ടിബറ്റിലെ ആ ഗ്രാമത്തില്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നതിനിടെയാണ് തന്റെ ഭാര്യ സുഹൃത്തിനെ വിവാഹം ചെയ്തതായും മകന്‍ അയാളെ അച്ഛാ എന്ന് വിളിക്കാന്‍ തുടങ്ങിയതായും ഹെന്റിച്ച് ഹാരര്‍ അറിയുന്നത്. സ്വന്തം മകനെ കാണാനുള്ള ആഗ്രഹത്താല്‍ അയാള്‍ ഒരപരിചിതന്‍ എഴുതുന്നതുപോലെ കത്തുകളയയ്ക്കാന്‍ തുടങ്ങി. അങ്ങനെയേ ഹെന്റിച്ചിന് എഴുതാന്‍ ആകുമായിരുന്നുള്ളൂ. പക്ഷേ ഒരു ദിവസം തന്നെ തേടിയെത്തിയ ആ കത്തിന്റെ ഉള്ളടക്കം അയാളെ നിരാശനാക്കി. ഇനിയൊരിക്കലും കത്തയയ്ക്കരുത് എന്ന വാചകം ഹെന്റിച്ചിന്റെയുള്ളില്‍ കത്തികൊണ്ട് വരഞ്ഞ അനുഭവമാണുണ്ടാക്കിയത്.

ഓസ്ട്രിയന്‍ പര്‍വതാരോഹകനായ ഹെന്റിച്ച് ഹാരര്‍ എഴുതിയ പുസ്തകത്തിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരമാണ് സെവന്‍ ഇയേഴ്‌സ് ഇന്‍ ടിബറ്റ്. 1997-ല്‍ പുറത്തിറങ്ങിയ ചിത്രം ഹെന്റിച്ചിന്റെ ആത്മകഥാംശമുള്ളതാണെന്ന് പറയാം. രണ്ടാം ലോകമഹായുദ്ധ സമയത്ത് 1944 മുതല്‍ 1951 വരെയുള്ള ഹെന്റിച്ചിന്റെ ടിബറ്റ് വാസമാണ് ചിത്രത്തിനാധാരം. ഈ സമയത്തായിരുന്നു ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍  സൈന്യത്തിന്റെ ടിബറ്റിലേക്കുള്ള കടന്നുകയറ്റം. 

നംഗപര്‍വതം കീഴടക്കാന്‍ പോകുന്ന ഹെന്റിച്ചിലൂടെയാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ പര്‍വതം കീഴടക്കാന്‍ കഴിയാതെ തിരിച്ചിറങ്ങിയ നായകനും സുഹൃത്ത് പീറ്ററും ബ്രിട്ടീഷ് ഇന്ത്യന്‍ അധികൃതരുടെ പിടിയിലാവുകയും ഡെറാഡൂണില്‍ യുദ്ധത്തടവുകാരാക്കപ്പെടുകയും ചെയ്തു. 1939-ലായിരുന്നു ഇത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും തടവില്‍ നിന്ന് രക്ഷപ്പെടുകയും ടിബറ്റിലെത്തുകയും ചെയ്തു. പക്ഷേ ടിബറ്റിലെത്താനും താമസമാക്കാനും ഇരുവര്‍ക്കും നേരിടേണ്ടിവന്ന കടമ്പകള്‍ ചെറുതൊന്നുമല്ലായിരുന്നു. മകനെ കാണാനുള്ള ആഗ്രഹത്താല്‍ ടിബറ്റ് വിടാനൊരുങ്ങിയ ഹെന്റിച്ചിനെ ടിബറ്റില്‍ത്തന്നെ പിടിച്ചുനിര്‍ത്താനുള്ള കാരണം ഇനി കത്തുകളയയ്ക്കരുതെന്ന മകന്റെ കത്തായിരുന്നു. 

എല്ലാം വിധിയുടെ കളികളാണ് എന്ന് പറയാറുണ്ട്. ഹെന്റിച്ചിന്റെ കാര്യത്തിലും അത് തന്നെ സംഭവിച്ചു. അല്ലെങ്കില്‍പ്പിന്നെ നാട്ടിലേക്ക് പോകാനൊരുങ്ങിയ ഹെന്റിച്ച് ടിബറ്റില്‍ തുടരുകയും അവരുടെ ആത്മീയാചാര്യനായ ദലൈലാമയുടെ അധ്യാപകനാവുകയുമില്ലായിരുന്നല്ലോ. യാദൃശ്ചികമായാണ് 14-ാമത്തെ ദലൈലാമയുടെ അധ്യാപകനാവാന്‍ ഹെന്റിച്ചിന് അവസരം ലഭിക്കുന്നത്. ഒരിക്കല്‍ ലാസയില്‍ ബോംബുവര്‍ഷിക്കുന്നതും കൂട്ടക്കുരുതി നടക്കുന്നതുമായ സ്വപ്‌നം കണ്ട കുഞ്ഞുലാമ ആ ആഘാതത്തില്‍ രക്ഷനേടാന്‍ പര്‍വതാരോഹണത്തെപ്പറ്റിയാണ് നായകനോട് ചോദിക്കുന്നത്. സമ്പൂര്‍ണമായ ലാളിത്യമാണ് താനിഷ്ടപ്പെടുന്നതെന്നായിരുന്നു അദ്ദേഹം അതിന് നല്‍കുന്ന മറുപടി.

