വിചാരിതമായാണ് നമ്മള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ പല കാര്യങ്ങളും നടക്കുന്നത്. ബെംഗളൂരുവില്‍ ഐ.ടി സൊല്യൂഷന്‍ കമ്പനിയില്‍ ജോലി നോക്കുന്ന അവിനാഷിന്റെ ജീവിതത്തിലും നടന്നത് അയാള്‍ മുമ്പൊരിക്കലും അഭിമുഖീകരിക്കാത്ത ഒന്നായിരുന്നു. ആ സംഭവം അയാളെ കൊണ്ടെത്തിച്ചത് ഒരു യാത്രയിലാണ്. ആ യാത്രയാകട്ടെ സ്വയം തേടാനും അവിനാഷിനെ പ്രാപ്തനാക്കി.

ദുല്‍ഖര്‍ സല്‍മാന്‍, ഇര്‍ഫാന്‍ ഖാന്‍, മിതിലാ പാല്‍ക്കര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത ചിത്രമാണ് കാര്‍വാന്‍. ഒരു മൃതദേഹവുമായി ബെംഗളൂരുവില്‍ നിന്നും ഊട്ടിവഴി കൊച്ചിയിലേക്കുള്ള മൂവര്‍ സംഘത്തിന്റെ യാത്രയാണ് കാര്‍വാന്റെ കാതല്‍. ഗംഗോത്രിയിലേക്കുള്ള ഒരു ബസ് യാത്രയോടെയാണ് ചിത്രം തുടങ്ങുന്നത്. നിര്‍ത്താതെ സംസാരിക്കുന്ന. അല്‍പം കൗതുകം കൂടുതലുള്ള പ്രായം ചെന്ന സ്ത്രീയും അധികം സംസാരിക്കാത്ത സഹയാത്രികനും തമ്മിലുള്ള രംഗമാണ് ആദ്യം. അടുത്തിരിക്കുന്നയാളുടെ വിശേഷങ്ങളറിയാന്‍ ആ സ്ത്രീ ശ്രമിക്കുന്നുണ്ടെങ്കിലും കക്ഷിക്ക് തിരിച്ച് അതുപോലെ പറയാന്‍ അത്ര താത്പര്യമൊന്നുമില്ല. പുറത്തെ കാഴ്ചകള്‍ കുറിച്ചെടുക്കുന്ന തിരക്കിലായിരുന്നു അയാള്‍.

അത്രയ്ക്ക് ഇഷ്ടമൊന്നുമില്ലാതെയാണ് ആ ഓഫീസില്‍ അവിനാഷ് ജോലി ചെയ്തിരുന്നത്. അങ്ങനെയിരിക്കേയാണ് അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ അവനെ തേടിയെത്തുന്നത്. ഗംഗോത്രിയിലേക്ക് പോയ ബസ് അപകടത്തില്‍പ്പെട്ട് സ്വന്തം പിതാവ് മരിച്ചിരിക്കുന്നു. ആ ഞെട്ടലില്‍ നിന്ന് ഒന്ന് മോചിതനായപ്പോഴേക്കും കൂനിന്‍മേല്‍ കുരു എന്ന പോലെ മറ്റൊരു കാര്യം അവിനാഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പിതാവിന്റെ മൃതദേഹത്തിന് പകരം പാഴ്‌സല്‍ കമ്പനിക്കാര്‍ തന്നിരിക്കുന്നത് അപകടത്തില്‍പ്പെട്ട അതേ ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ. അവിനാഷിന്റെ പെട്ടി കൊച്ചിയില്‍ തന്റെ വീട്ടിലുണ്ടെന്ന് പറഞ്ഞ് തൊട്ടുപിറകെ ഫോണ്‍ കോള്‍ കൂടി വന്നതോടെ പെട്ടികള്‍ തമ്മില്‍ മാറാനുള്ള ശ്രമമായി പിന്നീട്. ഈ ശ്രമമാണ് അവിനാഷിന്റെ ജീവിതനിയോഗം പോലും മാറ്റി മറിക്കുന്ന യാത്രയായി പരിണമിക്കുന്നത്.

