യാത്ര പുറപ്പെടുമ്പോള്‍ എങ്ങോട്ട് പോകണമെന്ന് കാസിക്ക് അറിയില്ലായിരുന്നു. നീണ്ടുനിവര്‍ന്നുകിടക്കുന്ന പാതയായിരുന്നു അവനുമുന്നില്‍. അങ്ങനെയാണ് എന്തുംവരട്ടെ എന്ന് വിചാരിച്ച് തുടങ്ങിയ ആ യാത്ര ബെംഗളൂരുവിലെത്തിയത്. അങ്ങനെ വിചാരിക്കാന്‍ കാരണവുമുണ്ട്. കാസിക്ക് ഒരു ലക്ഷ്യമുണ്ട്. പ്രണയമാണാ ലക്ഷ്യം. അതും ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്ത്. ബെംഗളൂരുവില്‍ വച്ച് കാസിയും സുനിയും ആക്രമിക്കപ്പെടുന്നു. രക്ഷകരായെത്തിയത് ഒരുപറ്റം ബൈക്ക് സഞ്ചാരികള്‍. കാസിയുടേയും സുനിയുടേയും യാത്രയ്ക്ക് വ്യക്തത വരുന്നത് ഇവിടെനിന്നാണ്.

മലയാളത്തിലെ ലക്ഷണമൊത്ത ട്രിപ്പ് മൂവി എന്ന് വിശേഷിപ്പിക്കാം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെ. മലയാള സിനിമയ്ക്കുള്ളില്‍ കഥാഗതിക്കനുസൃതമായി കേരളത്തിന് പുറത്ത് ശ്രദ്ധേയമായ സ്ഥലങ്ങളില്‍ സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള മുഴുവന്‍ സമയ ബൈക്ക് റൈഡിങ് എന്ന ആശയം പ്രാവര്‍ത്തികമാക്കിയ സിനിമയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. കേരളത്തില്‍ നിന്ന് നേരെ ബെംഗളൂരു. അവിടെ നിന്ന് പുരി, കൊല്‍ക്കത്ത, കൊണാര്‍ക്ക്, ഒറീസ, നാഗാലാന്‍ഡ്, സിക്കിം വരെ നീളുന്നു കാസിയുടെ സംഭവ ബഹുലമായ യാത്ര. ആ യാത്രയില്‍ റോളര്‍ സ്‌കേറ്റര്‍മാരും സമാനമനസ്‌കരായ യാത്രികരും നീണ്ട ഗ്രാമ-നഗര പാതകളും അവനെ അനുഗമിച്ചു.

തൃശ്ശൂരില്‍ കോളേജ് പഠനകാലത്താണ് കാസി അസി എന്ന വടക്കുകിഴക്കന്‍ സംസ്ഥാനത്തുനിന്നുള്ള പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. പ്രണയം അംഗീകരിക്കാന്‍ വീട്ടുകാര്‍ മടികാണിച്ചു എന്നത് സ്വാഭാവികം. ഇരുവരേയും വിവാഹം കഴിപ്പിക്കുന്നതില്‍ പിതാവ് ആദ്യം മുന്‍കയ്യെടുക്കുന്നുണ്ടെങ്കിലും പിന്നീടദ്ദേഹം ആ നിലപാടില്‍ നിന്ന് മലക്കം മറിയുന്നത് കാണാം. ഇങ്ങനെയൊരു പെണ്‍കുട്ടിയോട് ഭാഷയറിയാതെ താനെങ്ങനെ സംസാരിക്കും എന്ന ഉമ്മയുടെ ആകുലതയും പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. അത്ര നല്ല ഭൂതകാലമല്ല അസിയുടേത് എന്ന കാര്യം കോളേജിലെ വിപ്ലവകാരിയായിരുന്ന കാസിയില്‍പ്പോലും ഞെട്ടലുളവാക്കിയിരുന്നു. പ്രണയവും വിപ്ലവവും കൂടിക്കലര്‍ന്ന ഒരവസ്ഥയില്‍ നിന്നാണ് കാസിയുടെ 'സോളോ ബൈക്ക് റൈഡ്' ജനിക്കുന്നത് തന്നെ.

