ങ്ങും മഞ്ഞുനിറഞ്ഞിരിക്കുന്നു. പിന്‍ഭാഗം തുറന്നിരുന്ന വാഹനത്തില്‍ ആ ചെറുപ്പക്കാരന്‍ വന്നിറങ്ങി. യാത്രപറഞ്ഞ് പോകാന്‍ നേരം വാഹനത്തിന്റെ ഡ്രൈവര്‍ അവനൊരു സമ്മാനം നല്‍കി. ഒരു ജോഡി ബൂട്ടുകള്‍! അവന്‍ തിരിഞ്ഞുനടന്നു. വെള്ളനിറത്തിലുള്ള മഞ്ഞ് അവന് പരവതാനി വിരിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു യാത്രയുടെ തുടക്കമായിരുന്നു അത്. ലോകത്തിലെ ഒരു സഞ്ചാരപ്രേമിയും നടത്താത്ത ഒരുയാത്ര...

ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ മക്കാന്‍ഡില്‍സ് എന്നായിരുന്നു അവന്റെ പേര്. ജീവിതം മുഴുവന്‍ യാത്രയ്ക്കായി ഉഴിഞ്ഞുവെച്ച ജീവിതം. ജീവശ്വാസത്തില്‍ പോലും യാത്ര സൂക്ഷിക്കുന്നവന്‍. പാതിവഴിയില്‍ നിലച്ച ആ യാത്രയുടെ കഥയാണ് ഷോണ്‍ പെന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ഇന്‍ റ്റു ദ വൈല്‍ഡ്. മകനെയോര്‍ത്ത് ഞെട്ടിയുണരുന്ന അമ്മയില്‍ നിന്നാരംഭിക്കുന്ന ചിത്രം ആ ഞെട്ടല്‍ ഒടുവില്‍ പ്രേക്ഷകനും സമ്മാനിക്കുന്നുണ്ട്. അലക്‌സാണ്ടര്‍ സൂപ്പര്‍ട്രാമ്പ് എന്ന് വിളിപ്പേരുള്ള മക്കാന്‍ഡില്‍സിന്റെ സംഭവബഹുലമായ യാത്ര അഥവാ ജീവിതയാത്രയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ഇന്‍ റ്റു ദ വൈല്‍ഡ് എന്ന സിനിമ മനസിലാക്കണമെങ്കില്‍ ആദ്യം ക്രിസ്റ്റഫര്‍ മക്കാന്‍ഡില്‍സിനെ അറിയണം.

1968 ഫെബ്രുവരി 12 -ന് കാലിഫോര്‍ണിയയിലെ എല്‍ സെഗുണ്ടോയിലാണ് മക്കാന്‍ഡില്‍സിന്റെ ജനനം. 1990-ല്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ആ ചെറുപ്പക്കാരന്‍ തന്റെ യാത്ര തുടങ്ങുന്നത്. പണവും സ്വന്തം തിരിച്ചറിയല്‍ രേഖകള്‍ പോലും ഉപേക്ഷിച്ച് വടക്കന്‍ അമേരിക്കയിലെമ്പാടും അദ്ദേഹം യാത്ര ചെയ്തു. പണമില്ലാതിരുന്നപ്പോള്‍ എത്ര അതിശയകരമായിരുന്നു എന്റെ ദിനങ്ങള്‍ എന്നായിരുന്നു മക്കാന്‍ഡില്‍സ് ഒരിക്കല്‍ തന്റെ ഡയറിയില്‍ കുറിച്ചത്. ഈ രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1992 ഏപ്രിലിലാണ് അദ്ദേഹം അലാസ്‌കയിലേക്ക് പോകുന്നത്. അലഞ്ഞുതിരിഞ്ഞുനടന്ന മക്കാന്‍ഡില്‍സ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള, വീടുപോലെയുള്ള ഒരു ബസ് കണ്ടെത്തി അതിനുള്ളില്‍ താമസമാരംഭിച്ചു. ആ ദിനങ്ങളില്‍ പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഭക്ഷണത്തിന് മൃഗങ്ങളെ വേട്ടയാടി.