''മലകയറുമ്പോള്‍ മനസ് ശുദ്ധമായിരിക്കും. ആശയക്കുഴപ്പങ്ങളൊന്നും തന്നെയുണ്ടായിരിക്കില്ല. കൃത്യമായ ഒരു ലക്ഷ്യമുണ്ടാകും. ആഴമേറിയതും ശക്തവുമായ ഒരു ജീവിതം അവിടെ അനുഭവപ്പെടും'' എന്നാണ് ഹെന്റിച്ച് പര്‍വതാരോഹണത്തേപ്പറ്റി ദലൈലാമയോടു പറയുന്നത്. ഹെന്റിച്ചിന് സ്വന്തം ജീവിതം തന്നെയാണ് പര്‍വതാരോഹണമെന്ന് പറയാതെ പറയുന്ന രംഗം കൂടിയാണിത്. ദലൈലാമയും തമ്മിലുള്ള സൗഹൃദം വളരെ ഹൃദ്യമായാണ് സംവിധായകന്‍ ജീന്‍ ജാക്ക്‌സ് അന്നൗഡ് ചിത്രീകരിച്ചിരിക്കുന്നത്. മകനെ കാണാന്‍ ആഗ്രഹമില്ലേ എന്ന ലാമയുടെ ചോദ്യത്തിന് ഹെന്റിച്ചിന്റെ മറുപടി കരച്ചിലായിരുന്നു. അത്രയും ഉള്ളു പൊള്ളിയിരുന്ന ഹെന്റിച്ചിന് ഒരുപക്ഷേ ഹൃദയം തുറന്നൊരു കരച്ചിലിന് വേറൊരിടവും ലഭിക്കാനിടയില്ല.

ഒരുതരത്തില്‍ നോക്കിയാല്‍ ഹെന്റിച്ചും ദലൈലാമയും ലാസയുടെ രണ്ട് കണ്ണുകളാണെന്ന് പറയാം. ചൈനീസ് പട്ടാളത്തിന് മുന്നില്‍ ടിബറ്റ് നിര്‍ബാധം കീഴടങ്ങുന്നത് കണ്ടുനിന്നവരാണ് അവര്‍ രണ്ടുപേരും. ചൈനീസ് കൊടികള്‍ പാറിക്കളിച്ച ടിബറ്റിലെ ആ ദിവസം ദലൈലാമയെ കാണാന്‍ ചെന്നപ്പോള്‍ എന്താണ് പറയേണ്ടതെന്ന് ഹെന്റിച്ചിന് അറിയില്ലായിരുന്നു. ''പുറംലോകത്തിന് ഞാന്‍ കുറച്ചുനേരത്തേക്ക് അപ്രത്യക്ഷനാവട്ടെ'' എന്നാണ് അന്ന് ദലൈലാമ ഹെന്റിച്ചിനോട് പറയുന്നത്. എന്നെങ്കിലുമൊരിക്കല്‍ ടിബറ്റിനേക്കുറിച്ച് ഒരു സിനിമ വരുമോ എന്ന് ടിബറ്റിന്റെ അവസ്ഥയേക്കുറിച്ച് ആവലാതിയോടെ സിനിമാ പ്രേമികൂടിയായ ദലൈലാമ ഹെന്റിച്ചിനോടു ചോദിക്കുന്നുണ്ട്. അറിയില്ല എന്നായിരുന്നു അതിനുള്ള ഉത്തരം. ടിബറ്റിന്റെ അന്നത്തെ അവസ്ഥ വിവരിക്കുന്ന ചിത്രത്തില്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തിയത് അല്‍പ്പം കൗതുകമായി തോന്നാം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് തന്റെ ചിത്രമെന്ന് പറയുകയായിരുന്നു സംവിധായകന്‍.

ബ്രാഡ് പിറ്റാണ് നായകനായ ഹെന്റിച്ച് ഹാരറായെത്തിയത്. ഡോര്‍ജീ സെറിങ്, സോനം വാങ്ചുക്, ജാംയാങ് ജോംഷോ വാങ്ചുക് എന്നിവരാണ് ദലൈലാമയുടെ വിവിധ കാലഘട്ടങ്ങളെ അവതരിപ്പിച്ചത്. 55-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനും ജപ്പാന്‍ അക്കാദമി പ്രൈസിനും 40-ാമത് ഗ്രാമി പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രം വിവാദങ്ങള്‍ക്കും വഴിയൊരുക്കി. കമ്മ്യൂണിസ്റ്റ് ചൈനയിലെ സൈനിക ഉദ്യോഗസ്ഥരെ ക്രൂരന്മാരായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് ചൈനീസ് സര്‍ക്കാര്‍ ചിത്രം തടഞ്ഞുവച്ചിരുന്നു. സംവിധായകന്‍ ജീന്‍ ജാക്ക്‌സിനും നായകന്‍ ബ്രാഡ് പിറ്റിനും ചൈനയില്‍ പ്രവേശിക്കുന്നതിന് വരെ വിലക്കുണ്ടായി.

എന്നാല്‍ 2012-ല്‍ ജീന്‍ ജാക്ക്‌സിന് 15-ാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറിയായി ചൈനയിലേക്ക് ക്ഷണം ലഭിച്ചു. ബ്രാഡ് പിറ്റാകട്ടെ 2014-ലും 2016 ലും ചൈനയില്‍ സന്ദര്‍ശനം നടത്തി.