കൂടുതല്‍ അപകടമുണ്ടാവുന്നതിന് മുമ്പ് അവര്‍ക്ക് അവിടെ നിന്ന് രക്ഷപ്പെടണമായിരുന്നു. ഫ്രാന്‍കോയിസിനേയും കൂട്ടി കാട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ റിച്ചാര്‍ഡ് അവനോടഭ്യര്‍ഥിച്ചു. എന്നാല്‍ സ്രാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റുകിടക്കുന്ന ക്രിസ്റ്റോയെ വിട്ടുപോരാന്‍ അവന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ റിച്ചാര്‍ഡിന്റെ നിര്‍ബന്ധത്തിനുവഴങ്ങി അവന്‍ ഫ്രാന്‍കോയിസിനേയും കൊണ്ട് കാടുകടക്കാന്‍ തീരുമാനിച്ചു. അവര്‍ ഇരുവരും പോയി നിമിഷങ്ങള്‍ക്കകം റിച്ചാര്‍ഡ് തന്റെ വിരലുകള്‍ ക്രിസ്‌റ്റോയുടെ മുഖത്തമര്‍ത്തി. ക്രിസ്‌റ്റോ ശ്വാസം കിട്ടാതെ പിടഞ്ഞു.  റിച്ചാര്‍ഡ് ശബ്ദമില്ലാതെ കരഞ്ഞു.

അലക്‌സ് ഗാര്‍ലാന്‍ഡിന്റെ ദ ബീച്ച് എന്ന കൃതിയെ അടിസ്ഥാനമാക്കി വിഖ്യാത സംവിധായകന്‍ ഡാനി ബോയ്ല്‍ അതേ പേരില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നിര്‍ണായകമായ രംഗങ്ങളിലൊന്നാണിത്. യാത്ര പ്രമേയമായി വരുന്ന ചിത്രങ്ങളില്‍ വ്യക്തമായ സ്ഥാനമുണ്ട് ദ ബീച്ചിന്. ബാങ്കോക്കിന്റെ രാത്രി നഗരദൃശ്യങ്ങള്‍ കാണിച്ചുകൊണ്ട് തുടങ്ങുന്ന ചിത്രം ഗള്‍ഫ് ഓഫ് തായ്‌ലന്‍ഡിലേക്കുള്ള നായകന്‍ റിച്ചാര്‍ഡിന്റെ യാത്രയാണ് പറയുന്നത്. ഏതാനും രംഗങ്ങള്‍ മാത്രമേ ബാങ്കോക്കിന്റേതായുള്ളൂ എങ്കിലും പ്രേക്ഷകനില്‍ അതുണ്ടാക്കുന്ന അനുഭവം ചെറുതല്ല. ഏറെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റിച്ചാര്‍ഡ് ബാങ്കോക്കില്‍ വച്ച് പാമ്പിന്റെ രക്തം രുചിക്കുന്നത്. കഥാപാത്രത്തിനുണ്ടാവുന്ന പരിചയമില്ലാത്ത രുചിയുടെ അതേ മടുപ്പ് പ്രേക്ഷകനും അനുഭവിക്കാനാവുന്നുണ്ട്.

ബാങ്കോക്കിലെ ഹോട്ടലില്‍ വച്ചാണ് റിച്ചാര്‍ഡ് ഡാഫിയേയും അയാള്‍ പറഞ്ഞ സ്വര്‍ഗത്തേയും പരിചയപ്പെടുന്നത്. എന്നാല്‍ ഇനിയുള്ള യാത്ര അങ്ങോട്ടാകാം എന്നു വിചാരിച്ച് യാത്ര തുടര്‍ന്ന അവനെ കാത്തിരുന്നത് അത്ര സുഖമുള്ള അനുഭവങ്ങളായിരുന്നില്ല. ഫ്രാന്‍കോയിസ്, അവളുടെ കൂട്ടുകാരന്‍ എറ്റീന്‍ എന്നിവരും റിച്ചാര്‍ഡിനൊപ്പം സ്വര്‍ഗം തേടിയുള്ള യാത്രയിലുണ്ടായിരുന്നു. തായ്‌ലാന്‍ഡിലെ കോ ഫി ഫി ലേ ദ്വീപാണ് ചിത്രത്തിലെ സ്വര്‍ഗമായി കാണിച്ചിരിക്കുന്നത്. ഇവിടേക്കുള്ള യാത്രയില്‍ മൂവര്‍ സംഘത്തെ സ്വാഗതം ചെയ്യുന്നത് കണ്ണെത്താദൂരത്തോളം പടര്‍ന്നുകിടക്കുന്ന കഞ്ചാവുചെടികളാണ്. ഇതിന് കാവല്‍ നില്‍ക്കുന്ന തോക്കുധാരികളില്‍ നിന്നും തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെടുന്നത്. പിന്നീട് നേരെ സ്ഫടിക നിറമാര്‍ന്ന ജലത്തോടുകൂടിയതും പാറക്കെട്ടുകള്‍ നിറഞ്ഞതുമായ സ്വര്‍ഗഭൂമിയിലേക്ക്. ബീച്ചിനെ ആശ്രയിച്ച്, അതും രഹസ്യമായി കഴിയുന്ന ഒരു ജനവിഭാഗമാണ് അവരെ അവിടേക്ക് സ്വാഗതം ചെയ്തത്.

