ര്‍ക്ക്‌ഷോപ്പില്‍ തന്റെ പതിവുജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു കാര്‍ട്ടര്‍ ചേംബേഴ്‌സ്. ഇടയ്ക്ക് സഹപ്രവര്‍ത്തകനായ ചെറുപ്പക്കാരനുമായി ചില പൊതുവിജ്ഞാന കാര്യങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട്. പെട്ടന്നാണ് ആ വാര്‍ത്ത അയാളെ തേടിയെത്തിയത്. കൈകളില്‍ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് അയാളറിയാതെ താഴെ വീണു. ഈസമയം മറ്റൊരിടത്ത് എഡ്വേഡ് കോള്‍ എന്ന ഹെല്‍ത്ത് കെയര്‍ ടൈക്കൂണും ജീവിതത്തിന്റെ അടിതെറ്റിയ അവസ്ഥയിലായിരുന്നു. ആ നിര്‍ണായക ചടങ്ങിനിടെ തൂവാല കൂട്ടിപ്പിടിച്ച് ഒന്നു ചുമച്ചതായിരുന്നു എഡ്വേഡ്. തൂവാലയില്‍ പറ്റിപ്പിടിച്ച രക്തം കണ്ട് അയാള്‍ ഭയന്നു.

റോബ് റീനറിന്റെ സംവിധാനത്തില്‍ മോര്‍ഗന്‍ ഫ്രീമാനും ജാക്ക് നിക്കോള്‍സണും മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് ദ ബക്കറ്റ് ലിസ്റ്റ്. ജീവിതത്തിന്റെ രണ്ട് വിഭിന്നതലങ്ങളില്‍ നില്‍ക്കുന്ന തികച്ചും അപരിചിതരായ രണ്ടുപേര്‍. അവര്‍ കണ്ടുമുട്ടുന്നതാകട്ടെ കാന്‍സര്‍ വാര്‍ഡിലെ അടുത്തടുത്ത കിടക്കകളിലും. പിടികൂടിയിരിക്കുന്ന ആപത്തിനെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്ത് ശാന്തമായാണ് കാര്‍ട്ടര്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കിയിരുന്നത്. മകന്റേയും ഭാര്യയുടേയും ഇടയ്ക്ക് പുസ്തകങ്ങളുടേയും കൂട്ട് അയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍ രോഗമുണ്ടെന്നും അധികകാലം ജീവിച്ചിരിക്കില്ല എന്നുമുള്ള അറിവ് എഡ്വേഡിനെ കുറച്ചൊക്കെ അസ്വസ്ഥനാക്കിയിരുന്നു. ഒരുതരം ഉള്‍ക്കൊള്ളാന്‍ പറ്റായ്മ. ഉന്മാദത്തിന്റെ ഉച്ചസ്ഥായില്‍ എഡ്വേഡ് നടത്തുന്ന കാട്ടിക്കൂട്ടലുകളും കാര്‍ട്ടറിനെ ഉള്ളില്‍ ചിരിപ്പിച്ചിരുന്നു. ചിലപ്പോള്‍ അമ്പരപ്പിക്കുകയും.

രണ്ട് രോഗികള്‍ തമ്മിലുള്ള സൗഹൃദത്തില്‍ തുടങ്ങുന്ന ചിത്രം ട്രാവല്‍ മൂവിയായും ഒരുഘട്ടത്തില്‍ മാറുന്നുണ്ട്. അതിന് കാരണം എഴുതിയശേഷം കാര്‍ട്ടര്‍ വലിച്ചെറിഞ്ഞ ഒരു കടലാസുതുണ്ട് എഡ്വേഡിന്റെ കയ്യില്‍ കിട്ടുന്നതോടെയാണ്. ജീവിതത്തില്‍ എന്തെല്ലാമാണ് ചെയ്യാനാഗ്രഹിക്കുന്നത് എന്ന് അതില്‍ കാര്‍ട്ടര്‍ അക്കമിട്ട് പറഞ്ഞിരുന്നു. അമ്പരപ്പിക്കുന്ന എന്തെങ്കിലും കാണണം എന്ന് തുടങ്ങി ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ ചുംബിക്കണം വരെ നീളുന്നു ആ ലിസ്റ്റ്. അല്‍പ്പം മാത്രം ആയുസ് അവശേഷിക്കുന്ന തനിക്ക് എന്താഗ്രഹങ്ങള്‍ എന്നാണ് കാര്‍ട്ടര്‍ ചിന്തിക്കുന്നത്. എന്നാല്‍ അത്രയും കാലം എന്തുകൊണ്ട് സന്തോഷവാനായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തുകൂടാ എന്നാണ് എഡ്വേഡ് ചിന്തിക്കുന്നത്. ഒപ്പം കാര്‍ട്ടര്‍ കുത്തിക്കുറിച്ച 'ബക്കറ്റ് ലിസ്റ്റിലെ' ടാസ്‌കുകള്‍ ഓരോന്നായി നടപ്പിലാക്കാനും അവര്‍ തീരുമാനിക്കേണ്ടിവന്നു.

