ള്‍ജീരിയ സ്വദേശിയായ വളരെ സാധാരണക്കാരനായിരുന്നു ഫതാ. വല്യ മോഹങ്ങളൊന്നുമില്ല. ആകെയുള്ളത് പാരീസില്‍ നടക്കുന്ന അന്താരാഷ്ട്ര കാര്‍ഷികമേളയ്ക്ക് ഒന്നുപോകണം, തന്റെ സുന്ദരിപ്പശു ജാക്വിലിനെ അവിടെ ഒന്ന് പ്രദര്‍ശിപ്പിക്കണം എന്നതുമാത്രം. പലതവണ ശ്രമിച്ചു നടന്നില്ല. ഒരിക്കല്‍ ജാക്വിലിനുമൊത്ത് ചന്തയിലെത്തിയതായിരുന്നു ഫതാ. അപ്പോഴാണ് ഫതാ ആരാണെന്ന് ചോദിച്ചുകൊണ്ട് പോസ്റ്റുമാനെത്തിയത്. കത്ത് പൊട്ടിച്ചുവായിച്ച ഫതാ നിലത്തും ആകാശത്തും നില്‍ക്കാന്‍ കഴിയാതെ ആര്‍ത്തുവിളിച്ചു. ''എനിക്ക് പാരീസ് അന്താരാഷ്ട്ര കാര്‍ഷികമേളയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു'' എന്ന്.

മൊഹമ്മദ് ഹമീദി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ 'ലാ വാഷെ' എന്ന ഫ്രഞ്ച് ചിത്രത്തിലെ വഴിത്തിരിവ് ഇവിടെയാണ്. ഒരിക്കലും അള്‍ജീരിയക്ക് പുറത്തുപോയിട്ടില്ലാത്ത ശുഭാപ്തിവിശ്വാസിയായ ഗൃഹനാഥനാണ് ഫതാ. ഫ്രഞ്ച് ആല്‍പ്‌സിന്റെ താഴ്‌വരയില്‍ നിന്നുള്ള ടാറന്ററൈന്‍ ഇനത്തില്‍പ്പെട്ട ഒരു മനോഹരിയായ പശുവുണ്ടയാള്‍ക്ക്. ഫതാ അവളെ ജാക്വിലിന്‍ എന്ന് വിളിച്ചു. ജാക്വിലിനാണ് അയാള്‍ക്കെല്ലാം. സമയം കിട്ടുമ്പോഴെല്ലാം അവള്‍ക്കടുത്തുപോകും, കിന്നാരം പറയും, പുറത്ത് കിടന്ന് ഉറങ്ങും, പോകുന്നിടത്തെല്ലാം കൂടെ കൂട്ടുകയും ചെയ്യും. ശരിക്കും ഇയാളുടെ ഭാര്യ ഇതുതന്നെയാണോ എന്നു വരെ തോന്നിപ്പോകും. ജാക്വിലിനോടുള്ള ഫതായുടെ പ്രണയം പക്ഷേ ഭാര്യ നൈമയ്ക്ക് അത്രയ്ക്ക് ദഹിക്കുന്നില്ല. ഒരു ഭ്രാന്തന്‍ കഥാപാത്രം പോലെയാണ് നാട്ടുകാര്‍ക്കിടയില്‍ ഫതായുടെ സ്ഥാനം. പക്ഷേ അപ്പോഴും അദ്ദേഹത്തെ  മനസിലാക്കിയ ഒരാളുണ്ടായിരുന്നു. മകള്‍ ഖദീജ.

ഒരുദിവസം രാത്രിയില്‍ നൈമയുടെ വാതിലില്‍ മുട്ടിയ ഫതാക്ക് കേള്‍ക്കേണ്ടി വന്നത് '' പോയി ജാക്വിലിന്റെ കൂടെ കിടക്ക്'' എന്ന അവളുടെ വാക്കുകളായിരുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ക്കിടയിലാണ് പാരീസ് അന്താരാഷ്ട്ര കാര്‍ഷിക മേളയില്‍ പങ്കെടുക്കാനുള്ള അവസരം കഥാനായകന് ലഭിക്കുന്നത്. പക്ഷേ അവിടെ വരെയെത്താനുള്ള പണമില്ല. അങ്ങനെ നാട്ടുകാര്‍ പിരിച്ചെടുത്ത് നല്‍കിയ പണവുമായി അയാള്‍ പാരീസിലേക്കുള്ള യാത്ര തുടങ്ങി. പക്ഷേ ആ പണം ബോട്ടില്‍ മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ മാത്രമേ തികയുമായിരുന്നുള്ളൂ. വേറൊരു വഴിയുമില്ലായിരുന്ന ഫതാ ജാക്വിലിനേയും കൊണ്ട് നടക്കാന്‍ തുടങ്ങി. പാരീസ് എന്ന ഒരേയൊരു ലക്ഷ്യം മാത്രം മനസില്‍ വെച്ചുകൊണ്ടുള്ള അസാധാരണമായ യാത്ര.

ജാക്വിലിനായിരുന്നു അയാള്‍ക്കെല്ലാം. ഇടയ്ക്കുവെച്ച് ജാക്വിലിനെ കാണാതായപ്പോഴും അവള്‍ക്ക് അപകടം പറ്റിയപ്പോഴുമെല്ലാം അയാളിലെ ആശങ്കയും നിസ്സഹായതയും ഇക്കാര്യം വിളിച്ചോതുന്നു. പാരീസിലേക്കുള്ള യാത്രയ്ക്കിടെ നായകന് രണ്ട് സുഹൃത്തുക്കളേയും കിട്ടുന്നുണ്ട്. ഫിലിപ്പും ഹസനും. ഫതായുടെ യാത്രയില്‍ ആകൃഷ്ടയായ ഒരു യുവ മാധ്യമപ്രവര്‍ത്തക നടത്തിയ ഇന്റര്‍വ്യൂവിലൂടെ ബുലോഞ്ഞിയയിലെ നാട്ടുകാര്‍ക്ക് മുന്നില്‍ വീരപുരുഷനാവുകയാണ് ഫതാ. ചാനലുകള്‍ ഫതായും ജാക്വിലിനും നടത്തുന്ന യാത്ര ചര്‍ച്ചയാക്കി. യാത്ര ശുഭമായി പര്യവസാനിക്കുന്നതിന് ആശംസകള്‍ നേര്‍ന്നു. സമൂഹമാധ്യമങ്ങള്‍ ഇരുവരുടേയും ബന്ധത്തെ വാഴ്ത്തി. ഒരിക്കല്‍ തന്നെ കളിയാക്കിയ നാട്ടുകാരോടുള്ള അദ്ദേഹത്തിന്റെ മധുരപ്രതികാരം കൂടിയായി അത്. 

പക്ഷേ നല്ല രീതിയില്‍ നടന്ന യാത്രയ്ക്കിടെ നടന്ന മോശം കാര്യങ്ങളും കൂടി പറയണമല്ലോ. ബുലോഞ്ഞിയയിലെ സുഹൃത്തിനയച്ച യാത്രയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അത്ര സുഖകരമല്ലാത്ത രീതിയിലുള്ള ചില ചിത്രങ്ങള്‍ കൂടി അറിയാതെ കടന്നുകൂടി. ഫതായുടെ ഓരോ വിവരവും അറിയാന്‍ കാത്തിരിക്കുന്ന നാട്ടുകാരും വീട്ടുകാരും ഇത് കണ്ടപ്പോഴുണ്ടാവുന്ന പ്രതികരണം പ്രത്യേകിച്ച് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ. രണ്ടാമത്തേ പ്രശ്‌നം കുറച്ചുകൂടി സങ്കീര്‍ണമാണ്. ജാക്വിലിനോടൊത്തുള്ള യാത്ര പാരീസിനോടടുക്കവേയാണ് ചാര്‍ളീ ഹെബ്ദോ പ്രസിദ്ധീകരണത്തിനെതിരായ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്നത്. പ്രാദേശികമായ പ്രതിഷേധം വേറെയും. കലാപകാരികള്‍ക്കിടയിലേക്കാണ് ഇരുവരും ചെന്നുകയറിയത്.ബഹളത്തിനിടെ ഫതായുടെ യാത്രാ രേഖകളടങ്ങിയ ബാഗ് ദേഹത്ത് വെച്ചുകെട്ടിയ നിലയില്‍ ജാക്വിലിന്‍ കൂട്ടംതെറ്റി. ഫതാ പോലീസ് പിടിയിലാവുകയും ചെയ്തു. 

ജാമ്യത്തിലെടുക്കാന്‍ വന്ന ഫിലിപ്പും ലോക്കപ്പിലായതോടെ കൃത്യസമയത്ത് കാര്‍ഷികമേളയില്‍ പങ്കെടുക്കാനാവുമോ എന്ന ആശങ്കയും ഉടലെടുത്തു. പക്ഷേ എന്തോ ഭാഗ്യത്തിന് രണ്ടുപേരും ജയിലില്‍ നിന്നിറങ്ങി. എന്നാലും ജാക്വിലിന്‍ എവിടെ പോയി എന്ന ചോദ്യം അപ്പോഴും അവശേഷിച്ചു. ഹസനും ഫിലിപ്പും ഫതായും ചേര്‍ന്ന് ജാക്വിലിനായുള്ള തിരച്ചിലാരംഭിച്ചു. തന്റെ പ്രിയപ്പെട്ട പശുവിന് എന്ത് സംഭവിച്ചു എന്ന ആശങ്കയിലിരിക്കുന്ന ഫതാ പൊടുന്നനേയാണ് ആ കാഴ്ച കണ്ടത്. എതിര്‍ വശത്തുകൂടി കടന്നുപോയ വാഹനത്തില്‍ അതാ ഒരു പശു. ജാക്വിലിന്‍ തന്നെല്ലേ അത്? അതെ ജാക്വിലിന്‍ തന്നെ. പിന്നീടവിടെ നടന്ന സ്‌നേഹപ്രകടനമെല്ലാം വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു. 

ഇത്തരം സംഭവങ്ങളെല്ലാം കൊണ്ട് മേള തുടങ്ങിയപ്പോള്‍ മാത്രമാണ് ഫതായ്ക്കും ജാക്വിലിനും ലക്ഷ്യസ്ഥാനത്തെത്താന്‍ പറ്റിയുള്ളൂ. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന സംശയവും വന്നു. പക്ഷേ അവിടെ ഫതായ്ക്ക് തുണയായത് നേരത്തെ ചാര്‍ത്തിക്കിട്ടിയ സോഷ്യല്‍ മീഡിയാ സെലിബ്രിറ്റി എന്ന പട്ടമാണ്. ഗംഭീരമായ സ്വീകരണമാണ് രണ്ടുപേര്‍ക്കും കാര്‍ഷികമേളയില്‍ കിട്ടിയത്. ഒപ്പം വന്ന ഫിലിപ്പിനും ഹസ്സനും കിട്ടി ആ സ്വീകരണത്തിന്റെ ചെറിയൊരു പങ്ക്.  അങ്ങനെ എന്തിന് വന്നുവോ അതും സാധിച്ചാണ് ഫതായും കൂട്ടരും മടങ്ങുന്നത്. 

ഫതാ ആയെത്തിയ ഫസാ ബൂയഹമ്മദിന്റെ കയ്യിലായിരുന്നു ചിത്രം. ഒരിടത്തും അതിശയോക്തി കലര്‍ത്താതെയുള്ള പ്രകടനം ആരുടെ ചുണ്ടിലും ചെറുചിരി വിരിയിക്കാന്‍ പോന്നതാണ്. ഫിലിപ്പ് ആയി ലാമ്പെര്‍ട്ട് വില്‍സണും ഹസ്സനായി ജാമെല്‍ ഡിബൗസുമെത്തി. ഹജര്‍ മസ്ദൂകിയാണ് നൈമയായെത്തുന്നത്. ഇവര്‍ക്കൊപ്പം സിനിമയില്‍ മുഴുനീള കഥാപാത്രമായെത്തിയ സിനിമയിലെ നായിക എന്ന് തന്നെ വിളിക്കാവുന്ന ജാക്വിലിനും കയ്യടിയര്‍ഹിക്കുന്നു. ഒരു പശുവിനെ ഇത്ര വൃത്തിയായി അവതരിപ്പിക്കാമെന്ന് കാട്ടിത്തരുന്നുണ്ട് സംവിധായകന്‍ മൊഹമ്മദ് ഹമീദി. ഫസാ ബൂയഹമ്മദ്, അലൈന്‍ മൈക്കല്‍ ബ്ലാങ്ക്, മൊഹമ്മദ് ഹമീദി എന്നിവരാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ക്വാഡ് പ്രൊഡക്ഷനാണ് നിര്‍മാണം.