കോ ഫി ഫി ലേയിലെ മായാ കടലിടുക്കിന്റെ അഭൗമ സൗന്ദര്യമാണ് ദ ബീച്ചിന്റെ പ്രധാന ആകര്‍ഷണം. ആകാശദൃശ്യങ്ങളും അണ്ടര്‍വാട്ടര്‍ ദൃശ്യങ്ങളും തീര്‍ക്കുന്ന വിസ്മയക്കാഴ്ചകള്‍ പറഞ്ഞറിയിക്കാനാവില്ല. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ബീച്ചില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. റിച്ചാര്‍ഡ് നടത്തുന്ന സ്രാവ് വേട്ടയും പിന്നീടൊരിക്കല്‍ ദ്വീപ് നിവാസികളെ സ്രാവ് ആക്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ അല്‍പ്പം നടുക്കമുണ്ടാക്കും വിധമാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റുകിടക്കുന്ന ക്രിസ്റ്റോയുടെ അരികില്‍ റിച്ചാര്‍ഡ് വന്നിരിക്കുന്ന രംഗത്ത് അല്‍പ്പസമയം മുമ്പ് ഇവിടെ നിന്നും കൊണ്ടുപോയ പരിക്കേറ്റവരുടെ രക്തം ഒരു രേഖപോലെ മണലില്‍ നീണ്ടുകിടക്കുന്നത്  കാണാം. ഇടയ്ക്ക് ഉപ്പുവെള്ളം അയാളുടെ മുറിവിലേക്ക് ചെറുതിരമാലകളായി വന്നടിക്കുന്നുമുണ്ടായിരുന്നു.

ബാങ്കോക്കില്‍ വച്ച് പരിചയപ്പെട്ട അമേരിക്കക്കാര്‍ക്ക് താന്‍ പോകുന്ന സ്ഥലം അടയാളപ്പെടുത്തിയ ഒരു മാപ്പ് റിച്ചാര്‍ഡ് കൊടുക്കുന്നുണ്ട്. എന്നാല്‍ ഈ പ്രവൃത്തിക്ക് വലിയ വിലയാണ് അദ്ദേഹത്തിന് പിന്നീട് കൊടുക്കേണ്ടി വരുന്നത്. ലൊക്കേഷന്റെ ഭംഗി കാണിക്കുന്നതിലുപരി തിരക്കഥയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഡാനി ബോയ്ല്‍ ചിത്രമെടുത്തിരിക്കുന്നത്. എറ്റീനും ഫ്രാന്‍കോയിസും തമ്മിലുള്ള സൗഹൃദവും റിച്ചാര്‍ഡും ഫ്രാന്‍കോയിസും തമ്മിലുള്ള പ്രണയവും സാലിന് റിച്ചാര്‍ഡിനോടു തോന്നുന്ന അടുപ്പവുമെല്ലാം മനോഹരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ലിയനാര്‍ഡോ ഡി കാപ്രിയോ ആണ് റിച്ചാര്‍ഡ് എന്ന നായകവേഷത്തിലെത്തിയിരിക്കുന്നത്. ഫ്രാന്‍കോയിസ് ആയി വിര്‍ജീന്‍ ലെഡോയനും എറ്റീന്‍ ആയി ഗില്ലോം കാനെറ്റും വേഷമിട്ടിരിക്കുന്നു. ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ജോണ്‍ ഹോഡ്ജ്.

തായ്‌ലന്‍ഡിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നാണ് കോ ഫി ഫി ലേ. വിനോദസഞ്ചാരികള്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ കുന്നുകൂടിയതുകാരണം ഇക്കഴിഞ്ഞ മാര്‍ച്ചുമുതല്‍ നാലുമാസത്തേക്ക് ഇവിടം അടച്ചിട്ടിരിക്കുകയാണ്. മാലിന്യങ്ങള്‍ നിറഞ്ഞ ബീച്ചിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പ്രസിദ്ധീകരിച്ചിരുന്നു. മികച്ച ദൃശ്യസമ്പന്നത അവകാശപ്പെടാവുന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ബീച്ചിനെ 'സ്വര്‍ഗതുല്യ'മാക്കുവാന്‍ ഷൂട്ടിങ് സമയത്ത് ഇവിടത്തെ തെങ്ങുകള്‍ വെട്ടിക്കളഞ്ഞിരുന്നു. ഇതിനെതിരെ അന്ന് പരിസ്ഥിതിസ്‌നേഹികള്‍ ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. 2000-ല്‍ സിനിമ പുറത്തിറങ്ങിയപ്പോഴും ബീച്ചിനെ വിവാദങ്ങള്‍ പിന്തുടര്‍ന്നു. സിനിമയിലെ ചിലരംഗങ്ങള്‍ തായ്‌ലാന്‍ഡിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്ന ആരോപണവുമുയര്‍ന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ ബീച്ചിനെ എളുപ്പം തിരിച്ചറിയാനുള്ള ഒരടയാളമായി സിനിമ മാറി എന്ന കാര്യം വിസ്മരിച്ചുകൂടാ. തായ്‌ലാന്‍ഡില്‍ ചിത്രീകരിച്ച സിനിമകളുടെ സ്ഥാനത്തില്‍ എന്നും മുന്‍പന്തിയില്‍ത്തന്നെയാകും ഈ ഡാനി ബോയ്ല്‍ ചിത്രത്തിന്റെ സ്ഥാനം.