യാത്രയ്ക്കുള്ള മുന്‍കയ്യെടുത്തതെല്ലാം എഡ്വേഡായിരുന്നു. പക്ഷേ ഒരു തടസം അയാള്‍ക്കു മുന്നിലുണ്ടായിരുന്നു. കാര്‍ട്ടറുടെ ഭാര്യ വിര്‍ജിനിയ. അന്ത്യനാളുകളില്‍ ഭര്‍ത്താവ് കൂടെവേണമെന്നതായിരുന്നു വിര്‍ജീനിയയുടെ ആഗ്രഹം. പക്ഷേ എഡ്വേഡിനൊപ്പം പോകാനായിരുന്നു കാര്‍ട്ടറുടെ തീരുമാനം. അങ്ങനെയവര്‍ യാത്രതുടങ്ങി. സ്‌കൈ-ഡൈവിങ്ങിലായിരുന്നു തുടക്കം. ഭയന്നുവിറച്ചായിരുന്നു കാര്‍ട്ടറുടെ ഡൈവിങ്ങെങ്കില്‍ ഒപ്പമുണ്ടായിരുന്ന വിദഗ്ധനേപ്പോലും ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലായിരുന്നു എഡ്വേഡിന്റെ പറക്കല്‍. റേസിങ് ട്രാക്കിലൂടെ ഷെല്‍ബി മസ്താങ് ഓടിച്ചു, നോര്‍ത്ത് പോളിന് മുകളിലൂടെ പറന്നു, ഫ്രാന്‍സിലെ പ്രസിദ്ധമായ ഹോട്ടല്‍ ഷെവര്‍ ഡി ഓറില്‍ ഭക്ഷണം കഴിച്ചു, ചൈനയിലെ വന്‍മതിലിലൂടെ ബൈക്കോടിച്ചു, താജ്മഹല്‍ കണ്ട് ഷാജഹാന്റെ പ്രണയത്തേക്കുറിച്ച് വാചാലരായി, ടാന്‍സാനിയയിലെ സഫാരി ആസ്വദിക്കുകയും നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പ് സന്ദര്‍ശിക്കുകയും ചെയ്തു. അങ്ങനെ യാത്രയിലൂടെ രോഗാവസ്ഥകളെ അവര്‍ ഇരുവരും മറന്നു.

പക്ഷേ ആ യാത്ര അധികം നീട്ടിക്കൊണ്ടുപോകാന്‍ ഇരുവര്‍ക്കുമായില്ല. അതോടെ ബക്കറ്റ് ലിസ്റ്റ് പാതിവഴിയില്‍ നിര്‍ത്തേണ്ട അവസ്ഥയും വന്നു. പക്ഷേ പിന്നീട് കണ്ടത് ആ ലിസ്റ്റിലെ കാര്യങ്ങള്‍ അവര്‍ പോലും അറിയാതെ നിറവേറുന്നതായിരുന്നു. ''ഞങ്ങള്‍ പരസ്പരം സന്തോഷം കൈമാറി'' എന്നാണ് ഒരിക്കല്‍ കാര്‍ട്ടറേക്കുറിച്ച് എഡ്വേഡ് പറഞ്ഞത്. മരണം അടുത്ത രണ്ടുപേരുടെ യാത്രയില്‍ ശവകുടീരങ്ങളായ പിരമിഡും താജ്മഹലും വന്നത് യാദൃശ്ചികമായിരിക്കാം. ഉജ്ജ്വലമായത് എന്തെങ്കിലും കാണണമെന്ന ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹവും കാട്ടിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. 

കാര്‍ട്ടറായി മോര്‍ഗന്‍ ഫ്രീമാനും എഡ്വേഡായി ജാക്ക് നിക്കോള്‍സനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഷോണ്‍ ഹായെസ്, റോബ് മോറോ, അല്‍ഫോണ്‍സോ ഫ്രീമാന്‍, ബെവെര്‍ലി ടോഡ് തുടങ്ങിയവരായിരുന്നു മുഖ്യവേഷങ്ങളില്‍.  2007-ലെ മികച്ച പത്തുചിത്രങ്ങളില്‍ ഒന്നായി ബക്കറ്റ് ലിസ്റ്റിനെ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ തിരഞ്ഞെടുത്തിരുന്നു. ജസ്റ്റിന്‍ സഖാം തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് റോബ് റീനര്‍. ക്രെയിഗ് സദാന്‍, നീല്‍ മെറോണ്‍, അലന്‍ ഗ്രീസ്മാന്‍, റോബ് റീനര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.