വിട്ടുനിറമുള്ള മലനിരകള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുവെച്ചൊരു നീലത്തടാകം. അതിനടുത്തായുള്ള മണല്‍ത്തിട്ടകളിലൊന്നില്‍ കുട്ടികളുമൊത്ത് വിമാനം പറത്തുകയായിരുന്നു അയാള്‍. ചുവന്ന നിറമുള്ള വിമാനം തടാകത്തെ ചുറ്റി മൂളക്കത്തോടെ പറക്കവേ തന്റെ മുന്നിലേക്ക് വന്നുകൊണ്ടിരുന്ന സ്‌കൂട്ടറിലിരിക്കുന്നയാളെ കണ്ട് അയാളൊന്ന് അമ്പരന്നു. പിന്നാലെയെത്തിയ രണ്ടുപേരെക്കൂടി കണ്ടതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. പഠനകാലത്തെ ഉറ്റമിത്രങ്ങളുടെ സ്‌നേഹപ്രകടനം അടിയായി അയാളുടെ മുഖത്തേക്ക് വീണു. എല്ലാത്തിനും സാക്ഷിയായി നീലക്കുപ്പായമിട്ട തടാകസുന്ദരി.

രംഗം പറഞ്ഞപ്പോള്‍ത്തന്നെ സിനിമ മനസിലായിക്കാണും. രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്ത് 2009-ല്‍ പുറത്തുവന്ന ത്രീ ഇഡിയറ്റ്‌സ്. പക്ഷേ ഇനി പറയാന്‍ പോകുന്നത് ത്രീ ഇഡിയറ്റ്‌സിനേക്കുറിച്ചല്ല. ത്രീ ഇഡിയറ്റ്‌സിലെ ഈ രംഗമടക്കം നിരവധി ചിത്രങ്ങളില്‍ പശ്ചാത്തലമായി വന്ന ഒരു തടാകത്തേക്കുറിച്ചാണ്. പേര് പാങ്ങോങ്ങ് സോ. ഉയര്‍ന്ന പുല്‍പ്രദേശമുള്ള തടാകം എന്നാണ് ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജലാശയത്തിന്റെ പേരിനര്‍ത്ഥം. ഉയരം 4350 മീറ്റര്‍. 134 കിമീ വ്യാപിച്ചു കിടക്കുന്ന തടാകം ഇന്ത്യ തൊട്ടു ചൈന വരെ നീണ്ടുകിടക്കുന്നു. തടാകത്തിന്റെ അറുപതു ശതമാനവും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. 5 കിമീറ്ററാണ് തടാകത്തിന്റെ വീതി. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പുജല തടാകമാണിത്. മഞ്ഞുകാലത്ത് തടാകം പൂര്‍ണമായും തണുത്തുറയും. ശുദ്ധജലത്തിനു പകരം ലവണാശം കൂടുതല്‍ കാണപ്പെടുന്ന ഈ തടാകത്തില്‍ സസ്യജാലങ്ങളുടെ സാന്നിധ്യവും വളരെ കുറവാണ്. മത്സ്യമോ ജലത്തില്‍ വസിക്കുന്ന മറ്റെന്തെങ്കിലും ജീവജാലങ്ങളെയോ നിങ്ങള്‍ക്ക് ഈ തടാകത്തില്‍ കാണാന്‍ കഴിയില്ല. ആകെയുള്ളത് ചെറിയൊരംശം ചെമ്മീന്‍ വിഭാഗത്തിലുള്ളവയാണെന്നു മാത്രം. എന്നാല്‍ വേനല്‍ക്കാലത്ത് തടാകത്തിന്റെ മുകളില്‍ പാറിക്കിടക്കുന്ന താറാവുകളെയും കടല്‍ക്കാക്കകളെയും ധാരാളം കാണാം. കിയാങ്, അണ്ണാന്‍ വര്‍ഗത്തില്‍പ്പെട്ട മാര്‍മോത്ത് തുടങ്ങിയ ജന്തുവര്‍ഗങ്ങളേയും തടാകത്തിന് പരിസരത്ത് കാണാനാവും. 