നാല് മാസത്തിന് ശേഷം ആഗസ്റ്റില്‍ 24-ാം വയസില്‍ ആ യാത്രാപ്രേമി കടുത്ത പട്ടിണിയേ തുടര്‍ന്ന് ആ ബസിനുള്ളില്‍ കിടന്ന് മരിച്ചു. തൊട്ടടുത്തമാസം അതുവഴി വന്ന വേട്ടക്കാരാണ് മൃതശരീരം കണ്ടെത്തിയതും വിവരം പുറംലോകത്തെ അറിയിക്കുന്നതും. ഇന്ന് മക്കാന്‍ഡില്‍സിന്റേതായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. കള്ളിഷര്‍ട്ടും പാന്റ്‌സും ധരിച്ച് നമ്പര്‍ 142 ബസില്‍ ചാരിയിരിക്കുന്ന ആ ചിത്രം ക്യാമറയില്‍ പ്രൊസസ് ചെയ്യാതെ കിടന്നിരുന്നതാണ്. 1992 സെപ്റ്റംബര്‍ 19-ന് സഹോദരി കരെയ്ന്‍ മക്കാന്‍ഡില്‍സ് ക്രിസ്റ്റഫറിന്റെ ചിതാഭസ്മവുമായി അലാസ്‌കയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. തൊട്ടടുത്ത വര്‍ഷം ജോണ്‍ ക്രാക്വര്‍ ഈ ജീവിതകഥ ഔട്ട്‌സൈഡ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു. 1996-ല്‍ അദ്ദേഹം ഇന്‍ റ്റു ദ വൈല്‍ഡ് എന്ന പേരില്‍ ആ കഥ പുസ്തകമാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകം അതേ പേരില്‍ സിനിമയായി.

നാല് ചാപ്റ്ററുകളുള്ള സിനിമയില്‍ എമിലി ഹിര്‍ഷ് ആണ് ക്രിസ് മക്കാന്‍ഡില്‍സ് ആയി വേഷമിട്ടത്. യഥാര്‍ത്ഥ വ്യക്തിയേയാണോ മുന്നില്‍ കാണുന്നത് എന്ന് പലപ്പോഴും തോന്നിക്കാന്‍ എമിലിക്ക് സാധിച്ചിട്ടുണ്ട്. അലക്‌സാണ്ടര്‍ സൂപ്പര്‍ട്രാമ്പിന്റെ ജീവിതത്തിലെ ഓരോ ഘട്ടവും അത്ര കയ്യടക്കത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. യാത്ര ഒരു ഘടകമാണെങ്കിലും നായകന്‍ പോകുന്ന സ്ഥലങ്ങളുടെ ഭംഗി പകര്‍ത്താനല്ല, മറിച്ച് അദ്ദേഹത്തിന്റെ യാത്രയോടുള്ള അഭിനിവേശം അതാത് സ്ഥലങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. പുഴയിലൂടെ നടത്തുന്ന കയാക്കിങ് രംഗം തന്നെ ഇതിന് ഉദാഹരണമായെടുക്കാം.

മൈ ഓണ്‍ ബര്‍ത്ത് എന്ന ആദ്യ ചാപ്റ്ററില്‍ അരിസോണയിലെ മീഡ് തടാകത്തേപ്പറ്റി പറയുന്നുണ്ട്. കൊളറാഡോ നദിയിലാണിത് സ്ഥിതി ചെയ്യുന്നത്. ജലസംഭരണശേഷിയുടെ കാര്യത്തില്‍ അമേരിക്കയിലെ ഏറ്റവും വലിയ റിസര്‍വോയര്‍ ആണിത്. 1983 മുതലിങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ ഇതൊരിക്കലും അതിന്റെ മുഴുവന്‍ സംഭരണശേഷിയിലെത്തിയിട്ടില്ല. 2017 ആഗസ്റ്റില്‍ ഏകദേശം 40 ശതമാനം വെള്ളമാണ് ഇതിലുണ്ടായിരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാമത്തെ ചാപ്റ്ററായ അഡോളസെന്‍സിലുള്ളത് ഈസ്റ്റേണ്‍ സൗത്ത് ഡക്കോട്ടയാണ്. മറ്റൊന്ന് സീ ഓഫ് കോര്‍ട്ടെസും. പസഫിക് സമുദ്രത്തിന്റെ അതിര്‍ത്തി എന്ന് വിളിക്കാവുന്ന കടലിടുക്കാണിത്. ഭൂമിയിലെ ഏറ്റവും വൈവിധ്യങ്ങള്‍ നിറഞ്ഞ കടലെന്നാണ് ഇവിടം അറിയപ്പെടുന്നത്. നട്ടെല്ലില്ലാത്ത 5000-ലേറെ സൂക്ഷ്മ ജീവികള്‍ ഇവിടെയുണ്ടെന്നാണ് രേഖകള്‍. സ്ലാബ് സിറ്റി, സാള്‍ട്ടണ്‍ സിറ്റി എന്നിവയേക്കുറിച്ചാണ് മൂന്നാമധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം മക്കാന്‍ഡില്‍സ് 1990 ലാണ് സഞ്ചരിച്ചത്.

