ന്താണ് സിനിമകളിലെ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത? കുറേ സ്ഥലം കാണാമെന്നായിരിക്കും പെട്ടന്ന് വരുന്ന ഒരു മറുപടി. എന്നാല്‍ അതല്ല കാര്യം. വസ്ത്രം മടക്കി വെക്കേണ്ട, കയ്യില്‍ കാശുണ്ടോ എന്ന് നോക്കണ്ട, എത്ര ദിവസം വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരും എന്ന് നോക്കണ്ട. എന്തിന് ഭക്ഷണത്തിന്റെ കാര്യം പോലും ആലോചിക്കണ്ട. മുന്നില്‍ കാണുന്ന കാഴ്ചകളിലൂടെ മനസുപയോഗിച്ച് യാത്ര പോകാം. ലോകത്തിന്റെ ഏത് കോണിലേക്കും. റോജര്‍ മൈക്കല്‍ സംവിധാനം ചെയ്ത ലെ വീക്ക്-എന്‍ഡ് എന്ന ചിത്രവും അത്തരത്തിലുള്ള ഒന്ന് തന്നെ.

2013-ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്-ഫ്രഞ്ച് സംരംഭമാണീ ചിത്രം. തങ്ങളുടെ ആ പഴയ മധുവിധു നാളുകളെ വീണ്ടും ആസ്വദിക്കാന്‍ 30-ാം വിവാഹ വാര്‍ഷികത്തില്‍ പാരീസിലേക്ക് പോകുന്ന ദമ്പതികളുടെ കഥയാണ് ലെ വീക്ക്-എന്‍ഡ്. മൂന്ന് പതിറ്റാണ്ടുകാലം മുമ്പ് എവിടെയൊക്കെ പോയോ അവിടെയെല്ലാം വീണ്ടും ആസ്വദിക്കുകയാണ് നിക്കിന്റേയും മെഗ്ഗിന്റേയും ഉദ്ദേശം. ശരീരത്തില്‍ കാലം വരുത്തിയ ചുളിവുകളുണ്ടെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കി നിക്കും മെഗ്ഗും കാട്ടിക്കൂട്ടുന്ന കുസൃതിത്തരങ്ങള്‍ ചെറുപുഞ്ചിരിയോടെയല്ലാതെ കാണാനാവില്ല. പക്ഷേ അത്ര സന്തോഷമുള്ള ദാമ്പത്യമാണോ ഇരുവരുടേതുമെന്ന് സംശയം തോന്നുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്.

പാരീസില്‍ വിമാനമിറങ്ങിയ ഇരുവരും ആദ്യം അന്വേഷിക്കുന്നത് താമസിക്കാന്‍ ഒരു ഹോട്ടലാണ്. ഹോട്ടലും അന്വേഷിച്ച് ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. പെട്ടന്നാണ് ഒരു ബോര്‍ഡ് കണ്ട് മെഗ് കാര്‍ നിര്‍ത്താനാവശ്യപ്പെട്ടത്. ഹോട്ടലിന്റെ പേര് വായിച്ച നിക്കും അമ്പരന്നു. പ്ലാസാ അഥീനീ. ടാക്‌സിക്കാരനെ പറഞ്ഞുവിട്ട് ഹോട്ടലില്‍ മുറി അന്വേഷിച്ച ദമ്പതികള്‍ക്ക് പക്ഷേ നിരാശയായിരുന്നു ഫലം. മുറിയൊന്നും ഒഴിവില്ലത്രേ. നിരാശയോടെ  ലോബിയിലെ സോഫയിലിരുന്ന ഇരുവര്‍ക്കും മുന്നില്‍ ഒരു ഹോട്ടല്‍ ജീവനക്കാരിയുടെ രൂപത്തിലാണ് ഭാഗ്യദേവതയെത്തിയത്. ഒരു മുറി ഒഴിവുണ്ട്. അതും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ താമസിച്ചിരുന്ന മുറി. എന്നാല്‍പ്പിന്നെ അതുതന്നെയാകട്ടെ എന്ന് അവരും വിചാരിച്ചു.

ബാല്‍ക്കണിയിലിരുന്നാല്‍ ഈഫല്‍ ഗോപുരം വ്യക്തമായി കണ്ടാസ്വദിക്കാനാവും എന്നതാണ് പ്ലാസാ അഥീനിയുടെ ഒരു പ്രത്യേകത. അങ്ങനെയൊരു രംഗവും ചിത്രത്തിലുണ്ട്. സിനിമയിലെ മറ്റൊരാകര്‍ഷണം ലെ മ്യൂറൈസിലെ ബാര്‍ 228 ആണ്. 100 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ ബാറിന്. സാല്‍വദോര്‍ ദാലി, സോഫിയാ ലോറെന്‍, റിച്ചാര്‍ഡ് ബര്‍ട്ടന്‍, എലിസബത്ത് ടെയ്‌ലര്‍ പോലെ എത്രയോ പേര്‍ ഇവിടെ നിന്നും മദ്യം നുകര്‍ന്നിരിക്കുന്നു. സ്വന്തം വീടുപോലെ തോന്നും എന്നാണ് ബാറിനെപ്പറ്റി നാല്‍പ്പത് വര്‍ഷത്തിലേറെയായി ഇവിടെ സേവനം അനുഷ്ഠിച്ചുവരുന്ന വില്ല്യം ഒലിവറി പറയുന്നത്. ഇടക്കാലത്ത് അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നെങ്കിലും 2014-ല്‍ വീണ്ടും തുറന്നു.

പ്രസിദ്ധമായ മോണ്ട് പാര്‍നാസ്സ് സെമിത്തേരി, സേക്കര്‍ ക്വെയര്‍ ബസിലിക്ക എന്നിവയും സിനിമയുടെ വിവിധ രംഗങ്ങളുടെ പശ്ചാത്തലമാകുന്നുണ്ട്. മൂന്ന് ഫാമുകള്‍ ചേര്‍ന്നതാണ് പാര്‍നാസ്സ് സെമിത്തേരി. 1824 സ്ഥാപിക്കപ്പെട്ട സെമിത്തേരി 47 ഏക്കറിലായി പരന്നുകിടക്കുന്നു. ഏകദേശം 35,000 കല്ലറകളുണ്ടിവിടെ.  ഫ്രാന്‍സിലെ നിരവധി വിശിഷ്ട വ്യക്തികളുടേയും കുടിയേറിപ്പാര്‍ത്തവരുടേയും കല്ലറകള്‍ ഇവിടെയുണ്ട്. രണ്ട് ഭാഗങ്ങളായാണ് സെമിത്തേരിയെ തിരിച്ചിട്ടുള്ളത്. ചെറിയ സെമിത്തേരിയെന്നും ഗ്രാന്‍ഡ് സെമിത്തേരിയെന്നും. ചാള്‍സ് ബോള്‍ഡെയര്‍ പോലുള്ള വിശിഷ്ട വ്യക്തികളെ അടക്കം ചെയ്തതിനാല്‍ സഞ്ചാരികളാല്‍ സമ്പന്നമാണ് ഇന്നിവിടം.

ചരിത്രപരമായും സാംസ്‌കാരികപരമായും പ്രധാന്യമുണ്ട് ഇവിടുത്തെ സേക്കര്‍ ക്വെയര്‍ ബസിലിക്കയ്ക്ക്. 1870-ലെ ഫ്രാന്‍സ്-പ്രഷ്യന്‍ യുദ്ധത്തില്‍ ഫ്രാന്‍സ് പരാജയപ്പെട്ടതിന്റെ പശ്ചാത്താപ സ്മാരകമായും 1871 മാര്‍ച്ച് 28 മുതല്‍ മെയ് 28 വരെ ഭരിച്ച വിപ്ലവാത്മക സര്‍ക്കാരിന്റെ സ്മാരകമായും ഈ ബസിലിക്കയെ കണക്കാക്കാം. പോള്‍ അബാഡിയാണ് ദേവാലയത്തിന്റെ ശില്‍പ്പി. 1875-ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  1914-ലാണ് പൂര്‍ത്തിയായത്. 1919-ല്‍ ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബസിലിക്ക വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. 

തീര്‍ന്നില്ല. പാരീസിലെ പ്രസിദ്ധമായ ലവ് ലോക്കും ഇടയ്‌ക്കൊരു രംഗത്തില്‍ 'അതിഥിവേഷ'ത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 100 വര്‍ഷത്തെയെങ്കിലും പഴക്കം കല്‍പ്പിക്കപ്പെടുന്നുണ്ട് ലവ് ലോക്ക് എന്ന ലവ് പാഡ്‌ലോക്കിന്. നാഡ എന്നുപേരുള്ള യുവ അധ്യാപികയുമായി ബന്ധപ്പെട്ടാണ് പാഡ്‌ലോക്കിന്റെ ചരിത്രമുറങ്ങിക്കിടക്കുന്നത്. റെയ്ജ എന്ന സെര്‍ബിയന്‍ ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു ഇവര്‍. ഗ്രീസില്‍ യുദ്ധത്തിനുപോയ റെയ്ജ ആ നാട്ടിലെ കോര്‍ഫു എന്ന സ്ത്രീയെ പ്രണയിക്കുകയും തുടര്‍ന്ന് നാഡയുമായുള്ള ബന്ധം മുറിയുകയും ചെയ്തു. ഇതിനേ തുടര്‍ന്ന് നാഡ ഹൃദയം പൊട്ടി മരിച്ചു എന്നാണ് കഥ. നാഡയും റെയ്ജയും സ്ഥിരമായി കണ്ടുമുട്ടാറുള്ള പാലത്തില്‍ പേരെഴുതിയ പൂട്ടുകള്‍ ബന്ധിച്ചശേഷം താക്കോല്‍ താഴേയുള്ള പുഴയിലേക്ക് വലിച്ചെറിയാറാണ് പതിവ്. പ്രണയം ദീര്‍ഘകാലം നിലനില്‍ക്കുന്നതിന് വേണ്ടിയാണ്‌ ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശ്വാസം. 

ജിം ബ്രോഡ്‌ബെന്റ്, ലിന്‍ഡ്‌സേ ഡങ്കന്‍, ജെഫ് ഗോള്‍ഡ്ബ്ലം എന്നിവരാണ് മുഖ്യവേഷത്തില്‍. ഇതില്‍ ഗോള്‍ഡ്ബ്ലം അവതരിപ്പിക്കുന്ന മോര്‍ഗന്‍ എന്ന എഴുത്തുകാരന്റെ വീട്ടില്‍ വച്ചാണ് നിക്കിന്റേയും മെഗിന്റേയും ജീവിതത്തിലെ സുപ്രധാനമായ രംഗം അരങ്ങേറുന്നത്. അതും സ്വയം തിരിച്ചറിയലിന്റേതായ മുഹൂര്‍ത്തം. ഇത്രയും കാലം താന്‍ തന്നിലേക്ക് ഒളിക്കുകയായിരുന്നു എന്നാണ് നിക്ക് ഈ വേളയില്‍ കുറ്റസമ്മതമെന്നോണം പറയുന്നത്. ഹനീഫ് ഖുറേഷിയാണ് തിരക്കഥ. റോജര്‍ മൈക്കലിനൊപ്പമുള്ള ഹനീഫിന്റെ നാലാമത്തെ ചിത്രം കൂടിയായിരുന്നു ലെ വീക്ക്-എന്‍ഡ്.