ബെംഗളൂരുവിന്റെ നഗരക്കാഴ്ചകള്‍ കാണിക്കുന്നുണ്ടെങ്കിലും യാത്രയുടേതായ അനുഭവം പ്രേക്ഷകന് അതിന്റെ മൂര്‍ത്തിമദ്ഭാവത്തില്‍ കാണാനാവുക പുരിയില്‍ വച്ചുള്ള രംഗങ്ങളിലാണ്. ക്ഷേത്രാരാധനയ്ക്ക് പേരുകേട്ട പുരി ഇന്ന് സര്‍ഫിങ് കേന്ദ്രമെന്ന രീതിയിലും സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സ്വാതന്ത്ര്യവും സന്തോഷവും തേടുന്ന ഒരുപാടുപേരുണ്ടിവിടെ എന്നാണ് പുരിയേക്കുറിച്ചുള്ള കാസിയുടെ ആത്മഗതം. കാസിയും കൂട്ടരും നടത്തുന്ന രസാവഹമായ ഒറ്റതിരിഞ്ഞുള്ള, ബീച്ച് തേടിയുള്ള ഫോറസ്റ്റ് വാക്ക് സഞ്ചാരപ്രിയരെ ഒന്നുകൂടി ഉന്മാദികളാക്കുമെന്ന് തീര്‍ച്ച. ഇതേ സംഘത്തിലുണ്ടായിരുന്ന ഇഷിതക്ക് കാസിയോട് പ്രണയം തോന്നുന്നത് പുരിയില്‍ വച്ചാണ്. അസിയോടുള്ള പ്രണയത്തിന്റെ കനലുകള്‍ കാസിയില്‍ വീണ്ടും ആളാന്‍ തുടങ്ങുന്നതും ഇവിടെ വച്ച് തന്നെ. കൊണാര്‍ക്കും കൊല്‍ക്കത്തയിലെ ഹൗറാ പാലവും ഇടയ്ക്ക് ഫ്രെയിമില്‍ വന്നുപോകുന്നുണ്ട്.

യാത്രകളില്‍ സുഹൃത്തുക്കള്‍ക്കുള്ള സ്ഥാനം എന്താണെന്ന് പറയുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ലക്ഷ്യമില്ലാത്ത യാത്ര തുടങ്ങുമ്പോള്‍ സുനി തന്റെ ബൈക്ക് ചൂണ്ടിക്കാട്ടി കാസിയോട് പറയുന്നുണ്ട്. ''അമ്മാവന്റെ മോളാ, ഒന്നരക്കിലോ മീന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് ബൈക്കുമെടുത്ത് വീട്ടില്‍ നിന്നിറങ്ങിയതാ''ണെന്ന്. സമാനമനസ്‌കരായ സുഹൃത്തുക്കളുടെ യാത്രയുടെ ഒരുഘട്ടത്തില്‍ കാസിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്നുണ്ട്. യാത്ര എന്നതിലുപരി ചില രാഷ്ട്രീയക്കാഴ്ചകളും നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി പറയുന്നുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ നക്‌സല്‍, മാവോയിസ്റ്റ് സാന്നിധ്യവും കലാപകലുഷിതമായ അന്തരീക്ഷവും സിനിമയിലെ യാത്രയ്ക്കിടെ അനുഭവിക്കാനാവും. 

