Getting Home മദ്യശാലയുടെ അധികം തിരക്കില്ലാത്ത ഭാഗത്താണവര്‍ ഇരുന്നത്. ഒരു ഗ്ലാസിലേക്ക് മദ്യം പകര്‍ന്നുകൊണ്ട് ഴാവോ ലിയുവിനോട് ചോദിച്ചു. '' പോകുന്നതിന് മുമ്പ് കുറച്ചുകൂടി ഒഴിക്കട്ടെ?'' മേശയില്‍ തലവെച്ചുകിടക്കുകയായിരുന്ന ലിയു ഇത് കേട്ടതായി ഭാവിച്ചില്ല. ചോദിച്ചതിന് ഉത്തരം കിട്ടാതായതോടെ ഴാവോ മദ്യം നിറച്ച ഗ്ലാസ് ലിയുവിന്റെ വായോടടുപ്പിച്ച് അയാളെ ബലമായി കുടിപ്പിച്ചു. മദ്യം ലിയുവിന്റെ വായ്ക്കകത്തേക്ക് പോകാതെ ചുണ്ടിന്റെ ഒരുവശത്തുകൂടി പുറത്തേക്കൊഴുകി. ഉറ്റചങ്ങാതിയോട് പറയാതെ ലിയു മറ്റൊരു ലോകത്തേക്ക് പറന്നകന്നിരുന്നു.

ഴാവോ ബെന്‍ഷാനെ നായകനാക്കി ഴാങ് യാങ് സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗെറ്റിങ് ഹോം. മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി മരിച്ച സുഹൃത്തിന്റെ മൃതശരീരവും പേറി ഴാവോ നടത്തുന്ന യാത്രയുടെ കഥയാണ് ഗെറ്റിങ് ഹോം.  ഷെന്‍ഴെനില്‍ നിന്നും ചോങ്ക്വിങ്ങിലുള്ള വീട്ടിലേക്ക് ലിയുവിന്റെ മൃതദേഹം ഏതുവിധേനയും എത്തിക്കണമെന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. വാഹനം വിളിച്ച് എത്തിക്കണമെന്നുണ്ടായിരുന്നെങ്കിലും പണത്തിന്റെ കുറവ് ഴാവോയെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. പിന്നെയുള്ള ഏക വഴി ബസില്‍ പോകുക എന്നതായിരുന്നു. 

മൃതദേഹമാണ് ഒപ്പമുള്ളത് എന്ന് ബസിലെ ജീവനക്കാരോ മറ്റുയാത്രക്കാരോ അറിയാത്തവിധമായിരുന്നു ഴാവോ കാര്യങ്ങള്‍ നീക്കിയത്. പക്ഷേ ഒരു രഹസ്യം എത്രനാള്‍ മൂടിവെയ്ക്കും? അതിനിടയാക്കിയതാകട്ടെ ബസിലേക്ക് അപ്രതീക്ഷിതമായി കയറിവന്ന കൊള്ളസംഘവും. കൂടെയുള്ളത് സുഹൃത്തിന്റെ മൃതദേഹമാണെന്ന് തികച്ചും നിര്‍വികാരതയോടെയാണ് അയാള്‍ കൊള്ളക്കാരോട് പറഞ്ഞത്. കൊള്ളസംഘത്തിന്റെ വരവില്‍ ഞെട്ടിയിരുന്ന ബസ് യാത്രികരെ ഈ വെളിപ്പെടുത്തല്‍ ഒന്നുകൂടി ഞെട്ടിച്ചു. കൊള്ളക്കാര്‍ പോയതിന് പിന്നാലെ സഹയാത്രികര്‍ ഒരുമിച്ച് പ്രതിഷേധവുമായെത്തിയതോടെ ഇറങ്ങി നടക്കുകയല്ലാതെ മറ്റൊരു വഴിയും ഴാവോയ്ക്ക മുന്നിലുണ്ടായിരുന്നില്ല.

ജോലി സ്ഥലത്താണ് മരിക്കുന്നതെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ലിയുവിന് ഴാവോ വാക്കു നല്‍കിയിരുന്നു. വഴിയിലൂടെ വരുന്ന വാഹനങ്ങള്‍ക്കെല്ലാം ഴാവോ കൈകാട്ടി. ചിലര്‍ നിര്‍ത്തി. മറ്റുചിലര്‍ നിര്‍ത്താതെ പോയി. വേറെ ചിലര്‍ വാഹനത്തില്‍ കയറ്റാമെന്ന് മോഹിപ്പിച്ചശേഷം കടന്നുകളഞ്ഞു. വാഹനത്തില്‍ കയറിപ്പറ്റാന്‍ മൃതദേഹവുമായി ഴാവോ ചെയ്യുന്ന സൂത്രപ്പണികള്‍ കാണേണ്ടതുതന്നെയാണ്. സുഹൃത്തിന് അസുഖമാണ്, ആശുപത്രിയില്‍ കൊണ്ടുപോകണം എന്നാണ് അയാള്‍ മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. ഇടയ്ക്ക് നിര്‍ബന്ധിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാനൊരുങ്ങിയ ഡ്രൈവറില്‍ നിന്നും വളരെ പ്രയാസപ്പെട്ടാണ് ഴാവോ രക്ഷപ്പെടുന്നത്.

