ്യക്തമായി ഫ്രാന്‍സിസിന് അറിയാമായിരുന്നു. '1000 കാളകളുടെ ക്ഷേത്രത്തിലേ'ക്കായിരുന്നു അവര്‍ ആദ്യം പോയത്. അല്‍പ്പസമയം കൊണ്ട് ജോധ്പൂരിന്റെ ചെറിയൊരു ചിത്രം വരച്ചുകാട്ടാനാണ് ഈ രംഗങ്ങളിലൂടെ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. കഥ ഇവിടെ നിന്ന് വീണ്ടും തീവണ്ടിയിലേക്ക് തന്നെയാണ് പോകുന്നത്.

മൂവര്‍ സംഘത്തിന്റെ കുസൃതിത്തരങ്ങള്‍ സമീപകോച്ചുകളിലെ യാത്രികര്‍ക്ക് ദഹിച്ചിരുന്നോ എന്ന കാര്യം സംശയമാണ്. കളിച്ച് കളിച്ച് അവസാനം തീവണ്ടിയില്‍ നിന്ന് പുറത്താവുകയും ചെയ്തതോടെ ഇനിയെന്ത് എന്ന ചോദ്യമായി ആ സഹോദരര്‍ക്കു മുന്നില്‍. യാത്രയൊന്നും വേണ്ട, തിരിച്ചുപോയാല്‍ മതി എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. അപ്പോഴാണ് ഫ്രാന്‍സിസ് ആ ബോംബ് പൊട്ടിക്കുന്നത്. തന്റെ യാത്രയ്ക്ക് മറ്റൊരുദ്ദേശം കൂടിയുണ്ട് എന്നതായിരുന്നു അത്. ഈ ലക്ഷ്യത്തിലേക്കാണ് മൂവരുടേയും പിന്നീടുള്ള യാത്ര. ഇതിനിടെ അതുവരെ ജീവിതത്തില്‍ അഭിമുഖീകരിക്കാത്ത സാഹചര്യങ്ങളില്‍ക്കൂടി ആ സഹോദരന്മാര്‍ക്ക് കടന്നുപോവേണ്ടി വരുന്നുണ്ട്.

സ്വന്തം പേരുകള്‍ ചുരുക്കരൂപത്തില്‍ എഴുതിയ സ്യൂട്ട്‌കേസുകളുമായിട്ടായിരുന്നു മൂന്നുപേരുടേയും യാത്ര. ആ സ്യൂട്ട്‌കേസുകളാവട്ടെ അവരുടെ പിതാവിന്റേതും. ഭാരമേറിയ പെട്ടികളും താങ്ങിപ്പിടിച്ചാണ് മൂവര്‍സംഘത്തിന്റെ നടപ്പ്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ കയ്യിലെ പെട്ടികളെല്ലാം വലിച്ചെറിഞ്ഞ് ബംഗാള്‍ ലാന്‍സര്‍ എന്ന തീവണ്ടിയിലേക്ക് അവര്‍ ഓടിക്കയറുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രതിബന്ധങ്ങളും കെട്ടുപാടുകളും തകര്‍ത്തെറിഞ്ഞ് പുതിയൊരു യാത്രയാണ് ആ സഹോദരന്മാര്‍ തുടങ്ങുന്നത് എന്ന് ഇതിനെ വ്യാഖ്യാനിക്കാം. 

ഉടനീളം ഇന്ത്യ പശ്ചാത്തലമായി വരുന്ന ഹോളിവുഡ് ചിത്രം എന്ന് വിശേഷിപ്പിക്കാം ഡാര്‍ജിലിങ് ലിമിറ്റഡിനെ. രാജസ്ഥാനിലെ ജോധ്പുരായിരുന്നു പ്രധാന ലൊക്കേഷന്‍. ഉദയ്പുരിലായിരുന്നു ഹിമാലയത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. തുടക്കരംഗങ്ങളില്‍ കാണുന്ന ആ തെരുവ് ജോധ്പുരാണ്. ക്ലൈമാക്‌സിനോടടുത്ത് കാണിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം ഉദയ്പുര്‍ വിമാനത്താവളത്തിന്റെ പഴയ ടെര്‍മിനല്‍ കെട്ടിടമാണ്. ലോങ് ഐലന്‍ഡ് സിറ്റിയിലാണ് ന്യൂയോര്‍ക്ക് രംഗങ്ങള്‍ ചിത്രീകരിച്ചത്. സത്യജിത് റായ്‌യുടെ 'ചാരുലത'യിലെ പ്രസിദ്ധമായ ആ പശ്ചാത്തലസംഗീതം ഡാര്‍ജിലിങ് ലിമിറ്റഡില്‍ അതേപോലെ ഉപയോഗിച്ചിട്ടുണ്ട്.

 

വെസ് ആന്‍ഡേഴ്‌സണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ഓവന്‍ വില്‍സണ്‍, അഡ്രിയാന്‍ ബ്രോഡി, ജേസണ്‍ ഷ്വാര്‍ട്‌സ്മാന്‍, ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍, ശ്രീലങ്കന്‍ തമിഴ് നടി അമാരാ കരണ്‍ എന്നിവരാണ് മുഖ്യവേഷത്തില്‍. റോമന്‍ കൊപ്പോള, ജേസണ്‍ ഷ്വാര്‍ട്‌സ്മാന്‍ എന്നിവരും സംവിധായകനൊപ്പം തിരക്കഥാ രചനയില്‍ പങ്കാളികളായി. വെസ് ആന്‍ഡേഴ്‌സണ്‍, സ്‌കോട്ട് റൂഡിന്‍, റോമന്‍ കോപ്പോള, ലിഡിയ ഡീന്‍ പില്‍ഷെര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം നിരൂപകശ്രദ്ധയും പ്രേക്ഷക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി.