Le Grand Voyageമാനം കറുത്തിരുന്നു. പഞ്ചാരമണലില്‍ തലചായ്ച്ച് കകിടന്നുറങ്ങുകയായിരുന്നു അവന്‍. ചെറുകാറ്റ് അവന്റെ മുടിയിഴകളെ തഴുകി. ഉറക്കം വിട്ടെഴുന്നേറ്റ ആ ചെറുപ്പക്കാരന്‍ സ്ഥലകാലബോധമില്ലാത്തവനേപ്പോലെ ചുറ്റും നോക്കി. അപ്പോഴാണ് ഒരുപറ്റം ആടുകളേയും തെളിച്ചുകൊണ്ട് ഒരുവൃദ്ധന്‍ ആ വഴി വന്നത്. സ്വന്തം പിതാവാണല്ലോ അതെന്ന് ഒരു നടുക്കത്തോടെയാണ് അവന്‍ തിരിച്ചറിഞ്ഞത്. മകന്റെ വിളി കേള്‍ക്കാതെ ആടുകളുമായി അയാള്‍ മുന്നോട്ടുനടന്നു. സ്വന്തം മകന്‍ മണല്‍ച്ചുഴിയില്‍ താണുപോകുകയാണെന്നറിയാതെ...ഒരു ഞെട്ടലോടെ റെദ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.

ഇസ്മയില്‍ ഫാറൂഖി സംവിധാനം ചെയ്ത ലെ ഗ്രാന്‍ഡ് വോയേജ് ശ്രദ്ധേയമാകുന്നത് അച്ഛന്‍-മകന്‍ ബന്ധം യാത്രയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു എന്നതിനാലാണ്. യാത്രയില്‍ തുടങ്ങി, യാത്രയിലൂടെ പുരോഗമിച്ച് യാത്രയില്‍ത്തന്നെ അവസാനിക്കുന്ന രീതിയിലാണ് ഇസ്മയില്‍ ഫാറൂഖി ചിത്രമൊരുക്കിയിരിക്കുന്നത്. അതിവേഗത്തില്‍ സഞ്ചരിക്കുന്ന സൈക്കിളിന്റെ ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മൊറോക്കന്‍ അറബി മാത്രം മനസിലാവുന്ന റെദയുടേയും (നിക്കോളാസ് കസെയ്ല്‍) അവന്റെ പിതാവ് അഹമ്മദിന്റേയും (മൊഹമ്മദ് മജീദ്) മക്കയിലേക്കുള്ള തീര്‍ത്ഥാടനമാണ് ചിത്രത്തിലുടനീളം.

ഇനിയൊരിക്കലും സാധിച്ചില്ലെങ്കിലോ എന്ന ആശങ്കയാണ് റെദയേയും കൂട്ടി മക്കയില്‍ പോകാന്‍ ആ വൃദ്ധപിതാവിനെ പ്രേരിപ്പിച്ചത്. പക്ഷേ ഒപ്പം പോകാന്‍ റെദയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പഠനം മുടങ്ങുമെന്നാണ് കാരണമായി പറയുന്നതെങ്കിലും ലിസ എന്ന പെണ്‍കുട്ടിയോടുള്ള പ്രണയമാണ് അവനെ പിന്തിരിപ്പിക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് വഴിയേ മനസിലാവും. 

വിമാനത്തില്‍ പോയിവരാനുള്ളതേ ഉണ്ടായിരുന്നുള്ളുവെങ്കിലും കാറില്‍ പോവാമെന്നാണ് അഹമ്മദ് തീരുമാനിച്ചത്. ഇത് റെദയെ കൂടുതല്‍ വിഷമത്തിലാക്കി.വളരെ നീണ്‍ ഒരു യാത്രയായിരിക്കും അതെന്ന് രണ്ടുപേര്‍ക്കും അറിയാമായിരുന്നു. ഒടുവില്‍ റെദയ്ക്ക് തന്നെ താഴ്ന്നുകൊടുക്കേണ്ടിവന്നു. അങ്ങനെ ആ ദീര്‍ഘയാത്രയ്ക്ക് തുടക്കമായി. വ്യത്യസ്ത ചിന്താഗതിയുള്ള അവരേപ്പോലെ തന്നെ രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള പഴയ ഒരു കാറില്‍.

കെയ്‌റോയില്‍ നിന്നാണ് ഇരുവരും യാത്ര തുടങ്ങുന്നത്. ഇറ്റലി, സ്ലൊവേനിയ, ക്രൊയേഷ്യ, യൂഗോസ്ലാവിയ, ബള്‍ഗേറിയ, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍, സൗദി...അങ്ങനെ നീളുന്നു ആ പിതാവും മകനും താണ്ടിയ ദൂരം.യാത്രയില്‍ പലരേയും അവര്‍ കണ്ടുമുട്ടി. അനുവാദം ചോദിക്കാതെ കാറില്‍ കയറിയ വിചിത്ര സ്വഭാവമുള്ള സ്ത്രീ, ആപത്ഘട്ടത്തില്‍ സഹായിക്കാനെത്തിയ മുസ്തഫ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. ഇതില്‍ മുസ്തഫയാണ് റെദയുടെ അസഹിഷ്ണുതയ്ക്ക് അല്‍പ്പമെങ്കിലും ശമനം വരുത്തിയത്.

ഇസ്താന്‍ബൂളിലെ ലോക പ്രശസ്തമായ ബ്ലൂ മോസ്‌കും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. നീലനിറത്തിലുള്ള തറയോടുകള്‍ പാകിയതിനാലാണ് ഇങ്ങനെയൊരു പേരുവരാന്‍ കാരണമെന്ന് മുസ്തഫ റെദയോട് പറയുന്നുണ്ട്. മക്ക കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ പള്ളിയായാണ് ബ്ലൂ മോസ്‌ക് അറിയപ്പെടുന്നത്. മക്കയില്‍ ഏഴ് മിനാരങ്ങളാണെങ്കില്‍ ഇവിടെ ആറെണ്ണമാണുള്ളത്.  മക്കയിലെ കല്ലിന്റെ ഒരു ഭാഗം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 1000 പള്ളികളുടെ നഗരമാണ് ഇസ്താന്‍ബൂളെന്നാണ് മുസ്തഫ പറയുന്നത്. കപലികാര്‍സി മാര്‍ക്കറ്റ്, 'അയാ സോഫിയ' പള്ളി എന്നിവയേക്കുറിച്ചും ചിത്രത്തില്‍ പരാമര്‍ശമുണ്ട്.

പിതാവിന്റെ രീതികളുമായി ഒരുതരത്തിലും പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു മകനെയാണ് റെദയില്‍ കാണാനാവുക. പിതാവുമൊത്തുള്ള യാത്ര ഒരു വിനോദയാത്ര പോലെ എപ്പോഴോ അവന്‍ മാറ്റിയിരുന്നു. പക്ഷേ തീര്‍ത്ഥാടനം എന്ന ചിന്തയില്‍ നിന്ന് മനസ് പിന്‍വലിക്കാന്‍ അഹമ്മദ് ഒരുക്കമായിരുന്നില്ല. യാത്രയില്‍ കൃത്യമായി പ്രാര്‍ത്ഥിച്ചു. ദാനകര്‍മം ചെയ്തു. ആശുപത്രിക്കിടക്കയില്‍ റെദയോട് അഹമ്മദ് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. കാറില്‍ നിധി പോലെ സൂക്ഷിച്ചുവച്ചിരുന്നു ആ ഖുര്‍ ആന്‍.

താന്‍ തീര്‍ത്ഥാടനമായി കാണുന്ന യാത്രയെ റെദ വിനോദമെന്നപോലെ കാണുന്നത് ഒരു പരിധി വരെ അഹമ്മദ് ക്ഷമിച്ചു. പക്ഷേ ഒരു ദിവസം അയാള്‍ പൊട്ടിത്തെറിച്ചു. അത്രസുഖകരമല്ലാത്ത സാഹചര്യത്തില്‍ റെദയെ കണ്ടപ്പോള്‍. യാത്രയ്ക്കിടയില്‍ എന്താണ് തന്റെ ആഗ്രഹമെന്ന് അഹമ്മദ് റെദയോട് പറയുന്നുണ്ട്. ആ ആഗ്രഹം സാധിക്കുന്നിടത്താണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. പിതാവിന്റെ വില റെദ തിരിച്ചറിയുന്നതും അവിടെയാണ്.