സുഹൃത്തായ ഷൗക്കത്തിന്റെ വാനിലാണ് യാത്ര. കൊച്ചിയില്‍ നിന്നും വിളിച്ച താഹിറയുടെ മകളും ഒരുഘട്ടത്തില്‍ ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. പിന്നീട് ഒരുമിച്ചായി മൂവര്‍ സംഘത്തിന്റെ യാത്ര. അല്‍പ്പം മോഡേണായ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റാന്‍ മടിക്കുന്നുണ്ട് ഷൗക്കത്ത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള യാത്രയില്‍ പ്രത്യേകിച്ച് അവിനാഷിന്റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് അവളുണ്ടാക്കുന്നത്. മദ്യപിക്കുന്ന, മെഡിക്കല്‍ ഷോപ്പില്‍ കയറി പ്രെഗ്നന്‍സി ടെസ്റ്റ് നടത്താനുള്ള ഉപകരണം വാങ്ങുന്ന അവളെ ആദ്യമൊന്നും അവിനാഷിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഒരിക്കല്‍ അവളെ അവിനാഷിന് അംഗീകരിക്കേണ്ടിവന്നു. അവളുടെ തന്റേടത്തിന് മുന്നില്‍.

കേരളവും തമിഴ്‌നാടുമാണ് ചിത്രത്തിലെ പ്രധാന പശ്ചാത്തലങ്ങള്‍. ഊട്ടിയിലേയും കുമരകത്തേയും ദൃശ്യങ്ങള്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ത്തന്നെ ടീം കാര്‍വാന്‍ ഒപ്പിയെടുത്തിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ മലയാളം സംഭാഷണങ്ങള്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്. യാത്രാ രംഗങ്ങളില്‍ പുറംകാഴ്ചകള്‍ക്കാണ് സംവിധായകന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വാന്‍ അതിലെ ചെറിയൊരു ഘടകം മാത്രമായി മാറുന്ന മനോഹരമായ കാഴ്ച ഈ രംഗങ്ങളില്‍ കാണാം. ബോളിവുഡിലെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ മോശമാക്കിയിട്ടില്ല. ഇന്ത്യയെ കാല്‍ക്കീഴിലാക്കിയതിന് ബ്രിട്ടീഷുകാരോട് ഇപ്പോഴും ദേഷ്യമുണ്ട് ഇര്‍ഫാന്‍ ഖാന്റെ ഷൗക്കത്തിന്. കുമരകത്തുവെച്ച് വിവാഹപ്പാര്‍ട്ടിക്കിടെ കണ്ട വിദേശിയോട് അറിയാവുന്ന ഭാഷയില്‍ അയാളത് തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെറുതെങ്കിലും മനോഹരമായ ഒരു പ്രണയവും ഷൗക്കത്തിലൂടെ സംവിധായകന്‍ പറയുന്നുണ്ട്. 

മൃതദേഹവും വഹിച്ചുള്ള യാത്ര അത്ര പുതിയ പ്രമേയമൊന്നുമല്ല. ഴാവോ ബെന്‍ഷാനെ നായകനാക്കി ഴാങ് യാങ് സംവിധാനം ചെയ്ത ചൈനീസ് ചിത്രം ഗെറ്റിങ് ഹോം, എമിലിയോ എസ്താവസിന്റെ ദ വേ എന്നിവയാണ് അതില്‍ എടുത്തുപറയേണ്ട രണ്ട് ചിത്രങ്ങള്‍. ഇതില്‍ ദ വേയില്‍ മൃതദേഹത്തിന് പകരം ചിതാഭസ്മമാണെന്ന് മാത്രം. ഈ ശ്രേണിയിലേക്ക് കാര്‍വാന്‍ ഉയര്‍ന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാം. എങ്കിലും കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ചിത്രം അവതരിപ്പിച്ചതിന് സംവിധായകനിരിക്കട്ടെ ഒരു കയ്യടി.