വളരെയധികം പോസിറ്റീവായി ചിന്തിക്കുന്നയാളാണ് ഴാവോ. സുഹൃത്ത് മരിച്ചെന്നുപോലും അയാള്‍ കരുതുന്നില്ല. വിശേഷങ്ങള്‍ പറയും. യാത്രയ്ക്കിടയില്‍ തനിക്കെന്തെങ്കിലും സംഭവിച്ചാലും സുഹൃത്തിന് ഒന്നും പറ്റരുതെന്നാണ് ഴാവോയുടെ നിര്‍ബന്ധം. മൃതദേഹവും ചുമന്ന് നടക്കാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ ഒരേ കല്ലറയില്‍ കിടന്നാലോ എന്നുവരെ ഴാവോ ചിന്തിക്കുന്നുണ്ട്. പക്ഷേ അവിടെ നിന്നുമാണ് അയാള്‍ പുതിയൊരു ജീവിതത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. പാതിവെന്ത മുഖമുള്ള ഭാര്യയെ ഉപേക്ഷിക്കാതെ വാഹനം വീടാക്കി സഞ്ചരിക്കുന്ന കര്‍ഷകന്റെ ജീവിതം ഴാവോയില്‍ കൂടുതല്‍ ഊര്‍ജം പകര്‍ന്നിരിക്കണം. രക്തം നല്‍കാനെത്തിയ സ്ഥലത്തുനിന്നും പരിചയപ്പെട്ട തെരുവിലലഞ്ഞ് നടന്നിരുന്ന സ്ത്രീയെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ ഴാവോയെ പ്രേരിപ്പിച്ചതും അതേ ഊര്‍ജമായിരിക്കണം.

പോകുന്ന വഴികളിലെല്ലാം ഴാവോ കണ്ട ഭൂരിഭാഗം പേരും നന്മയുടെ പ്രതിരൂപങ്ങളായിരുന്നു. സുഹൃത്തിന്റെ ജഡം വീട്ടുകാരെ ഏല്‍പ്പിക്കാന്‍ പോകുകയാണെന്നറിഞ്ഞപ്പോള്‍ കൊള്ളയടിച്ച മുഴുവന്‍ പണവും നല്‍കി തിരിച്ചുപോയ സംഘം, പുറമേ പരുക്കനാണെങ്കിലും ഉള്ളില്‍ നിരാശാകാമുകനായ ലോറി ഡ്രൈവര്‍, കഴിക്കാന്‍ ഭക്ഷണവും ഉടുക്കാന്‍ നല്ല വസ്ത്രവും നല്‍കിയ സന്നദ്ധസേവകര്‍, സ്വയമൊരുക്കിയ ശവമഞ്ചത്തില്‍ കിടന്ന് ജീവിച്ചിരിക്കേ മരണം വരിച്ച വൃദ്ധന്‍, ബ്യൂട്ടി പാര്‍ലറിലെ പെണ്‍കുട്ടി, ലക്ഷ്യസ്ഥാനം വരെ കൂട്ടുവന്ന പോലീസ് ഉദ്യോഗസ്ഥന്‍....അങ്ങനെ നീളുന്നു ഴാവോ കണ്ട നന്മയുടെ മുഖങ്ങള്‍. 

ചൈനീസ് ഹാസ്യനടനായ ഴാവോ ബെന്‍ഷാനാണ് നായകനായ ഴാവോയെ അവതരിപ്പിച്ചിരിക്കുന്നത്. ലിയുവായി ഹോങ് ക്വിവെനും തെരുവിലലയുന്ന സ്ത്രീയായി സോങ് ഡാന്‍ഡനുമെത്തി. സംവിധായകനായ ഴാങ് യാനും വാങ് യാവോയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. യു ലിക്-വായ്, ലായ് യു-ഫായ് എന്നിവരാണ് ഛായാഗ്രഹണം. സംഗീതം ഡൗ പെങ്. സ്റ്റാന്‍ലി ടോങ്, എര്‍ യോങ്, ഴാങ് യാങ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുന്നാന്‍ ആയിരുന്നു ചിത്രത്തിന്റെ മുഖ്യ ലൊക്കേഷന്‍. കേരളത്തിനോടു സാദൃശ്യമുള്ള പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലൂടെയാണ് ഴാവോ സഞ്ചരിക്കുന്നത് എന്നതിനാല്‍ പശ്ചാത്തലത്തോട് കാഴ്ചക്കാര്‍ക്ക് അപരിചിതത്വം തോന്നില്ല. വാടി വീഴുന്ന ഓരോ ഇലയും വേരിലേക്ക് ചെന്നു ചേരുന്നു എന്നാണ് ചിത്രം പറയുന്ന പൊതുവായ സന്ദേശം. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ലക്ഷ്യസ്ഥാനത്തെത്തുന്ന ഴാവോയെ കാത്തിരുന്നത് അപ്രതീക്ഷിതമായ മറ്റൊരു പ്രതിസന്ധിയായിരുന്നു. അവിടെ യാത്രയുടെ വിശാലമായ മറ്റൊരു വാതായനമാണ് ഴാവോയ്ക്ക് മുന്നില്‍ തുറക്കപ്പെടുന്നത് എന്ന് കാണിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു. പക്ഷേ അവിടെ നിന്നും ഴാവോ മറ്റൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്. അതിന്റെ തുടര്‍ച്ചയാകട്ടെ ഓരോ കാഴ്ചക്കാരന്റേയും മനസിലൂടെയും.