ള്‍ഫിലെ ഏതോ കമ്പനിയില്‍ വലിയ ഒരു കുഴലിനകം വൃത്തിയാക്കുന്ന ജോലിയിലായിരുന്നു ജോഷ്വ. പെട്ടന്നാണ് സൂപ്പര്‍വൈസര്‍ അവനെ വിളിച്ച് നാട്ടില്‍ നിന്ന് ഒരു ഫോണുണ്ടെന്ന് പറയുന്നു. അതേവേഷത്തില്‍ത്തന്നെ ചെന്ന് ഫോണെടുത്ത അവന്റെ കാതില്‍ പതിച്ചത് സ്വന്തം സഹോദരി ജെനിയുടെ മരണവാര്‍ത്തയായിരുന്നു. ഒരു നിമിഷത്തേക്ക് കണ്ണുകളും കാതുകളും കൊട്ടിയടയ്ക്കപ്പെട്ടതുപോലെ തോന്നി ജോഷ്വയ്ക്ക്. അഞ്ജലി മേനോന്‍-പൃഥ്വിരാജ്-നസ്രിയ കൂട്ടുകെട്ടിലിറങ്ങിയ 'കൂടെ' ഇവിടെ തുടങ്ങുന്നു.

പതിനഞ്ചാം വയസില്‍ കുടുംബം നോക്കാന്‍ ഗള്‍ഫിലേക്ക് പോയ ജോഷ്വയുടെ സ്വയം വീണ്ടെടുക്കുന്നതിനുള്ള യാത്രയാണ് സിനിമയിലുടനീളം. യൗവനവും കൗമാരവുമെല്ലാം ആ യാത്രയിലൂടെ അവന്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. അതിന് സഹായിക്കുന്നതാകട്ടെ ഏതാനും ദിവസം മുമ്പ് ഭൂമിയില്‍ നിന്നും വിടപറഞ്ഞ സഹോദരി ജെനിയുടെ സാമീപ്യവും. അവന് മാത്രം കാണാനാവും വിധമായിരുന്നു ജെനി സാന്നിധ്യമറിയിച്ചത്. പൊതുവേ അന്തര്‍മുഖനായ ജോഷ്വ അല്‍പ്പമെങ്കിലും മാറാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതിന് കാരണം ജെനിയുടെ സാന്നിധ്യമാണ്. 

ജെനിയുടെ ഇഷ്ടങ്ങളിലൂടെ ഒരു പഴയ വാനില്‍ ജോഷ്വ നടത്തുന്ന യാത്രയാണ് ചിത്രത്തിനെ മുന്നോട്ട് നയിക്കുന്നത്. സോഫി, കോച്ച് അഷ്‌റഫ്, കൃഷ്ണ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ജോഷ്വയുടേയും ജെനിയുടേയും യാത്രയില്‍ പലപ്പോഴായി കയറി വരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ കഥാപാത്രങ്ങളെയെല്ലാം ജോഷ്വയുമായി കൂട്ടിയിണക്കുന്നത് ജെനിയാണ്. അസുഖക്കാരിയായ സഹോദരിയുടെ ചികിത്സയ്ക്കായി ഗള്‍ഫിലേക്ക് പോകുന്നതില്‍ തുടങ്ങുന്നു ജോഷ്വയുടെ യാത്രകള്‍. ജെനിയുടെ മരണശേഷം നാട്ടിലെത്തുന്ന ജോഷ്വയെ അവള്‍ നിര്‍ബന്ധപൂര്‍വമാണ് യാത്ര ചെയ്യിക്കുന്നത്. പതിയെ അവനും ആ യാത്രയെ ഇഷ്ടപ്പെട്ട് അതില്‍ അലിഞ്ഞുചേരുകയാണ്. 

ജെനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുത്തും അവളുടെ നിര്‍ദേശപ്രകാരം അവളുടെ സുഹൃത്തുക്കളെ കണ്ടും ജോഷ്വയുടെ യാത്ര അങ്ങനെ പുരോഗമിക്കുന്നു. ഇടയ്ക്ക് പഴയ കൂട്ടുകാരി സോഫിയേയും അവന്‍ കൂടെ കൂട്ടുന്നുണ്ട്. വാനിലേക്ക് മാത്രമല്ല, സ്വന്തം ജീവിതത്തിലേക്കും. അതിനും കാരണമായത് ജെനി തന്നെ. ഭൂമിയില്‍ ജീവിച്ച് കൊതി തീരാത്തവര്‍ മരണശേഷം ആഗ്രഹപൂര്‍ത്തീകരണത്തിനായി ആത്മാവായി തിരികെ ഭൂമിയിലെത്തും എന്നൊരു വിശ്വാസമുണ്ടല്ലോ. ആ അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ ജോഷ്വയുമൊത്ത് അവള്‍ നടത്തുന്ന ആ യാത്ര തന്നെയാണ് ഭൂമിയില്‍ ജെനി ബാക്കി വെച്ച ആഗ്രഹവും.

സൈക്കോളജിക്കല്‍ ഡ്രാമ എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രത്തില്‍ യാത്രയും ഒരു പ്രമേയമായി വരുന്നുണ്ട്. സോഫി, കോച്ച്, ജെനി എന്നിവരുടെ ജീവിതത്തിലേക്ക് ജോഷ്വ നടത്തുന്ന യാത്രകളും ഇടപെടലുകളുമാണത്. പൃഥ്വിരാജ് ജോഷ്വയാകുമ്പോള്‍ ജെനിയായെത്തുന്നത് നസ്രിയയാണ്. സോഫിയായി പാര്‍വതിയും കോച്ചായി അതുല്‍ കുല്‍ക്കര്‍ണിയും എത്തുന്നു. സംവിധായിക തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന് ലിറ്റില്‍ സ്വയംപിന്റെ ക്യാമറയാണ് ഊട്ടിയിലെ കാഴ്ചകള്‍ പ്രേക്ഷകനിലേക്കെത്തിക്കുന്നത്.