ഇന്ത്യാ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലംകൂടിയാണ് പാങ്ങോങ് സോ. തടാകത്തിന്റെ പടിഞ്ഞാറുഭാഗം അവസാനിക്കുന്നത് ടിബറ്റിലാണ്.  ജമ്മുവിലെ ലെ - ലഡാക്കില്‍ നിന്നും അഞ്ചുമണിക്കൂര്‍ യാത്രയ്‌ക്കൊടുവില്‍ സോങ്ങിലെത്താം. മലനിരകളിലൂടെ കുറച്ചല്‍പം കഷ്ടപ്പെട്ടു തന്നെ വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. തടാകത്തില്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധമാണ്. ഇന്ത്യക്കാര്‍ക്ക് വ്യക്തിഗത പെര്‍മിറ്റുകള്‍ നേടാം, മറ്റുള്ളവര്‍ക്ക് മൂന്നുപേരടങ്ങുന്ന ഗ്രൂപ്പ് പെര്‍മിറ്റുകളാണ് ലഭിക്കുക. തുച്ഛമായ തുകയ്ക്കാണ് ലെയിലെ ടൂറിസ്റ്റ് ഓഫീസില്‍ പെര്‍മിറ്റ് വിതരണം ചെയ്യുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ ബോട്ടിങ്ങിന് അനുമതി നല്‍കുന്നില്ല. 

ബോളിവുഡ് സിനിമാ നിര്‍മാതാക്കളുടെ ഇഷ്ടലൊക്കേഷനാണ് പാങ്ങോങ് സോ. മണിരത്‌നത്തിന്റെ 'ദില്‍സേ' യിലെ സത്‌രംഗീ രേ എന്ന ഗാനത്തിന് പശ്ചാത്തലമായത് ഈ തടാകമാണ്. 2012-ല്‍ വീണ്ടുമൊരു ഷാരൂഖ് ചിത്രത്തിന് കൂടി പാങ്ങോങ് സോ വേദിയായി. ജബ് തക് ഹേ ജാനിലെ അനുഷ്‌കാ ശര്‍മയുടെ ബിക്കിനി രംഗമായിരുന്നു അത്. വക്തിലെ സുഭാ ഹോഗീ, തഷാനിലെ ദില്‍ ഹാരാ, ഫുഗ്ലിയിലെ ബഞ്ജാരേ, ന ജാനേ കബ്‌സേയിലെ പ്യാര്‍ കേ സില്‍സിലേ തുടങ്ങിയവയാണ് ഇവിടം പശ്ചാത്തലമായ പ്രധാന ഗാനരംഗങ്ങള്‍. ഇന്തോ അമേരിക്കന്‍ സംവിധായകനായ തര്‍സേം സിങ്ങിന്റെ 'ദ ഫാള്‍' എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പാങ്ങോങ്ങ് തടാകവും പരിസരവുമായിരുന്നു. ബോളിവുഡ് ചിത്രങ്ങളായ സനം രേ, ഹീറോസ് എന്നിവയും നീലത്തടാകത്തിന്റെ ഭംഗി ആവോളം ഒപ്പിയെടുത്തു.

പാങ്ങോങ്ങ് ദൃശ്യഭംഗി അവിടംകൊണ്ടും അവസാനിച്ചില്ല. 2012-ല്‍ പുറത്തിറങ്ങിയ തോര്‍ മിട്രാന്‍ ഡി എന്ന പഞ്ചാബി ചിത്രത്തിലെ ദില്‍ തേരാ ഹോ ഗയാ എന്ന ഗാനത്തിന് ഈ തടാകമായിരുന്നു പശ്ചാത്തലം. ഇങ്ങ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കും പാങ്ങോങ്ങ് സോ വര്‍ണപശ്ചാത്തലമൊരുക്കി. 2011-ല്‍ പുറത്തിറങ്ങിയ ജൂനിയര്‍ എന്‍.ടി.ആര്‍ ചിത്രം 'ശക്തി'യിലെ സുര്‍റാ സുര്‍റാ, 2011 ല്‍ പ്രഭുദേവയുടെ സംവിധാനത്തിലിറങ്ങിയ വിശാല്‍ നായകനായ 'വെടി'യിലെ എന്നാ ആച്ച്, 2014-ല്‍ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രം 'ആഗഡു'വിലെ ഭേല്‍പുരി ഗാനത്തിലും പാങ്ങോങ്ങ് സോ സാന്നിധ്യമറിയിച്ചു.

പാങ്ങോങ്ങ് സോയില്‍ ചിത്രീകരിച്ച ചില ഗാനങ്ങള്‍