നടന്നും ലോറിയിലും കാറിലും ഇടയ്ക്ക് കള്ളവണ്ടി കയറിയും അദ്ദേഹം യാത്ര നടത്തുന്നുണ്ട്. നാലാമത്തേയും അവസാനത്തേതുമായ അധ്യായത്തില്‍ കൊളറാഡോ മരുഭൂമിയിലെ അന്‍സാ ബൊറേഗോ ഡെസേര്‍ട്ട് സ്‌റ്റേറ്റ് പാര്‍ക്കാണ് പശ്ചാത്തലം. എന്താണ് തന്റെ ഈ പോക്കിന്റെ ഉദ്ദേശമെന്ന് മക്കാന്‍ഡില്‍സ് സഹയാത്രികനായ വൃദ്ധനോട് വെളിപ്പെടുത്തുന്നത് ഇവിടെ വച്ചാണ്. തുടര്‍ന്ന് അലാസ്‌കയിലെ നദിയും കാടും കാട്ടിലെ മൃഗങ്ങളുമെല്ലാം ചിത്രത്തില്‍ സാന്നിധ്യമറിയിക്കുന്നു.

എമോറി സര്‍വകലാശാലയിലെ രംഗങ്ങള്‍ 2006 അവസാനം റീഡ് കോളേജിലാണ് ചിത്രീകരിച്ചത്. ചില രംഗങ്ങളില്‍ യഥാര്‍ഥ എമോറി സര്‍വകലാശാലയും കടന്നുവരുന്നുണ്ട്. സ്റ്റാമ്പീഡ് ട്രയലിലെ ഒഴിഞ്ഞ ബസുള്‍പ്പെടുന്ന രംഗങ്ങളെടുത്തത് മക്കാന്‍ഡില്‍സ് മരണമടഞ്ഞ സ്ഥലത്തുനിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കാന്റ്‌വീല്‍ എന്ന സ്ഥലത്തുവെച്ചാണ്. ഇതേ ബസിന്റെ ഒരു പകര്‍പ്പ് അലാസ്‌കയിലെ ഹീലിയിലെ റെസ്റ്റോറന്റുകളിലൊന്നിലെ പ്രധാന ആകര്‍ഷണമാണിപ്പോള്‍.

അവസാനകാലങ്ങളില്‍ മെലിഞ്ഞ് അവശനായ നിലയിലായിരുന്നു മക് കാന്‍ഡില്‍സ്. ഫെയര്‍ബാങ്കില്‍ നിന്നും അദ്ദേഹത്തെ വാഹനത്തില്‍ കയറ്റിയ പ്രാദേശിക ഇലക്ട്രീഷന്‍ ഇക്കാര്യം നോവലിസ്റ്റ് ക്രാക്വറിനോട് പറഞ്ഞിരുന്നു. മക്കാന്‍ഡില്‍സ് എത്രമാത്രം പട്ടിണിയനുഭവിക്കുന്നുണ്ട് എന്ന് ബെല്‍റ്റ് തുളയ്ക്കുന്ന രംഗങ്ങളിലൂടെയാണ് പ്രേക്ഷകനോട് പറയുന്നത്. രണ്ട് കാരണങ്ങളാണ് മക്കാന്‍ഡില്‍സിന്റെ മരണവുമായി ബന്ധപ്പെട്ട് നോവലിസ്റ്റ് പറയുന്നത്. ഒന്ന് കടുത്ത പട്ടിണി. രണ്ട് ഈ ദിവസങ്ങളില്‍ അയാള്‍ കഴിച്ച ചില ചെടികള്‍. ഇത് രണ്ടും ചേര്‍ന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. എന്നാലും ആകാശത്തിന്റെ അനന്തത കണ്ടുകൊണ്ട് ചെറുപുഞ്ചിരിയോടെയാണ് ആ യുവസഞ്ചാരി തന്റെ യാത്ര അര്‍ധോക്തിയില്‍ നിര്‍ത്തിയത്.

ഇതാണ് ക്രിസ് മക്കാന്‍ഡില്‍സ് ചിലവഴിച്ച ആ ബസ്‌

ഇന്‍ റ്റു ദ വൈല്‍ഡ് ട്രെയിലര്‍ കാണാം