പശ്ചിമബംഗാളിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ വെച്ച് ആയുധധാരികളുടെ പിടിയിലാവുന്നുണ്ട് കാസിയും സുനിയും. ഇ.എം.എസിനെ അറിയുന്ന, ബലികുടീരങ്ങളേ ആലപിക്കുന്ന ഗ്രാമത്തലവന്‍ കാസിക്ക് അദ്ഭുതമായി. ആരാവണം യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ എന്ന ഇ.എം.എസിന്റെ വാക്കുകള്‍ കാസിയുടെ മനസിലൂടെ കടന്നുപോകുന്നുണ്ട്. ഇ.എം.എസിന്റെ യഥാര്‍ത്ഥ ശബ്ദം തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നാഗാലാന്‍ഡിലേക്കുള്ള യാത്രയ്ക്കിടെ ആസാം അതിര്‍ത്തിയിലെ കലാപകലുഷിത മേഖലകളിലൂടെയാണ് കാസിയും സുനിയും യാത്ര ചെയ്യുന്നത്. ഇവിടെ മകനെ നഷ്ടപ്പെട്ട അമ്മയില്‍ സ്വന്തം ഉമ്മയെ കാണുന്നിടത്താണ് തുടങ്ങിയ യാത്ര അവസാനിപ്പിച്ചാലോ എന്നുപോലും ആ ചെറുപ്പക്കാരന്‍ ആലോചിച്ചുപോവുന്നത്. 2004-ല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച രജനി.എസ്.ആനന്ദിന്റെ ആത്മഹത്യയും ചിത്രം പറയാത പറയുന്നു.

കാസി എന്ന നായകനായി ദുല്‍ഖര്‍ സല്‍മാനാണെങ്കിലും യഥാര്‍ഥ ഹീറോ ആ ബൈക്കാണെന്ന് പറയേണ്ടിവരും. റെക്‌സ് വിജയന്റെ വടക്കുകിഴക്കന്‍ ശൈലിയിലുള്ള പശ്ചാത്തലസംഗീതവും ബൈക്കിന്റെ ഇടിമുഴക്കം പോലുള്ള ശബ്ദവും ചേര്‍ന്നുണ്ടാക്കുന്ന യാത്രയുടേതായ താളം സിനിമ കഴിഞ്ഞാലും ആസ്വാദകന്റെ കാതുകളില്‍ മുഴങ്ങും. സണ്ണിവെയ്ന്‍ സുനിയായും സര്‍ഫറായ ഇഷിതയായി പലോമാ മോനപ്പയും വേഷമിടുന്നു. മണിപ്പുരി നടിയായ സുര്‍ജ ബാലയാണ് അസിയായെത്തുന്നത്. ജിനോ, പേലി മാണി, ധൃതിമാന്‍ ചാറ്റര്‍ജി, ഷെയ്ന്‍ നിഗം, ജോയ് മാത്യു, വനിതാ കൃഷ്ണചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റുപ്രധാനതാരങ്ങള്‍.

''കണ്ടുമുട്ടലുകള്‍ ഒഴിവാക്കാന്‍ തുടങ്ങിയ യാത്രയില്‍ ഞാന്‍ എന്റെ വിധിയെ വീണ്ടും വീണ്ടും കണ്ടുമുട്ടുന്നു. എന്റെ വിധി എന്റെ തീരുമാനങ്ങളാണ്'' എന്നാണ് തന്റെ യാത്രയേക്കുറിച്ച് കാസി വിശേഷിപ്പിക്കുന്നു. കൈവിട്ട് പോയതിനേക്കുറിച്ച് ആശങ്കപ്പെടുന്നവരേയായിരുന്നു യാത്രയില്‍ കണ്ടുമുട്ടിയതെന്നും കാസി തിരിച്ചറിയുന്നുണ്ട്. കേരളം, ആന്ധ്ര, കര്‍ണാടക, ഒറീസ, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ഹാഷിര്‍ മൊഹമ്മദിന്റെ തിരക്കഥയില്‍ സമീര്‍ താഹിറാണ് ചിത്രം നിര്‍മിച്ചതും സംവിധാനം ചെയ്തതും. സമീറിന്റെ രണ്ടാമത്തെ സംവിധാനസംരംഭമായിരുന്നു ഇത്. ഗിരീഷ് ഗംഗാധരന്റേതായിരുന്നു ഛായാഗ്രഹണം. 

ഇറങ്ങി അഞ്ച് വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഇന്ത്യയിലിറങ്ങിയിട്ടുള്ള റോഡ് മൂവികളുടെ ലിസ്‌റ്റെടുത്താല്‍ അതില്‍ മുന്‍പന്തിയിലായിരിക്കും ഈ മലയാളചിത്രത്തിന്റെ സ്ഥാനം.